Friday, July 30, 2021

വെറും നൂലായിരുന്നു ഞാന്‍








- വി എം ഗിരിജ


ഏറെക്കാലം കാത്തിരുന്നു

കണ്ടു, യാത്ര തിരിക്കവെ

കാണാതെങ്ങനെ പോരുന്നൂ

വന്ദ്യം പൌരാണിക ഗൃഹം!


ഇരുളാണകമേ, പൊന്നിന്‍

തളയിട്ടോരു കാലുകള്‍

നാലുദിക്കുമളന്നോരു

നടുമുറ്റത്തുപോലുമേ.


ആരാണുണ്ണീ പോരടിച്ച-

തെന്നു മാറോടു ചേര്‍ക്കിലും

ഊര്‍ന്നുപോയീ ഭവാനൊറ്റ-

യ്ക്കൂഴി തന്‍ പുതുപാച്ചിലില്‍.


വിശപ്പും വേര്‍പ്പുമായ് ദൂര-

നാട്ടില്‍ നീറുന്ന വേലയില്‍

ഇടിഞ്ഞുപോയി ലോകത്തിന്‍

ഭാരത്താല്‍ ഭ്രാന്തനായിയോ?


അവിടെച്ചളിമണ്ണില്‍ത്താ-

നിരുന്നു നോക്കിടുന്നു നീ-

യോണപ്പൂവിന്‍റെയുള്‍ക്കാമ്പി-

ലൂറും തെനൊത്തൊരശ്രുവെ.


മറ്റുള്ളവര്‍ക്കു വേണ്ടീട്ടേ

തേങ്ങിത്തേങ്ങിക്കരഞ്ഞു നീ

കെട്ടൊരമ്പിളിയേ, ധര്‍മ്മ-

സൂര്യനെത്തെളിയിക്കയാം.


ധവളം ഘൃതകൈലാസ-

ച്ചോട്ടില്‍ തൃശൂരെയപ്പനെ-

ക്കണ്ടില്ലെന്നായിരുന്നീടാം

തൃത്താവിന്‍ കാടു നട്ടു നീ.


മണ്ണിന്നടിയിലെ, ലോഹ-

സ്തരത്തില്‍,ത്തീഷ്ണ ലാവയില്‍

ശിലാകൂടത്തിലല്ലെന്‍റെ

മനസ്സില്‍ത്താന്‍ മഹാബലി;


അതിന്നു മാനം തീര്‍ക്കുന്നു-

ണ്ടരിമാവിട്ട പീഠവും

തുമ്പപ്പൂത്താര നിരയും

എന്ന് മേല്‍പ്പോട്ടു നോക്കി നീ.


അതുകൊണ്ടുമ്മ വെയ്ക്കുന്നു

കണ്ണുപൊട്ടന്‍ കറുമ്പിയേ,

തന്നേക്കാളും ഭാരമുള്ളൊ-

രരിയേറ്റുന്നുറുമ്പുകള്‍.


ആ ബ്രഹ്മകീടജനനി-

യിരിപ്പപ്പുതുമാലയും

പിടിച്ചുഴറ്റൊടേ കാത്തു

കാത്തിരിക്കുന്നു കന്യക.


പാലൂറും മുലയും ചോര-

യിറ്റുവീഴുന്ന ഖഡ്ഗവും

ചേര്‍ന്നൊരമ്മ കുടികൊള്ളും

കാവില്‍ച്ചെന്നു ഭജിച്ചു നീ.


തൊണ്ണൂറാണ്ടുകള്‍ പൊയ്‌പ്പോകെ

വാടാതങ്ങു കെടാതെയും

നിങ്ങള്‍ സൂര്യന്‍ താമരയു-

മിണങ്ങും ശോഭ കാണവേ.


പ്രണമിപ്പൂ ചിദാനന്ദ-

ദ്യുതിയാം നിന്‍റെ വാക്കിനെ.

ഇതേ ചൊല്ലൂ ഭവാന്‍ പക്ഷേ,

വെറും നൂലായിരുന്നു ഞാന്‍!


(അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഈ കവിത, 2015 ജൂലൈ മാസത്തിലെ ഗ്രന്ഥാലോകം മാസികയില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഈ കവിത രചിച്ച വി എം ഗിരിജ, അക്കിത്തത്തിനെ കണ്ടുമടങ്ങുമ്പോള്‍, അദ്ദേഹത്തിന്‍റെ പഴയ തറവാട് കൂടി കണ്ടുമടങ്ങുന്നതാണ് കവിതാസന്ദര്‍ഭം. ഈ കവിതയുടെ പേര് - വെറും നൂലായിരുന്നു ഞാന്‍ - അക്കിത്തത്തിന്‍റെ നിത്യമേഘം എന്ന കവിതയിലെ ഒരു വരി കൂടിയാണ്.)

Thursday, July 29, 2021

ആദ്യത്തെ പ്രസാധകന്‍







- എം ടി  വാസുദേവന്‍ നായര്‍ 


   ബി.എസ്.സിയ്ക്ക് പഠിക്കുകയാണ് ഞാനന്ന്. കാലം 1953. പത്രമാസികകളിലൊക്കെ കുറേശ്ശെ കഥകള്‍ എഴുതുന്നുണ്ട്. ജയകേരളം 10 രൂപ ആദ്യം ഒരു കഥയ്ക്കയച്ചുതരുന്നു. മന്ത്രവാദി എന്നാണ് കഥയ്ക്കു പേര്. ഞാനൊരാളായിരിക്കുന്നു. ഞാനെഴുതിയുണ്ടാക്കുന്ന വസ്തുക്കള്‍ക്കും പ്രതിഫലം കിട്ടുന്നു. കാര്യം ഗൌരവത്തിലെടുക്കുക തന്നെ.

   അപ്പോള്‍ കോളേജില്‍ പഠിയ്ക്കുന്ന ഒരു വിദ്യാര്‍ത്ഥിസുഹൃത്തിന്‍റെ കവിതകള്‍ അച്ചടിച്ചുവരുന്നു, പുസ്തകമായി! കുട്ടികള്‍ ചേര്‍ന്നാണ് അച്ചടിപ്പിച്ചത്. അവര്‍ തന്നെ കുറെ കോപ്പികള്‍ വിറ്റിരിയ്ക്കുന്നു. കവിതകള്‍ പത്രങ്ങളില്‍ വന്നതൊന്നുമല്ല. ജയകേരളം തുടങ്ങിയ അന്നത്തെ പ്രമുഖ പത്രങ്ങളില്‍ എന്‍റെ കഥകള്‍ വന്നിട്ടുണ്ട്. എന്നിട്ടും പുസ്തകമാവുന്നില്ലല്ലോ എന്നായി ദുഃഖം.

   പലര്‍ക്കും എഴുതിനോക്കി. ഒരു പ്രസാധകന്‍ കഥകള്‍ കാണാതെ മൊത്തം കോപ്പിറൈറ്റിന് എന്തുവേണമെന്ന് ഒരു കാര്‍ഡില്‍ എഴുതിച്ചോദിച്ചു. ഈ വിവരം അറിഞ്ഞ് ജ്യേഷ്ഠന്‍ താക്കീത് ചെയ്തു. സര്‍വ്വാവകാശവും ചോദിക്കുകയാണ്. സൂക്ഷിച്ച് മറുപടി എഴുതുക.

   അധികമെഴുതിയാല്‍ വേണ്ടെന്ന് പറഞ്ഞാലോ? ഏതായാലും രണ്ടും കല്‍പ്പിച്ച് എഴുതി - നൂറുറുപ്പിക കിട്ടണം. കാത്തിരുന്നു മറുപടി കണ്ടില്ല.

   ഈ ഘട്ടത്തിലാണ് ഉണ്ണിയെ പരിചയപ്പെടുന്നത്. ഉണ്ണി വര്‍ഷങ്ങള്‍ക്കു മുമ്പേ പഠിപ്പുനിര്‍ത്തിയ ആളാണ്‌. കുടുംബത്തിലെ ഒരസുരവിത്ത്. വീട്ടില്‍ വല്ലപ്പോഴുമേ പോകൂ. അധികസമയവും ഹോസ്റ്റലില്‍ കോളേജിലെ കളിക്കാരുടെ കൂടെ കഴിച്ചുകൂട്ടും. ഒരു പരോപജീവിയായിട്ടാണ് ചിലര്‍ ഉണ്ണിയെ കണ്ടത്; പരോപകാരിയായി പലരും. (ഇന്നും ജീവിതത്തില്‍ വലിയ മാറ്റമൊന്നുമില്ല എന്നാണറിയുന്നത്.)

