Monday, October 31, 2022

സിനിമ









- മാമുക്കോയ & താഹ മാടായി 


     സിനിമ എന്‍റെ ഒരു ജോലിയാണ്. ജീവിതം സിനിമ കൊണ്ടാണ്. അത് കാണുന്നവര്‍ക്ക് എന്‍ജോയ് ചെയ്യാന്ണ്ടാവും. പക്ഷെ അഭിനയിക്ക്ന്ന ആള്‍ക്ക് അത് വെറും ഒരു പണി മാത്രമാണ്. നാടകം,  ഒരിക്കലും അഭിനയിച്ചു തീര്ന്നില്ല. ഒരു നാടകനടന്‍ മരിക്കുമ്പോള്‍ മാത്രമാണ് അയാളുടെ അഭിനയം അവസാനിക്ക്ന്നത്. മരണം വരെ അയാള്‍ അഭിനയിച്ചു കൊണ്ടിരിക്കയാ. ഒന്നുകില്‍ നാടകത്തില്‍, അല്ലെങ്കില്‍  ജീവിതത്തില്‍. ഡയറക്ടര്‍ ഓകെ പറയുന്ന കലയാണ് ജീവിതം. അവനവന്‍ ഓകെ പറയുന്ന അഭിനയമാണ് നാടകം. ഇങ്ങനെ പറയുമ്പോഴും മലയാളത്തിലെ സിനിമാനടന്മാര് വലിയ അഭിനയശേഷി ഉള്ളവരാ. ഒരിക്കല്‍ പ്രിയന്‍ (പ്രിയദര്‍ശന്‍) പറഞ്ഞു : 'ഹിന്ദി സിനിമകളിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കുപോലും മലയാളത്തിലെ ഏറ്റവും ചെറിയ നടന്മാരുടെ അരികത്ത് നില്‍ക്കാനുള്ള യോഗ്യതയില്ല. ഫൈറ്റും ഡാന്‍സുമാണ് അവിടെ സിനിമ. നിങ്ങള് കരാട്ടക്കാരനാണെങ്കില് അവിടെ നല്ല നടനാണ്‌.'

     ജീവിതത്തില് എന്നെ ഏറ്റവും വേദനിപ്പിച്ചത് ബഹദൂര്‍ക്കയുടെ മരണമായിരുന്നു. ലോഹിതദാസിന്‍റെ ജോക്കര്‍ എന്ന സിനിമയില് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഞങ്ങള്‍ ഒരു മുറിയിലാണ് താമസിച്ചത്. ഇത്രയും പ്രശസ്തനായിരുന്നിട്ടും ബഹദൂര്‍ക്കാന്‍റെ അവസാനകാലം വളരെ കഷ്ടപ്പാടിലായിരുന്നു. ഒരാള്‍ക്കൊരു വെഷമം വന്നാല് അത് എങ്ങനെയെങ്കിലും തീര്‍ത്താല്‍ മാത്രം ഉറക്കം കിട്ടുന്ന ചിലര്ണ്ടല്ലോ. അങ്ങനെയാണ് ബഹദൂര്‍ക്ക. കൊടുങ്ങല്ലൂര് ബഹദൂര്‍ക്കാന്‍റെ കബറടക്കി ഒരനുശോചനയോഗം ചേര്‍ന്നു. എനിക്കതില്‍ ഒരക്ഷരം പറയാനായില്ല. ബഹദൂര്‍ക്ക എന്ന് പറയുമ്പോഴേക്കും എന്‍റെ ഖല്‍ബ് പൊട്ടിപ്പോയി. എല്ലാ വിടവാങ്ങലുകളും വേദനയാ.

