Saturday, December 31, 2022

തോട്ടത്തിലെ എട്ടുകാലി


 

 

 

 

 

 

- കുമാരനാശാന്‍

 

തളിര്‍ത്തലഞ്ഞു നിന്നിടും തരുക്കള്‍

തന്‍റെ ശാഖയില്‍

കൊളുത്തി നീണ്ട നൂലു രശ്മിപോലെ

നാലു ഭാഗവും,

കുളത്തിനുള്ളു കാണുമര്‍ക്കബിംബ-

മൊത്തു കാറ്റിലി-

വെളുത്ത കണ്ണിവച്ചെഴും വിചിത്ര-

രൂപനാരിവന്‍!

 

അടുത്തിടുന്നൊരീച്ച പാറ്റയാദി-

യായ ജീവിയെ-

പ്പിടിപ്പതിന്നു കണ്ണിവച്ചൊളിച്ചി-

രുന്നുകൊള്ളുവാന്‍

പഠിച്ച കള്ളനാരു നീ പ്രഗല്‍-

നായ മുക്കുവ-

ക്കിടാത്തനോ? കടുത്ത കാട്ടിലുള്ള

കൊച്ചു വേടനോ?

 

മിനുത്തു നേര്‍ത്ത നൂലിതെങ്ങുനിന്നു?

മോടി കൂടുമീ-

യനര്‍ഘമാം നെയിത്തു തന്നെയഭ്യ-

സിച്ചതെങ്ങു നീ?

നിനയ്ക്ക നിന്‍റെ തുന്നല്‍ കാഴ്ചവേല

തന്നിലെത്തിയാല്‍

നിനക്കു തങ്കമുദ്ര കിട്ടുമെട്ടു-

കാലി, നിശ്ചയം!

 

ImageⒸ

Friday, December 30, 2022

നീ മൌനം ഭജിച്ചാലോ


 

 

 

  - ചങ്ങമ്പുഴ കൃഷ്ണപിള്ള

 

 

വിസ്തൃതം കാലത്തിന്‍റെ ഹൃദയം, കവേ, തെല്ലും

വിഹ്വലനാകായ്ക നീയിന്നത്തെക്കൊടുങ്കാറ്റില്‍,

നിന്‍ നാമം ലോകാഹ്ലാദത്തൈമുല്ലത്തലപ്പിന്മേല്‍

നിന്നുകൊള്ളട്ടെ മുഗ്ദ്ധകോരകമായിത്തന്നെ.

അറിയേണ്ടതില്‍ത്തിങ്ങും സൗരഭത്തിനെപ്പറ്റി-

ക്കരിതേക്കുവാന്‍ മാത്രം കഴിയും നിശീഥങ്ങള്‍

നിന്‍ നിഴല്‍ച്ചിലന്തിനൂല്‍ക്കെട്ടു നീങ്ങിയാലാദ്യം

നിര്‍മ്മലനീഹാരാഭമഴവില്‍പ്പൊടി വീശി,

ഇതളോരോന്നായ് മെല്ലെ വിടുര്‍ത്തും- മൃദുമന്ദ-

സ്മിതധാരയിലതുപൊതിയും പ്രപഞ്ചത്തെ.

അന്നതിന്‍ സൗരഭ്യത്തിലലിയും നവലോക-

സ്പന്ദനം- ശതാബ്ദങ്ങള്‍ മുരളും ചുറ്റും ചുറ്റി.

ആ വാടാമലര്‍ ചൂണ്ടിക്കാണിച്ചു ചൊല്ലും കാലം:

"ആവസിച്ചു നീയെന്നിലജ്ഞാതനായി,ക്കവേ!

ഇന്നു നിന്‍ മൂടുപടം നീക്കി ഞാ,നിനി നിന്‍റെ

മന്ദഹാസത്തിന്‍നേര്‍ക്കു കൂപ്പുകൈയുയര്‍ന്നോളും..."

 

മീട്ടുക കവേ, വീണ്ടും നിന്‍ മണിവീണക്കമ്പി

മീട്ടുക, നൈരാശ്യത്തില്‍ നീ മൌനം ഭജിച്ചാലോ!...

 

(1936 ഓഗസ്റ്റ് 22നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള ഈ കവിത എഴുതിയത്.)    

Monday, December 26, 2022

ഞാൻ പാള്‍മുനിയെ കണ്ടു


 

 

 

 

 

 

- എന്‍ എന്‍ പിള്ള

 

 

      കാണുക മാത്രമല്ല കേരളബന്ധുവിന്‍റെയും സിംഗപ്പൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിന്‍റെയും സ്റ്റാഫ് റിപ്പോർട്ടർ എന്ന നിലയ്ക്ക് ഒരു ഇന്‍റര്‍വ്യൂവും നടത്തി. ഞാനെത്ര രാജാക്കന്മാരെയും മഹാരാജാക്കന്മാരെയും സുൽത്താന്മാരെയും കണ്ടു! പിൽക്കാലജീവിതത്തിൽ എത്രയെത്ര നടീനടന്മാരെ കണ്ടു! എന്നാൽ 'പാള്‍മുനിയെ കണ്ടു' എന്ന് പറയുമ്പോൾ എന്തോ അസാധാരണമായ ഒരഭിമാനം തോന്നുന്നു. സിംഗപ്പൂരിൽ ലാറൻസ് ഒളിവിയറും സംഘവും കൂടി പ്രദർശിപ്പിച്ച ഹാംലെറ്റും കിങ് ലിയറും ഞാൻ കണ്ടു. സത്യത്തിൽ അവരുടെ അവതരണരീതിയും അഭിനയരീതിയുമൊന്നും എനിക്ക് പിടിച്ചില്ല. എടുത്തു പറയത്തക്കതായി ഒന്നും തോന്നുന്നുമില്ല. എന്നാൽ പാള്‍മുനി! അതെന്നും ഓർക്കും.

     ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊമ്പതോടുകൂടി സിനിമാഭിനയം തൽക്കാലം നിർത്തിവച്ചിട്ട് വിനോദാർത്ഥം ഒരു ലോകസഞ്ചാരം നടത്തുന്നതിനിടയിലാണ് പാള്‍മുനിയുടെ കപ്പൽ സിംഗപ്പൂരിൽ അടുത്തത്. പാള്‍മുനി വരുന്ന വിവരം കാലേക്കൂട്ടി അറിഞ്ഞ ഞങ്ങൾ പോർട്ടാഫീസ് മുഖാന്തിരം ഇന്‍റര്‍വ്യൂവിന് ഏർപ്പാട് ചെയ്തിരുന്നതാണ്. തലേന്നു സന്ധ്യയ്ക്ക് കപ്പൽ തുറമുഖത്തടുത്തിരുന്നു. മലെമെയില്‍, സ്ട്രെയിറ്റ് ടൈംസ് എന്നീ പത്രങ്ങളുടെ പ്രതിനിധികളുമൊന്നിച്ച് രാവിലെ കൃത്യം പത്തുമണിക്ക് തന്നെ ഞാൻ കപ്പലിലെത്തി. അദ്ദേഹം ഞങ്ങളെ കാത്തുനിന്നിരുന്നു. ഞങ്ങളെ കണ്ടതും ചുറുചുറുക്കോടെ പട്ടാളച്ചിട്ടയിൽ നടന്നടുത്ത് ഹസ്തദാനങ്ങളും കുശലപ്രശ്നങ്ങളും നടത്തുന്ന ആ സായിപ്പ് തന്നെയാണ് പാള്‍മുനിയെന്ന് ഉറപ്പിച്ച് അങ്ങോട്ട് വിശ്വസിക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടിവന്നു. ഒരു സായിപ്പ്, ഒരു വെറും സാധാരണ സായിപ്പ്! ആ മനുഷ്യനിൽ എന്‍റെ  സങ്കൽപ്പത്തിലുളള പാള്‍മുനിയില്ല! ഞാൻ പ്രതീക്ഷിച്ചത് വിശ്വവിഖ്യാതനായ പാള്‍മുനി എന്ന നടനസവ്യസാചിയെയാണ്, അതിന്‍റെ എല്ലാ ധടപടാലിറ്റികളോടും കൂടി. ഞാൻ കാണുന്നതോ, സുമുഖനും മധ്യവയസ്കനുമായ ഒരിടത്തരം അമേരിക്കക്കാരനെ. യാതൊരാർഭാടവുമില്ല. അഹന്തയുടെ ലവലേശമില്ല. ചുരുക്കത്തിൽ ഞങ്ങളെ എതിരേറ്റ പാള്‍മുനിയിൽ, പാള്‍മുനിയേയില്ലായിരുന്നു.

     കണ്ടുമുട്ടി അഞ്ചു മിനിറ്റിനുള്ളിൽ അദ്ദേഹം ഞങ്ങളുടെ ആത്മസുഹൃത്തായി മാറി. ഇന്‍റര്‍വ്യൂ പകുതി അദ്ദേഹത്തിന്‍റെ ക്യാബിനിലും പകുതി ഡക്കിലുമായിരുന്നു. സംഭാഷണമാരംഭിച്ചത് ഓരോ പെഗ്ഗ് വിസ്കിയോടുകൂടിയാണ്. സംസാരിച്ചുകൊണ്ടുതന്നെ വിസ്കി ബോട്ടിലെടുക്കുന്നതും ഗ്ലാസ്സുകള്‍ നിറയ്ക്കുന്നതും ഞങ്ങളെ സല്‍ക്കരിക്കുന്നതുമെല്ലാം അസാധാരണമായ അനായാസതയോടുകൂടിയാണ്. സല്‍ക്കാരവേളയിലെ ചലനവിധങ്ങളിലും സംസാരരീതിയിലും അംഗവിക്ഷേപങ്ങളിലുമെല്ലാം ഞാന്‍ അതീവശ്രദ്ധയോടെ അന്വേഷിച്ചുകൊണ്ടിരുന്നു, 'ഗുഡ് എര്‍ത്ത്'-ലെ 'വാങ്ങി'നെ. പാള്‍മുനിയെ അനശ്വരനടനാക്കിയ ആ ചിത്രം ഞാന്‍ രണ്ടു തവണ കണ്ടിരുന്നു.

     അതിലെ 'വാങ്' എന്ന കഥാപാത്രത്തെ അന്നെന്നല്ല ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഇരിപ്പിലും നടപ്പിലും അംഗവിക്ഷേപങ്ങളിലും ഭാവസ്ഫുരണങ്ങളിലും എന്തിന് ഒരിമവെട്ടലില്‍പോലും 'വാങ്' ഒരു ചീനന്‍ തന്നെയായിരുന്നു; നിരക്ഷരകുക്ഷിയും മുരടനുമായ ഒരുള്‍നാടന്‍ ചീനന്‍.ഇംഗ്ലീഷ് ഉച്ചാരണം പോലും ചീനന്‍റെ ആക്സെന്‍ടിലായിരുന്നു. നൂറുശതമാനം ചീനനായ വാങ് ജനിച്ചത്, നൂറുശതമാനം അമേരിക്കക്കാരനായ ഈ സായിപ്പില്‍നിന്നാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സംഭാഷണത്തിനിടയ്ക്ക് ഞാനൊരു ചോദ്യം ചോദിച്ചു, 'അതുവരെ അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രം ഏതായിരുന്നു' എന്ന്‍. ആ മുഖത്ത് ഒരു പുഞ്ചിരി പരന്നു. തുടര്‍ന്ന് ഗൌരവഭാവത്തില്‍ത്തന്നെ പറഞ്ഞു: 'കുട്ടിക്കാലത്ത് കാര്‍ണിവലില്‍ കെട്ടിയിരുന്ന കോമാളിവേഷം മുതല്‍നിങ്ങള്‍ ഉദ്ദേശിക്കുന്ന ഗുഡ് എര്‍ത്തിലെ വാങ് വരെ എല്ലാ വേഷങ്ങളും എനിക്കിഷ്ടപ്പെട്ടവതന്നെയാണ്. എനിക്കിഷ്ടപ്പെടാത്ത വേഷം ഞാന്‍ കെട്ടാറില്ല. എന്നാല്‍ വാങ്ങിനോളം എന്നെ ബുദ്ധിമുട്ടിച്ച കഥാപാത്രങ്ങളില്ല. ഒന്‍പതുമാസം ചീനന്‍റെ കൂടെ ചീനനായിട്ട് ജീവിച്ചു. അവസാനം സെറ്റിലെത്തുന്നതിനുമുമ്പ് എന്‍റെ തല മൊട്ടയടിക്കേണ്ടിയും വന്നു. മാത്രമല്ല പലപ്പോഴും എനിക്ക് സംവിധായകനെ ധിക്കരിക്കേണ്ടിയും വന്നു.'

     ആ നാക്കില്‍നിന്ന് അവസാനത്തെ ഈ വാക്യം അടര്‍ന്നുവീഴുമ്പോള്‍ ആ മുഖത്ത് അഗാധമായ ഒരു കുറ്റബോധം നിഴലിക്കുന്നതായി തോന്നി. സംവിധായകനെ ധിക്കരിക്കുന്നത് ഒരു പാപമായിട്ടാണ് പാശ്ചാത്യര്‍ കരുതിപ്പോരുന്നത്. ഇന്നത്തെ നമ്മുടെ പല സിനിമാവേഷക്കാരും ആ ധിക്കാരം മഹത്വത്തിന്‍റെ മാനദണ്ഡമായിപ്പോലും കരുതുന്നതായി കാണുമ്പോള്‍ കഷ്ടം തോന്നും.

     കൊടുംപട്ടിണിയില്‍നിന്ന് കുബേരത്വത്തിലേക്കുയര്‍ന്ന ആ അതുല്യനടന്‍ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊമ്പതിലെ ആ ഊരുചുറ്റലിനുശേഷം നേരെപോയത് 'ബ്രോഡ് വേ'യിലേക്കായിരുന്നു. പാള്‍മുനിക്ക് സിനിമയേക്കാളിഷ്ടം നാടകവേദിയായിരുന്നു.

     ആ മഹാനടനോട്‌ വിടവാങ്ങിയ ഞങ്ങള്‍ വാര്‍ഫില്‍ എത്തി. തിരിഞ്ഞ് നോക്കിയപ്പോഴും അദ്ദേഹം കപ്പല്‍ത്തട്ടില്‍നിന്ന് കൈവീശുന്നത്‌ കണ്ടു.

     ഞാന്‍ കൈയുയര്‍ത്തി വീശി.

