Saturday, November 30, 2019

മൃഗപ്രപഞ്ചത്തില്‍









- അക്കിത്തം അച്യുതന്‍ നമ്പൂതിരി


ആനപ്പുറത്തു ചെലവാ-
യൊരു പന്തീരാണ്ടുകാലമെന്നിട്ടും
കുതിരയിടഞ്ഞാല്‍ജ്ജീനി വ-
ലിച്ചു നിലയ്ക്കവനെ നിര്‍ത്തുവാന്‍ വയ്യ!

കുതിരപ്പുറത്തു ചെലവാ-
യൊരു പന്തീരാണ്ടു പിന്നെ,യെന്നിട്ടും
വീട്ടിലെ വിരളും പോത്തിന്‍
കണ്ഠത്തില്‍ക്കയറിടാനശക്തന്‍ ഞാന്‍.

പോത്തിന്‍പുറത്തു ചെലവായ്-
പ്പന്തീരാണ്ടതിനുശേഷ,മെന്നിട്ടും
കാളക്കുട്ടിയെ മേയ്ക്കാന്‍
കഴിവില്ലാതെപ്പരുങ്ങി ഞാന്‍ നില്‍പ്പൂ.

പിമ്പൊരു പന്തീരാണ്ട-
ക്കാളക്കുട്ടന്‍റെ മുതുകിലായ് വാസം;
പട്ടി കുരച്ചാല്‍പ്പക്ഷേ,
പറ്റില്ലിന്നിവനു ചങ്ങലയ്ക്കിടുവാന്‍.

പോറ്റിവളര്‍ത്തീ പന്തീ-
രാണ്ടൊടുവില്‍പ്പട്ടിയെ പ്രിയത്തോടെ
അഞ്ചുമൃഗത്തെ മെരുക്കിയ
പുഞ്ചിരിയറുപത്തിയൊന്നില്‍ വിരിവോളം.

വീണ്ടും വീട്ടിനു ചുറ്റുമു-
ലാത്തുമ്പോളല്ലീ സത്യമറിയുന്നു?
ആന തുടങ്ങിയ ജീവിക-
ളവരുടെ പാട്ടിന്നു പോയിരിക്കുന്നു!

വാലാട്ടിക്കൊണ്ടിന്നും
കൂടെ നടക്കുന്ന പട്ടി പറയുന്നു,
"നാല്‍പത്തെട്ടാണ്ടുകളും
നഷ്ടപ്പെട്ടൂ നിനക്കു ചങ്ങാതീ!"