Sunday, March 14, 2021

സൂരബായ








എസ് കെ പൊറ്റെക്കാട്ട് 



...ഇരുപതുകൊല്ലം മുമ്പു നടന്ന ഒരു ചെറിയ സംഭവം അനുസ്മരിച്ചുകൊണ്ട് ഞാന്‍ ഈ പ്രസ്താവന അവസാനിപ്പിക്കാം...

(എസ് കെ പൊറ്റെക്കാട്ടിന്‍റെ 'ഇന്‍ഡൊനേഷ്യന്‍ ഡയറി' എന്ന പുസ്തകത്തിന്‍റെ തുടക്കത്തിലുള്ള, 'പ്രസ്താവന'യുടെ അവസാനഭാഗത്ത് കൊടുത്തിരിക്കുന്ന കാര്യമാണ് ഇത്.)

     ഇരുപതുകൊല്ലം മുമ്പു നടന്ന ഒരു ചെറിയ സംഭവം അനുസ്മരിച്ചുകൊണ്ട് ഞാന്‍ ഈ പ്രസ്താവന അവസാനിപ്പിക്കാം.

     അന്നു ഞാന്‍ കോഴിക്കോട്ടു കടപ്പുറത്തുള്ള ഗുജറാത്തി സ്കൂളില്‍ ഒരദ്ധ്യാപകനായി കഴിയുകയായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഒഴിവുസമയത്ത് ഞാന്‍ എന്‍റെ ക്ലാസ്മുറിയിലിരുന്ന് ഒരു നോവല്‍ വായിക്കുകയാണ്. പെട്ടെന്ന് താഴെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ "നീഗ്രോ!! നീഗ്രോ!!" എന്നു പറഞ്ഞുകൊണ്ട് ഒരു പുതിയ മനുഷ്യനെ മുകളിലെ എന്‍റെ മുറിയിലേക്കു തെളിച്ചുകൊണ്ടുവന്നു. 

     അതെ! ഒരു പുതിയ മനുഷ്യന്‍!

     ഞാന്‍ ആഗതനെ ആപാദചൂഡം ഒന്നുനോക്കി. ഒരു മുഷിഞ്ഞ മഞ്ഞഷര്‍ട്ടും ഒരു വരയന്‍ ലുങ്കിയും ധരിച്ച ഒരു പ്രാകൃതവേഷക്കാരന്‍ - ഒരു പുതിയ ജാതി മുഖവും! തെല്ലൊന്നു കരുവാളിച്ച തവിട്ടുനിറത്തോടു കൂടിയ നീണ്ട മുഖം, അല്‍പ്പം ചപ്പിയ മൂക്ക്. വിരിഞ്ഞു കറുത്ത് സാമാന്യം അഴകുള്ള മിഴികള്‍, മിനുത്ത തലമുടി. 

     ആ മനുഷ്യന്‍ എന്‍റെ മേശയ്ക്കു മുന്നില്‍ വന്നുനിന്ന്‍ നിറയെ പച്ചകുത്തിയ വലതുകൈകൊണ്ട് പല ആംഗ്യങ്ങളും കാണിച്ച് എന്തൊക്കെയോ പുലമ്പി. അയാളുച്ചരിച്ച ഒരു വാക്കുപോലും എനിക്കു മനസ്സിലായില്ല. ലോകത്തിന്‍റെ ഏതുകോണില്‍ നടപ്പുള്ള ഭാഷയാണ് അയാള്‍ സംസാരിക്കുന്നതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എന്തോ സങ്കടം പറയുകയാണെന്നുമാത്രം അയാളുടെ മുഖഭാവത്തില്‍ നിന്നും ആംഗ്യങ്ങളില്‍നിന്നും ഗ്രഹിക്കാന്‍ സാധിച്ചു.

