Wednesday, February 22, 2017

ശവസംസ്ക്കാരം








- കെ പി രാമനുണ്ണി

അസുഖം ഒന്നുമില്ല. ഗോപാലപ്പണിക്കരുടെ ഭാര്യ മരിച്ചു. മധ്യവയസ്‌കയെങ്കിലും നല്ല ചൊറുക്കും ആരോഗ്യവുമുണ്ടായിരുന്നു. പിന്നെ? ആരും എപ്പോഴും മരണത്തിന് വിധേയരാകാം എന്ന് തന്നെ ഉത്തരം.

അടിയൊഴുക്കിന്‍റെ വേഗത്തിലാണ് മരണവാര്‍ത്ത നാട്ടില്‍ പരന്നത്. മഴയും വെയിലുമില്ലാതെ ഇരുണ്ട് നീര്‍കെട്ടി നില്‍ക്കുന്ന ദിവസം. ഞങ്ങള്‍ നാട്ടുകാര്‍ അസ്തപ്രജ്ഞരായി കൊടും മരണത്തെ മനസ്സില്‍ നമിച്ച് പണിക്കരുടെ വീട്ടിലേക്ക് വരിവരിയായി നടന്നുനീങ്ങി. അരോഗഗാത്രയായ കല്യാണിക്കുട്ടിയമ്മ ഒട്ടും കൂസാതെ മരിച്ചു കിടക്കുന്നു. ചൂട് വിട്ടിട്ടില്ല. ഞങ്ങളില്‍ ചിലര്‍ പുറംകൈ കൊണ്ട് ശരീരം സ്പര്‍ശിച്ചു നോക്കുക കൂടി ചെയ്തു.

എവിടെ പണിക്കര്‍? എല്ലാ ചുണ്ടുകളും കണ്ണുകളും മുഖങ്ങളും ഇതേ ചോദ്യം ആവര്‍ത്തിച്ചു. ചിലര്‍ ഘനഗാംഭീര്യത്തോടെ ആരാഞ്ഞപ്പോള്‍ മറ്റു ചിലര്‍ കരുണാര്‍ദ്രമായി വിതുമ്പിച്ചോദിച്ചു. അടുത്ത വീട്ടിലെ ഒരു പാവാടക്കാരി തലയ്ക്കല്‍ ഭാഗത്ത് കണ്ണും മുഖവും പിച്ചിപ്പറിച്ച് മോങ്ങിക്കൊണ്ടിരുന്നു.

ഏതെങ്കിലും ദേശത്ത് ശവസംസ്കാരത്തിന്‍റെ ദേഹണ്ഡത്തില്‍ കൈയും മെയ്യും മറന്ന് വിയര്‍പ്പൊടുക്കുകയായിരിക്കും ഗോപാലപ്പണിക്കര്‍.

ഞങ്ങളുടെ നാട്ടിലെ ശവസംസ്‌ക്കാരങ്ങളുടെ പ്രധാന കാര്‍മ്മികന്‍. യമകിങ്കരന്‍മാര്‍ ജീവനും കൊണ്ട് പടി കടന്നാല്‍ ശവത്തിനുള്ള അവകാശിയായി  ഞൊണ്ടുകാലും വലിച്ച് ഗോപാലപ്പണിക്കര്‍ ആയാസത്തോടെ എത്തുകയായി. പച്ചമുളയും കയ്യിലേന്തി ചേക്കയിലെ അഗ്നികുണ്ഡത്തിലേക്ക് ആഞ്ഞുകുത്തുന്ന പണിക്കരെ നാട്ടിലെ പ്രായം ചെന്നവര്‍ ദുഃസ്വപ്നം കാണാറുണ്ട്.