 

(മഹാനായ നാടകാചാര്യന്‍ എന്‍ എന്‍ പിള്ള-യുടെ 'ഞാന്‍' എന്ന ആത്മകഥയില്‍നിന്നുള്ള ഭാഗമാണ് ഇത്. കറന്‍റ് ബുക്ക്സ് ആണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.)

Tuesday, November 29, 2022

ആട് മത്തായി

 

 

 

 

 

- മലയാറ്റൂർ രാമകൃഷ്ണൻ



     ആട് മത്തായി എനിക്ക് മാപ്പ് തന്നോ? അറിഞ്ഞു കൂടാ.

     വളരെ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്.

     സംഭവത്തെപ്പറ്റി പറയുന്നതിനുമുമ്പ് മത്തായിയെപ്പറ്റി പറയട്ടെ.

     ഞങ്ങൾ സ്കൂൾ ഫൈനൽ ക്ലാസിൽ ഒന്നിച്ചു പഠിച്ചു. ക്ലാസിലെ പ്രധാന തമാശക്കാരൻ മലയാളത്തിൽ എപ്പോഴും ഒന്നാം സ്ഥാനം നേടിപ്പോന്ന കുഞ്ഞനാണ്. കുഞ്ഞനാണ് മത്തായിക്ക് ആട് എന്ന് പേരിട്ടത്. കാരണം മത്തായിയുടെ താടയിൽ നിന്നും രണ്ടുമൂന്ന് നീളൻ രോമങ്ങൾ തൂങ്ങുന്നു.

"മത്തായിടാടു പെറ്റേ-

കുട്ടി രണ്ടുണ്ടേ...

മത്തായിടാടു പെറ്റേ!" - എന്ന വരികൾ പ്രചരിപ്പിച്ചതും കുഞ്ഞനാണ്.

     സ്ക്കൂൾഫൈനൽ പരീക്ഷാഫലം പുറത്തു വന്നു.

     ഒന്നിച്ചു പഠിച്ചവർ തമ്മിൽ പിരിയുന്നു. ചിതറുന്നു. അനേകവർഷങ്ങൾ കഴിയുന്നു.

     ഞാൻ ഒരു സ്ഥലത്ത് പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനെത്തുന്നു.

     ചാർജ്ജെടുത്തശേഷം, ആദ്യത്തെ കടലാസുകളിൽ ഒപ്പുവയ്ക്കുന്ന എന്റെ മുമ്പിൽ വിനീതരായി നിൽക്കുകയാണ് കീഴുദ്യോഗസ്ഥന്മാർ. അപ്പോൾ അയലത്തുള്ള മുൻസിഫ് കോടതിയിൽ നിന്നും ഒരാൾ പാഞ്ഞെത്തുന്നു - "എടാ രാമകൃഷ്ണാ" എന്നാർത്തുകൊണ്ട്.

     ഞാൻ നിമിഷനേരം അന്ധാളിച്ചിരിക്കുന്നു.

     വന്നയാൾ എന്‍റെ കീഴുദ്യോഗസ്ഥന്മാരോട് ഭയഭക്തി പുരസ്സരമാണ് പെരുമാറിയത്. അവരെ "സാർ" വിളിക്കുന്നുമുണ്ട്. എന്നിട്ട് എന്നോട് വീണ്ടും - "എടാ രാമകൃഷ്ണാ, എന്നെ മനസ്സിലായില്ലേ"

     പെട്ടെന്നെനിക്ക് മനസ്സിലായി.

     ആടുമത്തായി.

     ആ താടിരോമങ്ങൾ കൊഴിഞ്ഞുപോയിട്ടില്ല.

      "മത്തായിയല്ലേ? ഇരിക്ക്." - ഞാൻ പറഞ്ഞു. പിന്നീട് വീണിടംകൊണ്ടുളള എൻ്റെ വിദ്യ.

     കീഴുദ്യോഗസ്ഥന്മാരോട് ഞാൻ പറഞ്ഞു - "മത്തായി എന്‍റെ പഴയ ക്ലാസ്‌മേറ്റാണ്. ഞങ്ങൾ കുറേനേരം പഴയ കഥകൾ പറഞ്ഞിരിക്കട്ടെ. നിങ്ങളെല്ലാം നാളെ വരൂ!"

     കീഴുദ്യോഗസ്ഥന്മാർ പോയി.

     ഞാൻ മത്തായിയോട് - "എടാ ആടേ, നീ എന്തായീ കാണിച്ചത്!"

     മത്തായി : "ഞാൻ നിന്നെ കാണാൻ വന്നു. നീ വല്യ ഉദ്യോഗസ്ഥനായതിൽ എനിക്കും സന്തോഷമില്ലേടാ? ഞാൻ മുൻസിഫ് കോടതി കോപ്പിയിസ്റ്റേ ആയുള്ളു."

     ഞാൻ : "മത്തായീ, നീ എന്‍റെ കീഴുദ്യോഗസ്ഥന്മാരെ സാറെന്ന് വിളിക്കുകയും എന്നെ എടാ എന്ന് വിളിക്കുകയും...അതും എന്‍റെ ഓഫീസിൽ വച്ച്... ഛെ!"

     മത്തായിയുടെ മുഖം വാടി.

     ഞാൻ തുടർന്നു : "നിന്നെ ഞാൻ കുറ്റം പറയുകയല്ല. നീ ഒരു കാര്യം ചെയ്യ്. ഞാൻ വൈകിട്ട് ആറ് മണിക്ക് ശേഷം ഗവണ്മെന്‍റ് ഹൗസിലുണ്ടാകും. നമുക്കവിടെ കൂടാം. നീ വരണം."

     മത്തായി ഗവണ്മെന്‍റ് ഹൗസിൽ വന്നു.

     ഞങ്ങൾ സ്‌കൂൾഫൈനൽ ക്ലാസിലെ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.

     മത്തായിയെ സന്തോഷിപ്പിക്കണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. ഓഫീസിൽ വച്ച് ഞാൻ അൽപ്പം മുഷിഞ്ഞല്ലേ സംസാരിച്ചത്!

     "മത്തായീ, നീ മറ്റേവനെ കഴിക്കുമോ?"

     "കഴിക്കും."

     "ഞാൻ വരുത്താം."

     "വേണ്ടെടാ... നീ വല്യ ഉദ്യോഗസ്ഥൻ. ഞാൻ വെറും കോപ്പിയിസ്റ്റ്. ഞാൻ കാരണം നിനക്ക് ചീത്തപ്പേരുണ്ടാകരുത്."

     "മിണ്ടാതിരിയെടാ ആടേ!"

     ഞാൻ മദ്യം വരുത്തി. ഞങ്ങൾ തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.

     പിറ്റേന്നാണ് എനിക്ക് ഷോക്കേറ്റത്.

     മത്തായിയുടെ കത്ത് - 'ഞാൻ കുറേനാൾ അവധിയിൽ പോകുന്നു. വേണമെങ്കിൽ സ്ഥലംമാറ്റം വാങ്ങിപ്പോകാം. നീ പറഞ്ഞത് നേരാ.. നിന്‍റെ  തഹസിൽദാരന്മാരെ ഞാൻ സാർ വിളിക്കുന്നു. നിന്നെ സാർ വിളിക്കാനെനിക്ക് വയ്യതാനും. അത് നിനക്ക് മോശമാ!'

     മത്തായിയെ പിന്നീട്‌ ഞാൻ കണ്ടിട്ടില്ല.

     എനിക്ക് ആ സ്ഥലത്തുനിന്നും പ്രതീക്ഷിച്ചതിലും നേരത്തേ സ്ഥലംമാറ്റമുണ്ടായി.

     മത്തായി ലീവ് കഴിഞ്ഞ് മടങ്ങിയോ?

     മത്തായി എനിക്ക് മാപ്പു തന്നോ?

     അറിഞ്ഞുകൂടാ!

Monday, October 31, 2022

സിനിമ









- മാമുക്കോയ & താഹ മാടായി 


     സിനിമ എന്‍റെ ഒരു ജോലിയാണ്. ജീവിതം സിനിമ കൊണ്ടാണ്. അത് കാണുന്നവര്‍ക്ക് എന്‍ജോയ് ചെയ്യാന്ണ്ടാവും. പക്ഷെ അഭിനയിക്ക്ന്ന ആള്‍ക്ക് അത് വെറും ഒരു പണി മാത്രമാണ്. നാടകം,  ഒരിക്കലും അഭിനയിച്ചു തീര്ന്നില്ല. ഒരു നാടകനടന്‍ മരിക്കുമ്പോള്‍ മാത്രമാണ് അയാളുടെ അഭിനയം അവസാനിക്ക്ന്നത്. മരണം വരെ അയാള്‍ അഭിനയിച്ചു കൊണ്ടിരിക്കയാ. ഒന്നുകില്‍ നാടകത്തില്‍, അല്ലെങ്കില്‍  ജീവിതത്തില്‍. ഡയറക്ടര്‍ ഓകെ പറയുന്ന കലയാണ് ജീവിതം. അവനവന്‍ ഓകെ പറയുന്ന അഭിനയമാണ് നാടകം. ഇങ്ങനെ പറയുമ്പോഴും മലയാളത്തിലെ സിനിമാനടന്മാര് വലിയ അഭിനയശേഷി ഉള്ളവരാ. ഒരിക്കല്‍ പ്രിയന്‍ (പ്രിയദര്‍ശന്‍) പറഞ്ഞു : 'ഹിന്ദി സിനിമകളിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കുപോലും മലയാളത്തിലെ ഏറ്റവും ചെറിയ നടന്മാരുടെ അരികത്ത് നില്‍ക്കാനുള്ള യോഗ്യതയില്ല. ഫൈറ്റും ഡാന്‍സുമാണ് അവിടെ സിനിമ. നിങ്ങള് കരാട്ടക്കാരനാണെങ്കില് അവിടെ നല്ല നടനാണ്‌.'

     ജീവിതത്തില് എന്നെ ഏറ്റവും വേദനിപ്പിച്ചത് ബഹദൂര്‍ക്കയുടെ മരണമായിരുന്നു. ലോഹിതദാസിന്‍റെ ജോക്കര്‍ എന്ന സിനിമയില് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഞങ്ങള്‍ ഒരു മുറിയിലാണ് താമസിച്ചത്. ഇത്രയും പ്രശസ്തനായിരുന്നിട്ടും ബഹദൂര്‍ക്കാന്‍റെ അവസാനകാലം വളരെ കഷ്ടപ്പാടിലായിരുന്നു. ഒരാള്‍ക്കൊരു വെഷമം വന്നാല് അത് എങ്ങനെയെങ്കിലും തീര്‍ത്താല്‍ മാത്രം ഉറക്കം കിട്ടുന്ന ചിലര്ണ്ടല്ലോ. അങ്ങനെയാണ് ബഹദൂര്‍ക്ക. കൊടുങ്ങല്ലൂര് ബഹദൂര്‍ക്കാന്‍റെ കബറടക്കി ഒരനുശോചനയോഗം ചേര്‍ന്നു. എനിക്കതില്‍ ഒരക്ഷരം പറയാനായില്ല. ബഹദൂര്‍ക്ക എന്ന് പറയുമ്പോഴേക്കും എന്‍റെ ഖല്‍ബ് പൊട്ടിപ്പോയി. എല്ലാ വിടവാങ്ങലുകളും വേദനയാ.

     ഞാന്‍ കുറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇഫ്‌രീത്ത് രാജ്ഞി, വമ്പത്തി നീയാണ് പെണ്ണ് (ബി മുഹമ്മദ്‌), മോചനം, ഗുഹ (എ കെ പുതിയങ്ങാടി), മൃഗശാല, കുടുക്കുകള്‍ (ടി മമ്മദ് കോയ)... താജിന്‍റെയും വാസു പ്രദീപേട്ടന്‍റെയും കുറെ നാടകങ്ങള്‍. അപ്പോഴൊക്കെയും കല്ലായിക്കൂപ്പുകളില്‍ പോയി തടിയളക്കുന്ന ജോലിയും ചെയ്തിരുന്നു. ഒരു നാടകനടന് നാട്ടില്‍ നടക്കാം. കൂട്ടുകാരുടെ കൈയ് പിടിച്ച് എങ്ങോട്ടും പോകാം. എന്നാല്‍ ഇന്ന് നമ്മള് താരമാണ്. സിനിമാതാരം. സിനിമയിലെ താരങ്ങളെ മാത്രമെന്താണ് ആളുകള്‍ ഇങ്ങനെ നോക്കുന്നത്?

     പഴയ സംഭവങ്ങളൊക്കെ ഓര്‍ക്കുമ്പോ എനിക്ക് ഇന്നുള്ള ഈ പ്രശസ്തിയൊന്നും ഒരു പ്രശസ്തിയുമല്ല. ഈ തിരിച്ചറിവൊന്നും ഒരു അറിവുമല്ല. കുട്ടികള് സിനിമ കണ്ടാല്‍ ചിരിക്കും. അതിലപ്പുറം എന്ത്? ഒരിക്കല്‍ ഒരു വേദിയില്‍ അഴീക്കോട്‌ മാഷും സമദാനിയും ഞാനുമുണ്ടായിരുന്നു. അഴീക്കോട്‌ മാഷ്‌ പ്രസംഗിച്ചുതുടങ്ങി. അഴീക്കോട്‌ മാഷിന്‍റെയും സമദാനിയുടെയും പ്രഭാഷണങ്ങള്‍ വേദിയിലിരുന്ന് മനസ്സമാധാനത്തോടെ കേള്‍ക്കാമല്ലൊ എന്നു വിചാരിച്ചിട്ടാണ് ഞാന്‍ ആ പരിപാടിക്ക് സമ്മതിച്ചത്. അഴീക്കോട്‌ മാഷിന്‍റെ പ്രസംഗം തുടങ്ങിയപ്പോത്തന്നെ ആളുകള് അക്ഷമരായി കൂവിത്തുടങ്ങി. സമദാനി ഒരുവിധം പിടിച്ചുനിന്നു. ആളുകള്‍ക്ക് മാമുക്കോയ തമാശ പറയുന്നത് കേള്‍ക്കണം. നമ്മളെന്താ തമാശയും വായിലിട്ട് എപ്പോഴും ചവച്ചുനടക്കുകയാണോ? അഴീക്കോട്‌ മാഷും മമ്മൂട്ടിയും മാമുക്കോയയും ഉള്ള ഒരു ചടങ്ങില് ആളുകള് കാത് കൊട്ക്കേണ്ടത് അഴീക്കോട് മാഷിനാണ്, മാമുക്കോയയ്ക്കല്ല. അതാണ് ഞാന്‍ പറഞ്ഞത്, ജനങ്ങളുടെ തിരിച്ചറിവിലൊന്നും വലിയ കാര്യമില്ല എന്ന്.

