Tuesday, March 21, 2023

ഗുരുപ്രണാമം


 

 

 

 

 

 

- ഗിരീഷ് പുത്തഞ്ചേരി

 

പാടാന്‍ പാടവമുള്ളൊരാള്‍...

പരശ്ശതം ഗാനത്തിന്‍റെ ജീവതന്ത്രിയില്‍

പ്രണവം ജനിച്ചൊരാള്‍...

 

സാരസ്വതത്തിന്‍റെയഗ്നികാണ്ഡങ്ങളില്‍

സാന്ദ്രാനന്ദാവബോധം തിരഞ്ഞൊരാള്‍...

 

കര്‍മ്മമാര്‍ഗ്ഗത്തിങ്കല്‍ കരുത്തുറ്റ കവിതയുടെ

ബ്രഹ്മസാക്ഷാത്കാരം ലഭിച്ചൊരാള്‍...

 

ദിഗ്ഭ്രമം ബാധിക്കും മനസ്സിന്‍റെയിരുളാര്‍ന്നൊ-

രഭ്രപാളിയില്‍ച്ചിത്രം വരച്ചൊരാള്‍...

 

സന്ധ്യാംബരച്ചെരുവില്‍ നില്‍ക്കുമ്പോഴും

സാധനയുടെ സാഗരത്തിരയ്ക്കുമേല്‍

സപ്തതിനിലാവുദിപ്പിച്ചൊരാള്‍...

 

ഏതോ പൂര്‍വ്വബന്ധത്താലെന്നെ

കവിതയുടെ ഗണിതം പഠിപ്പിച്ചൊരാള്‍...

ആ കര്‍മ്മയോഗിയുടെ കാല്‍ക്കലെന്‍ സാഷ്ടാംഗപ്രണാമം!

 

(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്‌. അതുല്യകവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരിയുടെ സപ്തതിയാഘോഷ സ്മരണയ്ക്ക് എഴുതിയ കവിതയാണ് ഇത്.)

Saturday, February 25, 2023

നിര്‍ലീനന്‍


 

 

 

 

 

 

 - വിഷ്ണു നാരായണന്‍ നമ്പൂതിരി

 

 

നിന്‍മുന്നില്‍ നിര്‍ലീനനായി ഞാന്‍ നില്‍ക്കവേ

നീയില്ല ഞാനില്ല കാലമില്ല,

ഉള്ളതു നാമെന്ന തോന്നല്‍ മാത്രം

ഉള്ളതൊരേ നിലനില്‍പ്പുമാത്രം!

 

നമ്മെ വലംവച്ചൊഴുകിയകലുന്നു

മണ്ണിന്‍ നിറങ്ങള്‍ മധുകണങ്ങള്‍,

നമ്മെയുരുമ്മിപ്പറന്നു മറയുന്നു

വിണ്ണിന്‍ വെളിച്ചങ്ങള്‍ വിസ്മയങ്ങള്‍.

 

അല്ലികൊഴിഞ്ഞടിയുന്നു സുഗന്ധങ്ങള്‍,

അല്ലിലൊടുങ്ങുന്നു വാസരങ്ങള്‍,

കണ്ണുനീര്‍ക്കുത്തില്‍ വിരിയുന്നു പുഞ്ചിരി,

കണ്ണീര്‍ക്കണം ചിരിപ്പൂങ്കവിളില്‍.

 

കാറ്റിലൊടിയുന്ന വന്മരച്ചില്ലയില്‍

കേള്‍ക്കാമപൂര്‍വസംഗീതരാഗം,

രാക്കുയില്‍പ്പാട്ടിലിന്നേതോ വിതുമ്പലിന്‍

വീര്‍പ്പുപൊന്തുന്നു വികാരലോലം.

 

എല്ലാമറിവുഞാന്‍, എങ്കിലും ഞാനറി-

യില്ല യാതൊന്നും - ഇതേ രഹസ്യം;

ഒന്നുമറിയാതിരിക്കുമെന്നുള്ളിലും

വന്നുദിക്കുന്നു നീയെന്ന സത്യം.

 

നിന്‍മുന്നിലിങ്ങനെ നില്‍ക്കവേ ഞാനില്ല

നീയില്ല, നാമെന്നൊരുണ്മ മാത്രം;

ഉണ്മയിലായിരം സൗരയൂഥങ്ങളെ

ചുംബിച്ചുണര്‍ത്തുമഴകുമാത്രം!

 

(1997ലാണ് കവി ഇതെഴുതുന്നത്. ശ്രീവല്ലി എന്ന സമാഹാരത്തില്‍നിന്നും എടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്)

Tuesday, January 31, 2023

പ്രേതബാധയുള്ള വീട്

 


 

 

 

- വിര്‍ജീനിയ വൂള്‍ഫ്

 

 

     നിങ്ങള്‍ എത്ര മണിക്ക് ഉണര്‍ന്നാലും ഒരു വാതിലടയ്ക്കുന്ന ശബ്ദം കേള്‍ക്കാം. അവര്‍ കൈകോര്‍ത്തുപിടിച്ച് ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് നടന്നുകൊണ്ടിരുന്നു. അവിടെയൊന്ന് പൊക്കി, ഇവിടെയൊന്നു തുറന്ന്, ഉറപ്പുവരുത്തി - ആ പ്രേതദമ്പതികള്‍.

     "ഇവിടെയാണ് നമ്മളത് വച്ചത്." - അവര്‍ പറഞ്ഞു.

     അയാള്‍ കൂട്ടിച്ചേര്‍ത്തു: "ഓ, ഇവിടെയും വച്ചു."

     "അത് മുകളിലത്തെ നിലയിലാണ്." - അവള്‍ പിറുപിറുത്തു.

     "തോട്ടത്തിലാണ്." - അയാള്‍ മന്ത്രിച്ചു.

     "പതുക്കെ." - അവര്‍ പറഞ്ഞു - "അല്ലെങ്കില്‍ നമ്മള്‍ അവരെ ഉണര്‍ത്തും."

     പക്ഷേ, നിങ്ങള്‍ ഞങ്ങളെ ഉണര്‍ത്തി എന്നതല്ല കാര്യം. തീര്‍ച്ചയായും അല്ല.