     ഞാന്‍ കുറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇഫ്‌രീത്ത് രാജ്ഞി, വമ്പത്തി നീയാണ് പെണ്ണ് (ബി മുഹമ്മദ്‌), മോചനം, ഗുഹ (എ കെ പുതിയങ്ങാടി), മൃഗശാല, കുടുക്കുകള്‍ (ടി മമ്മദ് കോയ)... താജിന്‍റെയും വാസു പ്രദീപേട്ടന്‍റെയും കുറെ നാടകങ്ങള്‍. അപ്പോഴൊക്കെയും കല്ലായിക്കൂപ്പുകളില്‍ പോയി തടിയളക്കുന്ന ജോലിയും ചെയ്തിരുന്നു. ഒരു നാടകനടന് നാട്ടില്‍ നടക്കാം. കൂട്ടുകാരുടെ കൈയ് പിടിച്ച് എങ്ങോട്ടും പോകാം. എന്നാല്‍ ഇന്ന് നമ്മള് താരമാണ്. സിനിമാതാരം. സിനിമയിലെ താരങ്ങളെ മാത്രമെന്താണ് ആളുകള്‍ ഇങ്ങനെ നോക്കുന്നത്?

     പഴയ സംഭവങ്ങളൊക്കെ ഓര്‍ക്കുമ്പോ എനിക്ക് ഇന്നുള്ള ഈ പ്രശസ്തിയൊന്നും ഒരു പ്രശസ്തിയുമല്ല. ഈ തിരിച്ചറിവൊന്നും ഒരു അറിവുമല്ല. കുട്ടികള് സിനിമ കണ്ടാല്‍ ചിരിക്കും. അതിലപ്പുറം എന്ത്? ഒരിക്കല്‍ ഒരു വേദിയില്‍ അഴീക്കോട്‌ മാഷും സമദാനിയും ഞാനുമുണ്ടായിരുന്നു. അഴീക്കോട്‌ മാഷ്‌ പ്രസംഗിച്ചുതുടങ്ങി. അഴീക്കോട്‌ മാഷിന്‍റെയും സമദാനിയുടെയും പ്രഭാഷണങ്ങള്‍ വേദിയിലിരുന്ന് മനസ്സമാധാനത്തോടെ കേള്‍ക്കാമല്ലൊ എന്നു വിചാരിച്ചിട്ടാണ് ഞാന്‍ ആ പരിപാടിക്ക് സമ്മതിച്ചത്. അഴീക്കോട്‌ മാഷിന്‍റെ പ്രസംഗം തുടങ്ങിയപ്പോത്തന്നെ ആളുകള് അക്ഷമരായി കൂവിത്തുടങ്ങി. സമദാനി ഒരുവിധം പിടിച്ചുനിന്നു. ആളുകള്‍ക്ക് മാമുക്കോയ തമാശ പറയുന്നത് കേള്‍ക്കണം. നമ്മളെന്താ തമാശയും വായിലിട്ട് എപ്പോഴും ചവച്ചുനടക്കുകയാണോ? അഴീക്കോട്‌ മാഷും മമ്മൂട്ടിയും മാമുക്കോയയും ഉള്ള ഒരു ചടങ്ങില് ആളുകള് കാത് കൊട്ക്കേണ്ടത് അഴീക്കോട് മാഷിനാണ്, മാമുക്കോയയ്ക്കല്ല. അതാണ് ഞാന്‍ പറഞ്ഞത്, ജനങ്ങളുടെ തിരിച്ചറിവിലൊന്നും വലിയ കാര്യമില്ല എന്ന്.

     പുതിയ ലോകം സ്പീഡിന്‍റെ ലോകമാണ്. അതിന് ഈ തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ സ്പീഡില് തന്നെ വയസ്സന്മാരും പോകണം. അല്ലെങ്കില് ജീവിതത്തിന് പിടിത്തം കിട്ടില്ല. അത്രയും ഫാസ്റ്റായിട്ട്ള്ള സംഭവങ്ങളാ. പതിനഞ്ച് വയസ്സ് മുതല്‍ക്ക് ഇരുപത്തഞ്ച് വയസ്സിനിടയിലുള്ളവരാണ് കേരളത്തിലെ സിനിമാപ്രേക്ഷകരധികവും. അവര്‍ക്ക് വേണ്ടിയാണ് പ്രൊഡ്യൂസര്‍മാര് സിനിമ പിടിക്ക്‌ന്നത്. അവര്‍ക്ക് ചിരിക്കാന്‍ വേണ്ടിയാണ് നമ്മള് അഭിനയിക്ക്ന്നത്.