     പുതിയ ലോകം സ്പീഡിന്‍റെ ലോകമാണ്. അതിന് ഈ തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ സ്പീഡില് തന്നെ വയസ്സന്മാരും പോകണം. അല്ലെങ്കില് ജീവിതത്തിന് പിടിത്തം കിട്ടില്ല. അത്രയും ഫാസ്റ്റായിട്ട്ള്ള സംഭവങ്ങളാ. പതിനഞ്ച് വയസ്സ് മുതല്‍ക്ക് ഇരുപത്തഞ്ച് വയസ്സിനിടയിലുള്ളവരാണ് കേരളത്തിലെ സിനിമാപ്രേക്ഷകരധികവും. അവര്‍ക്ക് വേണ്ടിയാണ് പ്രൊഡ്യൂസര്‍മാര് സിനിമ പിടിക്ക്‌ന്നത്. അവര്‍ക്ക് ചിരിക്കാന്‍ വേണ്ടിയാണ് നമ്മള് അഭിനയിക്ക്ന്നത്.

     ഇന്ന് എല്ലാറ്റിനും ഒരു കാഴ്ചഭംഗി മാത്രം മതി. സാഹിത്യം വേണ്ട, ശുദ്ധസംഗീതം വേണ്ട. ഈ ശുദ്ധിയൊന്നും മനുഷ്യന്മാര്‍ക്കും വേണ്ട. അതുകൊണ്ട് ആ പഴയ കോഴിക്കോടന്‍ സായാഹ്നങ്ങള്‍ ഇനിയൊരിക്കലും തിരിച്ചുവരില്ല. അതിന്‍റെ സങ്കേതങ്ങളില്ല, ആള്‍ക്കാരില്ല.

      ബഷീര്‍ക്കാന്‍റെ വീട്ടില് പോയാല് ബഷീര്‍ക്ക പറയാറുണ്ട് : 'എല്ലാരും ഒന്നാണ്. ഞാനും നീയും ഒന്ന്.'

     പഴയ മനുഷ്യര്‍ ഒന്നായിരുന്നു. പക്ഷെ ഒന്നുമായില്ല. ഉള്ളതെല്ലാം മറ്റുള്ളവര്‍ക്ക് കൊടുത്ത് വെറുംകൈയോടെ അവരൊക്കെ പോയി.

     ഇനിയുള്ള ഒരു കോഴിക്കോട്ടുകാരനും അന്നത്തെ ആ ഭാഗ്യം ഇനി കിട്ടില്ല. അതിന് പറ്റിയ ആളുകള് ഇന്നില്ല. ഇന്ന് എല്ലാവര്‍ക്കും വീടായി, കാറായി. മുറിയിലെ സി ഡി പ്ലയറില് അവനവന്‍റെ മുഖം തന്നെ കണ്ടോണ്ടിരിക്കാം. പുസ്തകം വായിക്കാന്‍ തയ്യാറുള്ള ആള്‍ക്കാരുപോലും ഇന്നില്ല. പിന്നെ ഇന്നത്തെ മതവും രാഷ്ട്രീയവും... ഇന്ന് ഇതിന്‍റെയൊക്കെ നേതൃത്വം വളരെ അബദ്ധമാണ്. ശരിയായ രാഷ്ട്രീയവുമില്ല, ശരിയായ മതവുമില്ല. എല്ലാവര്‍ക്കും ഗ്രൂപ്പുകളായി. മതമോ രാഷ്ട്രീയമോ ഒന്നുമല്ല മനുഷ്യരെ ഒന്നിപ്പിച്ചുനിര്‍ത്തുന്നത്. സംഗീതവും സാഹിത്യവും നാടകവുമൊക്കെത്തന്നെയാണ് ഇപ്പോഴും മനുഷ്യരെ മനുഷ്യരായി കാണുന്നത്.

     തിരിച്ചുവരില്ല ഇനി ആ കാലം.


(താഹ മാടായി തയ്യാറാക്കിയ 'മാമുക്കോയ: വായനക്കാരുടെ ഹൃദയം കവര്‍ന്ന ഒരു ജീവിതകഥ' എന്ന കൃതിയില്‍നിന്നുമെടുത്താണ്, 'സിനിമ' എന്ന ഈ ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.

ഈ കൃതിയുടെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരനായ ടി പദ്മനാഭന്‍ ഇങ്ങനെ പറയുന്നു : '...ആത്മാര്‍ത്ഥതയുടെ സ്ഫുരണം മാമുക്കോയയുടെ ഓര്‍മ്മകള്‍ക്കുണ്ട്. ഇതെഴുതിയതിലൂടെ താഹ മാടായി എല്ലാ പാപങ്ങളില്‍നിന്നും മുക്തി നേടിയിരിക്കുന്നു എന്നുപോലും ഞാന്‍ ഉറപ്പിച്ചു പറയുന്നു. കാരണം, അത്രയധികം ഹൃദയസ്പര്‍ശിയാണ് ഈ ജീവിതകഥ'.)

Thursday, October 27, 2022

സത്യത്തിനെത്ര വയസ്സായി?







- വയലാര്‍ രാമവര്‍മ്മ


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു: "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


അബ്ധിത്തിരകള്‍തന്‍ വാചാലതയ്ക്കതി-

ന്നുത്തരമില്ലായിരുന്നൂ

ഉത്തുംഗവിന്ധ്യഹിമാചലങ്ങള്‍ക്കതി-

ന്നുത്തരമില്ലായിരുന്നു.


അന്ധകാരത്തിനെക്കാവിയുടുപ്പിച്ചു

സന്ധ്യ പടിഞ്ഞാറു വന്നൂ

സത്യത്തെ മിഥ്യതന്‍ ചുട്ടി കുത്തിക്കുന്ന

ശില്പിയെപ്പോല്‍ നിഴല്‍ നിന്നൂ

പോയ വസന്തങ്ങള്‍ താലത്തില്‍ നീട്ടിയ

പൂജാമലരുകള്‍ തേടി

ശാപങ്ങളാല്‍ ശിലാരൂപങ്ങളായ്ത്തീര്‍ന്ന

ദൈവങ്ങള്‍ നിശ്ചലം നിന്നൂ!


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു : "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


വേദങ്ങളിലെ മഹര്‍ഷിമാര്‍ മന്ത്രിച്ചു:

".....വേറൊരിടത്താണു സത്യം....."

ഭൂമിയിലഗ്നിയായ്, കാറ്റായ്, തമോമയ-

രൂപിയാകും മൃത്യുവായി,

സര്‍ഗ്ഗസ്ഥിതിലയകാരണഭൂതമാം

സത്യമെങ്ങുന്നോ വന്നൂ

വന്നവഴിക്കതു പോകുന്നു; കാണാത്ത

സ്വര്‍ണ്ണച്ചിറകുകള്‍ വീശി!


തത്ത്വമസിയുടെ നാട്ടില്‍, - ലൌകിക-

സത്യമന്വേഷിച്ചു പോയി

പണ്ടു മഹാവിഷ്ണുവെന്ന രാജാവിന്‍റെ

പാല്‍ക്കടല്‍ദ്വീപിലിറങ്ങി,

വിശ്വസംസ്കാരമഹാശില്പികള്‍ നിന്നു

വിസ്മയം പൂണ്ടൊരു കാലം,

കൌസ്തുഭരത്നവും നാഭീമൃണാളവും

കണ്ടു കണ്ണഞ്ചിയ കാലം

ഭാരതം കേട്ടു പ്രണവം കണക്കൊരു

നാമസങ്കീര്‍ത്തനാലപം:

"പാലാഴിയിലെ പ്രപഞ്ചസത്യത്തിനെ

പള്ളിയുണര്‍ത്തുക നമ്മള്‍..."


സ്വര്‍ഗ്ഗവാതില്‍പ്പക്ഷി ചോദിച്ചു : "ഭൂമിയില്‍

സത്യത്തിനെത്ര വയസ്സായി?"


ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച

യാജ്ഞവല്‍ക്യന്‍ നിന്നു പാടീ:

"സ്വര്‍ണ്ണപാത്രം കൊണ്ടു മൂടിയിരിക്കുന്നു

മണ്ണിലെ ശാശ്വതസത്യം."


(1962ല്‍ രചിക്കപ്പെട്ട ഈ കവിത, വയലാര്‍ കൃതികള്‍ എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

1968ല്‍ KPAC അവതരിപ്പിച്ച തുലാഭാരം എന്ന നാടകത്തില്‍ ഈ കവിത ഒരു ഗാനമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വി ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ M G രവി, B ലളിത എന്നിവരാലപിച്ച ആ ഗാനം ഇവിടെ ആസ്വദിക്കാം.

[യൂട്യൂബ് Ⓒ] 

Friday, September 30, 2022

ഭ്രാന്തനില്‍ നിന്നും ചിലത്!

 


കുറുക്കന്‍

സൂരോദ്യയവേളയില്‍ ഒരു കുറുക്കന്‍ തന്‍റെ നിഴലിനെ നോക്കി ഇപ്രകാരം പറഞ്ഞു:

"ഇന്നു ഉച്ചഭക്ഷണത്തിന് ഒരൊട്ടകം."

പ്രഭാതം മുഴുവന്‍ അവന്‍ ഒട്ടകങ്ങളെ തെരഞ്ഞുനടന്നു.

മധ്യാഹ്നത്തോടെ വീണ്ടും തന്‍റെ നിഴല്‍ കണ്ട കുറുക്കന്‍ പറഞ്ഞു:

"തത്കാലം ഒരെലി മതി."

THE FOX

A fox looked at his shadow at sunrise and said: "I will have a camel for lunch today"

And all morning he went about looking for camels.

But at noon he saw his shadow again, and he said: "A mouse will do." 


കണ്ണ്


ഒരുനാള്‍ കണ്ണ് പറഞ്ഞു:

"ഈ താഴ്വരകള്‍ക്കപ്പുറം നീലമഞ്ഞില്‍ മൂടിക്കിടക്കുന്ന ഒരു പര്‍വതം ഞാന്‍ കാണുന്നു. എത്ര മനോഹരം!"

അല്‍പനേരം തികഞ്ഞ ഏകാഗ്രതയോടെ കേള്‍ക്കാന്‍ ശ്രമിച്ചശേഷം ചെവി ഇങ്ങനെ പറഞ്ഞു:

"ഏതു പര്‍വതം? എവിടെ? എനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ!"

പിന്നെ കൈ സംസാരിച്ചു:

"അത് തൊട്ടുനോക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. യാതൊരു ഫലവുമില്ല. എനിക്ക് ഒരു പര്‍വതത്തെയും കണ്ടെത്താനാവുന്നില്ല."

അപ്പോള്‍ മൂക്ക് പറഞ്ഞു:

"അങ്ങനെയൊരു പര്‍വതമില്ല തന്നെ. എനിക്കതിന്‍റെ മണം കിട്ടുന്നില്ലല്ലോ!"

കണ്ണ് പിന്‍തിരിഞ്ഞു.

മറ്റെല്ലാവരും കൂടിച്ചേര്‍ന്ന് കണ്ണിന്‍റെ വിചിത്രവിഭ്രാന്തികളെക്കുറിച്ച് സംസാരിച്ചു തുടങ്ങുകയും ചെയ്തു.

അവര്‍ പറഞ്ഞു:

"ഈ കണ്ണിന് എന്തോ പറ്റിയിട്ടുണ്ട്."


THE EYE

Said the Eye one day: "I see beyond these valleys a mountain veiled with blue mist. It is not beautiful?"

The Ear listened, and after listening intently awhile, said: "But where is any mountain? I do not hear."

Then the Hand spoke and said: "I am trying in vain to feel it or touch it, and I can find no mountain."

And the Nose said: " There is no mountain, I cannot smell it."

Then the Eye turned the other way, and they all began to talk together about the Eye's strange delusion. And they said: "Something must be the matter with the Eye."

Tuesday, September 27, 2022

നരന്‍: ഒരു അപസര്‍പ്പക കഥ









- ജി ആര്‍ ഇന്ദുഗോപന്‍



     പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നിലെ സന്ദര്‍ശകര്‍ക്കായുള്ള വെയിറ്റിംഗ് ഷെഡ്‌. ഞാന്‍ അയാളെയും കാത്തിരിക്കുകയാണ്. ഏറെ നേരമായി ഇരിപ്പു തുടങ്ങിയിട്ട്. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ക്ക് അത്ഭുതമായിരിക്കും. തന്നെ പ്രതീക്ഷിച്ച് ഒരാളോ?

     എന്‍റെ സമീപം എന്നെ പോലെ മറ്റാരെയോ കാത്തിരിക്കുന്ന ഒരാള്‍ ഇരിപ്പുണ്ടായിരുന്നു. അയാള്‍ ചോദിച്ചു : "ആരാണ് വരാനുള്ളത്?"

     ഞാന്‍ പറഞ്ഞു : "സുഹൃത്ത്."

     "എന്താ കേസ്?" - അയാള്‍ ചോദിച്ചു.

     "കൊല" - ഞാന്‍ പറഞ്ഞു.

     അയാള്‍ ഭീതിയോടെ എന്നെ നോക്കി.

     "ങ്ങടെ കൂട്ടുകാരനാ? - അയാള്‍ പിന്നെയും സംശയിച്ചു ചോദിച്ചു.

     ഞാന്‍ തലകുലുക്കി.

     "എങ്ങനെ സംഭവിച്ചു? അബദ്ധം?"

     "അല്ല." - ഞാന്‍ പറഞ്ഞു - "മനപ്പൂര്‍വ്വം. നമ്മള്‍ പഴമൊക്കെ കുത്തിക്കഴിക്കുന്ന ഫോര്‍ക്കില്ലേ... അതുവച്ച് ഒരു കുത്ത്, കഴുത്തിന്‌. ആള് ധിം! ആറുകൊല്ലം കഴിഞ്ഞു. നല്ല നടപ്പ്. ഇന്നത്തോടെ കഴിയും ശിക്ഷ."

     അപരന്‍ പിന്നീടൊന്നും ചോദിച്ചില്ല. അയാള്‍ മറ്റെങ്ങോ ദൃഷ്ടിയുറപ്പിച്ച് കാത്തിരുന്നു.

