Friday, July 5, 2019

ഇടിയന്‍ പണിക്കര്‍






- വൈക്കം മുഹമ്മദ് ബഷീര്‍

ഇടിയന്‍ പണിക്കര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഔട്ട്‌പോസ്റ്റിലേക്ക് സ്ഥലം മാറ്റമായി പോകുന്നു എന്ന് തോന്നുമ്പോള്‍, ലോക്കപ്പിലെ പുള്ളികളെല്ലാം സന്തോഷിച്ചു. എന്നുമാത്രമല്ല, അവരില്‍ ഒരാളായ ദാനിയേല്‍ ഹൃദയം നൊന്ത് ഇടിയന്‍ പണിക്കരോടായിട്ട് ഹൃദയത്തില്‍ പറഞ്ഞു:
'നിന്‍റെ അവസാനത്തെ പോക്കാ!'

അങ്ങനെ ഒരു ഗവണ്മെന്‍റ് ഉദ്യോഗസ്ഥനെ ശപിക്കാമോ?പക്ഷെ ദാനിയേല്‍, ഇടിയന്‍ പണിക്കരിലൂടെ മുഴുവന്‍  ഗവണ്മെണ്ടിനെയുമാണ്‌ കണ്ടത്. അത് ശരിയല്ലെന്ന് ദാനിയേലിന് അറിഞ്ഞുകൂടാ. അയാള്‍ക്ക് വലിയ വിദ്യാഭ്യാസമില്ല. എഴുതാനും വായിക്കാനും കഷ്ടിച്ച് അറിയാം. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. വയറ്റുപിഴപ്പിന് ഒരു ജോലിയും അറിയാം. കമ്പോസിറ്ററാണ്. പിരിച്ചുവിട്ടു. അങ്ങനെ ജോലി അന്വേഷിച്ചിറങ്ങി. വീട്ടില്‍നിന്ന് പത്തറുപതു മൈല്‍ ദൂരെയുള്ള പട്ടണത്തില്‍ വന്ന് പലേ പ്രസ്സുകളിലും വേല അന്വേഷിച്ചു. ഒഴിവില്ല. പട്ടണത്തില്‍ അങ്ങനെ അലയുമ്പോള്‍ ഇടിയന്‍ പണിക്കര്‍ കണ്ടുമുട്ടി. ജോലിയില്ലാതെ അലഞ്ഞതിന് കേസുമായി, ലോക്കപ്പിലുമായി. ഇടിയന്‍ പണിക്കര്‍ ധാരാളം ഇടിക്കുകയും ചെയ്തു.

അങ്ങനെ ഇടിയന്‍ പണിക്കര്‍ സ്ഥലം മാറി പോകുകയാണ്. ലോക്കപ്പിലെ പുള്ളികളെപ്പോലെ കൂട്ടുപോലീസുകാരും സന്തോഷം പ്രകടിപ്പിച്ചു.

ഇടിയന്‍ പണിക്കരെ ആര്‍ക്കും കണ്ടുകൂടാ. ഇന്‍സ്പെക്ടറുടെ പ്രീതിയ്ക്ക് വേണ്ടി അയാള്‍ എന്തും ചെയ്യും; എന്തും പറയും; ശ്വാസത്തിന് നൂറു വീതമുള്ള 'ഉത്തരവ്, ഉത്തരവ്!' പറച്ചിലും തരം കിട്ടുമ്പോഴൊക്കെയുള്ള ഏഷണിയും. അങ്ങനെ ഇടിയന്‍ പണിക്കര്‍ എല്ലാവരുടെയും ശാപം വാങ്ങി പോകുകയാണ്.

ദാനിയേലും കൂട്ടുപുള്ളികളും കമ്പിയഴികളിലൂടെ നോക്കി. ഇനി കുറെ ദിവസത്തേയ്ക്ക് ചേങ്ങല മുട്ടുന്ന കൊട്ടുവടി സ്വൈര്യമായിരിക്കും! ഇടിയന്‍ പണിക്കര്‍ അതുകൊണ്ടാണ് എല്ലാവരെയും ഇടിക്കുന്നത്.

'പോയിവരട്ടെ റൈട്ടര്‍സാറേ?' എന്ന് പറഞ്ഞുകൊണ്ട് ഇടിയന്‍ പണിക്കര്‍ സ്റ്റേഷന്‍ റൈട്ടറുടെ മേശയ്ക്കു മുമ്പില്‍ ചെന്നു. നീണ്ടുമെലിഞ്ഞ വെളുത്ത ശരീരം, ചുരുളന്‍ മുടി, സാത്വികമായ കണ്ണുകള്‍. പുഞ്ചിരിയോടെ പുള്ളികളെയും നോക്കി.

സ്റ്റേഷന്‍ റൈട്ടര്‍ ചിരിച്ചുകൊണ്ട് അനുമതി നല്‍കി.

വെള്ളഷര്‍ട്ടും വെള്ളമുണ്ടും ഇടതുകയ്യില്‍ ഡ്രസ് കെട്ടുമായി ഇടിയന്‍ പണിക്കര്‍ ഇറങ്ങിപ്പോയി.

'അവസാനത്തെ പോക്കാ.' - ദാനിയേല്‍ വീണ്ടും ഹൃദയത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ക്ഷോഭകരമായ വാര്‍ത്ത : 'ഇടിയന്‍ പണിക്കര്‍ ഔട്ട്‌പോസ്റ്റ് പോലീസ് സ്റ്റേഷനില്‍ കെട്ടിത്തൂങ്ങിച്ചത്തിരിക്കുന്നു!'

ദാനിയേല്‍ പിന്നീട് കേട്ടത് ഇങ്ങനെയാണ് : ഇന്‍സ്പെക്ടറും മറ്റും ഔട്ട്‌പോസ്റ്റ്‌ സ്റ്റേഷനടുത്തപ്പഴേ ശവം കണ്ടു. സ്റ്റേഷന്‍റെ അകത്ത് ശീലാന്തിയില്‍ കെട്ടിത്തൂങ്ങി ചത്തു കിടക്കുകയാണ്‌! അടുത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതുവഴി ഉത്തരത്തില്‍ കയറി ഇരുന്നുകൊണ്ട് കഴുത്തില്‍ കുരുക്കിട്ടു... അങ്ങനെ അത് ആത്മഹത്യ എന്ന് മഹസ്സര്‍ തയ്യാറാക്കി.

പക്ഷെ, ദാനിയേലിന് വല്ലാത്ത സങ്കടമായി. ഇടിയന്‍ പണിക്കര്‍ക്ക് ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്. അവര്‍ വഴിയാധാരമാവുകയില്ലേ? ദാനിയേലിന്‍റെ ശാപം മൂലമല്ലേ ഇടിയന്‍ പണിക്കര്‍ മരിച്ചത്? മറ്റുള്ളവരും ശപിച്ചിട്ടില്ലേ?

ദാനിയേല്‍ ചിലപ്പോള്‍ സമാധാനപ്പെടും: ക്രൂരപ്രവൃത്തി മനസ്സാക്ഷിയെ പ്രേരിപ്പിച്ചതാണ്. അതിനു തെളിവായി പോലീസുകാരും പുള്ളികളും പലതും പറഞ്ഞു. മുളകരച്ചുതേച്ച് നിരപരാധിയായ ഒരു സ്ത്രീയെക്കൊണ്ട് സത്യം പറയിച്ചത്; ലിംഗത്തില്‍ പഴന്തുണി ചുറ്റി എണ്ണയൊഴിച്ച് കത്തിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെക്കൊണ്ട് ഗവണ്മെണ്ടിനോട്‌ മാപ്പ് ചോദിപ്പിച്ചത്..ഇങ്ങനെ അനേകം കഥകള്‍.

