Showing posts with label പി പദ്മരാജന്‍. Show all posts
Showing posts with label പി പദ്മരാജന്‍. Show all posts

Sunday, December 17, 2023

പേപ്പട്ടി


 

 

 

 

 

- പി പദ്മരാജന്‍

 

     ഓഫീസിലേക്ക് പോകുമ്പോഴാണ്, പേപ്പട്ടിയെ കണ്ടത്.

     റോഡിന്‍റെ അരികുപറ്റി, കറങ്ങിക്കറങ്ങി നടക്കുന്നു. പിറകെ ഒരുകൂട്ടം തെണ്ടിപ്പിള്ളേരുമുണ്ട്.

     യാത്രക്കാര്‍ ആ വശത്തുകൂടി നടക്കാന്‍ ഭയപ്പെടുന്നത് അയാള്‍ കണ്ടു. കുറേ ദൂരെയെത്തുമ്പോള്‍ത്തന്നെ റോഡിന്‍റെ മറ്റേ അരികിലേക്ക് നീങ്ങുന്നു.

"ഇതിനെ തല്ലിക്കൊല്ലാനാരുമില്ലേ?" - അയാള്‍ തെണ്ടിപ്പിള്ളേരോട് ചോദിച്ചു.

"ഇല്ല."

"അതെന്താ?"

"എല്ലാവരെയും കടിക്കട്ടെ."

     അയാള്‍ ഞെട്ടി. മനുഷ്യവിദ്വേഷികളായ ഒരുകൂട്ടം പിള്ളേര്‍, ഒരു പേപ്പട്ടിയേയും കൊണ്ടുനടക്കുന്നു. മനുഷ്യര്‍ക്ക് ഭ്രാന്ത് പിടിപ്പിക്കാന്‍.

     'തല്ലിക്കൊല്ലണം'. അയാള്‍ തീരുമാനിച്ചു. ഓഫീസിലേക്ക് ഒരു ദിവസത്തെ ലീവിനപേക്ഷിച്ചിട്ട് അയാള്‍ പേപ്പട്ടിയുടെ പിറകെക്കൂടി.

     വെയില്‍ മൂത്തു.

     തെണ്ടിപ്പിള്ളേര്‍ പിരിഞ്ഞുപോയി. പേപ്പട്ടി മാത്രം, ആരെയും കടിക്കാതെ എന്നാല്‍ എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് അലഞ്ഞുനടന്നു. അയാള്‍ അല്‍പ്പം പിന്നിലായി എതിരെ വരുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ഊര്‍ജ്ജസ്വലതയോടെ ഓടി. ഉച്ച വന്നു.

     അയാള്‍ വിയര്‍ത്തൊലിച്ചു. കയ്യില്‍ ഒരു ചെറിയ വടി കരുതി. ഈ വെയിലില്‍ത്തന്നെ അവനെ കാച്ചണം.

     വെയില്‍ താണു.

     പേപ്പട്ടി അപ്പോഴും അലഞ്ഞുനടക്കുക തന്നെ. ഇടയ്ക്കിടെ അയാളുടെ നേരെ തിരിഞ്ഞുനോക്കിക്കൊണ്ട്, ക്രൂരമായി പല്ലിളിച്ചു കാട്ടി. അയാള്‍ എറിഞ്ഞു. പേപ്പട്ടി പിടഞ്ഞുവീണു. പിന്നെ കുടഞ്ഞെണീറ്റ് പൂര്‍വ്വാധികം വേഗത്തില്‍ ഓടി.

     'ഓട്.'

     'നീ സമുദായത്തില്‍ വിഷം ചേര്‍ക്കാന്‍ ഓടുകയാണ്, അല്ലേ?'

     'സമുദായത്തെ കബളിപ്പിക്കാന്‍ നടക്കുകയാണ്, അല്ലേ?'

     'ഓട്. എവിടെവരെ ഓടുമെന്ന് ഒന്ന് കാണട്ടെ!'