എന്നാലും ഒരു ശവപ്പെട്ടി പോലെയോ ശവമഞ്ചം പോലെയോ കറുകപ്പുല്ലുപോലെയോ പണിക്കര്‍ ഞങ്ങളുടെ സമൂഹത്തിന്‍റെ ആവശ്യമാണ്. ഞൊണ്ടുകാലില്‍ ചാഞ്ചാടി ദ്രുതപാദനായി എത്തുന്ന പണിക്കരെ കാണുമ്പോള്‍ ഞങ്ങള്‍ ഉള്‍ക്കാളലോടെ ബഹുമാനിക്കുന്നു. മരണത്തെക്കുറിച്ചുള്ള ബോധം ഞങ്ങളെ വിനീതരാക്കുന്നു. ഏത് കൊടുംമരണത്തിന്‍റെ വിലാപത്തിലും മനസ്സാന്നിദ്ധ്യം വിടാത്ത പണിക്കര്‍ നിഷ്കളങ്കയായി മരിച്ചു കിടക്കുന്ന ഭാര്യയെ കാണുമ്പോള്‍ പതറിപ്പോകുമോ? പണിക്കരെങ്ങാനും തളര്‍ന്നുപോയാല്‍ ശവസംസ്കാരത്തിന്‍റെ കാര്യങ്ങള്‍ ആര് നടത്തും? ഇത്തരം വ്യാകുലതകളില്‍ ഞങ്ങളുടെ മനസ്സ് ഉഴറി.

നാടിന്‍റെ നാനാദിശകളിലും ഞങ്ങളുടെ പയ്യന്‍മാര്‍ പണിക്കരെ തിരഞ്ഞ് പാഞ്ഞുനടന്നു. പണിക്കര്‍ എത്തിച്ചേരുന്നതുവരെ ഞങ്ങള്‍ ശരിക്കും മരണത്തിനു മുമ്പില്‍ അനാഥരാണ്. പണിക്കര്‍ വന്നില്ലെങ്കില്‍ ശവവും അസഹ്യമായ ചന്ദനത്തിരി ഗന്ധവും മുഖം നഷ്ടപ്പെട്ട ഞങ്ങളുമായി ഞങ്ങള്‍ സ്വയം കെട്ടിമറയേണ്ടി വരും.

കാത്തുനില്‍ക്കുക എന്നത് മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. കല്യാണിക്കുട്ടിയമ്മയുടെ ശരീരത്തില്‍ ഒന്ന് കൈവയ്ക്കുവാനോ തുറന്നു കിടക്കുന്ന വായ്‌ ഒന്നടച്ചുകൊടുക്കാനോ ആരും ധൈര്യപ്പെട്ടില്ല. അത് അശുഭമായാലോ?

ശവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുത്വക്കേടോ പാകപ്പിഴയോ പറ്റിയാല്‍ പണിക്കര്‍ കാടനാകും. ഇന്ന വീടാണെന്നോ ധനികരാണെന്നോ വ്യത്യാസമില്ല. പണിക്കരുടെ പുരികങ്ങള്‍ വളഞ്ഞുകുത്തി ചുണ്ടുകള്‍ വിറച്ച് ശാപവാക്കുകള്‍ ഉതിരും.

"മനുഷ്യായുസ്സ് പിന്നിട്ട ശരീരമാണ്, വിറകിന്‍ കൊള്ളിയൊന്നുമല്ല വെച്ച് പൂട്ടാന്‍." 
- ചിതയൊരുക്കാന്‍ ധൃതി കൂട്ടിയ ഒരു വീട്ടില്‍ പണിക്കര്‍ അലറിയിരുന്നു. ഇതാണെങ്കില്‍ മരിച്ചു കിടക്കുന്നത് സ്വന്തം ഭാര്യയും.

എന്നാല്‍, പണിക്കര്‍ ശവസംസ്ക്കാരം നടത്തുന്നത് കാണേണ്ടതുതന്നെയാണ്. എന്തൊരു ചിന്തയും കൈത്തഴക്കവുമാണ്. മരിച്ചത് ഏത് നിര്‍ഭാഗ്യവാനായാലും ഒടുക്കം അന്തസ്സായെന്ന് പറയും.

വൈദ്യുതതരംഗം പോലെ ആള്‍ക്കൂട്ടത്തില്‍ ഒരു ചൈതന്യം പ്രവഹിച്ചു - പണിക്കര്‍.

ഇനി?

ഔത്സുക്യം ഞങ്ങളുടെ നെഞ്ചത്ത് തുടികൊട്ടി. സംഭവിക്കുന്നത് കാണാന്‍ ശക്തിയുണ്ടാവുമോ എന്നുകൂടി ഞങ്ങള്‍ക്ക് വെറുതെ സംശയം തോന്നി.

എല്ലാം അറിഞ്ഞതുപോലെയാണ് പണിക്കര്‍ വന്നതും ഒതുക്ക് കയറിയതും കല്യാണിക്കുട്ടിയമ്മയുടെ ശവശരീരം നോക്കിനിന്നതും.

"എന്താണിത്..ശവം ഒന്നു നേരെ കിടത്തുക പോലും ചെയ്യാതെ എല്ലാവരും പകച്ചുനില്‍ക്കുന്നത്?"

പണിക്കര്‍ പ്രവര്‍ത്തനനിരതനായി. വായ അടച്ച്, കണ്ണുകള്‍ തലോടി നേരെയാക്കി, കൈകള്‍ നേരെവച്ച് കല്യാണിക്കുട്ടിയമ്മയെ സ്വസ്ഥയായി കിടത്തി. നിലവിളക്ക് കൊളുത്തി. അരിയും നെല്ലും കലര്‍ത്തി വിതറിയ വലയത്തിനകത്ത് ശവം തെക്കോട്ട് തലവെച്ചു. ചടപടാ എന്ന് കാര്യങ്ങള്‍ നടന്നു. വന്നവരെല്ലാം പണിക്കരുടെ കെട്ടും മട്ടും കണ്ട് അന്തംവിട്ടു. ആഘാതം കൊണ്ടുള്ള ഭ്രമതയാണോ ഈ പെരുമാറ്റം? സ്വന്തം ഭാര്യ മരിച്ചുകിടക്കുമ്പോള്‍-

പണിക്കരുടെ സമപ്രായക്കാരും അടുപ്പക്കാരുമായ വൃദ്ധന്‍മാര്‍ മാറിനിന്ന് കുശുകുശുത്തു. ചെറുപ്പക്കാര്‍ ഇക്കിളിപ്പെട്ടപോലെ ചിരിച്ച് മാറി. അവരുടെ ചിരി അവര്‍ക്കുതന്നെ അസഹനീയമായി.

കല്യാണിക്കുട്ടിയമ്മ ഒഴികെ ജീവനുള്ള ഒരു കൂട്ടാളിയും പണിക്കര്‍ക്ക് ഈ ലോകത്ത് ഉണ്ടായിരുന്നില്ല. തൊഴില്‍പരമായി ഇടപാട് മുഴുവന്‍ ശവങ്ങളുമായിട്ടാണ്. മരണം ചെറുപ്പത്തിലേ പരിചിതനാണ്. അച്ഛനും അമ്മയും അക്കാലത്തുതന്നെ പണിക്കരെ ഒറ്റയ്ക്കാക്കിയിരുന്നു. കല്യാണിക്കുട്ടിയമ്മയില്‍ ജനിച്ച രണ്ട് ആണ്‍കുട്ടികളാകട്ടെ മൃതരെപ്പോലെ വിസ്മരിക്കപ്പെട്ടവര്‍ തന്നെ.

'ഏതോ ദേശങ്ങളില്‍ അവര്‍ക്ക് അന്നം വിധിച്ചിട്ടുണ്ട്. അവര്‍ അവിടെ എത്തിപ്പെട്ടു.' 
- തമിഴ്നാട്ടിലുള്ള മക്കളെക്കുറിച്ച് ചോദിച്ചാല്‍ പണിക്കര്‍ ഇത്രയേ പറയൂ.