     സുഹൃത്തെന്ന് ഞാന്‍ അയാളോട് പറഞ്ഞത് വെറുതെയാണ്. നരേന്ദ്രന്‍ എന്‍റെ സുഹൃത്തല്ല. പണ്ട് സ്റ്റാച്യു ജംഗ്ഷനില്‍ രമേശിന്‍റെ പുസ്തകക്കടയില്‍ വച്ച് ആരോ ഒരിക്കല്‍ പരിചയപ്പെടുത്തി. എന്നെപ്പോലെ ഒരു കഥാകൃത്താണത്രേ. ഞാന്‍ അന്നേ മറന്നു. പിന്നെ ഓര്‍ത്തത് അപ്രതീക്ഷിതമായൊരു സ്ഥലത്തുവച്ച് കണ്ടപ്പോഴാണ്; സെന്‍ട്രല്‍ ജയിലില്‍.

     അവിടെ എന്‍റെ അടുത്ത ബന്ധു വെല്‍ഫെയര്‍ ഓഫീസറായി ജോലി നോക്കുന്നുണ്ടായിരുന്നു. വലിയ സ്വാധീനമുള്ള പുള്ളി. ഞാന്‍ ഇടയ്ക്ക് അദ്ദേഹത്തെ കാണാന്‍ ജയില്‍ ഓഫീസില്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ എന്നോട് പറഞ്ഞു:

     "നിന്നെപ്പോലെ എഴുതുന്ന ഒരാളുണ്ട്. പരിചയപ്പെടുത്താം."

     ഒരു തടവുപുള്ളിയുടെ പേരുപറഞ്ഞ് പോലീസുകാരനെ വിട്ടു. അയാള്‍ വന്നു. എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. വെല്‍ഫെയര്‍ ഓഫീസര്‍ എന്നെ പരിചയപ്പെടുത്താന്‍ തുനിയുന്നതിനുമുമ്പ് തടവുപുള്ളി പറഞ്ഞു : "എനിക്കറിയാം, ഇന്ദുഗോപനല്ലേ? നമ്മള്‍ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലായിരുന്നു എനിക്ക് ജോലി. നരേന്ദ്രന്‍."

     ആര്‍ ആര്‍ നരേന്ദ്രന്‍ - എനിക്ക് ഓര്‍മ്മ വന്നു. മറന്നുപോയതില്‍ ക്ഷമ പറഞ്ഞു.

     നരേന്ദ്രന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു : "അന്ന് നിങ്ങളെ പരിചയപ്പെടുമ്പോള്‍ എനിക്ക് അപകര്‍ഷതാബോധമായിരുന്നു. നിങ്ങളുടെ കഥകളൊക്കെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ വരുന്നു.  ഞാനാകട്ടെ അയയ്ക്കുന്നതൊന്നും.....! ഇപ്പോള്‍ പക്ഷെ എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നു. ലോകത്തിലെ എല്ലാ എഴുത്തുകാരെക്കാള്‍, കവിത്വവും മനുഷ്യസ്നേഹവും എനിക്കുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഞാനത് എന്‍റെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞു."

     ഞാന്‍ വെറുതേ ചിരിച്ചു. ഓഫീസര്‍ എന്തൊക്കെയോ രേഖകള്‍ നോക്കുകയും ഞങ്ങളിലുള്ള ശ്രദ്ധ വിടുകയും ചെയ്തു. ഞാന്‍ ചോദിച്ചു : "എന്താ ഇങ്ങനെ? ഈയൊരു സാഹചര്യത്തില്‍ പ്രതീക്ഷിച്ചില്ല."

     നരേന്ദ്രന്‍ ചിരിച്ചു : "ഒറ്റ കുത്ത്. മൂന്ന് കമ്പിയുള്ള ഫോര്‍ക്കായിരുന്നു. വലിച്ചൂരിയപ്പോള്‍ ചോര മൂന്ന് ദ്വാരത്തില്‍നിന്നാണ് ചാടിയത്. അപ്പോഴും ഇപ്പോഴും ജീവിതത്തിലെ ഏറ്റവും ആത്മസംതൃപ്തിയുള്ള നിമിഷം അതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ബാറില്‍ വച്ചായിരുന്നു സംഭവം. ബാറില്‍ വച്ച് അപരിചിതരായ രണ്ടുപേര്‍ പരിചയപ്പെടുകയും ഒടുവില്‍ ഒന്നും രണ്ടും പറഞ്ഞ് അടിയായി ഒരാള്‍ മദ്യലഹരിയില്‍ മറ്റെയാളെ കുത്തിക്കൊന്നുവെന്നാണ് കേസ്. സത്യത്തില്‍ എനിക്ക് മദ്യത്തിന്‍റെ രുചി എന്തെന്നുപോലുമറിയില്ല."

     ഞാന്‍ അത്ഭുതത്തോടെ നരേന്ദ്രന്‍റെ മുഖത്തേയ്ക്ക് നോക്കി. പതിയെ അയാള്‍ വാചാലനായി.

     "എന്നെപ്പോലെ ചിന്തിക്കുന്ന ഒരാളോട് സംസാരിച്ചിട്ട് എത്ര നാളായി! ജയിലില്‍ രണ്ടുവര്‍ഷം കഴിയുന്നു. പരോള്‍ ആവശ്യപ്പെടാറില്ല. ഞാന്‍ കൊലക്കുറ്റത്തിന് ജയിലിലായതുകൊണ്ട് അമ്മ പക്ഷാഘാതം പിടിച്ച് മരിച്ചു. ഏകസന്തതിയായിരുന്നു. അമ്മയുടെ ചടങ്ങുകള്‍ തീര്‍ക്കാന്‍ മാത്രമാണ് പുറത്തിറങ്ങിയത്. ആരുടേയും മുഖത്ത് നോക്കിയില്ല. ചടങ്ങ് കഴിഞ്ഞു. തിരിച്ചു പോന്നു."

     "സെക്രട്ടറിയേറ്റിലെ ജോലി?"

     "ശിക്ഷിക്കപ്പെട്ടാല്‍ അത് താനേ തെറിക്കുമല്ലോ!അതൊരു പ്രശ്നമല്ല. കണ്ടമാനം സ്വത്ത് കിടപ്പുണ്ട്. അച്ഛന്‍ നേരത്തെ തീര്‍ന്നതുകൊണ്ട് എല്ലാം ആരും നോക്കാനില്ലാതെ കിടക്കുകയാ... എല്ലാം നോക്കണം. മോഹന്‍ലാലൊക്കെ ചില സിനിമയില്‍ ജയിലില്‍ നിന്ന് തിരിച്ചുവരുന്നില്ലേ? അതുപോലെ ഒരു വരവ്..." - നരേന്ദ്രന്‍ പൊട്ടിച്ചിരിച്ചു.

     "അപ്പീലൊന്നും..."

     "എന്തിന്? ചെയ്തതിന് ശിക്ഷ കിട്ടണം. ഈ ശിക്ഷ ഒരു ബഹുമതിയായിട്ടാണ് ഞാന്‍ കരുതുന്നത്. ഇങ്ങനെയൊരു കൊലപാതകം ചെയ്തതില്‍ അഭിമാനിക്കുന്നു."

     പിന്നെ നരേന്ദ്രന്‍ കുറച്ചു സമയം മിണ്ടാതിരുന്നു.അയാള്‍ എന്തോ ആലോചിക്കുകയായിരുന്നു. ശേഷം സ്വയം പറഞ്ഞു : "അമ്മയുടെ കാര്യത്തിലേ ഉള്ളു ഒരു നഷ്ടബോധം. ഇനിയുള്ള ജീവിതത്തെ കുറിച്ചാകട്ടെ, എനിക്ക് വളരെ ശുഭപ്രതീക്ഷകളാണുള്ളത്."

     "സത്യത്തില്‍ എങ്ങനെയാണ് അത് സംഭവിച്ചത്?"

     "ആ കൊലപാതകമോ? ഒരുത്തന്‍. തീരേണ്ട ഒരു ജന്മം. ഒരു മിനിറ്റ് കൂടി അവന്‍ ഭൂമിയില്‍ ഇരുന്നുകൂടെന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. ഞാനത് ചെയ്തു. പക്ഷെ ഇന്ദൂ, അതുവരെ ഞാനൊരിക്കലും കരുതിയില്ല, എനിക്ക് ഇങ്ങനെ പ്രതികരിക്കാനാകുമെന്ന്. ഞാനൊരു നാണംകുണുങ്ങിയായിരുന്നു."

     "എന്താണ് ഉണ്ടായത്?" - എനിക്ക് അതറിയാനായിരുന്നു താത്പര്യം.

     "ഓ.. വലിയ കാര്യമില്ല. ചുരുക്കിപ്പറയാം. ഒരു ദിവസം രാവിലെ ഞാന്‍ ഓഫീസില്‍ പോകാന്‍ നിന്നപ്പോള്‍ ഒരു കോള്‍ വന്നു. പുലര്‍ച്ചേ തന്നെ ആള് അടിച്ചു ഫിറ്റാണ്. അയാള്‍ക്ക് എന്നെയൊന്ന് കാണണം, അപ്പോള്‍ത്തന്നെ. ശല്യം! ഞാന്‍ കരുതി. അപ്പോഴാണ് അയാള്‍ കാരണം പറഞ്ഞത്. അയാളുടെ മകള്‍ ഡിഗ്രിയ്ക്ക് ആദ്യകൊല്ലം പഠിക്കുകയാണ്. അവള്‍ക്ക് ഞാനെഴുതിയ കഥകള്‍ വലിയ താത്പര്യമാണത്രേ. ഞാന്‍ കരുതി ആരോ കളിയാക്കാനായി വിളിക്കുകയാണെന്ന്. പിന്നെ അയാളുമായി സംസാരിച്ചതില്‍നിന്ന് എനിക്കൊരു കാര്യം വ്യക്തമായി. സംഗതി ശരിയാണ് അവരുടെ വീട്ടില്‍ പണ്ടുമുതലേ കുങ്കുമം വാരിക വരുത്തുന്നുണ്ടായിരുന്നു. ഞാന്‍ കഥ അയച്ചാല്‍ ഇടയ്ക്ക് പരിഗണിയ്ക്കുന്നത് ആ വാരികക്കാര്‍ മാത്രമായിരുന്നു. അതിനാല്‍ എന്‍റെ അച്ചടിച്ചുവന്ന ആറോ ഏഴോ കഥകളില്‍ ഒന്നൊഴികെ എല്ലാം അതിലായിരുന്നു. ആ പെണ്‍കുട്ടിയ്ക്ക് ആ കഥകളൊക്കെ വല്ലാത്ത ഇഷ്ടമായിരുന്നു. പെണ്ണ് തന്തയോട് പറഞ്ഞു. അയാള്‍ എപ്പോഴും ഫുള്‍ ഫിറ്റല്ലേ. അപ്പോഴേ ആവേശം തോന്നി വിളിച്ചു. വാരികയുടെ ഓഫീസിലേയ്ക്ക് വിളിച്ച് എന്‍റെ നമ്പരെടുത്തു. അയാളുടെ മകള്‍, എന്‍റെ എല്ലാ കഥകളും തന്തയെ വായിച്ചുകേള്‍പ്പിച്ചിട്ടുണ്ട്. അയാള്‍ക്കും എന്‍റെ കഥകളെക്കുറിച്ച് നല്ല ധാരണയുണ്ട്.

എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ആദ്യമായാണ് ഒരാള്‍ എന്‍റെ കഥയെക്കുറിച്ച്.... വൈകിട്ട് കാണാമെന്ന് പറഞ്ഞു. അയാള്‍ സെക്രട്ടറിയേറ്റിന് സമീപമുള്ള ഒരു ബാറില്‍ എത്താനാണ് എന്നോട് പറഞ്ഞത്. അടയാളവും പറഞ്ഞുതന്നു. ബാറില്‍... കുടിക്കാത്ത ഞാന്‍ കേറുന്നത് ആരെങ്കിലും കണ്ടാല്‍...

പക്ഷെ, പെട്ടെന്ന് മനസ്സിലായി. കൊമ്പന്‍ മീശയും ഉണ്ടക്കണ്ണും ഒരു പ്രത്യേക തൊപ്പിയും... ബാറിലെ അരണ്ട വെട്ടത്തില്‍ ആളെ കണ്ടാല്‍ പേടിയാകും, കടല്‍ക്കൊള്ളക്കാരനെപ്പോലെ. സംസാരിച്ചു വന്നപ്പോള്‍ സംഗതി ശരിയായിരുന്നു. ആള്‍ പത്തുമുപ്പതുകൊല്ലം കടലിലായിരുന്നു, മര്‍ച്ചന്‍റ് നേവിയില്‍.ഇപ്പോള്‍ ഭാര്യയ്ക്ക് എന്തോ വലിയ അസുഖം. അങ്ങനെ കളഞ്ഞിട്ട് വന്നിരിക്കുകയാണ്. ഞാന്‍ വന്നപ്പോഴേ ആള്‍ നല്ല ഫിറ്റാണ്. ആദ്യമൊക്കെ അയാള്‍ വളരെ മാന്യമായാണ്‌ എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്. മെല്ലെ ടോണ്‍ മാറി. കൌമാരക്കാരായ പെണ്‍പിള്ളേര്‍ക്ക് മാത്രമേ എന്‍റെ കഥ ഇഷ്ടപ്പെടൂ എന്നയാള്‍ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല.

നിങ്ങളാരും ജീവിതം കണ്ടിട്ടില്ല. അയാള്‍ തുടര്‍ന്നു. എത്ര വയസ്സുണ്ട്? എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു 25. അയാള്‍ പറഞ്ഞു - 'ഈ പ്രായത്തില്‍ ഞാന്‍ എല്ലാ ഭൂഖണ്ഡത്തിലെ സ്ത്രീകളുമായും പലവട്ടം ഉറങ്ങിയിട്ടുണ്ട്. എല്ലാത്തരം മദ്യവും ഉപയോഗിച്ചുനോക്കിയിട്ടുണ്ട്. എല്ലാത്തരം ജീവിതത്തിലൂടെയും കടന്നുപോയിട്ടുണ്ട്. നിങ്ങളോ? ഈ തിരുവനന്തപുരത്തിന്‍റെ ഇട്ടാവട്ടത്തില്‍ കിടന്ന് കറങ്ങുന്നു. അതിനാല്‍ താങ്കളുടെ കഥകള്‍ ബാലിശവും ഭയങ്കര ബോറിങ്ങുമാണ്. മോളെ വിഷമിപ്പിക്കേണ്ടെന്നുകരുതി ഞാന്‍ കേട്ടുകൊണ്ടിരുന്നെന്നേയുള്ളു.'