ദാനിയേല്‍ വിചാരിച്ചു: പോലീസുകാരെല്ലാം ഇടിയന്‍ പണിക്കരെപ്പോലെയാണോ? പക്ഷെ അയാളെപ്പോലെ ആരും അത്ര ഭയങ്കരമായ ക്രൂരത കാണിച്ചിട്ടില്ല. എന്നാലും ആ ഭാര്യ അയാളെ സ്നേഹിച്ചിരുന്നു, കുട്ടികളും. ഭാര്യ അയാളെ 'നാഥാ' എന്ന്‍ വിളിച്ചിരിക്കണം; കുട്ടികള്‍ 'അച്ഛാ' എന്നും! അങ്ങനെ ആ കുടുംബം നാഥനില്ലാതായി തീര്‍ന്നിരിക്കുന്നു. അത് ദാനിയേലിന്‍റെ മാത്രം ശാപം മൂലമാണോ?

ഒന്നും ദാനിയേലിന് നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. പിന്നീടും വളരെ അടിയും ഇടിയും ഏറ്റു; ചൊറിയും ചിരങ്ങും പിടിച്ചു; ഒരു കൊല്ലത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടു. ദാനിയേല്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി.

ഒരു ദിവസം രാത്രി വീണ്ടും ഇടിയന്‍ പണിക്കരെപ്പറ്റി കേള്‍ക്കുകയാണ്. 
ഒരു നാടകക്കാരിയെക്കൊന്ന്‍ പണാപഹരണം നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട, വസൂരിക്കലയും ഒറ്റക്കണ്ണുമുള്ള, കറുത്ത ഒരു തടിയന്‍, ദാനിയേലിനോട് തന്‍റെ ആത്മകഥയില്‍ അടങ്ങിയിട്ടുള്ള വീരപ്രവൃത്തികളെ വര്‍ണ്ണിച്ച കൂട്ടത്തില്‍ പറഞ്ഞു :
"എന്നെ ആരെല്ലാം ഉപദ്രവിച്ചിട്ടുണ്ടോ, അവരെ എല്ലാം ഞാനും ഉപദ്രവിച്ചിട്ടുണ്ട്. ഒരാളെ ഒരു തവണയല്ലേ കൊല്ലാന്‍ കഴിയൂ!"

ദാനിയേല്‍ ചോദിച്ചു : "വല്ലവരെയും രണ്ടുതവണ കൊല്ലാന്‍ തോന്നിയിട്ടുണ്ടോ?"

"ഒരുവനെ മാത്രം കൊന്നത് സുഖമായില്ല. കഷ്ണം കഷ്ണമായി അറുത്തറുത്ത് കൊല്ലേണ്ട പരമദുഷ്ടന്‍ ഒരടിയ്ക്ക് ചത്തുപോകയാണെങ്കില്‍ നമുക്ക് നിരാശ തോന്നുകില്ലേ? ഞാന്‍ തൊട്ടേയുള്ളു. മുഖമടച്ച് ഒന്നടിച്ചു. ദാ.. ചത്തുകിടക്കുന്നു! മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ പിന്നെ മേശ ചുവരിനോട് ചേര്‍ത്തിട്ടു. ഒരു കയറ് കഴുത്തില്‍ മുറുക്കി. എന്നിട്ട് ശീലാന്തിയില്‍ കെട്ടിത്തൂക്കിയിട്ടു."

ദാനിയേല്‍ ചോദിച്ചു : "ആള്‍ ആരാണ്?"

ജീവപര്യന്തം തടവുകാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഒരു പോലീസുകാരന്‍. പേര് ഇടിയന്‍ പണിക്കര്‍!"

[DC ബുക്ക്സ് പ്രസിദ്ധീകരിച്ച, വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ, 'സ്വാതന്ത്യസമരകഥകള്‍' എന്ന പുസ്തകത്തിലാണ് ഞാന്‍ ഇത് വായിച്ചത്.]