ശവമഞ്ചത്തിനും മറ്റും ആളെ വിട്ടശേഷം പണിക്കരെ അല്‍പ്പനേരത്തേക്ക് കണ്ടില്ല. തെക്കേപ്പുറത്ത് തകൃതിയായി മരം വെട്ടുന്ന ശബ്ദം കേട്ട് അങ്ങോട്ട് തിരഞ്ഞപ്പോള്‍ പണിക്കരായിരുന്നു. കോടാലിയുടെ വായ്ത്തല ഇളംമാവില്‍ പതിച്ചുയരുമ്പോള്‍ പകയോടെന്നപോലെ അയാള്‍ മുറുമുറുത്തു. കഴുത്തിലെ ഞരമ്പുകള്‍ പിടഞ്ഞു കയറി. കണ്ണുകള്‍ തുറിച്ചുവന്നു. കോടാലിയുടെ ചലനത്തിനൊപ്പം അയാള്‍ സ്വയം  നുറുങ്ങിക്കൊണ്ടിരുന്നു. മാവിന്‍റെ കടയറ്റതും കോടാലി മണ്ണില്‍ക്കുത്തി അയാള്‍ കുന്തിച്ചിരുന്നു.

എന്തിനാണ് ഇയാള്‍ വയ്യാത്ത പണിക്ക് മുതിര്‍ന്നത്. നല്ല വിറക് അന്തോണിയുടെ കടയില്‍ നിന്ന് വാങ്ങാമായിരുന്നില്ലേ? എന്തായാലും മാവ് നിലം പൊത്തിയ സ്ഥിതിക്ക് ഞങ്ങള്‍ രാമനെ വിളിച്ച് കൊത്തിയെടുപ്പിച്ചു. ഊര്‍ജ്ജം വീണ്ടെടുത്ത് പണിക്കര്‍ വീണ്ടും പ്രവര്‍ത്തനനിരതനായി. അയാളുടെ കണ്ണുകള്‍ ജ്വലിച്ചു. വിരലുകള്‍ ധൃതി വച്ചു. ശബ്ദമുയര്‍ത്തി ആളുകളെ വിളിയും തെളിയും കൂട്ടി ശവമഞ്ചം വട്ടക്കണ്ണി ശരിയാക്കി മുറ്റത്തുവച്ചു. നാക്കില നീട്ടി വിരിച്ചു.

കാര്യങ്ങള്‍ ഇത്രത്തോളമെത്തിയപ്പോള്‍ രണ്ടുമൂന്ന് സമപ്രായക്കാര്‍ ധൈര്യം സംഭരിച്ച് പണിക്കരെ പിടിച്ചു നിര്‍ത്തി. 

"ശവം എടുക്കുന്നതിന് മുമ്പ് കുട്ടികളെ അറിയിക്കണ്ടേ?"

"മദിരാശിയിലും മധുരയിലും ഉള്ളവര്‍ വന്നിട്ടാണോ ശവസംസ്ക്കാരം. എനിക്ക് ആരെയും അറിയിക്കാനില്ല."

കൂടുതലൊന്നും പറയാന്‍ ഞങ്ങള്‍ക്കാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. മരണം, ശവസംസ്ക്കാരം എന്നീ കാര്യങ്ങളില്‍ പണിക്കര്‍ക്കിപ്പുറം പറയാന്‍ ഞങ്ങളുടെ നാട്ടില്‍ ആരാണുള്ളത്! വെറും കാഴ്ചക്കാരനാകാനേ പതിവുപോലെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു.

പണിക്കര്‍ക്കും കല്യാണിയമ്മയുടെ ശവത്തിനും പിറകില്‍ ഒരു ആട്ടിന്‍പറ്റത്തെപ്പോലെ ഞങ്ങള്‍ പുഴക്കരയിലേക്ക് നടന്നു. വഴിയില്‍ തണലിനായി അങ്ങോട്ടുമിങ്ങോട്ടും വരിതെറ്റി നടന്നു. ഒടുവില്‍ പുഴവക്കിലെ വെയില്‍പ്പരപ്പില്‍ ഉപേക്ഷിക്കപ്പെട്ടു.