എനിക്ക് മാനക്കേട് തോന്നി. അയാള്‍ എന്നെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ഇടയ്ക്കിടെ പന്നിയിറച്ചി കുത്തിത്തിന്നുകയും മടമടാ കുടിക്കുകയും ചെയ്തു. വരേണ്ടിയിരുന്നില്ലെന്ന് തോന്നി. വല്ലാത്ത മൃദുലസ്വഭാവമായതിനാല്‍ എനിക്ക് കരച്ചിലും വന്നു.

അയാള്‍ തുടര്‍ന്നു : 'പെണ്ണിനെ അറിയണം. അറിഞ്ഞുകൊണ്ടേയിരിക്കണം. പല വെറൈറ്റിയില്‍, നിറത്തില്‍.... അപ്പോഴാണ് ജീവിതത്തിന്‍റെ ത്രില്ല് അനുഭവിക്കാന്‍ കഴിയൂ...' - ഒരു കഷ്ണം പന്നിയെക്കൂടി വായ്ക്കുള്ളിലാക്കി അയാള്‍ മുരണ്ടു. - 'പെണ്ണ്, അത് ആരുമാവട്ടെ, പെണ്ണാകണം. അത്രയേയുള്ളു. എന്‍റെ മോള്‍, അവളെന്താ ഒരു പെണ്ണല്ലേ. നല്ല ഒന്നാന്തരം പെണ്ണാണ്. അതുമാത്രമാണ്....'

ഇങ്ങനെ മോശപ്പെട്ട രീതിയിലേക്ക് അയാളുടെ വാക്കുകള്‍ നീണ്ടപ്പോള്‍ എന്‍റെ ചങ്കിടിച്ചില്‍ കൂടി. പിന്നീട് അയാളുടെ ഓരോ വാക്കിലും അത് കൂടിക്കൂടിവന്നു. അമ്മയായാലും മോളായാലും പെണ്ണ്. പിന്നീട് അയാള്‍ മകളെക്കുറിച്ച് വര്‍ണ്ണന തുടങ്ങിയപ്പോള്‍ അത് കേട്ടിരിക്കുന്നത് എനിക്ക് വല്ലാതെ അപമാനകരമായി തോന്നി. എന്‍റെ ഭയം കൊണ്ട്, ഭീരുത്വം മൂലം, എനിക്ക് എഴുന്നേറ്റ് ഓടാന്‍ കഴിയുന്നില്ല. പേടിയും ദേഷ്യവും കൂടിവരികയാണ്. അയാളുടെ ഓരോ വാക്കിലും!!!

'ഇപ്പോള്‍ എന്‍റെ മോള്...വളരെ സ്വീറ്റാണ് കാണാന്‍. അല്ലെങ്കിലും സ്വീറ്റാവണമെന്നൊന്നും ഇല്ല, പെണ്ണായാല്‍ മതി. കുറച്ചുനാളായി ഞാന്‍ ശ്രമിക്കുന്നു. ഇന്ന് രാത്രി അവളുടെ തള്ള ഇല്ല. ആശുപത്രി തന്നല്ലോ ശരണം. എനിക്ക് പെണ്ണ് വേണം. കള്ളിനും പെണ്ണിനും എപ്പോഴും മുടക്കാന്‍ കാശുമില്ല. ഇന്നുരാത്രി.... ആദ്യമായി ഒരാളെ കിട്ടുക എന്നത് ത്രില്ലാണ്‌. ഞാനാ ത്രില്ലിലാണ്. ഞാനിപ്പോള്‍ കടലില്‍ നിന്ന് വെള്ളത്തില്‍ പിടിച്ചിട്ട ഒരു മീനാണ്. പെണ്ണ് കരയില്‍ എനിക്കൊരു കടലാണ്. ഞാനിങ്ങനെ നീന്തും.' - അയാള്‍ പൊട്ടിച്ചിരിച്ചു - 'ഇന്ന് രാത്രി...'

അയാളിങ്ങനെ പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഞാനും കരുതി... ഇന്ന് രാത്രി അത് പാടില്ല. നമ്മള്‍ പാലിച്ചുപോന്ന എല്ലാ സംസ്കാരത്തിന്‍റെ അംശങ്ങളും ചേര്‍ന്ന് എന്നെ ഉത്സാഹിപ്പിച്ചു അതില്‍ ഇന്ദൂ, ഈ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെയും, ഈ ലോകത്തിലെ എല്ലാവരുടെയും നന്മകളും ചേര്‍ന്നിരുന്നു.

നിരാലംബയായ ഒരു പെണ്‍കുട്ടി... ഇന്ന് രാത്രി... നമ്മളെല്ലാം ജീവിച്ചിരിക്കുമ്പോള്‍...!!!

പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല. നേരത്തേ പറഞ്ഞതുപോലെ മൂന്ന് മുറിവില്‍നിന്ന് ചോര ചീറ്റി.അയാള്‍ കമിഴ്ന്നുവീണു. എന്‍റെ കയ്യിലെ ഫോര്‍ക്ക് നിറയെ രക്തം. ആദ്യം, പന്നിയിറച്ചി തീര്‍ന്ന അയാളുടെ പാത്രത്തില്‍ ചോര നിറഞ്ഞു. പിന്നീട്, മോക്ഷം കിട്ടിയ ഒരു ആത്മാവിന്‍റെ നന്മപോലെ, ഒരു കൂപ്പുകൈ പോലെ, ഈ ദുഷ്ടാത്മാവില്‍നിന്ന് തന്നെ മോചിപ്പിച്ചതിനുള്ള കൂപ്പുകൈപോലെ, നന്മ പോലെ, സ്നേഹം പോലെ, ചോര എന്‍റെ നേരെ ഒഴുകിവന്നു...

പോലീസുകാര്‍... അടി,ഇടി... ആരോടും ഈ കൊലയ്ക്ക് കാരണം എന്തെന്ന് ഞാന്‍ പറഞ്ഞില്ല. ആ പെണ്‍കുട്ടിയുടെ അന്തസ്സിനെ ബാധിക്കുന്ന പ്രശ്നമാണ്. ഞാന്‍ തുറന്നുപറഞ്ഞാല്‍പ്പിന്നെ ഞാനീ ചെയ്ത പുണ്യം കൊണ്ട് എന്താ നേട്ടം...! അങ്ങനെ ഇരിക്കട്ടെ. സമാനഹൃദയമുള്ള ഒരാളെന്ന നിലയില്‍ നിങ്ങളോട് പറഞ്ഞുവെന്നുമാത്രം. മാത്രമല്ല, നിങ്ങള്‍ പത്രത്തിലൊക്കെ ഇരിക്കുന്ന ആളല്ലേ? എനിക്ക് സഹായം വേണ്ടിവരും. ഒറ്റ ഒരു സഹായം. ഒരു കാര്യത്തിന് ഞാന്‍ അറിയിക്കാം. ശിക്ഷതീരുമ്പോള്‍..."


     പിന്നെ ഞാന്‍ കണ്ടിട്ടില്ല, നരേന്ദ്രനെ... ഇന്നലെ ആ പഴയ ബന്ധു, പുള്ളിയിപ്പോള്‍ ജയിലില്‍ ക്ഷേമവിഭാഗത്തിലെ ചീഫ് ഓഫീസറാണ്. അങ്ങേരാണ്‌ വിളിച്ചുപറഞ്ഞത്. അങ്ങനെ എനിക്ക് മാത്രമായിരിക്കാം ഒരുപക്ഷെ അറിയാവുന്നത്. നരേന്ദ്രന്‍ ഇന്ന് പുറത്തിറങ്ങുമെന്ന്....


*** ***


     അരമണിക്കൂര്‍ കൂടി കഴിഞ്ഞു. ഒന്നുരണ്ടുപേര്‍ പുറത്തിറങ്ങി. മൂന്നാമത് നരേന്ദ്രന്‍. സൂര്യന്‍റെ വെട്ടത്തില്‍ അയാള്‍ക്ക് കുറേക്കൂടി ഉയരം വച്ചതായി തോന്നി. ബാഗും തോളിലിട്ട് അയാള്‍ നടന്നിറങ്ങി. ആരെയും ഗൌനിക്കാതെ...

     ഞാന്‍ ഓടി കൂടെച്ചെന്നു : "ഹലോ നരേന്ദ്രന്‍.."

     അയാള്‍ മനസ്സിലാക്കാനാകാത്തതുപോലെ എന്നെ നോക്കി.

     "ഞാന്‍ ഇന്ദുഗോപന്‍..."

     അയാള്‍ ബാഗ്‌ താഴെയിട്ടു. ആ മുഖത്തേയ്ക്ക് ചോര വന്നുകേറി. ദേഷ്യം കണ്ണില്‍ കത്തി. - "നായേ..." - അയാള്‍ അമര്‍ത്തി അലറി - "അന്തസ്സിലാത്ത ജന്തു!"

     അയാള്‍ ഒരു പുഴുവിനെയെന്നവിധം ഒരു കൈകൊണ്ട് എന്‍റെ കോളറില്‍ പിടിച്ചു. ഞാന്‍ ഒരു കണ്ണുകൊണ്ട് പേടിയോടെ അയാളെ നോക്കി. തികച്ചും അപ്രതീക്ഷിതമായിരുന്നു എനിക്കത്. ചെറിയൊരു ഉന്തോടെ, പുച്ഛത്തോടെ അയാളെന്നെ വിട്ടു. ഞാന്‍ നോക്കിയപ്പോള്‍, നേരത്തെ എനിക്കൊപ്പം മറ്റേതോ തടവുകാരനെ കാത്തിരുന്ന ആള്‍ അത്ഭുതത്തോടെ നോക്കുന്നു. അപമാനം തോന്നി. 'ഇതോ സുഹൃത്ത്' എന്ന് അയാള്‍ക്ക് തോന്നിയിരിക്കണം.

     നരേന്ദ്രന്‍ പറഞ്ഞു : "നിനക്കൊക്കെ ഒരു നാണവുമില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ വായിച്ചിരുന്നു, 2002ല്‍ നീ കലാകൌമുദിയില്‍ എഴുതിയ കഥ.'എച്ച്.എച്ച്. രാഘവന്‍: ജീവപര്യന്തം തടവുകാര്‍' എന്ന പേരില്‍ ഞാന്‍ നിന്നെ വിശ്വസിച്ച് പറഞ്ഞ എന്‍റെ കഥ.  പക്ഷെ ഒരുകാര്യം ഓര്‍ത്തോ. ആര്‍ക്കുവേണ്ടിയാണോ ഞാന്‍ ഇത്രനാള്‍ കാത്തിരുന്നത്, അവളെങ്ങാനും ഇതറിയുകയോ, ഇതൊരു അപമാനമായി തോന്നുകയോ ചെയ്താല്‍, വലിച്ചുകീറും എല്ലാവരെയും.."

     അയാള്‍ ദേഷ്യം കൊണ്ട് നിന്നുവിറയ്ക്കുകയായിരുന്നു.

     "നരേന്ദ്രാ...ഞാന്‍.." - ഞാന്‍ കുറ്റബോധത്തോടെ നിന്നു.

     അയാള്‍, ആരെയോ കൊണ്ടുവിട്ടിട്ടുമടങ്ങിയ ഒരു ഓട്ടോ പിടിച്ച് തന്‍റെ വലിയ ശരീരവും അതില്‍കേറ്റി പാഞ്ഞുപോയി.

     ഞാനാകെ വല്ലാതായി. കുറേയേറെ മാറ്റിയിട്ടാണല്ലോ അന്ന് ഞാനാ കഥ കൊടുത്തത്. ശ്ശെ! ഇങ്ങനെയും ഒരു മനുഷ്യന്‍ മാറുമോ?

     വല്ലാത്ത കുറ്റബോധവും നിരാശയും മൂടിക്കെട്ടിയ മനസുമായിട്ടായിരുന്നു പിന്നെ രണ്ടുദിവസം ഞാന്‍ ജീവിച്ചത്. മൂന്നിന്‍റെയന്ന് രാവിലെ ഫോണ്‍ :

     "ഞാനാ... നരേന്ദ്രന്‍..." - ശബ്ദം വളരെ പതുങ്ങിയതും എന്നാല്‍ മയമില്ലാത്തതുമായിരുന്നു - "ഇന്ന് എനിക്കുവേണ്ടി മാറ്റിവയ്ക്കണം. മറ്റേത്, ഞാനങ്ങനെ പെരുമാറിയത് പോട്ടെ... പെട്ടെന്ന്..."

     "എങ്കിലും ഇത്ര മനുഷ്യത്വമില്ലാതെ..."

     "സോറി... പോട്ടെ... കുറേക്കാലം ദുഷ്ടന്മാര്‍ക്കൊപ്പമല്ലായിരുന്നോ? മാത്രമല്ല, എന്നെ സംബന്ധിച്ച്, ജീവിതത്തിന്‍റെ ഏറ്റവും സെന്‍സിറ്റീവായ പോയിന്‍റിലാണ് ഇന്ദു സ്പര്‍ശിച്ചത്. അത് പിന്നീട് മനസ്സിലാക്കും. നിങ്ങള്‍ ഇന്ന് വരണം, എന്‍റെ കൂടെ. എനിക്ക് ആ പെണ്‍കുട്ടിയെ കാണണം. ആരെയെന്ന് അറിയാമല്ലോ. ഞാന്‍ കഴിഞ്ഞ രണ്ടു ദിവസമായി ഭ്രാന്തനെപ്പോലെ അന്വേഷിക്കുന്നു, എന്‍റെ വീട്ടില്‍പോലും പോകാതെ. അല്ലെങ്കിലും എനിക്ക് ആരുമില്ലല്ലോ."

     "ആരുടെ കാര്യമാണ്?"

     "വെറുതെ കളിക്കരുത്." - അയാള്‍ പെട്ടെന്ന് ചൂടായി - "അവള്‍...എനിക്കറിയില്ല, അവളുടെ പേര്. അവള്‍... ഞാന്‍ കൊന്ന അവന്‍റെ മകള്‍... അറിയാമല്ലോ... അവളെയാണ് ഞാന്‍ രക്ഷിച്ചത്. അവള്‍ക്കായാണ് ഞാന്‍ ആറുകൊല്ലം ഇരുമ്പഴിക്കുള്ളില്‍... അവളോട് എനിക്ക് എല്ലാം പറയണം. അപ്പോള്‍ അവളറിയും, എന്‍റെ ഉള്ളിലെ നന്മ. എനിക്കും..എനിക്കും...ആരുമില്ലല്ലോ..."

