Saturday, January 15, 2011

നോബല്‍സമ്മാന ശാലയില്‍നിന്ന്

-ബാലചന്ദ്രന്‍ ചുള്ളിക്കാട് 

1997 ഒക്ടോബര്‍ 12.
"ഈ മുറിയില്‍ ഒരിക്കല്‍ക്കൂടി വരാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു."
ചരിത്രപ്രസിദ്ധവും പുരാതനവുമായ സ്വീഡിഷ് അക്കാദമിക്കെട്ടിടത്തിലെ,നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നമുറിയില്‍ ഇന്ത്യന്‍എഴുത്തുകാരെ സ്വീകരിച്ച നോബല്‍ക്കമ്മിറ്റി ചെയര്‍മാന്‍ ഷെല്‍ എസ്പ് മര്‍ക്ക് പറഞ്ഞു.
അദ്ദേഹത്തോടൊപ്പം ആ മുറിയില്‍ നിന്ന് വീഞ്ഞ് കുടിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു:
"സര്‍,ക്ഷമിക്കണം.ഇനി ഒരിക്കലും ഞാന്‍ ഈ മുറിയില്‍ വരില്ല."
"അതെന്താ?"-ഷെല്‍ എസ്പ് മര്‍ക്ക് ചോദിച്ചു.
"എനിക്കൊരിക്കലും നോബല്‍സമ്മാനം കിട്ടില്ല എന്നതുതന്നെ."-ഞാന്‍ ഒരു കവിള്‍ വീഞ്ഞു കുടിച്ചുകൊണ്ടു പറഞ്ഞു.

"ഭാവിയെക്കുറിച്ച് ദൃഢമായി പ്രവചിക്കാതിരിക്കുകയാണ് നല്ലത് എന്നെനിക്കു തോന്നുന്നു.നിങ്ങള്‍ക്ക് ചെറുപ്പമാണ്.ഒരുപക്ഷേ,ഈ മുറിയില്‍ നോബല്‍സമ്മാനജേതാവായി വന്നുനില്‍ക്കുമ്പോള്‍ ഈ വാക്കുകളുടെ പേരില്‍ നിങ്ങള്‍ക്ക് പശ്ചാത്തപിക്കേണ്ടിവന്നെന്നു വരാം.അന്ന് ഞാന്‍ ചെയര്‍മാനായി ഉണ്ടാവില്ലെങ്കിലും."-പ്രശസ്ത സ്വീഡിഷ് കവികൂടിയായ ഷെല്‍ എസ്പ്മര്‍ക്ക് പറഞ്ഞു.
"ഇല്ല സര്‍,കിട്ടിയാലും ഞാന്‍ നോബല്‍സമ്മാനം വാങ്ങില്ല."-ഞാന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.
"എന്തുകൊണ്ട്?നിങ്ങള്‍ സാര്‍ത്രിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നുവോ?"-തെല്ല് അത്ഭുതത്തോടെ ഷെല്‍ എസ്പ്മര്‍ക്ക് ചോദിച്ചു.
"ഒരിക്കലുമില്ല.ടോള്‍ സ്റ്റോയി എന്ന മഹാപ്രതിഭയ്ക്ക് നല്‍കാതെ സള്ളി പ്രൂഥോം എന്ന ചെറ്റയ്ക്ക് ആദ്യത്തെ നോബല്‍സമ്മാനം നിങ്ങള്‍ കൊടുത്തില്ലേ?ടോള്‍ സ്റ്റോയിക്കു നല്‍കാത്ത നോബല്‍സമ്മാനം,അദ്ദേഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൃമിതുല്യനായ ഒരെഴുത്തുകാരനായ എനിക്ക് സ്വീകരിക്കാന്‍ കഴിയുകയില്ല."-എന്റെ പതിവുശൈലിയില്‍ ഞാന്‍ മറുപടി പറഞ്ഞു.
"നിങ്ങളുടെ ധാര്‍ഷ്ട്യം എനിക്കിഷ്ടമായി.പരിഗണിക്കപ്പെടേണ്ട ഒരു ഘടകം അതിലുണ്ട്.പക്ഷേ,ബാലന്‍,നോബല്‍സമ്മാനവും നല്‍കുന്നത് മനുഷ്യര്‍ തന്നെയാണ്.മനുഷ്യന്റെ എല്ലാ പരിമിതിയും നോബല്‍സമ്മാനത്തിനും ബാധകമാണെന്നോര്‍ക്കണം."-ഷെല്‍ എസ്പ്മര്‍ക്ക് ഗൌരവപൂര്‍വ്വം പറഞ്ഞു."
ഇറങ്ങുമ്പോള്‍ ആ നോബല്‍ക്കമ്മിറ്റി ചെയര്‍മാന്‍ ചോദിച്ചു:"ബാലന്‍ കേരളത്തില്‍നിന്നല്ലേ?"
"അതെ"-ഞാന്‍ പറഞ്ഞു.
"കമലാദാസിനെ അറിയുമോ?"
"തീര്‍ച്ചയായും.ഞങ്ങള്‍ ഒരേ നഗരത്തിലാണ് താമസിക്കുന്നത്."-ഞാന്‍ അഭിമാനപൂര്‍വ്വം പറഞ്ഞു.
"എന്റെ സ്നേഹിതയാണ് ആ നല്ല എഴുത്തുകാരി."-ഷെല്‍ എസ്പ്മര്‍ക്ക് പറഞ്ഞു.
"കമലാദാസിന് നോബല്‍സമ്മാനം കിട്ടുമോ?"-ഞാന്‍ ചോദിച്ചു.
"കിട്ടണമെന്നാണ് ഒരു സ്നേഹിതന്‍ എന്ന നിലയില്‍ എന്റെ ആഗ്രഹം.പക്ഷേ,അതിനു നടപടിക്രമങ്ങള്‍ ഒരുപാടുണ്ട്.ആല്‍ഫ്രഡ് നോബലിന്റെ വില്‍പ്പത്രത്തിലുള്ള നിര്‍ദ്ദേശം അനുസരിച്ചേ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ."-അദ്ദേഹം വിശദീകരിച്ചു.
"കമലാദാസിനെ കാണുമ്പോള്‍ അവരുടെ സുഹൃത്തും ഒരു എളിയ സ്വീഡിഷ് കവിയുമായ എന്റെ സ്നേഹാന്വേഷണം അറിയിക്കുക."-ഷെല്‍ എസ്പ്മര്‍ക്ക് പറഞ്ഞു.

(ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഓര്‍മ്മകളുടെ പുസ്തകമായ 'ചിദംബരസ്മരണ'-യിലെ ഒരു ഭാഗമാണ് ഇത്.)