പണിക്കര്‍ തന്നെ ഭാര്യയ്ക്കുവേണ്ടി ചേക്കയൊരുക്കി. നല്ല എലുമ്പന്‍ മാവിന്‍ വിറക് നിരത്തി അടുക്കിയ മെത്ത.

കാലത്തിന്‍റെ തിരശീലയ്ക്കപ്പുറം നവവധുവായ കല്യാണിക്കുട്ടിയ്ക്ക് പണിക്കര്‍ നാടന്‍ ഉന്നം നിറച്ച കോസറി തട്ടിക്കുടഞ്ഞിരുന്നു. കല്യാണിക്കുട്ടിയെ നിലം തൊടുവിക്കാതെ കോരിയെടുത്താണ് കോസറിയില്‍ പടര്‍ത്തിയിരുന്നത്.

ഇന്ന് ചേക്കയിലേക്ക് വയ്ക്കുമ്പോഴും കല്യാണിക്കുട്ടിയമ്മയുടെ ശരീരം സൂക്ഷിച്ച് പുണര്‍ന്നു പണിക്കര്‍. മൂടിക്കെട്ടിയ ശവശരീരം മാവിന്‍ മെത്തയില്‍ അനുസരണയോടെ ഒതുങ്ങിക്കിടന്നു. അതിന്‍റെ അനക്കം ജീവനുള്ളപോലെ തോന്നിച്ചു.

അഗ്നിജ്വാലകള്‍ പടര്‍ന്നുതുടങ്ങി. അഗ്നിയുടെ കരങ്ങള്‍ കല്യാണിക്കുട്ടിയെ താലോലിക്കുന്നതും നോക്കി പണിക്കര്‍ കുന്തിച്ചിരുന്നു.

അയാളുടെ തലയ്ക്കു മുകളില്‍ ഒരു ചമ്പത്തെങ്ങ് തലയറഞ്ഞു തുള്ളി. ചുഴലിക്കാറ്റിന്‍റെ ശക്തി തന്നെ.

"പണിക്കരേ, ഉണങ്ങിയ മടല്‍ തലയ്ക്ക് വീഴണ്ട."

ആരോ പറഞ്ഞതുകേട്ട് അയാള്‍ ഒറ്റവിരിപ്പില്‍ ചിരിച്ചത് പുഴയോളങ്ങളില്‍ തട്ടിത്തെറിച്ച് പരിഹാസഭാവത്തില്‍ ആവര്‍ത്തിച്ചു.

വീശിമാറുന്ന പുഴക്കാറ്റില്‍ ആവേശത്തോടെയാണ് തീനാളങ്ങള്‍ കല്യാണിക്കുട്ടിയില്‍ നൃത്തമാടിയത്. അവളെപ്പോഴും അങ്ങനെയായിരുന്നു. അടക്കിപ്പിടിക്കുമ്പോള്‍ ആസക്തിയുടെ തീനാമ്പുകള്‍ അറിയാതെ മുളച്ചു വരും. ചുണ്ടില്‍ ഓര്‍മ്മയുടെ തീനാളങ്ങള്‍ മിന്നിത്തെളിഞ്ഞു. പണിക്കര്‍ ചിരിക്കുന്നു.

