Wednesday, October 16, 2019

മാതൃവന്ദനം

- വള്ളത്തോള്‍ നാരായണമേനോന്‍

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ.

എത്രയും തപശ്ശക്തി പൂണ്ട ജാമാദഗ്ന്യന്നു
സത്രാജിത്തിന്നു പണ്ടു സഹസ്രകരന്‍ പോലെ
പശ്ചിമരത്നാകരം പ്രീതിയാല്‍ദ്ദാനം ചെയ്ത
വിശ്വൈക മഹാരത്നമല്ലീ നമ്മുടെ രാജ്യം?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ.

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വയുഗ്മത്തെക്കാത്തു
കൊള്ളുന്നൂ കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ!

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനുപാസ്യരായുള്ളോര്‍ക്കുമുപാസ്യയെ.

ആഴിവീചികളനുവേലം വെണ്‍നുരകളാല്‍
തോഴികള്‍ പോലേ തവ ചാരുതൃപ്പദങ്ങളില്‍
തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നൂ തൃപ്തി
കൈവരാഞ്ഞഴിക്കുന്നൂ പിന്നെയും തുടരുന്നൂ.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനനന്യസാധാരണസൌഭാഗ്യയെ.

മിന്നല്‍ക്കാറുകളായപൊന്നണിദ്വിപങ്ങളു-
മുന്നതസ്തനിതമാം പടഹസ്വനവുമായ്
ഭാസമാനേന്ദ്രായുധതോരണം വര്‍ഷോത്സവം
ഭാര്‍ഗ്ഗവക്ഷേത്രത്തില്‍ പോലെങ്ങാനുമുണ്ടോ വേറെ?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സുഭിക്ഷാധി ദേവതയായുള്ളോളെ.

ചന്ദനവനക്കുളിര്‍ തെന്നലിന്‍ കളികളാല്‍
മന്ദമായ്ത്തലയാട്ടിക്കൊണ്ടു മാമലകളില്‍
ഉല്ലസിച്ചീടും ജയ വൈജയന്തികളേലാ-
വല്ലികള്‍ നിന്‍ തൂമണമെങ്ങെങ്ങു വീശാതുള്ളു?

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ ഗുണഗണാവര്‍ജ്ജിതജനൌഘയെ.

ഹഹ, നിന്‍ തോട്ടങ്ങളില്‍ താംബൂലലതകളാല്‍
ഗൃഹസ്ഥാശ്രമികളായ്ച്ചമഞ്ഞ കമുങ്ങുകള്‍
കായ്കള്‍ തന്‍ കനംകൊണ്ടു നമ്രമൌലികളായി
ലോകോപകാരോന്മേഷാല്‍ച്ചാഞ്ചാടി നിന്നീടുന്നു.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിനാഗന്തുകോദ്ഗീതമാനൌദാര്യയെ.

പഴുപ്പു കായ്കള്‍ക്കെത്തും കാലത്തു പവിഴച്ചാര്‍-
ത്തഴകിലണിയുന്ന മുളകിന്‍കൊടികളും
കനകക്കുടങ്ങളെച്ചുമന്ന കേരങ്ങളും
നിനയ്ക്കില്‍ നിതാന്താഭിരാമമേ നിന്നാരാമം.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ ശുഭഫലപ്രാര്‍ത്ഥികള്‍ക്കാരാധ്യയെ.