     അയാള്‍ പെട്ടെന്ന് കരച്ചിലിന്‍റെ വക്കിലേയ്ക്ക് വന്നു.

     ഞാന്‍ പെട്ടെന്ന് നിര്‍ത്തി : "ഓക്കെ നരേന്ദ്രാ... ഞാന്‍ വരം. ഇന്ന് മുഴുവന്‍ നമുക്ക് തിരയാം. അവര്‍ വീട് മാറിപ്പോയത് എങ്ങോട്ടെന്ന് കണ്ടുപിടിക്കാം. നമുക്ക് തപ്പിയെടുക്കാം, പുഷ്പം പോലെ... ഇപ്പോള്‍ത്തന്നെ അതിനുള്ള അറേഞ്ച്മെന്‍റ്സ് നടത്താം."

     ഒരു ക്വാളീസില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. വഴിയിലുടനീളം അയാള്‍ അക്ഷമനായിരുന്നു. ദൂരം പിന്നെയും പിന്നിടാന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ദേഷ്യം കാട്ടി. തനിക്ക് ആരുമില്ലെന്ന് പലതവണ ആവര്‍ത്തിച്ചു. എല്ലാം അവളുടെ നന്മയെ കരുതിയായിരുന്നുവെന്ന് പുലമ്പി.

     ഞാന്‍ മുന്നറിയിപ്പ് കൊടുത്തു : "എന്താണ് അവളുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് നമുക്കറിയില്ല. എന്തുമാവാം. എന്തും. ചിലപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയോ വല്ല ജോലികിട്ടി പോവുകയോ എന്തും. ഇപ്പോള്‍ പത്തിരുപത്തിനാല് വയസ്സായിരിക്കും. ചിലപ്പോള്‍ വിവാഹം കഴിച്ച്...."

     "വേറെ വല്ലതും പറയാനുണ്ടോ? അവള്‍ക്കതിനുംവേണ്ടി പ്രായമൊന്നുമുണ്ടാകില്ല." - അയാള്‍ പെട്ടെന്ന് ചൂടായി.

     ഞാന്‍ പറഞ്ഞു : "അതുമാത്രമേ ഊഹിക്കാനാവൂ.. പ്രായം.. അതുമാത്രം. വേറൊന്നും നരേന്ദ്രന്‍ അന്വേഷിച്ചിട്ടില്ലല്ലോ. എന്നോട് അന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അന്വേഷിക്കുമായിരുന്നു. നമ്മള്‍ അപ്രതീക്ഷിതമായതുകൂടി പ്രതീക്ഷിക്കണം. മനസ്സ് ഒന്ന് സെറ്റ് ചെയ്യണം. അതാണ് പറഞ്ഞത്."

     "വേണ്ട, ഒന്നും എനിക്ക് അന്വേഷിക്കേണ്ട കാര്യമില്ല. എനിക്കറിയാം അവളെ. അവള്‍ സുന്ദരിയാവേണ്ട. വികലാംഗയായിക്കോട്ടേ, എന്തോ ആവട്ടെ... പ്ലീസ്... ഒന്ന് മിണ്ടാതിരിക്കുമോ നിങ്ങള്‍... എന്നെ പഠിപ്പിക്കേണ്" - അയാള്‍ വല്ലാതെ അക്ഷമനായി.

     "ഒരു കാര്യം" - ഞാന്‍ പറഞ്ഞു - "നിങ്ങള്‍ മിണ്ടരുത്, ആരെന്ന്. ഞാന്‍ കൈകാര്യം ചെയ്യാം. പെട്ടെന്ന് ഒരു ഷോക്കാകേണ്ട... പതുക്കെ...പതുക്കെ... ഞാന്‍ സംഗതികള്‍ സൂചിപ്പിക്കാം."

     ഒരുപാട് ഊടുവഴികള്‍ പിന്നിട്ട്...ഒടുവില്‍...

     ആ നാട്ടിലെ ഞങ്ങളുടെ പത്രത്തിന്‍റെ ലേഖകന്‍ പറഞ്ഞുതന്ന വഴിയെല്ലാം കൃത്യമായിരുന്നു. വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടിയില്ല. ചെന്നുകേറി. ഒരു പെണ്‍കുട്ടി കടന്നുവന്നു. കാണാന്‍ അതിസുന്ദരിയായ ഒരു കുട്ടി. നരേന്ദ്രന്‍ എന്‍റെ കയ്യില്‍ പിടിച്ചു. അയാള്‍ തെരുതെരെ എനിക്ക് വേദനിക്കുംവിധം എന്‍റെ കയ്യില്‍ ഞെരടി. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ അയാള്‍ അനുഭവിക്കുന്നു. എനിക്ക് സന്തോഷം തോന്നി. ഇത്രയും സുന്ദരിയായ ഒരു കുട്ടിയെത്തന്നെ അയാള്‍ക്ക്.....

     അത്രമാത്രം ഓരോ ദിനവും, നിമിഷവും അയാള്‍ അവള്‍ക്കായി ധ്യാനിച്ചിട്ടുണ്ട്.

     ഞങ്ങളോട് വളരെ സ്നേഹത്തോടെ അവള്‍ ഇരിക്കാന്‍ പറഞ്ഞു.

     ഞാന്‍ പരിചയപ്പെടുത്തി : "എന്‍റെ പേര് ഇന്ദുഗോപന്‍. അച്ഛന്‍റെ പഴയ സുഹൃത്താണ്."

     പറഞ്ഞുതീര്‍ന്നില്ല. പെണ്ണിന്‍റെ മുഖം കറുത്തു; മെല്ലെ കരഞ്ഞു. അവള്‍ മുകളില്‍ ചുമരിലേക്ക് നോക്കി. അവിടെ അയാളിരുപ്പുണ്ട്. ഞാന്‍ കണ്ടിട്ടില്ലാത്ത, നരേന്ദ്രന്‍ ഒരിക്കല്‍മാത്രം കണ്ടിട്ടുള്ള, അയാള്‍. കൊമ്പന്‍മീശയും ചുവന്ന കണ്ണുമുള്ള... ഞാന്‍ അത്ഭുതപ്പെട്ടുപോയി. ചുമരിലേക്ക് നോക്കിയപ്പോള്‍ ഒന്നല്ല, പിന്നെയും പിന്നെയും അയാളുടെ ചിത്രങ്ങള്‍. ഒരു ഏഴോ എട്ടോ എണ്ണം വരും. പല പോസിലുള്ള വലിയ ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത്... ഓരോന്നിലും പൂമാല ചാര്‍ത്തിയിട്ടുണ്ട്. ചില പുഷ്പങ്ങള്‍ ഉണങ്ങിയിട്ട് കൂടിയില്ല.

     "എന്‍റെ പപ്പ..." - അവള്‍ പറഞ്ഞു - "ഞങ്ങള്‍ പപ്പയുടെ ഓര്‍മ്മയില്‍നിന്ന് രക്ഷപ്പെടാനാണ് ഇങ്ങോട്ട് ഈ ഹൈറേഞ്ചിലേക്ക്... കടല്‍ കണ്ടാല്‍ കടലിന്‍റെ പടം കണ്ടാല്‍ പോലും എനിക്ക് പപ്പയുടെ ഓര്‍മ്മ വരും. എന്‍റെ പപ്പ, ആരെയും  ഒന്ന് നുള്ളി നോവിക്കുകപോലും ചെയ്യാത്ത എന്‍റെ പപ്പയെ... എനിക്ക് ആവശ്യത്തിന് സ്നേഹം കിട്ടിയില്ല കുട്ടിക്കാലത്തൊന്നും. പപ്പയുടെ സ്നേഹം ഇഷ്ടംപോലെ കിട്ടുമല്ലോയെന്ന് ആശിച്ച്, ആഗ്രഹിച്ച്... ഒടുവില്‍ പപ്പയെ ഒന്ന് കിട്ടിയപ്പോള്‍..." - അവള്‍ ചുമരില്‍ പപ്പയുടെ ചിത്രത്തിലേയ്ക്ക് തന്നെ കണ്ണുംനട്ടുനിന്നു.

     നരേന്ദ്രന്‍ അസ്തപ്രജ്ഞനായി സീറ്റില്‍ നിന്നനങ്ങാതെ മുഖം കുനിഞ്ഞിരിക്കുകയായിരുന്നു.

     "വരൂ, നമുക്ക് പോകാം." - ഇടയ്ക്ക്  പപ്പയെക്കുറിച്ച് മറ്റെന്തോ പറഞ്ഞ് അവള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.

     ഞാന്‍ എതിര്‍ത്തില്ല. എന്തോ ആ പെണ്‍കുട്ടിയോട് പറഞ്ഞ് ഇറങ്ങി.

     വഴിയിലുടനീളം വണ്ടിയുടെ ഏതോ ബിന്ദുവില്‍ കണ്ണുംനട്ട് നരേന്ദ്രന്‍ തകര്‍ന്നിരിക്കുകയായിരുന്നു, അകമേ പൊട്ടിപ്പൊളിഞ്ഞ ഒരു പാറശില്‍പം പോലെ...


(2006 ഏപ്രില്‍ ലക്കമായി ഇറങ്ങിയ ഗൃഹശ്രീ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്ന കഥയാണ് ഇത്.)                

         

Wednesday, August 31, 2022

ആനന്ദജീവിതം










- ഹെന്‍റി ഹൊവാഡ്, ഏള്‍ ഓഫ് സറി



ആനന്ദ ജീവിതം നേടാന്‍ സഹായക-

മായ കാര്യങ്ങളിവയാണെന്‍ സ്നേഹിതാ:

അത്തലില്ലാതെ ലഭിച്ച സ്വത്തും, ഫല-

വത്തായ ഭൂമിയും, ശാന്തചിത്തവുമേ;


തുല്യനാം ചങ്ങാതി; പോര്, പകയില്ല;

ഇല്ലാധിപത്യം, നിയമാനുവര്‍ത്തിത്വം;

വ്യാധിയില്ലാത്ത സുഖാവഹജീവിതം;

എന്നും തുടര്‍ന്നുപോം വീടും കുടിയുമേ.


സ്വാദിഷ്ഠമല്ലാത്ത സാമാന്യഭക്ഷണം;

ലാളിത്യമൊത്തുചേര്‍ന്നുള്ള വിജ്ഞാനവും;

ഉത്കണ്ഠയില്ലാത്ത രാത്രിയും, വീഞ്ഞിനാല്‍

വിക്ലിഷ്ടമാകാതെയുള്ള സംബുദ്ധിയും;


ദുസ്തര്‍ക്കമില്ലാത്ത വിശ്വസ്തപത്നിയും,

നക്തം സുഖപ്രദമാക്കും സുഷുപ്തിയും;

സംതൃപ്തിയെന്നും സ്വവസ്തുവകകളില്‍;

മൃത്യുവിന്നാശയോ ഇല്ല ആശങ്കയോ.



                                        

(മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ ആംഗലേയ കാവ്യലോകം എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ആംഗലേയ കവിതകള്‍ സമാഹരിച്ച് ഈ മലയാള വിവര്‍ത്തനം നടത്തിയത് ശ്രീ.പി കെ ആര്‍ നായര്‍ ആണ്.)    

Tuesday, August 30, 2022

തുറന്ന ജാലകം








- അനാ ബ്ലാദിയാന


     കഴിഞ്ഞുപോയ ആ ദിനങ്ങളില്‍, ചിത്രകാരന്മാര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോഴൊക്കെ, ജയിലിനുള്ളിലേക്ക് അവരുടെ ചായങ്ങളും ബ്രഷുകളും കൊണ്ടുപോകുവാന്‍ അധികാരികള്‍ അവരെ അനുവദിക്കാറുണ്ടായിരുന്നു. ഗോപുരത്തിന് മുകളിലുള്ള ഇരുണ്ട അറയില്‍ പ്രവേശിക്കുമ്പോള്‍, തടവിലാക്കപ്പെട്ട ചിത്രകാരന് ആദ്യമായി തോന്നിയ വിചാരമെന്താണെന്നോ....? ചുമരുകളിലൊന്നില്‍ ഒരു ജാലകത്തിന്‍റെ ചിത്രം വരയ്ക്കുക.

     ഒട്ടും താമസിയാതെ അയാളതില്‍ മുഴുകുകയും ചെയ്തു. തെളിഞ്ഞ നീലാകാശം വളരെ വ്യക്തമായി കാണാവുന്ന ഒരു തുറന്ന ജാലകമായിരുന്നു അത്. തടവറക്കുള്‍ഭാഗം കൂടുതല്‍ പ്രകാശമാനമായിത്തീര്‍ന്നു. അതിനടുത്ത ദിവസം പ്രഭാതത്തില്‍, റൊട്ടിയും ജലവുമായി കടന്നുവരുമ്പോള്‍, പെയിന്‍റ് ചെയ്ത ജാലകത്തിലൂടെ വന്നിരുന്ന പ്രകാശത്തിന്‍റെ തീക്ഷണതയാല്‍ ജയിലര്‍ക്ക് കണ്ണുകള്‍ അടയ്ക്കേണ്ടതായി വന്നു.

     "ഇവിടെ എന്താണ് നടന്നു കൊണ്ടിരിക്കുന്നത്...?" - ഭയത്തോടെ ആക്രോശിച്ചുകൊണ്ട് അയാള്‍ ജാലകപ്പാളികള്‍ വലിച്ചടയ്ക്കുവാന്‍ മുന്നോട്ടാഞ്ഞു. പക്ഷെ ഭിത്തിയില്‍ തലയിടിച്ച് അയാള്‍ താഴെ വീണുവെന്നതല്ലാതെ മറ്റൊന്നുംതന്നെ സംഭവിച്ചില്ല.

     "ഞാനൊരു ജാലകം തുറന്നിട്ടു." - ഒട്ടും നിയന്ത്രണം വിടാതെ ചിത്രകാരന്‍ പറഞ്ഞു - "ഇവിടെ വല്ലാത്ത ഇരുട്ടായിരുന്നു."

     ജയിലര്‍ ഇതുകേട്ട് പൊട്ടിച്ചിരിച്ചു. താന്‍ അപമാനിതനായി എന്ന ബോധം മറയ്ക്കുവാന്‍ വേണ്ടിയാണ് അയാള്‍ അങ്ങനെ ചെയ്തത്. സ്വയം അയാള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ നീറിയെരിയുകയും ചെയ്തു.

     പിന്നീടയാള്‍ ചിത്രകാരനെ നോക്കി കളിയാക്കുവാന്‍ തുടങ്ങി.

