Showing posts with label പ്രേംജി. Show all posts
Showing posts with label പ്രേംജി. Show all posts

Tuesday, August 10, 2021

അരങ്ങത്ത് നടന്‍ മാത്രം







- പ്രേംജി 


     ഞാന്‍ നാട്യശാസ്ത്രം പഠിച്ചിട്ടില്ല. സാമുദായികവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങളോടനുബന്ധിച്ചുള്ള കുറെ നാടകങ്ങളില്‍ അഭിനയിച്ചു. അതില്‍നിന്നുണ്ടായ അനുഭവജ്ഞാനമേ എനിക്കുള്ളൂ. അതിന്‍റെ വെളിച്ചത്തിലാണ് ഇതെഴുതുന്നത്.

     ഞാന്‍ അരങ്ങത്തു കയറിയ കാലത്ത് നാടകം നാടകമായിട്ടാണ് അവതരിപ്പിച്ചിരുന്നത്. നാടകത്തെ സിനിമ പോലാക്കാന്‍ അന്നത്തെ കച്ചവടനാടകക്കാരല്ലാത്ത നാടകക്കാരാരും ശ്രമിച്ചില്ല. നാടകത്തെ നാടകമായി കാണാന്‍ സാധാരണക്കാരായ കാണികളും സന്നദ്ധരായിരുന്നു. നാടകത്തിനു ചേരാവുന്ന റിയലിസമേ അന്ന് അരങ്ങിലുണ്ടായിരുന്നുള്ളൂ. യഥാതഥ ബോധമുണ്ടാക്കാനായി അരങ്ങത്ത് കൂറ്റന്‍ സെറ്റുകള്‍ വയ്ക്കാറില്ല. മൈക്ക് ഒളിപ്പിച്ചുവയ്ക്കാനായി അരങ്ങത്തൊരു മുല്ലത്തറയോ തുളസിത്തറയോ ഉണ്ടാക്കാറില്ല. രണ്ടു കര്‍ട്ടന്‍ മാത്രം - ഒരു മുന്‍കര്‍ട്ടനും ഒരു പിന്‍കര്‍ട്ടനും. രണ്ടോ മൂന്നോ അടിവിളക്ക് വച്ചിട്ടുണ്ടാവും. അതുപോലെ, രണ്ടുമൂന്ന് തൂക്കുമൈക്കും.

     ചെറുകാടിന്‍റെ 'നമ്മളൊന്ന്‍' എന്ന നാടകം. തൃശൂര്‍ 'കേരള കലാവേദി' അവതരിപ്പിക്കുന്നു. നാടകത്തിലെ കേന്ദ്രകഥാപാത്രമായ പങ്ങന്‍ നായരായി ഞാന്‍. ഒരിക്കല്‍, പാലക്കാട്ട് അവതരിപ്പിച്ചപ്പോഴാണെന്ന് തോന്നുന്നു, പങ്ങന്‍ നായര്‍ അരങ്ങത്ത് നടന്നുചെല്ലുമ്പോള്‍ തല തൂക്കുമൈക്കിന്മേല്‍ മെല്ലെയൊന്നു മുട്ടി. നേരിയൊരു ചിരി കാണികളില്‍നിന്ന് ഉയര്‍ന്നുവെങ്കിലും, കഥാപാത്രവുമായി അത്രയേറെ താദാത്മ്യം പ്രാപിച്ചിരുന്നതുകൊണ്ടോ എന്തോ, ഞാനതത്ര കാര്യമാക്കിയില്ല. അതുകൊണ്ടുതന്നെയാവാം, അരങ്ങത്തുനിന്ന് തിരിച്ചുപോകുമ്പോള്‍ തല വീണ്ടും മുട്ടി, തൂക്കുമൈക്കിന്മേല്‍ - പൂര്‍വ്വാധികം ശക്തിയില്‍.

     മൈക്ക് കിടന്നാടുന്നു. കാണികളുടെ ചിരി കൂവലായിത്തുടങ്ങി. ഇനി രക്ഷയില്ല. പങ്ങന്‍ നായര്‍ പെട്ടെന്ന് അരികത്തിരിക്കുന്ന ഭാര്യ കാളിയമ്മയുടെ നേരെ തിരിഞ്ഞ്  ശുണ്ഠിയെടുത്ത് പറഞ്ഞു :

"എടീ, മൂതേവീ, നിന്നോടൊരായിരം തവണയല്ല പറഞ്ഞിട്ടുള്ളൂ, ഉമ്മറത്തീ ഭസ്മക്കൊട്ട തലേലു മുട്ടാക്കോണം കെട്ടരുത്, കെട്ടരുത് എന്ന്."

- തൂക്കുമൈക്കിന്‍റെ നേരെ കൈയ്യോങ്ങി, "ഒരു തട്ടങ്ങടു തട്ടിയാലുണ്ടല്ലോ" എന്നുപറഞ്ഞ് പങ്ങന്‍ നായര്‍ അരങ്ങത്തുനിന്ന് ഇറങ്ങിപ്പോയി. കൂവിയിരുന്ന കാണികള്‍ കൈയടിച്ചു. വഷളാവാന്‍ ഭാവിച്ച രംഗം അത്യുജ്ജ്വലമായി.