ഇരുപതു കൊല്ലങ്ങളോളം അവള്‍ ജീവിക്കാനുള്ള ആസക്തിയായിരുന്നു. നാടായ നാടുകളിലെല്ലാം ജഡങ്ങള്‍ ചുട്ടുകരിച്ച് വീടെത്തുമ്പോള്‍ കല്യാണിക്കുട്ടിയ്ക്ക് മാത്രമാണ് ചൈതന്യമുണ്ടായിരുന്നത്. മരവിപ്പിന്‍റെ പുറംതോടുകളെല്ലാം അവളുടെ മാറില്‍ ഉരച്ചുകളയും. മരണവീട്ടിലെ തേങ്ങലുകളോട് നോക്കുകുത്തിയെപ്പോലെ പ്രതികരിക്കുന്ന പണിക്കരുടെ ദുഃഖങ്ങളെല്ലാം കല്യാണിയുടെ മുലകളില്‍ കുതിര്‍ന്നു തീര്‍ന്നിരുന്നു. പിറ്റേന്ന് കാലത്തും ശവങ്ങളെ തേടി പുറപ്പെടണമല്ലോ.

മറക്കാതെ നടുവറ്റ് വെള്ളം കൊടുത്തു അയാള്‍.

തീ, ചുരുളുകളായി കത്തുകയാണ്‌. പതഞ്ഞുപൊരിഞ്ഞ്, പൊട്ടിത്തെറിച്ച്, അലറിവിളിച്ച്, മുറുമുറുത്ത്...

വലിയ പച്ച മുളക്കഷ്ണമെടുത്ത് പണിക്കര്‍ ഊക്കോടെ കുത്തി. കറുത്ത പുകച്ചുരുളുകള്‍ ബോധം നശിച്ച് ആകാശത്തിലേക്ക് മലര്‍ന്നടിച്ചു. പണിക്കര്‍ കഴുത്തു മറിച്ച് നോക്കി നിന്നു.

അസ്തമയസൂര്യന്‍റെ ചുകപ്പു രശ്മികള്‍ ഒരു അഗ്നിശലാക ചമ്പത്തെങ്ങിന്‍റെയും ഉയരം കടന്ന് ആകാശത്തിലെ മാന്ത്രികക്കണ്ണുകളിലൂടെ കോര്‍ത്ത് മിന്നിമറഞ്ഞു.

കുറേനേരം ആകാശത്തിലെ ദീപ്തിയില്‍ തുഴഞ്ഞ് താഴേയ്ക്ക് നോക്കിയപ്പോള്‍ ഭൂമിയും പുഴയും ദുഃഖം കറുത്ത തമോഗോളമായി പണിക്കര്‍ കണ്ടു.

"വിറക് കുറേ അധികമായല്ലോ" - ആരോ മന്ത്രിച്ചു.

മുളക്കഷ്ണം നടുവെട്ടി ചിതയിലേക്കെറിഞ്ഞ് പണിക്കര്‍ ഒറ്റവീര്‍പ്പില്‍ പുഴയില്‍ പോയി മുങ്ങിവന്നു. കൈകള്‍ ഉയര്‍ത്തി ചിതയിലേക്ക് നടന്നു. ആര്‍ത്തിയോടെ തീക്കുണ്ഡത്തില്‍ കമിഴ്ന്നുകിടന്ന് കെട്ടിപ്പിടിച്ചു.

കല്യാണിക്കുട്ടിയിലേക്ക് പണിക്കരെ തീനാളങ്ങള്‍ ഞെരിച്ചമര്‍ത്തി. പൊള്ളച്ചു വരുന്ന തൊലിയുടെ മാറാപ്പുകള്‍ ശബ്ദത്തോടെ പൊട്ടിച്ചീറ്റി. മേല്‍പ്പോട്ടുയരുന്ന കറുത്ത പുകയ്ക്ക് ആക്കം വര്‍ദ്ധിച്ചു. 

ഞങ്ങളുടെ ജീവിതത്തിലെ അന്ത്യകര്‍മ്മം അന്തസ്സായി നടത്താന്‍ പണിക്കരില്ലല്ലോ എന്ന വിചാരത്തിന്‍റെ നേരിയ പുകച്ചുരുളുകള്‍ക്കിടയിലും ഞങ്ങളുടെ മനസ്സ് ആലില പോലെ നേര്‍ത്തു.

(1985 ജനുവരി 6ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ)