Monday, January 3, 2022

എങ്ങനെ ഞാന്‍ അറിയിക്കും!



 




- അനില്‍ പനച്ചൂരാന്‍



എങ്ങനെ ഞാന്‍ അറിയിക്കും - എന്‍ മനസ്സിനെ -

എങ്ങനെ ഞാന്‍ വെളിവാക്കും!

വാക്കുകള്‍ക്കുള്ളിലൊതുക്കുവാനാവില്ല

വിങ്ങുന്ന ഹൃത്തിന്‍ വികാരം - ഇതിനപ്പുറം -

എങ്ങനെ ഞാന്‍ അറിയിക്കും!


ഇഷ്ടം പറഞ്ഞറിയിക്കാന്‍

എന്‍ നാവിനിന്നെത്രയോ കഷ്ടം!

ആകാശത്തോളമല്ലതിനപ്പുറം

ആരോമലേ നിന്നോടിഷ്ടം - ഇതിനപ്പുറം -

എങ്ങനെ ഞാന്‍ അറിയിക്കും!


ഏറെ നാള്‍ കാണാതിരുന്നിട്ടും

ഏറിയെന്നുള്ളിലെ മൂകാനുരാഗം.

കാണി നേരം നിന്നെ കാണാതിരുന്നാ-

ലിന്നെന്തിനോ ഹൃത്തടം നീറും - ഇതിനപ്പുറം -

എങ്ങനെ ഞാന്‍ അറിയിക്കും!


(DC Booksന്‍റെ യൂട്യൂബ് ചാനലില്‍ കൊടുത്തിട്ടുള്ള ഒരു വീഡിയോയില്‍ നിന്നാണ് ഈ കവിത ലഭിച്ചത്. കവി തന്നെ ഈ കവിത ചൊല്ലുന്ന ഒരു വീഡിയോ ആണ്.

അതില്‍ കവി ഈ കവിതയുടെ ഉദ്ഭവത്തെപ്പറ്റി പറയുന്നുണ്ട്. 'ഒരു കവിത എഴുതിത്തരുമോ?' എന്ന് തങ്ങളുടെ പ്രണയത്തിന്‍റെ ആദ്യകാലത്ത് അദ്ദേഹത്തിന്‍റെ ഭാര്യ ചോദിച്ചതിനെത്തുടര്‍ന്ന് എഴുതിയതാണ് ഇത്. കവിതയെന്ന്‍ പറയാന്‍ പറ്റുമോ അതോ പാട്ടെന്നാണോ പറയാന്‍ പറ്റുക എന്നൊരു ചിന്തയും ആ വരികളും അദ്ദേഹം ഈ വീഡിയോയില്‍ പങ്കിടുന്നു.)

DCBooks

Sunday, January 2, 2022

പൂക്കളെപ്പറ്റി ഒരു ക്ഷണിക കവിത





- ഗീതാ ഹിരണ്യന്‍


ഓര്‍മ്മയാണ്

     ഉണ്ണി ഒരിക്കല്‍ ചോദിച്ചിരുന്നു.

     എന്‍റെ കൂട്ടുകാരന്‍ - ഉണ്ണി.

     കൈതപ്പൂ കിട്ടീട്ടുണ്ട്, വേണോ?

     മരപ്പെട്ടിയിലിട്ടോളൂ

     ഉടയാടകള്‍ക്കു മണം കൊള്ളാന്‍.

ഓര്‍മ്മയില്‍ മാത്രമേ

     എനിക്കിന്നു കൈത പൂക്കുന്നുള്ളു.

     കാല്‍പ്പെട്ടിയിലെ കൈതപ്പൂ

     മണം കൊള്ളുന്ന ഉടയാടകളും

     പൂക്കളും കാലവും ഗ്രാമവും

     എത്ര ദൂരെ ഇന്ന്.


പൂക്കളെപ്പറ്റി പറയൂ, നീ ആവശ്യപ്പെടുന്നു.

     പൂക്കളെപ്പറ്റിയോ,

     എന്താണതിലിത്ര പറയാന്‍!

     പൂക്കളില്ലാതെയായിട്ടില്ലല്ലോ

     ഇന്നും ഉദ്യാനങ്ങളില്‍?

     (മരിച്ചവരെപ്പറ്റി,

     പൊയ്പ്പോയതേപ്പറ്റി,

     മാത്രം നമുക്കുള്ളു സ്തുതികള്‍)


മുകള്‍നില തുറസ്സിലെ മണ്‍ചട്ടികളിലെ

     പൂക്കള്‍ക്കു നിറവും ഇല്ലാതെയായില്ല.

     മഞ്ഞ,

     ഊത,

     ചുവപ്പ്,

     കുങ്കുമം.

പക്ഷേ,

     എന്‍റെ പൂക്കളില്ലാതെയായി

     ദൂരെ കാട്ടില്‍

     വയല്‍വരമ്പില്‍

     കുളങ്ങരകളില്‍

     - ഹാ! എന്‍റെ പൂക്കള്‍.

നീ പറയുന്നു-

     പൂക്കളെപ്പറ്റി എഴുതൂ.

     ഏതു പൂവ് കുട്ടി?

     എന്‍റെ പൂവ് പണ്ടേ പൊയ്പ്പോയില്ലേ?

ഞാന്‍,

     പൂക്കളില്ലാത്ത

     ഉദ്യാനമാകുന്നു.


(2002 ഏപ്രില്‍ മാസത്തിലെ പച്ചക്കുതിരയില്‍ നിന്നും എടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.

ഇതിനോടു ചേര്‍ത്ത് കൊടുത്തിട്ടുള്ള കുറിപ്പില്‍ ഇങ്ങനെ പറയുന്നു :

ഈ കവിത ഗീതാ ഹിരണ്യന്‍, 1998 ഒക്ടോബര്‍ 16ന് എസ്.ഉഷയ്ക്കയച്ച ഒരു കത്താണ്. ഈ വരികളെത്തുടര്‍ന്ന് ഗീത എഴുതി -

"പൂവിനെപ്പറ്റി ഇതാ ഒരു ക്ഷണരചന. പക്ഷെ, ഞാനിത് മിനുക്കിയെടുക്കുന്നുണ്ട്. പിന്നെ..."

പിന്നീടത് മിനുക്കിയെടുത്തതായി കാണുന്നില്ല. വിലാസം തെറ്റി, തിരിച്ചുവന്ന ഈ കത്ത് ഹിരണ്യനാണ് പച്ചക്കുതിരയ്ക്ക് അയച്ചു തന്നത്.)

IMAGEⒸ