     "നിങ്ങളൊരു ജാലകം തുറന്നിരിക്കുന്നു അല്ലേ...! നിങ്ങളൊരു ജാലകം ചിത്രീകരിച്ചിരിക്കുകയാണ്. നീയൊരു വിഡ്ഢി തന്നെ.... ഇതൊരു യാഥാര്‍ത്ഥ്യമല്ല. അതൊരു ജാലകമാണെന്ന് നിങ്ങള്‍ സങ്കല്‍പ്പിക്കുന്നു, അത്രമാത്രം."

     അക്ഷോഭ്യനായി ചിത്രകാരന്‍ തുടര്‍ന്നു: "ഈ തടവറയ്ക്കുള്ളില്‍ പ്രകാശം വേണമെന്നേ എനിക്കുണ്ടായിരുന്നുള്ളു. അത് ഞാന്‍ നിര്‍വഹിക്കുകയും ചെയ്തു. എന്‍റെ ജാലകത്തിലൂടെ നോക്കൂ... ആകാശം കാണാന്‍ കഴിയും. നിങ്ങള്‍ കടന്നുവരുമ്പോള്‍, ഓര്‍ക്കുന്നില്ലേ, നിങ്ങള്‍ക്ക് കണ്ണുകള്‍ പ്രകാശകിരണങ്ങള്‍ക്കുമുമ്പില്‍ അടച്ചുപിടിക്കേണ്ടി വന്നു."

     ഇത്തവണ ജയിലര്‍ വല്ലാതെ ക്ഷുഭിതനായി : "നിങ്ങള്‍ എന്നെ കബളിപ്പിക്കാന്‍ നോക്കുകയാണ് അല്ലേ? ഈ ഗോപുരത്തിന് ജാലകങ്ങള്‍ ഒന്നും തന്നെയില്ല. ഇവിടേക്ക് കടന്നുവരുന്നവന്‍ ആരാണെങ്കിലും വീണ്ടും വെളിച്ചം കാണുന്നതിനായി അയാള്‍ ജീവിച്ചെന്നുവരില്ല. ഇത് സത്യം മാത്രം."

     "എന്നിട്ടും പകല്‍വെട്ടം എന്‍റെ ഈ അറയ്ക്കുള്ളിലേക്ക് തുറന്ന ജാലകത്തിലൂടെ പ്രവഹിക്കുകയാണ്." - ചിത്രകാരന്‍ പറഞ്ഞു.

     "ഓ..അതെ.. അതെ.." - ജയിലര്‍ അയാളെ കളിയാക്കി പറഞ്ഞു - "അങ്ങനെയാണെങ്കില്‍ നിനക്കെന്തുകൊണ്ട് രക്ഷപ്പെട്ടുകൂടാ? ആ രീതിയില്‍ നിങ്ങളുടെ ജാലകം ഒരു യാഥാര്‍ത്ഥ്യമാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാമല്ലോ."

     ചിത്രകാരന്‍ അല്‍പനേരം അയാളെ ഒന്ന് നിരീക്ഷിച്ചതിനുശേഷം ചുമരിനുനേര്‍ക്ക് രണ്ടുമൂന്നു കാലടികള്‍ വച്ചു.

     അവസാനം ജാലകത്തിലൂടെ അയാള്‍ പുറത്തേക്കുചാടി.

     "നില്‍ക്കൂ" - ജയിലര്‍ അവന്‍റെ പിന്നാലെ പാഞ്ഞുചെന്നു. എങ്ങനെയും അവനെ തടയണമേന്നേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. പക്ഷെ വീണ്ടുമയാളുടെ ശിരസ്സ് ചുമരില്‍ തട്ടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

     "ജാഗ്രത...അവന്‍ രക്ഷപ്പെട്ടിരിക്കുന്നു." - അയാള്‍ ഉച്ചത്തില്‍ അലറിവിളിക്കാന്‍ തുടങ്ങി.

     അന്തരീക്ഷത്തിലൂടെ ചിത്രകാരന്‍റെ ശരീരം അതിവേഗം കടന്നുപോകുമ്പോഴും അയാള്‍ ആക്രോശിച്ചുകൊണ്ടിരുന്നു.

     അവസാനം ഗോപുരത്തിനുതാഴെ കല്‍പ്പാളിയില്‍ അത് വീഴുന്നതുവരെ ആ നില തുടര്‍ന്നു.


(റുമേനിയന്‍ സാഹിത്യകാരിയായ അനാ ബ്ലാദിയാന രചിച്ച്, 1990ല്‍ പ്രസിദ്ധീകരിച്ച THE OPEN WINDOW എന്ന കഥയുടെ ഈ വിവര്‍ത്തനം നടത്തിയിരിക്കുന്നത് വൈക്കം മുരളി ആണ്. SIGN BOOKS പുറത്തിറക്കിയ ലോകകഥകളുടെ ലഘുസമാഹാരമായ തുറന്ന ജാലകം എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Friday, July 29, 2022

കണ്ടല്‍ ജീവിതം








- കല്ലേന്‍ പൊക്കുടന്‍


     ഭാവിയില്‍ ആരായിത്തീരണം എന്നൊരു ചോദ്യം പുതുതലമുറയില്‍പ്പെട്ട കുട്ടികള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. രക്ഷിതാവോ, ക്ലാസ് മാഷോ ആരെങ്കിലുമായിരിക്കാം ചോദ്യകര്‍ത്താവ്. എന്‍റെ കുട്ടിക്കാലത്ത് അങ്ങനെ ആരും ചോദിച്ചിരുന്നില്ല. സ്വന്തം ഭാവിയെക്കുറിച്ച് ആരുംതന്നെ ആലോചിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ഭാവിയില്‍ എങ്ങനെ അറിയപ്പെടണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്‍റെ ഉത്തരം വളരെ ലളിതമാണ് - കണ്ടല്‍ പൊക്കുടന്‍ എന്ന പേരില്‍ അറിയപ്പെടണം - അതാണ് എന്‍റെ ആഗ്രഹം. കാരണം കണ്ടലിനെ ഞാന്‍ അത്രയധികം സ്നേഹിക്കുന്നു. കുറെയൊക്കെ ഞാനത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. പലരും അത് നശിപ്പിച്ചിട്ടുണ്ട്. എങ്കിലും എനിക്ക് നിരാശയില്ല. നശിപ്പിച്ചവരാണല്ലോ യഥാര്‍ത്ഥത്തില്‍ നിരാശപ്പെടേണ്ടത്.

     കുറേക്കാലം ഞാന്‍ നല്ല ഒരു രാഷ്ട്രീയക്കാരനായിരുന്നു. കമ്മ്യൂണിസം എന്താണെന്നൊന്നും പണ്ടും എനിക്കറിയില്ല. പക്ഷെ, ഞാന്‍ ഉള്‍പ്പെടെ എന്‍റെ ചുറ്റുപാടുമുള്ള ആളുകള്‍ക്കിടയില്‍ വലിയവരും ചെറിയവരും പണക്കാരും പാവങ്ങളും ഉണ്ടെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അതില്‍ പാവങ്ങളുടെ കൂടെ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ഞാന്‍ അവരുടെ കൂടെ കൂടി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് എ.കെ.ജി ആണ്. പാര്‍ട്ടി നടത്തിയ സമരങ്ങളിലെല്ലാം ഞാന്‍ പങ്കെടുത്തു. പാര്‍ട്ടി ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തു. പക്ഷെ, പിന്നീട് പിന്നീട് പലേ കാരണങ്ങള്‍ കൊണ്ടും പാര്‍ട്ടിയോടുള്ള അടുപ്പം കുറഞ്ഞു. കുടിയാന്‍ബില്ല് സംരക്ഷിക്കാന്‍ ചെയ്ത സമരവും മട്ടക്കണ കൊണ്ട് പത്ത് സെന്‍റ് അളന്നുകൊടുക്കാന്‍ കാണിച്ച ആവേശവും എണ്‍പത് ആയപ്പോഴേക്കും ഇല്ലാതായി. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് എന്തൊക്കെയോ തകരാറുണ്ടെന്ന തോന്നല്‍ ശക്തമായി. മനസ്സ് വല്ലാതെ മടുത്തു. ഒരു ഇടതുപക്ഷക്കാരനായ പുലയനെ ഉള്‍ക്കൊള്ളാനൊന്നും പുലയ സമുദായം അന്ന് വളര്‍ന്നിട്ടില്ലായിരുന്നു. അവരെ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷം ഇന്നും വളര്‍ന്നിട്ടില്ലെന്നും തോന്നുന്നു. സമുദായവും പാര്‍ട്ടിയും - ഇഷ്ടപ്പെട്ട രണ്ട് വിഭാഗവും - എനിക്ക് അന്യമായി തോന്നി. കുറച്ചുകാലം ഒന്നും ചെയ്തില്ല. എന്തുപറഞ്ഞാലും ജാതിയുണ്ടാക്കിയ ദുരിതം ചെറുതൊന്നുമല്ല. ഒന്നും ചെയ്യാതിരുന്നാല്‍ നേരം പോകില്ല എന്ന ചിന്ത ബലപ്പെട്ടു. പലേ കാലത്തായി ആറായിരത്തിലധികം ചെടികള്‍ നട്ടു. ഏറെ പരീക്ഷണങ്ങള്‍ നടത്തി. ഒട്ടു മിക്കതും വിജയമായിരുന്നു. വിദേശത്തൊക്കെ കോടികള്‍ മുടക്കി ഗവണ്മെന്‍റ് കണ്ടല്‍ നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് ജാഫര്‍ പറയാറുണ്ട്. അതുകേള്‍ക്കുമ്പോള്‍ അഭിമാനം തോന്നും. എനിക്കിത്രയെങ്കിലും ചെയ്യാനായല്ലോ!

     കണ്ടല്‍ കൃഷിയുടെ രണ്ടാംഘട്ടത്തില്‍ ഏതാണ്ട് ആയിരം ചെടികള്‍ ഭംഗിയായി വളര്‍ന്നു വരുമ്പോഴാണ് പയ്യന്നൂര്‍ കോളേജിലെ ടി.പവിത്രന്‍ മാഷ് ഇത് കാണാനിടയായത്. മാഷ് മാതൃഭൂമിയിലെ ഫോട്ടോക്കാരന്‍ മധുരാജിനോടു പറഞ്ഞ്‌ ഒരു പടമെടുത്ത് മാതൃഭൂമിയുടെ ഒന്നാം പേജില്‍ ഒരു വാര്‍ത്തയാക്കി. പിന്നെ ധാരാളം പേര്‍ ഇത് പഠിക്കാന്‍ വന്നു. എനിക്ക് രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും താത്പര്യമില്ലാതായി. രാഷ്ട്രീയത്തിനുപുറത്ത് ഒരുപാട് സുഹൃത്തുക്കളെ കിട്ടി. നല്ലവര്‍. ഇന്ന് ഞാനൊരു രാഷ്ട്രീയക്കാരനല്ല. എനിക്ക് ഒരു വഴിയുണ്ട്. ഞാന്‍ സ്വയം തെരഞ്ഞെടുത്ത വഴി. ശരിയും തെറ്റുമുണ്ടാകാം. എല്ലാം നിസ്സാരമായി കാണുന്നവര്‍ക്ക് ഇതും ഒരു തമാശയായി തോന്നാം. അവശേഷിക്കുന്ന ഈ കാടിന്‍റെ പച്ചപ്പും ചതുപ്പിന്‍റെ മണവും ഉപ്പുകാറ്റുമാണ് എനിക്ക് ജീവിതം.

     പുഴവക്കത്ത് മുന്നൂറ്റിചില്വാനം കണ്ടല്‍ച്ചെടികള്‍ നട്ടു. പൊഴയിലെ മോതയടിച്ച് (തിരയടിച്ച്) ചിറ തകരുന്നത് തടയാനും കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ കാറ്റ്ന്നു രക്ഷ നേടാനും വേണ്ടിയായിരുന്നു ഞാനിത് വെച്ചുതുടങ്ങിയത്. ചെടികള്‍ വളര്‍ന്നുവന്നപ്പോള്‍ പുതിയൊരു കാഴ്ചയും! ആരും നോക്കി ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്ത അവസരത്തില്‍ അനന്തന്‍മോന്‍റെ സ്നേഹിതര്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായ നാരായണന്‍കുട്ടി മാഷും മറ്റു ചിലരും കൂടി നെരുവമ്പ്രത്ത് വച്ച് ഒരു സ്വീകരണം തന്നു. പിന്നീട് സീക്കിന്‍റെ പ്രവര്‍ത്തകരായ പപ്പന്‍ മാഷ്‌, ടി പവിത്രന്‍ (പയ്യന്നൂര്‍ കോളേജ്), ജാഫര്‍ പാലോട്ട്, ബാബു കാമ്പ്രത്ത്, നന്ദു, വി സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നിരന്തരം ഇതുവന്ന് കാണുകയും പഠിക്കുകയും ചെയ്തു. അതിനുശേഷം ഒരുപാട് ശാസ്ത്രജ്ഞന്‍മാര്‍ ഇവിടെവന്ന് എന്‍റെ കണ്ടല്‍ ചെടികള്‍ കണ്ട് പോയി. ഞാന്‍ നട്ടുവളര്‍ത്തിയ കണ്ടല്‍ ചെടികളില്‍ പതിനായിരം എണ്ണം വികസനക്കാര്‍ നശിപ്പിച്ചു. കുറെയൊക്കെ ഇപ്പഴും വളരുന്നു. നട്ടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ഫോറസ്റ്റുകാരെയും മറ്റ് സംഘടനകളെയും ഇതില്‍ സഹായിക്കുകയും ചെയ്യുന്നു.