     "അവര്‍ അത് തിരയുകയാണ്. അവര്‍ കര്‍ട്ടന്‍ വലിക്കുന്നു." - നമ്മില്‍ ഒരാള്‍ പറയും, എന്നിട്ട് ഒന്നോ രണ്ടോ പേജ് വായിക്കും - "ഇപ്പോള്‍ അവര്‍ അത് കണ്ടുപിടിച്ചു." - മാര്‍ജിനില്‍ എഴുതിക്കൊണ്ടിരുന്ന പെന്‍സില്‍ കൈയില്‍ പിടിച്ച് ആ ആള്‍ തീര്‍ച്ചയാക്കും. വായിച്ചു മടുക്കുമ്പോള്‍ മെല്ലെ എഴുന്നേല്‍ക്കും. നേരിട്ട് പരിശോധിക്കാം എന്ന് കരുതും. വീട് തീര്‍ത്തും ശൂന്യമാണ്. വാതിലുകള്‍ തുറന്നുകിടക്കുന്നു. കാട്ടുപ്രാവുകള്‍ തൃപ്തിയോടെ കുറുകുന്നതുമാത്രം കേള്‍ക്കാം. ദൂരെ കൃഷിസ്ഥലത്ത് ഒരു മെതിയന്ത്രത്തിന്‍റെ ഇരമ്പല്‍.

     "ഞാന്‍ എന്തിനാണ് ഇങ്ങോട്ടുവന്നത്? എനിക്ക് എന്താണ് കണ്ടെത്താനുള്ളത്?"

     "എന്‍റെ കരങ്ങള്‍ ശൂന്യമായിരുന്നു."

     "ഒരുപക്ഷെ, അത് മുകളിലാണെങ്കിലോ?"

     തട്ടിന്‍പുറത്ത് ആപ്പിളുകള്‍ ഉണ്ടായിരുന്നു. എന്നിട്ട് വീണ്ടും താഴേക്ക്. പൂന്തോട്ടം പതിവുപോലെ ശാന്തം. പുസ്തകം പുല്ലിലേക്ക് തെന്നിവീണിരിക്കുന്നെന്ന് മാത്രം.

     പക്ഷെ, അവര്‍ അത് ഇരിപ്പുമുറിയില്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ആര്‍ക്കെങ്കിലും അവരെ കാണാന്‍ കഴിയുമെന്നല്ല. ജനല്‍ച്ചില്ലുകള്‍ ആപ്പിളിനെയും റോസാപ്പൂക്കളെയും പ്രതിഫലിപ്പിച്ചു. ആ ചില്ലുകളില്‍ ഇലകള്‍ക്കെല്ലാം പച്ച നിറമായിരുന്നു. അവര്‍ ഇരിപ്പുമുറിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയെങ്കില്‍ ആപ്പിളിന്‍റെ മഞ്ഞഭാഗം മാത്രമായിരുന്നു കാണുന്നത്. എങ്കിലും അടുത്ത നിമിഷം വാതില്‍ തുറന്നാല്‍, നിലത്ത് പരന്ന്, ഭിത്തികളില്‍ തൂങ്ങി, മച്ചില്‍നിന്ന് താഴോട്ടുതൂങ്ങി, എന്താണ്? യാതൊന്നുമില്ല! എന്‍റെ കൈകള്‍ ശൂന്യമായിരുന്നു. പരവതാനിക്കുമീതെ ഒരു മൈനയുടെ നിഴല്‍ നീങ്ങിപ്പോയി. നിശ്ശബ്ദതയുടെ അഗാധതയില്‍നിന്ന് കാട്ടുപ്രാവുകള്‍ തങ്ങളുടെ ശബ്ദത്തിന്‍റെ കുമിളകള്‍ വലിച്ചെടുത്തു.

     "ഭദ്രം, ഭദ്രം, ഭദ്രം." - വീടിന്‍റെ നാഡി സാവകാശം മിടിച്ചുകൊണ്ടിരുന്നു. - "നിധി കുഴിച്ചിട്ടിരിക്കുകയാണ്; മുറി...." - നാഡിമിടിപ്പ് പെട്ടെന്നുനിന്നു.

     ഓ, കുഴിച്ചിട്ട നിധിയായിരുന്നോ അത്?

     അടുത്തനിമിഷം വെളിച്ചം മങ്ങി. വെളിയില്‍ പൂന്തോട്ടത്തിലേക്ക് പോയാലോ? അലയുന്ന ഒരു സൂര്യരശ്മിക്കുവേണ്ടി വൃക്ഷങ്ങള്‍ അവിടെ ഇരുട്ടിന്‍റെ നൂല്‍കൊണ്ട് വല കെട്ടിയിരുന്നു. തീരെ നേര്‍ത്തതും അപൂര്‍വ്വവും, തണുപ്പോടെ ഉപരിതലത്തിനടിയില്‍ മറഞ്ഞിരിക്കുന്നതുമായ ആ രശ്മിയെയാണ് ഞാന്‍ തേടിയത്. അത് എപ്പോഴും കണ്ണാടിച്ചില്ലിനു പിന്നില്‍ ജ്വലിച്ചുനിന്നു. ആ കണ്ണാടിച്ചില്ല് മരണമാണ്. നമുക്കിടയില്‍ ഉള്ളത് മരണമാണ്.

     നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് മരണം ആദ്യമെത്തിയത്‌ ആ സ്ത്രീയെ തേടിയാണ്. പിന്നെ ജനലെല്ലാം അടച്ച് കുറ്റിയിട്ട്, മുറികളെല്ലാം ഇരുട്ടിലാഴ്ത്തി വീടുവിട്ടുപോയി. അയാള്‍ വീട് ഉപേക്ഷിച്ച്, അവളെ വിട്ട് വടക്കോട്ടും കിഴക്കോട്ടും ഒക്കെ പോയി. തെക്കന്‍ സമുദ്രത്തില്‍ നക്ഷത്രങ്ങള്‍ മറയുന്നതുകണ്ടു. വീടുതേടി തിരിച്ചെത്തിയപ്പോള്‍ അത് മൊട്ടക്കുന്നിനു കീഴെ തകര്‍ന്നു കിടന്നു.

     "ഭദ്രം, ഭദ്രം, ഭദ്രം" - വീട് ആഹ്ളാദത്തോടെ മിടിച്ചു - "നിധി നിങ്ങളുടേതാണ്."