   കോളേജില്‍ ഞാനൊരു തിരഞ്ഞെടുപ്പില്‍ നിന്നു. വാശിയേറിയ മത്സരം. ഇതിലൊന്നും പെടാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന എന്നെ ചിലര്‍ നിര്‍ബന്ധിച്ച് നിര്‍ത്തിയതാണ്. അതില്‍ എന്‍റെ ചേരിയില്‍ ബോര്‍ഡെഴുതാനും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ബോര്‍ഡുകള്‍ ഉറപ്പിയ്ക്കാനും എല്ലാം ശ്രമക്കാരനായ ഉണ്ണി വരുന്നു! ഉണ്ണി ബി.എ മുഴുമിപ്പിച്ചിട്ടില്ല. മലയാളം വായിയ്ക്കാറില്ല. നല്ല ഇംഗ്ലീഷില്‍ കത്തുകളെഴുതും. സംസാരിയ്ക്കും. ഉണ്ണി മുറിയില്‍ ഇടയ്ക്കിടെ വന്നും പോയും ഇരുന്നു. ഇലക്ഷന്‍ കാലത്ത് എന്‍റെ സാഹിത്യവും കുട്ടികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഞാന്‍ ചില കഥകളൊക്കെ എഴുതിയുണ്ടാക്കിയ പുള്ളിയാണെന്ന് ഉണ്ണിയ്ക്ക് അങ്ങനെയാണ് മനസ്സിലായത്.

   തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരു ദിവസം ഉണ്ണി പറഞ്ഞു : "വാസുവിന്‍റെ കഥകള്‍ നമുക്ക് ബുക്കാക്കാം." അതിന് കാശു വേണ്ടേ? വഴിയുണ്ടാക്കാമെന്നായി ഉണ്ണി. പത്തുമണി കഴിഞ്ഞാല്‍ ഹോസ്റ്റലില്‍ പ്രവേശനമില്ല. വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്ക് പ്രത്യേകിച്ചും. പക്ഷെ, പതിനൊന്നുമണിയ്ക്കും പന്ത്രണ്ട് മണിയ്ക്കുമൊക്കെ ഉണ്ണി മതില്‍ ചാടി വരും. ഒരു ദിവസം രാത്രി എന്‍റെ കയ്യില്‍ അമ്പത് രൂപ ഒറ്റനോട്ടും വെള്ളിയുറുപ്പികകളും ഏല്‍പ്പിച്ചിട്ടുപറഞ്ഞു : "സൂക്ഷിച്ച് വയ്ക്ക്". എവിടന്ന് കിട്ടി എന്നന്വേഷിച്ചപ്പോള്‍ മറുപടി ശീട്ടുകളിയെന്നായിരുന്നു. ഭാഗ്യം കുറെനാള്‍ ഉണ്ണിയെ കൈയൊഴിച്ചിരിയ്ക്കുകയായിരുന്നുവത്രേ. ഇപ്പോഴിതാ നല്ല ദിവസങ്ങള്‍ വരുന്നു.

   അടുത്തദിവസം അതില്‍നിന്ന് പത്ത് രൂപ വാങ്ങി ഉണ്ണി കളിയ്ക്കാന്‍ പോയി. പാതിരയ്ക്ക് തിരിച്ചുവന്നപ്പോള്‍ മുതല്‍ കൂടാതെ മുപ്പത് രൂപയുണ്ട്. ഇത് തുടര്‍ന്നുവന്നു.

   ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാഗ്യം പിണങ്ങിപ്പിരിഞ്ഞു. മൂന്നുനാലു ദിവസം കൊണ്ട് ഈടുവെപ്പ് കുറെ കുറഞ്ഞു. കളി നിര്‍ത്താമെന്ന് ഉണ്ണി പറഞ്ഞു. എണ്ണിനോക്കിയപ്പോള്‍ നൂറ്റിരുപത് രൂപയുണ്ട്! വീണ്ടും ശ്രമിച്ചുനോക്കിയാലോ? അയാള്‍ പറഞ്ഞു : "വേണ്ട. ഇത് ഗാംബ്ലിങ്ങാണ്. ഇതിനൊക്കെ ഒരു ലക്ഷണമുണ്ട്!"

   ആ നൂറ്റിരുപത് രൂപ നഗരത്തിലെ ഏറ്റവും ചെറിയ പ്രസ്സില്‍ ഏല്‍പ്പിച്ച് അച്ചടി തുടങ്ങി.