     പ്രകൃതി കോപിച്ച് നാശം വിതയ്ക്കുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അടുത്ത കാലത്തായി കൊടുങ്കാറ്റ് അടിച്ചുണ്ടായ ജീവനാശവും മറ്റും പത്രത്തിലും ടിവിയിലും നാം കണ്ടതല്ലേ (ഒറീസ ദുരന്തം). ഇതിന്‍റെ കാരണം മനുഷ്യന്‍ തന്നെയാണ്. യാതൊരു വീണ്ടുവിചാരവുമില്ലാതെ പുതിയ മനുഷ്യന്‍ നമ്മുടെ തീരക്കാടുകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെല്ലാം ഈ കാര്യത്തില്‍ ഒരേ താത്പര്യമാണ്. പുഴയും ചതുപ്പും മണ്ണിട്ട്‌ നികത്തുമ്പോള്‍ വര്‍ഷകാലത്തെ അധികജലം ഉള്‍ക്കൊള്ളാനാവാതെ വെള്ളപ്പൊക്കമുണ്ടാകും. തീരപ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചില്ലായെങ്കില്‍ നേരത്തേ പറഞ്ഞ കൊടുങ്കാറ്റില്‍നിന്നൊക്കെ നമുക്ക് രക്ഷപ്പെടാമെന്നുള്ള അഭിപ്രായങ്ങള്‍ പത്രത്തിലൊക്കെ വന്നുതുടങ്ങി. എല്ലാ പച്ചപ്പും ഇല്ലാതാകുമ്പോള്‍ ചുഴറ്റിയടിക്കുന്ന ഒരു കാറ്റില്‍ നമുക്ക് എല്ലാം നഷ്ടപ്പെടും. നമുക്ക് എന്നാണ് ഇതൊക്കെ ബോധ്യപ്പെടുക?

     ഉപ്പുവെള്ളത്തെ ശുദ്ധീകരിക്കാനും കാറ്റിനെ തടയാനും കരയെ സംരക്ഷിക്കാനും ഈ കാടുകള്‍ വേണം. എണ്ണിയാലൊടുങ്ങാത്ത മത്സ്യയിനങ്ങള്‍ മുട്ടയിടുന്നതും പെരുകുന്നതും ഈ കാടുകള്‍ക്കിടയിലാണ്. 1991 ഫെബ്രുവരിയില്‍ പാസാക്കിയ തീരദേശ പരിപാലനം ദുര്‍ബലപ്പെടുത്തരുതെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി പറഞ്ഞപ്പോള്‍ അത് വികസനത്തിനെതിരാണെന്നും പറഞ്ഞവരാണ് നമ്മുടെ ആളുകള്‍. ഈ വികസനം തുടര്‍ന്നാല്‍ കുടിക്കാനുള്ള വെള്ളവും ഞണ്ടും ചെമ്മീനും എന്തിന്, പുഴപോലും ഒരോര്‍മ്മ മാത്രമാകും. എന്തെങ്കിലും ചെയ്തേ തീരൂ. പഞ്ചായത്തധികാരികള്‍ക്ക് ഒരുപാട് ചെയ്യാന്‍ കഴിയും. ഞാന്‍ പറഞ്ഞതെല്ലാം ഒരു പ്രേരണയാകുമെന്ന് വിചാരിച്ചാണ് അത്രയൊന്നും വലുതല്ലെങ്കിലും എന്‍റെ ജീവിതകഥ പറയാനൊരുങ്ങിയത്. ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ചാണല്ലോ ഞാനേറെയും പറഞ്ഞതെന്ന സമാധാനവുമുണ്ട്. നന്ദി.


(കല്ലേന്‍ പൊക്കുടന്‍ എന്ന പൊക്കുടന്‍റെ, 'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം' എന്ന ആത്മകഥയില്‍ നിന്നുമെടുത്താണ് 'കണ്ടല്‍ ജീവിതം' എന്ന ഈ ഭാഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്. D C BOOKS ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

Tuesday, July 19, 2022

ശരിയുടെ ഒരു നിമിഷം

 










- എം ടി വാസുദേവന്‍ നായര്‍


     യാത്രയാരംഭിച്ച് വര്‍ഷങ്ങള്‍ വളരെ കഴിഞ്ഞുവെന്ന് ഇപ്പോള്‍ ചില സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. മനസ്സിന്‍റെ വേഗത്തിനൊപ്പമെത്താന്‍ ചിലപ്പോള്‍ പാടുപെടുന്ന ശരീരവും ഇത് പിറുപിറുക്കാറുണ്ട്. ആഘോഷമില്ലേ എന്ന് ചിലര്‍. ഇല്ലല്ലോ! വാര്‍ധക്യം ഋതുഭേദം പോലെ ഒരു പ്രകൃതിനിയമം മാത്രമാണല്ലോ! അതിലെന്താഘോഷിക്കാന്‍?

     പിറന്നാളുകള്‍ ഞാന്‍ ആഘോഷിക്കാറില്ല. കുറച്ചുകാലമായി ചില കൊല്ലങ്ങളില്‍ മൂകാംബിയില്‍ പോകും. അത് എന്‍റെ പിറന്നാളിനോ, അത് കഴിഞ്ഞാല്‍ മൂന്നാംദിവസം വരുന്ന മകള്‍ അശ്വതിയുടെ പിറന്നാളിനോ. മൂകാംബിയില്‍ ഗോവിന്ദ അടികളുടെ വീട്ടിലാണ് ശാപ്പാട്. ആ ക്ഷേത്രവും പരിസരവും എനിക്ക് സ്വാസ്ഥ്യം നല്‍കുന്നു. വീട്ടുകാര്‍ ഒരു ചിട്ട ഉണ്ടാക്കിയതുകൊണ്ട് കൊല്ലത്തിലൊരിക്കല്‍ അവിടെ എത്തിച്ചേരാന്‍ ബാധ്യസ്ഥനാകുന്നു.

     ഇന്നലെ കഴിഞ്ഞപോലെ തോന്നുന്ന ബാല്യം അത്ര അകലെയാണെന്ന് ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. വീടിന് പിന്നിലെ താന്നിക്കുന്നിന്‍റെ ചെരുവില്‍ കഥയും കവിതയും ആലോചിച്ചു കൊണ്ടുനടന്ന ദിവസങ്ങള്‍. അന്ന് ഒരു കുട്ടിക്ക് കൂട്ടുകാരില്ലാതെ തനിയെ കളിക്കാവുന്ന ഒരു വിനോദമായിരുന്നു അത്. മനസ്സില്‍ വാക്കുകള്‍ ഉരുട്ടിക്കളിച്ച് അതിനൊരു ചിട്ടയോ ക്രമമോ ഉണ്ടാക്കല്‍.

     ദിവസവും എന്തെങ്കിലുമൊക്കെ കടലാസില്‍ കുറിച്ചിടാന്‍ കഴിയുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഈ കടലാസുകള്‍ യാത്രയാരംഭിക്കുന്നു. ഇറവെള്ളത്തില്‍ ഒഴുക്കിവിടുന്നതുപോലെ വിലാസമറിയുന്ന പത്രമോഫീസുകളിലേക്കാണ് ഒഴുക്കിവിടുന്നത്. പലതും വഴികളിലെവിടെയോ മുങ്ങിമറിഞ്ഞു. എങ്കിലും വിനോദം തുടരുന്നു. അങ്ങനെ ചിലത് ഭാഗ്യത്തിന് അച്ചടിയുടെ കരയിലണയുന്നു. ഇതൊരു കുട്ടിക്കളിയല്ല എന്ന് ക്രമത്തില്‍ ബോധ്യമാവുന്നു.

     യുവത്വത്തിന്‍റെ കാലഘട്ടത്തില്‍, ഇരുപതുകളിലും മുപ്പതുകളിലും എഴുത്ത് വേഗത്തിലാണ്. ഒരുതരം ഭ്രാന്തമായ ആവേശം. മനസ്സില്‍ കൊണ്ടുനടന്ന കഥ രൂപപ്പെട്ടെന്ന് തോന്നിയാല്‍ ഉടന്‍ എഴുതിത്തീര്‍ക്കണം. പകലത്തെ ജോലി കഴിഞ്ഞ്, രാത്രി ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ച് പാര്‍പ്പിടത്തില്‍ എത്തുന്നു. സമയത്തെപ്പറ്റി ചിന്തിക്കാറില്ല. ചിലപ്പോള്‍ മൂന്നുമണി കഴിഞ്ഞിരിക്കും ആദ്യപകര്‍പ്പ് എഴുതിത്തീരാന്‍. അല്‍പ്പം മണിക്കൂറുകള്‍ ഉറങ്ങി വീണ്ടും ജോലിക്ക് തയ്യാറാവുന്നു. അപ്പോള്‍ തലേന്നെഴുതിയ പേജുകള്‍, വരികള്‍ എല്ലാം മനസ്സിലുണ്ട്. അടുത്ത ഒഴിവുദിവസമായ ഞായറാഴ്ചയ്ക്ക് ഇനിയും ദൂരമുണ്ട്. ഒരു പകല്‍ മുഴുവന്‍ കിട്ടണം അതൊന്ന് പകര്‍ത്തിയെഴുതാന്‍. എഴുതിയ പേജുകളുടെ മാര്‍ജിനില്‍ എനിക്ക് തന്നെയുള്ള ചില നിര്‍ദ്ദേശങ്ങള്‍ രാത്രികളില്‍ കുറിച്ചിടുന്നു. ചില വരികള്‍ വെട്ടുന്നു. തിരുത്തുന്നു. ഞായറാഴ്ച സാവകാശത്തിലിരുന്ന് അത് പകര്‍ത്തിയെടുത്തു കഴിഞ്ഞാല്‍ ഉല്ലാസത്തോടെ പുറത്തിറങ്ങി നടക്കാം.

     വിശേഷാല്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള കത്തുകള്‍ വരുമ്പോള്‍ രണ്ടാഴ്ച കൊണ്ട് മൂന്ന് കഥകളുണ്ടാക്കിയ അനുഭവങ്ങളുണ്ട്. ഡേറ്റ് ലൈനുകള്‍ തെറ്റാതിരിക്കാന്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്തു.

     നാല്‍പ്പതുകളിലേക്ക് കടന്നപ്പോള്‍ എഴുത്ത് കൂടുതല്‍ ക്ലേശകരമാവുന്നു. സമയമല്ല പ്രശ്നം. എഴുതിത്തുടങ്ങി കുറച്ചുകഴിയുമ്പോള്‍ അത് ഉപേക്ഷിക്കേണ്ടി വരുന്നു. ശരിയായില്ല എന്ന തോന്നല്‍! ദിവസങ്ങള്‍ക്കുശേഷം, മുമ്പ് മാറ്റിവച്ച മറ്റൊന്ന് തുടങ്ങുന്നു. അങ്ങിനെ തുടങ്ങിയും നിര്‍ത്തിയും ഉപേക്ഷിച്ചും ദിവസങ്ങള്‍ നീങ്ങുമ്പോള്‍ ഒരു നിമിഷത്തില്‍ ശരിയാവുന്നു എന്ന തോന്നലുണ്ടാവുന്നു. ആശ്വാസത്തിന്‍റെ നിമിഷം, അടക്കിനിര്‍ത്തിയ ആഹ്ലാദം.

     വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോകുന്നു. എഴുതാനുള്ളത് മനസ്സില്‍ കൃത്യമായി സ്ഥാനം പിടിച്ചിട്ടുണ്ട്. പക്ഷെ, പിന്നെയാവാമെന്ന് പറഞ്ഞ് മാറ്റിവെക്കാനാണ് തിടുക്കം. മാറ്റിവെക്കലിന് എളുപ്പത്തില്‍ കാരണങ്ങള്‍ കണ്ടെത്തുന്നു. വേനലാണെങ്കില്‍ ഉഷ്ണത്തെ ശപിക്കും. ഭയങ്കരമായ ഈ ഉഷ്ണം ഒന്നവസാനിക്കട്ടെ. മഴ പെയ്ത് ഈ അന്തരീക്ഷം ഒന്ന് തണുക്കട്ടെ. മഴക്കാലം വന്നാലോ? തിരക്കുകൂട്ടാന്‍ വരട്ടെ. മഴയും തണുപ്പും ചേര്‍ന്ന് ഈ അലസതയും ഒന്നാഘോഷിക്കേണ്ടതല്ലേ?

     മൂടിക്കെട്ടിയ ആകാശം. ചന്നംപിന്നം പെയ്യുന്ന മഴ.

     ഒന്ന് തെളിയട്ടെ. പ്രകൃതി ഒന്ന് തെളിഞ്ഞിട്ടാവാം.

     എല്ലാം ഒത്തുവന്നു എന്ന് കരുതുമ്പോള്‍ തിരക്കുകള്‍, ആള്‍ക്കൂട്ടങ്ങള്‍, ശരി, എവിടെയെങ്കിലും ഏകാന്തതയിലിരുന്ന് ജോലി ചെയ്യാം. ആളുകളും ശല്യങ്ങളും ഇല്ലാത്ത ഒരിടം. അതിനുള്ള സ്ഥലം കണ്ടെത്തുന്നു. അപ്പോഴാണ്‌ മനസ്സിലാവുന്നത് ആള്‍ക്കൂട്ടവും ബഹളവും അടുത്തേക്ക് ആക്രമിച്ചുകയറാത്ത വിധം തൊട്ടപ്പുറത്ത് വേണം. ഏകാന്തതയുടെ തുരുത്ത് പേടിപ്പെടുത്തുന്നു.

     എഴുതിത്തുടങ്ങിയിട്ട് അനേകം വര്‍ഷങ്ങളായി. പക്ഷെ, പരീക്ഷാഹാളില്‍ ഉത്തരക്കടലാസിന് മുന്നിലിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഉത്കണ്ഠയും ഭീതിയുമുണ്ട് ഇപ്പോഴും എഴുതാനിരിക്കുമ്പോള്‍. ഇളംപ്രായത്തില്‍ എഴുത്ത് ഒരു വിനോദമായിരുന്നു. ഇപ്പോള്‍ അത് സംഘര്‍ഷമാണ്. വാക്കുകള്‍ തൃപ്തികരമായി നിരന്നുവരാനുള്ള തീവ്രമായ പ്രാര്‍ത്ഥനയാണ്, ആവാഹനമാണ്. ശരിയാവുന്നു, ശരിയാവുന്നു എന്ന് തോന്നുമ്പോഴുള്ള ആഹ്ലാദത്തിന്‍റെ നിമിഷം അകലെ അവ്യക്തമായി കാണുന്നു. അതിലേക്ക് എത്തിച്ചേരാനുള്ള തീവ്രയത്നം തുടരുന്നു. അത് അകലെയല്ല, അകലെയല്ല എന്ന് മനസ്സ് മന്ത്രിക്കുന്നു. പതുക്കെപ്പതുക്കെ മുമ്പോട്ടുള്ള ആ കാല്‍വെപ്പുകളാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്.


(MTയുടെ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, കൈരളി ബുക്സ് പുറത്തിറക്കിയ 'ജാലകങ്ങളും പ്രഭാഷണങ്ങളും' എന്ന പുസ്തകത്തില്‍ നിന്നുമെടുത്താണ് ഇതിവിടെ ചേര്‍ത്തിരിക്കുന്നത്.)