     വെളിയിലെ പാതയില്‍ കാറ്റ് അലറിവിളിക്കുന്നു. മരങ്ങള്‍ കുനിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. മഴയില്‍ ചന്ദ്രരശ്മികള്‍ ഭ്രാന്തമായി വെട്ടിത്തിളങ്ങുകയും ചിന്നിച്ചിതറുകയും ചെയ്യുന്നു. പക്ഷെ വിളക്കിന്‍റെ കിരണം ജനലില്‍നിന്നും നേരെതന്നെ പതിക്കുന്നു. മെഴുകുതിരി ഉറച്ച്, നിശ്ചലമായി നിന്ന് പ്രകാശിക്കുന്നു. വീട്ടിലെല്ലാം അലഞ്ഞുനടന്ന്, ജനലുകള്‍ തുറന്ന്, ഞങ്ങളെ ഉണര്‍ത്താതിരിക്കാന്‍വേണ്ടി പിറുപിറുത്തുകൊണ്ട് ആ പ്രേതദമ്പതികള്‍ തങ്ങളുടെ ആനന്ദം തേടുകയാണ്.

     "ഇവിടെയാണ് നമ്മള്‍ ഉറങ്ങിയത്." - അവര്‍ പറയുന്നു.

     "എണ്ണമില്ലാത്തത്ര ചുംബനങ്ങള്‍." - അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.

     "പ്രഭാതത്തില്‍ ഉണരുമ്പോള്‍" - "മരങ്ങള്‍ക്കിടയില്‍ വെള്ളി" - "മുകളിലെ നിലയില്‍" - "പൂന്തോട്ടത്തില്‍" - "വസന്തം വന്നപ്പോള്‍" - "ശീതകാലത്ത് മഞ്ഞ് പൊഴിയുംനേരം" - വിദൂരതയില്‍ വാതിലുകള്‍ അടയുന്നു - ഹൃദയമിടിപ്പുപോലെ പതിഞ്ഞ ശബ്ദത്തില്‍.

     അവര്‍ അടുത്തടുത്തുവരുന്നു; വാതില്‍ക്കല്‍ നില്‍ക്കുന്നു; കാറ്റ് ശമിക്കുന്നു; മഴ കണ്ണാടിച്ചില്ലില്‍ വെള്ളിപൂശി തെന്നിയിറങ്ങുന്നു. ഞങ്ങളുടെ കണ്ണുകള്‍ ഇരുളുന്നു. ഞങ്ങള്‍ തൊട്ടടുത്ത് കാലടിശബ്ദം കേള്‍ക്കുന്നേയില്ല. പ്രേതത്തിന്‍റെതു പോലുള്ള മേല്‍ക്കുപ്പായം വിടര്‍ത്തി നില്‍ക്കുന്ന സ്ത്രീയെ ഞങ്ങള്‍ കാണുന്നില്ല. അയാളുടെ കൈകള്‍ റാന്തല്‍ വിളക്കിനെ പൊതിയുന്നു.

     "നോക്കൂ." - അയാള്‍ മന്ത്രിക്കുന്നു - "നല്ല ഉറക്കം, അവരുടെ ചുണ്ടുകളില്‍ പ്രേമം."

     കുനിഞ്ഞ് അവരുടെ വെള്ളിവിളക്ക് ഞങ്ങള്‍ക്കു മുകളില്‍ പിടിച്ചുകൊണ്ട് അവര്‍ ഏറെനേരം ഞങ്ങളെ അഗാധമായി നോക്കിനില്‍ക്കുന്നു. അവര്‍ ഏറെനേരം ഞങ്ങളെ അഗാധമായി നോക്കി നില്‍ക്കുന്നു. അവര്‍ ഏറെ നേരമായി നില്‍ക്കുന്നു. കാറ്റ് നേരെ വീശുന്നു. വിളക്കിന്‍റെ ജ്വാല അല്‍പ്പം ചെരിയുന്നു. നിലാവിന്‍റെ ഭ്രാന്തകിരണങ്ങള്‍ ഭിത്തിയിലും തറയിലും നെടുകെയും കുറുകെയും പാഞ്ഞ് ഒത്തുചേര്‍ന്ന് അവരുടെ കുനിഞ്ഞ മുഖങ്ങളില്‍ നിഴല്‍ വീഴ്ത്തുന്നു. ഗാഡമായി ചിന്തിക്കുന്ന മുഖങ്ങള്‍. ഉറങ്ങിക്കിടക്കുന്നവരെ പരിശോധിച്ച്, അവരുടെ നിഗൂഡമായ ആനന്ദം തേടുന്ന മുഖങ്ങള്‍.

     "ഭദ്രം, ഭദ്രം, ഭദ്രം" - വീടിന്‍റെ ഹൃദയം സ്വാഭിമാനം മിടിക്കുന്നു.

     "നീണ്ട വര്‍ഷങ്ങള്‍-" - അയാള്‍ നെടുവീര്‍പ്പിടുന്നു.

     "നിങ്ങള്‍ വീണ്ടും എന്നെ കണ്ടെത്തി." - അവള്‍ പിറുപിറുത്തു.

     "ഇവിടെ ഉറങ്ങുന്നത്, പൂന്തോട്ടത്തിലിരുന്ന് വായിക്കുന്നത്, തട്ടിന്‍പുറത്ത് ആപ്പിളുകള്‍ ഉരുട്ടി ചിരിക്കുന്നത്, ഇവിടെയാണ് നാം നമ്മുടെ നിധി വെച്ചിട്ടുപോയത്" - കുനിഞ്ഞപ്പോള്‍ അവരുടെ പ്രകാശം എന്‍റെ കണ്‍പോളകളെ തുറക്കുന്നു.

     "ഭദ്രം, ഭദ്രം, ഭദ്രം" - വീടിന്‍റെ നാഡി ഭ്രാന്തമായി മിടിക്കുന്നു.

     ഉണര്‍ന്ന് ഞാന്‍ ഉറക്കെ വിളിച്ചു ചോദിക്കുന്നു. "ഓ, ഇതാണോ നിങ്ങളുടെ-കുഴിച്ചിട്ട നിധി? ഹൃദയത്തിലെ പ്രകാശം!?"

 

(വിര്‍ജീനിയ വൂള്‍ഫ് രചിച്ച എട്ട് കഥകളടങ്ങിയ MONDAY OR TUESDAY എന്ന സമാഹാരത്തിലെ THE HAUNTED HOUSE എന്ന കഥയുടെ ഈ മലയാളം പരിഭാഷ ചെയ്തിരിക്കുന്നത് വി. രാധാമണിക്കുഞ്ഞമ്മ ആണ്.)    

ആദ്യ സര്‍വ്വകലാശാല

 


 

 

 

 

- കെ ജയകുമാര്‍

 

     ജോലി കിട്ടി വീട്ടില്‍നിന്നു മാറിനില്‍ക്കേണ്ടിവന്ന കാലം വരേയ്ക്കും ഞാനൊരു ഗ്രന്ഥശാലാ പ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം പട്ടണത്തിനോടു ചേര്‍ന്ന മണ്ണന്തലയിലെ ചെഞ്ചേരി എന്ന ഗ്രാമത്തിലെ യുവജനസമാജം വായനശാലയായിരുന്നു എന്‍റെ കളരി. 1958ലോ മറ്റോ ആണ് വായനശാല സ്ഥാപിതമായത്. എന്‍റെ അച്ഛനും ആ തലമുറയില്‍പ്പെട്ട (അന്നത്തെ) ചെറുപ്പക്കാരുമായിരുന്നു ആരംഭകാലത്തെ ഉത്സാഹികള്‍. (നൂറായിരുന്നു അച്ഛന്‍റെ അംഗത്വ നമ്പര്‍. ആ നമ്പറില്‍ ഞാന്‍ എത്രയോ കാലം പുസ്തകങ്ങള്‍ എടുത്തിരുന്നു). ആറ്-ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന സമയം മുതല്‍ ഞാന്‍ ഈ വായനശാലയിലെ നിത്യസന്ദര്‍ശകനായിത്തീര്‍ന്നു.

     അഞ്ചു സെന്‍റ് സ്ഥലത്ത്, വയലിന്‍കരയിലാണ് വായനശാല തലയുയര്‍ത്തി നില്‍ക്കുന്നത്. ആകെ മൂന്നു മുറികള്‍. ഒന്ന് വായനാമുറി, പുസ്തകങ്ങള്‍ സൂക്ഷിക്കാനും മറ്റുമായി രണ്ടാമതൊരു മുറി. പിന്നെ കൂട്ടിച്ചേര്‍ത്ത ഒരു മുറി, വിനോദത്തിനുള്ളത്. വൈകുന്നേരങ്ങളില്‍ ഇവിടെ സ്ഥിരമായി വന്നിരുന്ന മുതിര്‍ന്ന ആളുകള്‍ ഉണ്ടായിരുന്നു, ചീട്ടുകളിക്കാനും കാരംസ് കളിക്കാനും. വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നുവെന്നാണ് ഓര്‍മ്മ. വൈകുന്നേരം 4 മുതല്‍ 8 മണി വരെയാണ് വായനശാലയുടെ പ്രവര്‍ത്തനം. ഒരു റേഡിയോയും ഉണ്ടായിരുന്നു. അന്ന് അയല്‍വീടുകളിലൊന്നും റേഡിയോ ഇല്ല. ഞങ്ങളുടെ സംഗീതകാമനകള്‍ക്കുള്ള ഏക ആശ്രയം ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന സിനിമാഗാനങ്ങള്‍ മാത്രം. അത് കേള്‍ക്കാന്‍ ഏകമാര്‍ഗ്ഗം വായനശാലയിലെ റേഡിയോയും.

     അസാമാന്യമായ വായനാശീലം കൊണ്ടൊന്നുമല്ല ഞാന്‍ വായനശാലയില്‍ പോയിത്തുടങ്ങിയത്. എന്‍റെ അമ്മയ്ക്ക് ഒരു ദിവസം ഒരു നോവല്‍ എന്ന നിലയില്‍ വായിച്ചുതീര്‍ക്കണം. അത് എടുത്തുകൊടുക്കുകയാണ് എന്‍റെ ദൌത്യം. അമ്മയ്ക്ക് പ്രിയപ്പെട്ട എഴുത്തുകാരുണ്ട്. അതുപോലെതന്നെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ കൊള്ളാത്തവരുമുണ്ട് പട്ടികയില്‍. ഡിറ്റക്റ്റീവ് നോവലുകളും കവിതകളും ആകാം. ജീവചരിത്രം, യാത്രാവിവരണം എന്നിവയോട് അമ്മയ്ക്ക് വലിയ പഥ്യമില്ല. അങ്ങനെയാണ് ഞാന്‍ എഴുത്തുകാരെയൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്; ഓരോ എഴുത്തുകാരന്‍റെയും ആപേക്ഷിക പ്രാധാന്യവും സ്ഥാനവുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ കാരൂരും തകഴിയും പൊറ്റെക്കാട്ടും ഉറൂബുമൊക്കെ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകരായി. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ഇടയ്ക്കിടെ വിരുന്നുവന്നു.