     ഇന്ന് എല്ലാറ്റിനും ഒരു കാഴ്ചഭംഗി മാത്രം മതി. സാഹിത്യം വേണ്ട, ശുദ്ധസംഗീതം വേണ്ട. ഈ ശുദ്ധിയൊന്നും മനുഷ്യന്മാര്‍ക്കും വേണ്ട. അതുകൊണ്ട് ആ പഴയ കോഴിക്കോടന്‍ സായാഹ്നങ്ങള്‍ ഇനിയൊരിക്കലും തിരിച്ചുവരില്ല. അതിന്‍റെ സങ്കേതങ്ങളില്ല, ആള്‍ക്കാരില്ല.

      ബഷീര്‍ക്കാന്‍റെ വീട്ടില് പോയാല് ബഷീര്‍ക്ക പറയാറുണ്ട് : 'എല്ലാരും ഒന്നാണ്. ഞാനും നീയും ഒന്ന്.'

     പഴയ മനുഷ്യര്‍ ഒന്നായിരുന്നു. പക്ഷെ ഒന്നുമായില്ല. ഉള്ളതെല്ലാം മറ്റുള്ളവര്‍ക്ക് കൊടുത്ത് വെറുംകൈയോടെ അവരൊക്കെ പോയി.

     ഇനിയുള്ള ഒരു കോഴിക്കോട്ടുകാരനും അന്നത്തെ ആ ഭാഗ്യം ഇനി കിട്ടില്ല. അതിന് പറ്റിയ ആളുകള് ഇന്നില്ല. ഇന്ന് എല്ലാവര്‍ക്കും വീടായി, കാറായി. മുറിയിലെ സി ഡി പ്ലയറില് അവനവന്‍റെ മുഖം തന്നെ കണ്ടോണ്ടിരിക്കാം. പുസ്തകം വായിക്കാന്‍ തയ്യാറുള്ള ആള്‍ക്കാരുപോലും ഇന്നില്ല. പിന്നെ ഇന്നത്തെ മതവും രാഷ്ട്രീയവും... ഇന്ന് ഇതിന്‍റെയൊക്കെ നേതൃത്വം വളരെ അബദ്ധമാണ്. ശരിയായ രാഷ്ട്രീയവുമില്ല, ശരിയായ മതവുമില്ല. എല്ലാവര്‍ക്കും ഗ്രൂപ്പുകളായി. മതമോ രാഷ്ട്രീയമോ ഒന്നുമല്ല മനുഷ്യരെ ഒന്നിപ്പിച്ചുനിര്‍ത്തുന്നത്. സംഗീതവും സാഹിത്യവും നാടകവുമൊക്കെത്തന്നെയാണ് ഇപ്പോഴും മനുഷ്യരെ മനുഷ്യരായി കാണുന്നത്.

     തിരിച്ചുവരില്ല ഇനി ആ കാലം.


(താഹ മാടായി തയ്യാറാക്കിയ 'മാമുക്കോയ: വായനക്കാരുടെ ഹൃദയം കവര്‍ന്ന ഒരു ജീവിതകഥ' എന്ന കൃതിയില്‍നിന്നുമെടുത്താണ്, 'സിനിമ' എന്ന ഈ ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.

ഈ കൃതിയുടെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരനായ ടി പദ്മനാഭന്‍ ഇങ്ങനെ പറയുന്നു : '...ആത്മാര്‍ത്ഥതയുടെ സ്ഫുരണം മാമുക്കോയയുടെ ഓര്‍മ്മകള്‍ക്കുണ്ട്. ഇതെഴുതിയതിലൂടെ താഹ മാടായി എല്ലാ പാപങ്ങളില്‍നിന്നും മുക്തി നേടിയിരിക്കുന്നു എന്നുപോലും ഞാന്‍ ഉറപ്പിച്ചു പറയുന്നു. കാരണം, അത്രയധികം ഹൃദയസ്പര്‍ശിയാണ് ഈ ജീവിതകഥ'.)

Thursday, October 27, 2022

സത്യത്തിനെത്ര വയസ്സായി?







- വയലാര്‍ രാമവര്‍മ്മ


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു: "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


അബ്ധിത്തിരകള്‍തന്‍ വാചാലതയ്ക്കതി-

ന്നുത്തരമില്ലായിരുന്നൂ

ഉത്തുംഗവിന്ധ്യഹിമാചലങ്ങള്‍ക്കതി-

ന്നുത്തരമില്ലായിരുന്നു.


അന്ധകാരത്തിനെക്കാവിയുടുപ്പിച്ചു

സന്ധ്യ പടിഞ്ഞാറു വന്നൂ

സത്യത്തെ മിഥ്യതന്‍ ചുട്ടി കുത്തിക്കുന്ന

ശില്പിയെപ്പോല്‍ നിഴല്‍ നിന്നൂ

പോയ വസന്തങ്ങള്‍ താലത്തില്‍ നീട്ടിയ

പൂജാമലരുകള്‍ തേടി

ശാപങ്ങളാല്‍ ശിലാരൂപങ്ങളായ്ത്തീര്‍ന്ന

ദൈവങ്ങള്‍ നിശ്ചലം നിന്നൂ!


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു : "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


വേദങ്ങളിലെ മഹര്‍ഷിമാര്‍ മന്ത്രിച്ചു:

".....വേറൊരിടത്താണു സത്യം....."

ഭൂമിയിലഗ്നിയായ്, കാറ്റായ്, തമോമയ-

രൂപിയാകും മൃത്യുവായി,

സര്‍ഗ്ഗസ്ഥിതിലയകാരണഭൂതമാം

സത്യമെങ്ങുന്നോ വന്നൂ

വന്നവഴിക്കതു പോകുന്നു; കാണാത്ത

സ്വര്‍ണ്ണച്ചിറകുകള്‍ വീശി!


തത്ത്വമസിയുടെ നാട്ടില്‍, - ലൌകിക-

സത്യമന്വേഷിച്ചു പോയി

പണ്ടു മഹാവിഷ്ണുവെന്ന രാജാവിന്‍റെ

പാല്‍ക്കടല്‍ദ്വീപിലിറങ്ങി,

വിശ്വസംസ്കാരമഹാശില്പികള്‍ നിന്നു

വിസ്മയം പൂണ്ടൊരു കാലം,

കൌസ്തുഭരത്നവും നാഭീമൃണാളവും

കണ്ടു കണ്ണഞ്ചിയ കാലം

ഭാരതം കേട്ടു പ്രണവം കണക്കൊരു

നാമസങ്കീര്‍ത്തനാലപം:

"പാലാഴിയിലെ പ്രപഞ്ചസത്യത്തിനെ

പള്ളിയുണര്‍ത്തുക നമ്മള്‍..."


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു : "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച

യാജ്ഞവല്‍ക്യന്‍ നിന്നു പാടീ:

"സ്വര്‍ണ്ണപാത്രം കൊണ്ടു മൂടിയിരിക്കുന്നു

മണ്ണിലെ ശാശ്വതസത്യം."


(1962ല്‍ രചിക്കപ്പെട്ട ഈ കവിത, വയലാര്‍ കൃതികള്‍ എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

1968ല്‍ KPAC അവതരിപ്പിച്ച തുലാഭാരം എന്ന നാടകത്തില്‍ ഈ കവിത ഒരു ഗാനമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വി ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ M G രവി, B ലളിത എന്നിവരാലപിച്ച ആ ഗാനം ഇവിടെ ആസ്വദിക്കാം.

[യൂട്യൂബ് Ⓒ]