   ധാരാളം അച്ചടിത്തെറ്റുകളോടെ അവസാനം രക്തം പുരണ്ട മണ്‍തരികളുടെ കോപ്പി പുറത്തുവന്നു. റോക്കിയായിരുന്നു പ്രസ്സിലെ ഫോര്‍മാന്‍. ഉണ്ണി അയാളെ സ്വവ പിടിച്ചാണ് കാര്യങ്ങള്‍ ശരിപ്പെടുത്തിയത്.

   രാത്രി രണ്ടുമണിയ്ക്ക് ഉണ്ണി വാതില്‍ക്കല്‍ മുട്ടി. സ്വാമി എഴുന്നേറ്റ് വാതില്‍ തുറന്നു. ഉണ്ണി കടന്നുവന്ന്‍ എന്നെ തട്ടി വിളിച്ചു - "നോക്ക്."

   ഹായ്!! എന്‍റെ പുസ്തകം അച്ചടിച്ചിരിയ്ക്കുന്നു. പുസ്തകത്തിന്‍റെ കുറെ കോപ്പികള്‍ കുട്ടികള്‍ക്കിടയില്‍ വിറ്റു. പുസ്തകങ്ങള്‍ കൊണ്ട് മുറികള്‍തോറും കയറിയിറങ്ങാന്‍ എനിയ്ക്കാവില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉണ്ണി തന്നെയാണ് നേതൃത്വം ഏറ്റെടുത്തത്. കാശ് പലപ്പോഴായിട്ടാണ് പിരിഞ്ഞുകിട്ടിയത്. പ്രസ്സില്‍ പിന്നെയും പണം കൊടുക്കാനുണ്ട്. പ്രസ്സുടമസ്ഥന്‍ ഉണ്ണിയെ തേടി നടന്നു. അപ്പോള്‍ ഉണ്ണി കോളേജ് പരിസരത്തില്‍ നിന്ന് അപ്രത്യക്ഷനായി.

   ക്ലാസിലേയ്ക്ക് എനിക്ക് കുറിപ്പുകളും കൊണ്ട് പ്രസ്സില്‍ നിന്ന് ആള്‍ വന്നു. ഉണ്ണി വരട്ടെ എന്നുപറഞ്ഞ് മടക്കിയയച്ചു. ഒരിക്കല്‍ പ്രസ്സുടമസ്ഥന്‍ തന്നെ അന്വേഷിച്ചുവന്നു. ഞാന്‍ ജാള്യതയോടെ നിന്നു. ഭാഗ്യത്തിന് അയാള്‍ ശകാരിച്ചില്ല എന്നേയുള്ളു.

   ലോകപര്യടനം കഴിഞ്ഞ് ഉണ്ണി തിരിച്ചുവന്നപ്പോള്‍ ഞാന്‍ വിവരം പറഞ്ഞു.

   "വഴിയുണ്ടാക്കാം."

   ഉണ്ണിയ്ക്ക് വഴികള്‍ പലതാണ്. പ്രദര്‍ശനത്തില്‍ ഒരു സ്റ്റാള്‍ വാടകയ്ക്കെടുത്ത് കൂട്ടിവച്ച സിഗരറ്റ് ടിന്നുകളെ റബ്ബര്‍ പന്തെറിഞ്ഞ് വീഴ്ത്തുന്ന ഒരു കളി ഉണ്ണി നടത്തിയിരുന്നു. വാടകയ്ക്ക് തിരക്കുകൂട്ടിയപ്പോള്‍ സ്റ്റാളിലെ സാധനങ്ങള്‍ കൊണ്ടുപോയ്‌ക്കൊള്ളാന്‍ പറഞ്ഞ് വഴക്കുകൂടി ഇറങ്ങിനടന്നു. പ്രദര്‍ശനക്കമ്മറ്റിയ്ക്ക് അഞ്ചാറ് കാലി സിഗരറ്റ് ടിന്നുകളും രണ്ട് റബ്ബര്‍ പന്തും കിട്ടിയത് മിച്ചം!

   ഉണ്ണിയുടെ ഭാവന ഏതു വഴിയ്ക്കാണിനി സഞ്ചരിയ്ക്കുക എന്നറിയാന്‍ ഞാന്‍ കാത്തുനിന്നു.