     കുറച്ചുകഴിഞ്ഞപ്പോള്‍ അച്ഛന്‍റെ മാത്രം അംഗത്വം കൊണ്ട് ഞങ്ങളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ കഴിയാതായി. അങ്ങനെ അമ്മയുടെ പേരിലും എന്‍റെ പേരിലും അംഗത്വമെടുത്തു. അങ്ങനെ മൂന്നു പുസ്തകങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന സ്ഥിതിയായി. ഈ സായാഹ്ന സന്ദര്‍ശനങ്ങളില്‍ വായനാമുറിയില്‍ കുറച്ചുനേരം ചെലവിടുക എന്നത് ഒരു ശീലമായി. ആദ്യമായി എത്രയെത്ര മാസികകള്‍ കാണാനായി! സോവിയറ്റ് ലാന്‍ഡ്, സ്പുട്നിക്, സ്പാന്‍ എന്നിങ്ങനെയുള്ള ആനുകാലികങ്ങള്‍ സ്ഥിരമായി വായിക്കാനായി. പിന്നെ, നിരവധി മലയാളം പ്രസിദ്ധീകരണങ്ങളും വര്‍ത്തമാനപത്രങ്ങളും. വീട്ടില്‍ അന്ന് ആകെ ഒരു പത്രമേ വരുത്തുകയുള്ളു ഇംഗ്ലീഷ് പേപ്പര്‍ വായിച്ചുതുടങ്ങുന്നതും വായനശാലയില്‍ വച്ചുതന്നെ. പഠിക്കുന്ന വിഷയങ്ങള്‍ക്കപ്പുറമുള്ള വിശാലമായ ലോകത്തെക്കുറിച്ചൊരു അവബോധം സൃഷ്ടിക്കാനായതായിരുന്നു ആ നാളുകളിലെ ഏറ്റവും വലിയ നേട്ടം എന്ന്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഒരു വിജ്ഞാനശാഖയും നമുക്കന്യമല്ല എന്ന വിചാരം ഉളവായിവന്നു വിനോദത്തിനുവേണ്ടി മാത്രമല്ലാതെയുള്ള വായനയ്ക്ക് പ്രാധാന്യമുണ്ടെന്ന അറിവ് അമ്മയുടെ കര്‍ശനമായ വായനാഭിരുചിയോടുള്ള അബോധപൂര്‍വ്വമായ പ്രതികരണവും പ്രതിരോധവും ആയിരുന്നോ? നിശ്ചയമില്ല. ഏതായാലും എല്ലാം വായിച്ചറിയാന്‍ ശ്രമിക്കുക എന്ന ശീലം ജീവിതത്തില്‍ ഗുണം മാത്രമേ ചെയ്തുള്ളു. (ഇന്ന് എന്‍റെ സ്വകാര്യ പുസ്തകശേഖരത്തിന്‍റെ സ്വഭാവത്തില്‍ ഈ ശീലത്തിന്‍റെ പ്രത്യാഘാതം കണ്ടറിയാന്‍ സാധിക്കും. അവയുടെ വിഷയവൈവിധ്യം എന്നെത്തന്നെ ചിലപ്പോള്‍ അന്ധാളിപ്പിക്കുന്നുണ്ട്). പിന്നീട് ഈ വായനശാലയ്ക്ക് ഞാന്‍ മുന്നൂറോളം പുസ്തകങ്ങള്‍ എന്‍റെ ശേഖരത്തില്‍ നിന്ന് സംഭാവന ചെയ്യുകയുമുണ്ടായി.

     വീട്ടില്‍ അന്ന് മലയാളവും ഇംഗ്ലീഷും നിഘണ്ടുവില്ല. വായനശാലയില്‍ പോകുമ്പോള്‍ ഞാന്‍ ചില അര്‍ത്ഥമറിയാത്ത വാക്കുകള്‍ കുറിച്ച് പോക്കറ്റില്‍ വയ്ക്കും. നിഘണ്ടു നോക്കി അര്‍ത്ഥമറിയുമ്പോള്‍ വലിയൊരു ചാരിതാര്‍ത്ഥ്യം വന്നുപൊതിയും. (കൈയ്യിലിരിക്കുന്ന മൊബൈല്‍ ഫോണിനോട്‌ ചോദിച്ചാല്‍ ക്ഷണനേരംകൊണ്ട് എന്തും അറിഞ്ഞുതരുന്ന കാലം പുലര്‍ന്നിട്ട് 15 വര്‍ഷമാകുന്നതേയുള്ളൂ എന്ന് സഹസ്രാബ്ദ തലമുറയെ ഓര്‍മ്മപ്പെടുത്താന്‍ ഇത് ചിലപ്പോള്‍ സഹായിക്കും).

     ഞങ്ങളുടെ വായനശാലയില്‍ കൂടുതലും മലയാളം പുസ്തകങ്ങളായിരുന്നെങ്കിലും കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും ഉണ്ടായിരുന്നു. ആദ്യമായി ടെക്സ്റ്റ്ബുക്ക് അല്ലാതെ ഒരു ഇംഗ്ലീഷ് നോവല്‍ വായിച്ചുതീര്‍ത്ത പുളകം എനിക്ക് ഇപ്പോഴും ഓര്‍ത്തെടുക്കാം. ഇത്തിരിക്കൂടി മുതിര്‍ന്നപ്പോള്‍ ഞാന്‍ വായനശാലാ കമ്മിറ്റി അംഗവും പിന്നെ ഒരു വര്‍ഷം സെക്രട്ടറിയുമായി. വാര്‍ഷിക ഗ്രാന്‍റ് കിട്ടിക്കഴിഞ്ഞാല്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പോവുക എന്നതാണ് സെക്രട്ടറിയുടെ ജീവിതത്തിലെ അഭിമാനകരമായ ഒരു ദിവസം. പുതിയ പുസ്തകങ്ങള്‍ കണ്ടുകഴിയുമ്പോള്‍ ചില അംഗങ്ങള്‍ നെറ്റി ചുളിക്കും. ചിലര്‍ക്കിഷ്ടപ്പെടും. ഞാന്‍ സെക്രട്ടറിയായിരുന്ന വര്‍ഷത്തെ പുസ്തകം വാങ്ങല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട കൊടുത്തില്ലെന്നാണ് ഓര്‍മ്മ. അത് ശരിയായിരിക്കാം. കാരണം എന്‍റെ താത്പര്യങ്ങള്‍ തന്നെ അനേക മേഖലകളിലായിരുന്നല്ലോ. അപ്പോള്‍ ഞാന്‍ വാങ്ങിയ പുസ്തകങ്ങളില്‍ എല്ലാ വിഭാഗം വായനക്കാരെയും തൃപ്തിപ്പെടുത്താനുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.