     നടന്‍റെ മനോധര്‍മ്മപ്രകടനമെന്ന നിലയിലാണ് ഈ സംഭവത്തെപ്പറ്റി പലരും പറഞ്ഞുകേട്ടിട്ടുള്ളത്. മറിച്ച്, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ നാടകം എന്ന കലയുടെ മര്‍മ്മത്തിലേക്കുവരെ ഈ സംഭവം എന്നെ എത്തിക്കുന്നു.

     കാണിയും നടനും  തമ്മിലുള്ള, രണ്ടു വ്യക്തികള്‍ തമ്മിലുള്ള, വിശ്വാസത്തെയാണ് അരങ്ങില്‍ നാടകം സൃഷ്ടിക്കുന്നത്. അരങ്ങില്‍ നടന്‍ സ്പര്‍ശിക്കുന്നതിനുമാത്രമേ ജീവനുള്ളൂ; അല്ലാത്തതെല്ലാം നിര്‍ജ്ജീവമാണ്; കാണിയെ സംബന്ധിച്ചേടത്തോളം അദൃശ്യവുമാണ്.

     'പങ്ങന്‍ നായരുടെ വീടിന്‍റെ ഉമ്മറത്തെന്തേ മൈക്ക് കെട്ടിത്തൂക്കാന്‍?' എന്ന് കാണിക്ക് സംശയമേ ഇല്ല. പക്ഷെ, അദൃശ്യവും നിര്‍ജ്ജീവവുമായ എന്തും നടന്‍റെ കരസ്പര്‍ശമേല്‍ക്കുന്നതോടെ ദൃശ്യവും സജീവവുമാകുന്നു. പങ്ങന്‍ നായരുടെ തല മുട്ടിയപ്പോള്‍ കാണിയ്ക്ക് തൂക്കുമൈക്ക് ദൃശ്യമാവുന്നു. പങ്ങന്‍ നായരുടെ വീട്ടുമ്മറത്ത് തൂക്കുമൈക്ക് എന്ന അസംബന്ധം തെളിയുന്നു. കാണി കൂവുന്നു. ഈ തൂക്കുമൈക്കിന് നടന്‍ മറ്റൊരര്‍ത്ഥം കല്‍പ്പിച്ചുകൊടുക്കുന്നതുവരെ ഈ അസംബന്ധം തെളിഞ്ഞുനില്‍ക്കും. ഇത് തൂക്കുമൈക്കല്ല, ഭസ്മക്കൊട്ടയാണ് എന്ന്‍ നടന്‍ പറയുന്നതോടെ തൂക്കുമൈക്ക് വീണ്ടും അദൃശ്യമാകുകയും ഭസ്മക്കൊട്ട തെളിയുകയും ചെയ്യുന്നു.

     അരങ്ങിലെ കലയുടെ ഈ മര്‍മ്മം മനസ്സിലാക്കാത്തതുകൊണ്ടാണ് നമ്മുടെ കച്ചവടനാടകവേദി ചലച്ചിത്രസദൃശമായ നൈസര്‍ഗികതയ്ക്കായി പാടുപെടുന്നതും പരാജയപ്പെടുന്നതും എന്നെനിക്ക് തോന്നുന്നു.


(നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രേംജി എഴുതിയ, 'അരങ്ങത്ത് നടന്‍ മാത്രം' എന്ന ഈ ചെറുലേഖനം 1989 ഡിസംബര്‍ 9ന് ഇറങ്ങിയ മനോരമ ആഴ്ചപ്പതിപ്പില്‍ നിന്നുമാണ് എടുത്തിരിക്കുന്നത്.)

ഈ ലേഖനത്തോടൊപ്പം പ്രേംജിയുടെ അത്യപൂര്‍വ്വമായ ചിത്രവും കൊടുത്തിട്ടുണ്ട്.

ഒരു കടലാസെടുത്ത്‌ ഈ ചിത്രത്തിലെ മുഖത്തിന്‍റെ വലതുവശത്തെ പകുതി മൂടുക. എന്നിട്ട് മറ്റേ പകുതിയുടെ ഭാവം ശ്രദ്ധിക്കുക. പിന്നെ ഇടതുവശത്തെ പകുതി മൂടി എതിര്‍ഭാഗത്തിന്‍റെ ഭാവം ശ്രദ്ധിക്കുക. ഭാവവ്യത്യാസം വ്യക്തമല്ലേ? ഒരുപകുതിയില്‍ സന്തോഷഭാവവും മറ്റേ പകുതിയില്‍ ഭയം കലര്‍ന്ന ദുഃഖഭാവവും. അഗാധമായ വഴക്കമുള്ള നടന്മാര്‍ക്കുമാത്രം കഴിയുന്ന ഒരു നാട്യവിദ്യയാണ് പ്രേംജിയുടെ ഈ 'ഏകലോചനം'. 


മനോരമ ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം