Thursday, February 11, 2021

നിള






 

- ഗിരീഷ്‌ പുത്തഞ്ചേരി



അമ്മേ... നിളേ... 

നിനക്കെന്തുപറ്റി?

മനസ്സിന്‍റെ-

ജാലകക്കാഴ്ചകള്‍ മങ്ങി...

കണ്ണുനീര്‍ വറ്റി...

പൊള്ളുന്ന നെറ്റിമേല്‍

കാലം തൊടീച്ചതാം

ചന്ദനപ്പൊട്ടിന്‍റെ-

യീര്‍പ്പവും മാഞ്ഞു...


ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ

നവയൌവനം, പൂത്ത

പാരിജാതം പോലെ

ഋതുശോഭയാര്‍ന്നതും...

പാലില്‍ക്കുടഞ്ഞിട്ട

തങ്കഭസ്മം പോലെ

പാരം വിശുദ്ധയായ്

നീ പുഞ്ചിരിച്ചതും...


കളിവിളക്കിന്‍റെ

പൊന്‍നാളത്തിനരികത്തു

ശലഭജന്മംപോലെ-

യാടിത്തിമിര്‍ത്തതും...


രാത്രികാലങ്ങളില്‍-

ച്ചാറും നിലാവിന്‍റെ

നീരവശ്രുതിയേറ്റു

പാടിത്തുടിച്ചതും...


ഓര്‍മ്മയുണ്ടോ നിന-

ക്കന്നത്തെ മിഥുനവും

തുടിമുഴക്കും തുലാ-

വര്‍ഷപ്പകര്‍ച്ചയും...


കൈയിലൊരു മിന്നലിടി-

വാളുമായലറി നീ

കുരുതിക്കു മഞ്ഞളും

നൂറും കലക്കി നീ...


തടമറ്റ വിടപങ്ങള്‍

കടപുഴകി വീഴവേ

സംഹാരരുദ്രയാ-

യെങ്ങോ കുതിച്ചു നീ...


വേനല്‍ക്കാറ്റു-

പാളുന്നു പന്തം പോല്‍...

ഉടയാടയ്ക്കു

തീ പിടിച്ചപോ-

ലെരിയുന്നൂ പകല്‍...


അന്തിമങ്ങുന്നു ദൂരെ

ചെങ്കനലാവുന്നു സൂര്യന്‍...

എന്തിനെന്നമ്മേ നീ നിന്‍

അന്ധമാം മിഴി നീട്ടി-

ക്കൂട്ടിവായിക്കുന്നൂ, ഗാഢ

ശോകരാമായണം?


വരാതിരിക്കില്ല

നിന്‍മകന്‍ രഘുരാമന്‍...

പതിനാലു സംവത്സരം വെന്ത

വനവാസം തീരാറായി!



(മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍' എന്ന കൃതിയില്‍ നിന്നുമാണ് ഈ കവിത എടുത്തിരിക്കുന്നത്.)

ശ്രീ.ഷാജികൈലാസ് സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ നരസിംഹം എന്ന സിനിമയുടെ തുടക്കത്തില്‍ ടൈറ്റില്‍സ് കാണിക്കുമ്പോള്‍ ഈ കവിത കേള്‍ക്കാം, ശ്രീ.എം.ജി.രാധാകൃഷ്ണന്‍റെ സംഗീതത്തില്‍, ശ്രീ,കെ.ജെ,യേശുദാസിന്‍റെ ശബ്ദത്തില്‍. എന്നാല്‍ അതില്‍ ചിലയിടങ്ങളില്‍ ചില വാക്കുകള്‍ മാറ്റിയിട്ടുണ്ട്. 

കേള്‍ക്കാം ആ ഗാനം ഇവിടെ

ശ്രീ. എം.ജി.ശ്രീകുമാറിന്‍റെ ശബ്ദത്തിലും അതേ ഗാനം കേള്‍ക്കാം, ഇവിടെ.