     വാര്‍ഷികാഘോഷമാണ് സെക്രട്ടറിയുടെ മറ്റൊരു പ്രധാന ദിവസം. ഞങ്ങളുടെ വായനശാലയെപ്പറ്റി നിലനിന്നിരുന്ന ഒരന്ധവിശ്വാസമുണ്ട്. ഗ്രാമത്തില്‍ മഴ വേണമെങ്കില്‍ വായനശാലയുടെ വാര്‍ഷികം നിശ്ചയിച്ചാല്‍ മതിയെന്ന്. അങ്ങനെ വിശ്വസിച്ചുപോയതില്‍ തെറ്റ് പറഞ്ഞുകൂടാ. എന്‍റെ ഓര്‍മ്മയില്‍ ഒന്നോ രണ്ടോ വര്‍ഷം ഒഴിച്ചാല്‍ മറ്റെല്ലാ വാര്‍ഷികാഘോഷവും മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്. നല്ല വേനല്‍ചൂടാണെങ്കിലും, വാര്‍ഷികദിവസം ഉച്ച തിരിയുന്നതോടെ ആകാശം ഇരുളും. ഇടിമുഴങ്ങും. പൊതുസമ്മേളനം തുടങ്ങേണ്ട സമയമാവുമ്പോഴേക്കും വയലില്‍ വെള്ളം നിറയും. തവളകള്‍ കരയാന്‍ തുടങ്ങും. പിന്നെ എങ്ങനെയും ചെളി കെട്ടാത്ത ഒരു സ്ഥലത്തേക്ക് സ്റ്റേജ് മാറ്റിയെടുത്ത് പ്രസംഗങ്ങള്‍ നടത്തി ക്ഷണിതാക്കളെ തിരിച്ചയയ്ക്കും.(ഈ പ്രതികൂല സാഹചര്യങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ട് ഒന്നര മണിക്കൂര്‍ പ്രസംഗിച്ച അതിഥിദേവന്മാരും ഗ്രാമത്തിന്‍റെ ഓര്‍മ്മയിലുണ്ട്!)

     കഥാപ്രസംഗം അല്ലെങ്കില്‍ നാടകം - അതാണ് പതിവ് കലാപരിപാടി. അടുത്ത ക്ഷേത്രങ്ങളില്‍ ഇതുവരെ വരാത്ത കാഥികനെ കണ്ടെത്തണം. നാടകത്തില്‍ വഷളത്തം പാടില്ല. ഗ്രാമം സ്വയം നിശ്ചയിച്ച സെന്‍സര്‍ ബോര്‍ഡിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണം.

     ഒരിക്കല്‍ വായനശാലാ വാര്‍ഷികത്തിന് ഞങ്ങള്‍ ഗ്രാമീണ കലാകാരന്മാര്‍ തന്നെ നാടകം അഭിനയിക്കാമെന്ന് തീരുമാനിച്ചു. ഒരു മാസത്തിലേറെ നീണ്ട റിഹേഴ്സല്‍. മറക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. വീട്ടില്‍ തിരിച്ചെത്താനുള്ള സമയപരിധിയ്ക്ക് അമ്മയില്‍നിന്ന് എനിക്ക് ഇളവുകിട്ടിയ സ്വാതന്ത്ര്യത്തിന്‍റെ ദിനങ്ങള്‍! പെണ്‍വേഷമായിരുന്നു എനിക്ക്. നിര്‍മ്മല എന്ന യുവതി. പിന്നീട് എത്രയോ കാലം എന്നെ 'നിര്‍മ്മലേ' എന്ന്‍ ആളുകള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു! എത്രയെത്ര ഫലിതങ്ങള്‍, കളിയാക്കലുകള്‍, ഗ്രാമത്തിലെ സ്വകാര്യരഹസ്യങ്ങള്‍!

     ഇങ്ങനെ അറിവും ആഹ്ലാദവും വിനോദവും ലാളിത്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്‍റെ ഗ്രന്ഥശാലാ സ്മൃതികള്‍. എന്‍റെ ജീവിതത്തില്‍ ആ ചെറിയ വായനശാല വഹിച്ച പങ്ക് എത്ര വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാവതല്ല. അത് ഒരു ഗ്രന്ഥശാലയായിരുന്നില്ല, എന്‍റെ ആദ്യ സര്‍വ്വകലാശാല തന്നെയായിരുന്നല്ലോ!

 

(2018 ഡിസംബര്‍ ലക്കം ഗ്രന്ഥാലോകം മാസികയില്‍ 'എന്‍റെ ഗ്രന്ഥശാല' എന്ന പ്രത്യേക പംക്തിയില്‍ നല്‍കിയിരിക്കുന്ന ലേഖനമാണ് ഇത്.) 

Image Ⓒ : Jerry Jenkins

Saturday, December 31, 2022

തോട്ടത്തിലെ എട്ടുകാലി


 

 

 

 

 

 

- കുമാരനാശാന്‍

 

തളിര്‍ത്തലഞ്ഞു നിന്നിടും തരുക്കള്‍

തന്‍റെ ശാഖയില്‍

കൊളുത്തി നീണ്ട നൂലു രശ്മിപോലെ

നാലു ഭാഗവും,

കുളത്തിനുള്ളു കാണുമര്‍ക്കബിംബ-

മൊത്തു കാറ്റിലി-

വെളുത്ത കണ്ണിവച്ചെഴും വിചിത്ര-

രൂപനാരിവന്‍!

 

അടുത്തിടുന്നൊരീച്ച പാറ്റയാദി-

യായ ജീവിയെ-

പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചി-

രുന്നുകൊള്ളുവാന്‍

പഠിച്ച കള്ളനാരു നീ പ്രഗല്‍-

നായ മുക്കുവ-

ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള

കൊച്ചു വേടനോ?

 

മിനുത്തു നേര്‍ത്ത നൂലിതെങ്ങുനിന്നു?

മോടി കൂടുമീ-

യനര്‍ഘമാം നെയിത്തു തന്നെയഭ്യ-

സിച്ചതെങ്ങു നീ?

നിനയ്ക്ക നിന്‍റെ തുന്നല്‍ കാഴ്ചവേല

തന്നിലെത്തിയാല്‍

നിനക്കു തങ്കമുദ്ര കിട്ടുമെട്ടു-

കാലി, നിശ്ചയം!

 

ImageⒸ

Friday, December 30, 2022

നീ മൌനം ഭജിച്ചാലോ


 

 

 

  - ചങ്ങമ്പുഴ കൃഷ്ണപിള്ള

 

 

വിസ്തൃതം കാലത്തിന്‍റെ ഹൃദയം, കവേ, തെല്ലും

വിഹ്വലനാകായ്ക നീയിന്നത്തെക്കൊടുങ്കാറ്റില്‍,

നിന്‍ നാമം ലോകാഹ്ലാദത്തൈമുല്ലത്തലപ്പിന്മേല്‍

നിന്നുകൊള്ളട്ടെ മുഗ്ദ്ധകോരകമായിത്തന്നെ.