   ഒരു രാത്രി ഉണ്ണി വീണ്ടും വന്നു. (അതൊരു സവിശേഷതയാണ്. രാത്രിയിലേ ഉണ്ണിയെ കാണൂ!). നന്നായി കുടിച്ചിട്ടുണ്ട്.

   "അയാളിനി പണം ചോദിയ്ക്കില്ല. ആ ആറുവിരലന്‍."

   പ്രസ്സുടമസ്ഥന്‍ മേനോന് ഓരോ കൈപ്പത്തിയിലും ആറാറു വിരലുണ്ട്.

   "കടം തീര്‍ത്തോ?"

   "ചോദിയ്ക്കില്ല. അതുപോരേ? നിറയെ തെറ്റ് - വൃത്തികേടായി അച്ചടിച്ചിരിയ്ക്കുകയാണ്. ഇനിയും കാശേയ്!"

   "എങ്ങനെ പറഞ്ഞുതീര്‍ത്തു?"

   "ഞാന്‍ ഒന്ന് വെരട്ടി. കോളറിന് ചെറുതായിട്ടൊന്നു പിടിച്ചു."

   എന്നെപ്പോലെ ദുര്‍ബലനായ ഉണ്ണിയോ തടിയന്‍ പ്രസ്സുടമസ്ഥനെ വിരട്ടിയത്!

   ഉണ്ണി സ്വകാര്യമായി പറഞ്ഞു : "അഞ്ചു രൂപ ചിലവ്. എന്‍റെ കൂടെ കാദറുണ്ടായിരുന്നു."

   കാദര്‍ സ്ഥലത്തെ പ്രധാന പോക്കിരിയായിരുന്നു.

   ഉണ്ണി ഇപ്പോഴും വലിയ മാറ്റമില്ലാതെ ജീവിയ്ക്കുന്നു. യാതൊരുത്തരവാദിത്വമുവില്ല. എപ്പോഴും വലിയ പദ്ധതികള്‍ ആലോചിച്ച് ഒരു ഓ.ഹെന്‍റി കഥാപാത്രത്തിന്‍റെ നിസ്സംഗതയോടെ വല്ലപ്പോഴും കയറിവരും.

   ഏറ്റവും അടുത്ത് ഉണ്ണിയെ കണ്ടത് ഒരു കൊല്ലം മുമ്പാണ്. ഒരു സിനിമയെടുത്താലെന്താ എന്നാണ് ചോദ്യം. വാസു ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ആളല്ലേ? നമുക്കൊരു സിനിമയെടുത്താലെന്താ?

   "ഫൈനാന്‍സ് വേണ്ടേ?"

   "ഓ...അക്കാര്യത്തെപ്പറ്റി ആലോചിച്ചിട്ടില്ല."

   ആലോചിച്ച് വീണ്ടും വരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയതാണ്. ക്രിക്കറ്റ് ടൂര്‍ണമെന്റിന്‍റെയോ ഫുട്ബോളിന്‍റെയോ തിരക്കില്‍ അത് മറന്നുകാണും. മറ്റൊരു സ്കീമുമായി ഇനിയെപ്പോഴാണ്‌ വരിക ആവോ?

   ഉണ്ണിയെപ്പറ്റി ആരും നല്ലത് പറഞ്ഞുകേട്ടിട്ടില്ല. ആളുകള്‍ അയാളുടെ തെമ്മാടിത്തരങ്ങള്‍ വന്ന് സ്വകാര്യമായി പറയുമ്പോഴെല്ലാം ഞാന്‍ പറയും. 

   "എനിയ്ക്കറിഞ്ഞുകൂട. ശരിയായിരിയ്ക്കാം. പക്ഷെ ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണ്."

   ആദ്യത്തെ പ്രസാധകനെ മറക്കുകയോ?


[ആര്‍ട്ടിസ്റ്റ് ജെ.ആര്‍ പ്രസാദിന്‍റെ, രാഷ്ട്രശില്‍പി കയ്യെഴുത്തുമാസികയുടെ 1969ലെ വാര്‍ഷിക വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം അഥവാ ഓര്‍മ്മക്കുറിപ്പ്. 'എം ടി' എന്ന പേരില്‍, അദ്ദേഹത്തിന്‍റെ രചനകളും മറ്റും ചേര്‍ത്ത്, ശ്രീ.വി ആര്‍ സുധീഷ്‌ തയ്യാറാക്കിയ ഒരു സമാഹാരത്തില്‍ നിന്നാണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്. മള്‍ബെറി ആണ് ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍.]