     ഞാന്‍ ആദ്യം ഇംഗ്ലീഷിലും, പിന്നെ ഹിന്ദുസ്ഥാനിയിലും ചോദിച്ചുനോക്കി. ആ 'ഞഞ്ഞം മിഞ്ഞം ഭാഷ'യല്ലാതെ ഒന്നും അറിഞ്ഞുകൂടാ. ഒടുവില്‍ അയാള്‍ കടലിനുനേരെ ചൂണ്ടിക്കാട്ടി 'കപ്പല്‍' എന്നൊരു മലയാളവാക്കുച്ചരിച്ചു. എനിക്കേതാണ്ടു മനസ്സിലായി, ഇയാള്‍ ഒരു കപ്പല്‍ വേലക്കാരനാണെന്നും നാടുകാണാന്‍ ഇവിടെ ഇറങ്ങിയതാണെന്നും. പക്ഷെ, അയാള്‍ സങ്കടഭാവത്തില്‍ ഷര്‍ട്ടുപൊക്കി ഒട്ടിയ വയര്‍ തൊട്ടുകാണിച്ച് വായ്‌ തുറന്ന് വിശപ്പിന്‍റെ മുദ്ര കാണിച്ചപ്പോള്‍, പുള്ളി കോഴിക്കോട്ടു കരയടുത്ത ഏതോ വിദേശക്കപ്പലില്‍നിന്ന് ഒളിച്ചോടി രക്ഷപ്പെട്ട് ഉഴലുന്നതായിരിക്കാനേ വഴിയുള്ളൂ എന്നു ഞാന്‍ ഊഹിച്ചു. ഞാന്‍ എന്‍റെ കീശയില്‍ അപ്പോഴുണ്ടായിരുന്ന ചില്ലറ-എട്ടണ-അയാള്‍ക്കു കൊടുത്തു. അയാള്‍ പൈസ വാങ്ങി കീശയിലിട്ട് നന്ദിസൂചകമായി എന്‍റെ കൈപിടിച്ച് പിന്നേയും ഒരു പ്രസംഗധോരണി ചൊരിഞ്ഞു. "സൂരബായാ", "സൂരബായാ" എന്ന്‍ അയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.

     അയാള്‍ യാത്രപറഞ്ഞ് ഇറങ്ങിപ്പോയപ്പോള്‍ 'സൂരബായ' എന്ന ആ വാക്ക് എന്‍റെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു. 

     'സൂരബായ!'

ഞാന്‍ ആ വാക്ക് മുമ്പു കേട്ടിട്ടുണ്ട്. ഒരു സ്ഥലപ്പേരാണെന്നു തോന്നുന്നു. ഞാന്‍ അറ്റ്ലസ് എടുത്തുകൊണ്ടുവന്ന്‍ ഇന്‍ഡക്സ്‌ പരിശോധിച്ചു. 

     സൂരബായ - ജാവയിലെ ഒരു തുറമുഖ പട്ടണം. 

     തെക്കുകിഴക്കന്‍ ഏഷ്യാമേപ്പില്‍ ഡച്ച് ഈസ്റ്റിന്‍ഡീസില്‍പ്പെട്ട ആ പട്ടണവും ഞാന്‍ കണ്ടുപിടിച്ചു.

     എന്‍റെയടുക്കല്‍ വന്നുപോയ ആ പുതിയ മനുഷ്യന്‍ സൂരബായയില്‍ നിന്നു വരുന്ന ഒരു ജാവക്കാരനാണെന്നും അയാള്‍ സംസാരിച്ചുകേട്ട ആ വിചിത്രഭാഷ ജാവാഭാഷയാണെന്നും എനിക്കു മനസ്സിലായി. എന്തൊരു സാഹസികന്‍! രണ്ടായിരം മൈല്‍ ദൂരെയുള്ള ഒരു ദ്വീപില്‍നിന്നാണ് അയാള്‍ വരുന്നത്.

     കോഴിക്കോട്ടടുത്ത ഏതോ സാമാനക്കപ്പലില്‍നിന്ന് എങ്ങനെയോ ഒളിച്ചോടിപ്പോന്ന്, കോഴിക്കോടെ തെരുവില്‍ കൈയില്‍ കാശില്ലാതെയും ഭാഷ നിശ്ചയമില്ലാതെയും അലഞ്ഞുനടക്കേണ്ടി വന്ന ആ ജാവക്കാരന്‍ കിഴവനു പിന്നെ എന്തു സംഭവിച്ചുവെന്ന് എനിക്ക് നിശ്ചയമില്ല. പക്ഷെ, സൂരബായയെ എനിക്ക് ആദ്യമായി പരിചയപ്പെടുത്തിത്തന്നത് ആ കിഴവന്‍ കപ്പല്‍ക്കാരനാണ്. 

     1953 മാര്‍ച്ച് മൂന്നാം തീയതി ഞാന്‍ സൂരബായയില്‍ കാലുകുത്തിയപ്പോള്‍ ആദ്യമായി ഓര്‍ത്തതും ആ കിഴവന്‍ കപ്പല്‍ക്കാരനെത്തന്നെയായിരുന്നു.


(എസ് കെ പൊറ്റെക്കാട്ട് രചിച്ച 'ഇന്‍ഡൊനേഷ്യന്‍ ഡയറി' എന്ന പുസ്തകത്തിന്‍റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്ന 'പ്രസ്താവന' അവസാനിക്കുന്നത് ഇങ്ങനെയാണ്. H&C Books പ്രസിദ്ധീകരിച്ച 'ഇന്‍ഡൊനേഷ്യന്‍ ഡയറി' എന്ന പുസ്തകത്തില്‍നിന്നുമാണ് ഇത് എടുത്തിരിക്കുന്നത്.)