അറിയേണ്ടതില്‍ത്തിങ്ങും സൗരഭത്തിനെപ്പറ്റി-

ക്കരിതേക്കുവാന്‍ മാത്രം കഴിയും നിശീഥങ്ങള്‍

നിന്‍ നിഴല്‍ച്ചിലന്തിനൂല്‍ക്കെട്ടു നീങ്ങിയാലാദ്യം

നിര്‍മ്മലനീഹാരാഭമഴവില്‍പ്പൊടി വീശി,

ഇതളോരോന്നായ് മെല്ലെ വിടുര്‍ത്തും- മൃദുമന്ദ-

സ്മിതധാരയിലതുപൊതിയും പ്രപഞ്ചത്തെ.

അന്നതിന്‍ സൗരഭ്യത്തിലലിയും നവലോക-

സ്പന്ദനം- ശതാബ്ദങ്ങള്‍ മുരളും ചുറ്റും ചുറ്റി.

ആ വാടാമലര്‍ ചൂണ്ടിക്കാണിച്ചു ചൊല്ലും കാലം:

"ആവസിച്ചു നീയെന്നിലജ്ഞാതനായി,ക്കവേ!

ഇന്നു നിന്‍ മൂടുപടം നീക്കി ഞാ,നിനി നിന്‍റെ

മന്ദഹാസത്തിന്‍നേര്‍ക്കു കൂപ്പുകൈയുയര്‍ന്നോളും..."

 

മീട്ടുക കവേ, വീണ്ടും നിന്‍ മണിവീണക്കമ്പി

മീട്ടുക, നൈരാശ്യത്തില്‍ നീ മൌനം ഭജിച്ചാലോ!...

 

(1936 ഓഗസ്റ്റ് 22നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള ഈ കവിത എഴുതിയത്.)    

Monday, December 26, 2022

ഞാൻ പാള്‍മുനിയെ കണ്ടു


 

 

 

 

 

 

- എന്‍ എന്‍ പിള്ള

 

 

      കാണുക മാത്രമല്ല കേരളബന്ധുവിന്‍റെയും സിംഗപ്പൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്‍റെയും സ്റ്റാഫ് റിപ്പോർട്ടർ എന്ന നിലയ്ക്ക് ഒരു ഇന്‍റര്‍വ്യൂവും നടത്തി. ഞാനെത്ര രാജാക്കന്മാരെയും മഹാരാജാക്കന്മാരെയും സുൽത്താന്മാരെയും കണ്ടു! പിൽക്കാലജീവിതത്തിൽ എത്രയെത്ര നടീനടന്മാരെ കണ്ടു! എന്നാൽ 'പാള്‍മുനിയെ കണ്ടു' എന്ന് പറയുമ്പോൾ എന്തോ അസാധാരണമായ ഒരഭിമാനം തോന്നുന്നു. സിംഗപ്പൂരിൽ ലാറൻസ് ഒളിവിയറും സംഘവും കൂടി പ്രദർശിപ്പിച്ച ഹാംലെറ്റും കിങ് ലിയറും ഞാൻ കണ്ടു. സത്യത്തിൽ അവരുടെ അവതരണരീതിയും അഭിനയരീതിയുമൊന്നും എനിക്ക് പിടിച്ചില്ല. എടുത്തു പറയത്തക്കതായി ഒന്നും തോന്നുന്നുമില്ല. എന്നാൽ പാള്‍മുനി! അതെന്നും ഓർക്കും.

     ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊമ്പതോടുകൂടി സിനിമാഭിനയം തൽക്കാലം നിർത്തിവച്ചിട്ട് വിനോദാർത്ഥം ഒരു ലോകസഞ്ചാരം നടത്തുന്നതിനിടയിലാണ് പാള്‍മുനിയുടെ കപ്പൽ സിംഗപ്പൂരിൽ അടുത്തത്. പാള്‍മുനി വരുന്ന വിവരം കാലേക്കൂട്ടി അറിഞ്ഞ ഞങ്ങൾ പോർട്ടാഫീസ് മുഖാന്തിരം ഇന്‍റര്‍വ്യൂവിന് ഏർപ്പാട് ചെയ്തിരുന്നതാണ്. തലേന്നു സന്ധ്യയ്ക്ക് കപ്പൽ തുറമുഖത്തടുത്തിരുന്നു. മലെമെയില്‍, സ്ട്രെയിറ്റ് ടൈംസ് എന്നീ പത്രങ്ങളുടെ പ്രതിനിധികളുമൊന്നിച്ച് രാവിലെ കൃത്യം പത്തുമണിക്ക് തന്നെ ഞാൻ കപ്പലിലെത്തി. അദ്ദേഹം ഞങ്ങളെ കാത്തുനിന്നിരുന്നു. ഞങ്ങളെ കണ്ടതും ചുറുചുറുക്കോടെ പട്ടാളച്ചിട്ടയിൽ നടന്നടുത്ത് ഹസ്തദാനങ്ങളും കുശലപ്രശ്നങ്ങളും നടത്തുന്ന ആ സായിപ്പ് തന്നെയാണ് പാള്‍മുനിയെന്ന് ഉറപ്പിച്ച് അങ്ങോട്ട് വിശ്വസിക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടിവന്നു. ഒരു സായിപ്പ്, ഒരു വെറും സാധാരണ സായിപ്പ്! ആ മനുഷ്യനിൽ എന്‍റെ  സങ്കൽപ്പത്തിലുളള പാള്‍മുനിയില്ല! ഞാൻ പ്രതീക്ഷിച്ചത് വിശ്വവിഖ്യാതനായ പാള്‍മുനി എന്ന നടനസവ്യസാചിയെയാണ്, അതിന്‍റെ എല്ലാ ധടപടാലിറ്റികളോടും കൂടി. ഞാൻ കാണുന്നതോ, സുമുഖനും മധ്യവയസ്കനുമായ ഒരിടത്തരം അമേരിക്കക്കാരനെ. യാതൊരാർഭാടവുമില്ല. അഹന്തയുടെ ലവലേശമില്ല. ചുരുക്കത്തിൽ ഞങ്ങളെ എതിരേറ്റ പാള്‍മുനിയിൽ, പാള്‍മുനിയേയില്ലായിരുന്നു.

     കണ്ടുമുട്ടി അഞ്ചു മിനിറ്റിനുള്ളിൽ അദ്ദേഹം ഞങ്ങളുടെ ആത്മസുഹൃത്തായി മാറി. ഇന്‍റര്‍വ്യൂ പകുതി അദ്ദേഹത്തിന്‍റെ ക്യാബിനിലും പകുതി ഡക്കിലുമായിരുന്നു. സംഭാഷണമാരംഭിച്ചത് ഓരോ പെഗ്ഗ് വിസ്കിയോടുകൂടിയാണ്. സംസാരിച്ചുകൊണ്ടുതന്നെ വിസ്കി ബോട്ടിലെടുക്കുന്നതും ഗ്ലാസ്സുകള്‍ നിറയ്ക്കുന്നതും ഞങ്ങളെ സല്‍ക്കരിക്കുന്നതുമെല്ലാം അസാധാരണമായ അനായാസതയോടുകൂടിയാണ്. സല്‍ക്കാരവേളയിലെ ചലനവിധങ്ങളിലും സംസാരരീതിയിലും അംഗവിക്ഷേപങ്ങളിലുമെല്ലാം ഞാന്‍ അതീവശ്രദ്ധയോടെ അന്വേഷിച്ചുകൊണ്ടിരുന്നു, 'ഗുഡ് എര്‍ത്ത്'-ലെ 'വാങ്ങി'നെ. പാള്‍മുനിയെ അനശ്വരനടനാക്കിയ ആ ചിത്രം ഞാന്‍ രണ്ടു തവണ കണ്ടിരുന്നു.

     അതിലെ 'വാങ്' എന്ന കഥാപാത്രത്തെ അന്നെന്നല്ല ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇരിപ്പിലും നടപ്പിലും അംഗവിക്ഷേപങ്ങളിലും ഭാവസ്ഫുരണങ്ങളിലും എന്തിന് ഒരിമവെട്ടലില്‍പോലും 'വാങ്' ഒരു ചീനന്‍ തന്നെയായിരുന്നു; നിരക്ഷരകുക്ഷിയും മുരടനുമായ ഒരുള്‍നാടന്‍ ചീനന്‍.ഇംഗ്ലീഷ് ഉച്ചാരണം പോലും ചീനന്‍റെ ആക്സെന്‍ടിലായിരുന്നു. നൂറുശതമാനം ചീനനായ വാങ് ജനിച്ചത്, നൂറുശതമാനം അമേരിക്കക്കാരനായ ഈ സായിപ്പില്‍നിന്നാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സംഭാഷണത്തിനിടയ്ക്ക് ഞാനൊരു ചോദ്യം ചോദിച്ചു, 'അതുവരെ അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രം ഏതായിരുന്നു' എന്ന്‍. ആ മുഖത്ത് ഒരു പുഞ്ചിരി പരന്നു. തുടര്‍ന്ന് ഗൌരവഭാവത്തില്‍ത്തന്നെ പറഞ്ഞു: 'കുട്ടിക്കാലത്ത് കാര്‍ണിവലില്‍ കെട്ടിയിരുന്ന കോമാളിവേഷം മുതല്‍നിങ്ങള്‍ ഉദ്ദേശിക്കുന്ന ഗുഡ് എര്‍ത്തിലെ വാങ് വരെ എല്ലാ വേഷങ്ങളും എനിക്കിഷ്ടപ്പെട്ടവതന്നെയാണ്. എനിക്കിഷ്ടപ്പെടാത്ത വേഷം ഞാന്‍ കെട്ടാറില്ല. എന്നാല്‍ വാങ്ങിനോളം എന്നെ ബുദ്ധിമുട്ടിച്ച കഥാപാത്രങ്ങളില്ല. ഒന്‍പതുമാസം ചീനന്‍റെ കൂടെ ചീനനായിട്ട് ജീവിച്ചു. അവസാനം സെറ്റിലെത്തുന്നതിനുമുമ്പ് എന്‍റെ തല മൊട്ടയടിക്കേണ്ടിയും വന്നു. മാത്രമല്ല പലപ്പോഴും എനിക്ക് സംവിധായകനെ ധിക്കരിക്കേണ്ടിയും വന്നു.'

     ആ നാക്കില്‍നിന്ന് അവസാനത്തെ ഈ വാക്യം അടര്‍ന്നുവീഴുമ്പോള്‍ ആ മുഖത്ത് അഗാധമായ ഒരു കുറ്റബോധം നിഴലിക്കുന്നതായി തോന്നി. സംവിധായകനെ ധിക്കരിക്കുന്നത് ഒരു പാപമായിട്ടാണ് പാശ്ചാത്യര്‍ കരുതിപ്പോരുന്നത്. ഇന്നത്തെ നമ്മുടെ പല സിനിമാവേഷക്കാരും ആ ധിക്കാരം മഹത്വത്തിന്‍റെ മാനദണ്ഡമായിപ്പോലും കരുതുന്നതായി കാണുമ്പോള്‍ കഷ്ടം തോന്നും.

     കൊടുംപട്ടിണിയില്‍നിന്ന് കുബേരത്വത്തിലേക്കുയര്‍ന്ന ആ അതുല്യനടന്‍ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊമ്പതിലെ ആ ഊരുചുറ്റലിനുശേഷം നേരെപോയത് 'ബ്രോഡ് വേ'യിലേക്കായിരുന്നു. പാള്‍മുനിക്ക് സിനിമയേക്കാളിഷ്ടം നാടകവേദിയായിരുന്നു.

     ആ മഹാനടനോട്‌ വിടവാങ്ങിയ ഞങ്ങള്‍ വാര്‍ഫില്‍ എത്തി. തിരിഞ്ഞ് നോക്കിയപ്പോഴും അദ്ദേഹം കപ്പല്‍ത്തട്ടില്‍നിന്ന് കൈവീശുന്നത്‌ കണ്ടു.

     ഞാന്‍ കൈയുയര്‍ത്തി വീശി.

 

(മഹാനായ നാടകാചാര്യന്‍ എന്‍ എന്‍ പിള്ള-യുടെ 'ഞാന്‍' എന്ന ആത്മകഥയില്‍നിന്നുള്ള ഭാഗമാണ് ഇത്. കറന്‍റ് ബുക്ക്സ് ആണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.)