     അയാള്‍ വീണ്ടും എറിഞ്ഞു. ഏറുകള്‍ക്ക് ശക്തിയേറി. ഏറില്‍നിന്നൊഴിഞ്ഞ്, അവന്‍ അടുത്തുള്ള ഒരു മദ്യഷാപ്പിലേക്ക് ഓടിക്കയറി. അയാള്‍ ഒപ്പമെത്തിയപ്പോഴേക്കും, അവന്‍ ചെറ്റ പൊളിച്ചു പുറത്തുചാടിയിരുന്നു.

"എന്താ? എന്താ?" - ചാരായം കുടിച്ചുകൊണ്ടിരുന്നവര്‍ ചാടിയെണീറ്റു.

"പേപ്പട്ടി."

"എവിടെ?"

"ഇതിലേ പോയി." - അയാള്‍ ഭയത്തോടെ പറഞ്ഞു.

"അത്രേയുള്ളോ?" - അവര്‍ ഇരുന്നു.

"ഹ! ഹ!!" - അവരെല്ലാംകൂടി ആര്‍ത്തുചിരിച്ചു.

     അയാള്‍ കൂടുതല്‍ കനമുള്ള ഒരു വടി കണ്ടുപിടിച്ച് പുറത്തേക്കോടി.

     വൈകുന്നേരമായപ്പോഴേക്കും, പേപ്പട്ടിയും അയാളും കൂടി നഗരം മുഴുവന്‍ ചുറ്റിക്കഴിഞ്ഞിരുന്നു.

     പേപ്പട്ടി മദ്യപിച്ചിരുന്നു. കാറ്റില്‍ മണം തങ്ങിനിന്നു.

     പേപ്പട്ടിക്കും അയാള്‍ക്കും പിന്നിലായി ഒരുകൂട്ടം ആളുകള്‍ നടന്നും ഓടിയും പിന്തുടര്‍ന്നിരുന്നു.

     അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ നിന്നു.

     അയാള്‍ നടക്കുമ്പോള്‍ അവരും നടന്നു. ക്ഷുഭിതമായ ജനക്കൂട്ടം.

"പേപ്പട്ടി." - അയാള്‍ അവരോടു പറഞ്ഞു. അതുകേട്ടപ്പോള്‍ അവര്‍ ഒരുമിച്ച് ഭയന്നുകൂവി.

      അയാള്‍ അവരെ ശ്രദ്ധിക്കാതെ വീണ്ടും തന്‍റെ കൃത്യത്തില്‍ വ്യാപൃതനായി. അനുധാവനം തുടര്‍ന്നു പിറകില്‍ അംഗസംഖ്യ കൂടുന്നതായും അവര്‍ ഭയപ്പെടുന്നത് തന്നെയാണെന്നും അയാള്‍ക്ക് മനസ്സിലായിരുന്നു. അവര്‍ എരിയുന്ന കല്ലുകള്‍ പിന്നില്‍ വന്നുവീഴുന്നു.

     സന്ധ്യ എത്തി.

     പേപ്പട്ടിയെ കാണാന്‍കൂടി വിഷമമായി. അത് ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഓടിക്കൊണ്ടിരുന്നു. അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ ടോര്‍ച്ചും ചൂട്ടുമൊക്കെയായി പിറകെയുണ്ട്. ഇടയ്ക്കിടെ ഏറുകള്‍ വന്നുവീഴുന്നുമുണ്ട്.

     അയാള്‍ ഓടിയപ്പോള്‍ അവര്‍ ഓടി. അയാള്‍ നിന്നപ്പോള്‍ അവര്‍ നിന്നു. അയാളുടെ ദേഹത്ത് കല്ലുകള്‍ വന്നുവീണു. പിറകില്‍നിന്ന് ആരോ 'പേപ്പട്ടി', 'പേപ്പട്ടി' എന്ന് വിളിച്ചുപറയുന്നത് അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.

     ഓടി ക്ഷീണിച്ചപ്പോള്‍ അയാള്‍ നിന്നു. അയാളുടെ കാലുകള്‍ തളര്‍ന്നിരുന്നു. അതുകൊണ്ട് മുന്‍കൈകളിലും കാലുകളിലുമായി ശരീരം താങ്ങി നിര്‍ത്തിക്കൊണ്ട് അയാള്‍ അണച്ചു.

     എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഒന്നിനും സാധിച്ചില്ല. നാവ് ഉണങ്ങി വരണ്ടിരുന്നു. അയാള്‍ അലറി.

     ശബ്ദം പുറത്തുവന്നപ്പോള്‍ അയാള്‍ക്ക് അത്ഭുതം തോന്നി. താന്‍ കുരയ്ക്കുന്നു; ശരിയായ ഒരു പട്ടിയെപ്പോലെ.

     ജനക്കൂട്ടം അടുത്തുവന്നു. അയാള്‍ കുരച്ചുകൊണ്ട്, വൈരാഗ്യത്തോടെ അവരുടെ നേരെ ചാടിവീണു.

     അപ്പോള്‍, ഒരു പരന്ന കാര്‍ പതറിപ്പാഞ്ഞ് ഒഴുകിവന്നു. ജനക്കൂട്ടത്തെ കണ്ട് കാറിന്‍റെ വേഗം കുറഞ്ഞു. പിന്‍സീറ്റില്‍ മലര്‍ന്നുകിടക്കുന്ന രൂപത്തെ അയാള്‍ കണ്ട് ഞെട്ടിപ്പോയി.

     അയാള്‍ അതിന്‍റെ നേരെ കുരച്ചു.

     പേപ്പട്ടി, നിസ്സംഗഭാവത്തോടെ, തളര്‍ന്നുകിടന്ന് കുരയ്ക്കുന്ന അയാളെയും ജനക്കൂട്ടത്തെയും നോക്കിയിരുന്നു.

     കാര്‍ നീങ്ങിപ്പോയി.

     അയാള്‍ അത്യുച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.

 

(എന്‍റെ പ്രിയപ്പെട്ട കഥകള്‍ എന്ന പേരിലുള്ള, പി പത്മരാജന്‍റെ കഥാസമാഹാരത്തില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. DC Books ആണ് ഈ കൃതി പ്രസിദ്ധീരിച്ച ഈ സമാഹാരത്തിലെ കൃതികള്‍ തിരഞ്ഞെടുത്തത് പത്മരാജന്‍റെ ഭാര്യയായ രാധാലക്ഷ്മി പത്മരാജന്‍ ആണ്.)

Thursday, May 23, 2019

കരിയിലക്കാറ്റുപോലെ...






- പി പദ്മരാജന്‍ 




പെട്ടെന്നൊരു ദിവസം രാവിലെ ഉറക്കമുണരുമ്പോള്‍, നിങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു. മകള്‍ പോയി.

മകള്‍ - ഓമനിച്ചിട്ടൊന്നുമല്ലെങ്കിലും, തീറ്റയും തുണിയും കൊടുത്ത് ഇരുപത് കൊല്ലം വളര്‍ത്തിയെടുത്ത യുവതി ജയശ്രി.

അവള്‍ ഒളിച്ചോടിയതുതന്നെയാണെന്ന് ഊഹിക്കാന്‍ നിങ്ങള്‍ക്ക് വിഷമമൊന്നുമില്ല. എന്തെങ്കിലുമൊരു തുമ്പിനുവേണ്ടി അവളുടെ പെട്ടിയും മേശയുമെല്ലാം വാരിവലിച്ചിട്ട് പരിശോധിക്കുന്നു, നിങ്ങള്‍ ചങ്കിടിപ്പോടെ; ഭാര്യ തേങ്ങിക്കരഞ്ഞുകൊണ്ട്. ആ തിരച്ചിലിനിടയില്‍ നല്ല രണ്ടോ മൂന്നോ ജോഡി സാരികളും, ഉള്ള ആഭരണങ്ങളത്രയും അവളോടൊപ്പം പോയിട്ടുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. കുറിപ്പൊന്നുമില്ല.

ജയശ്രിയുടെ അമ്മ ആദ്യം അല്‍പം ഒച്ചയുണ്ടാക്കിയും ക്രമേണ നിശബ്ദമായും കരയുന്നു. കരച്ചിലിനിടയില്‍ അവര്‍ ആവര്‍ത്തിച്ചു പറയുന്നു.-
 'എന്‍റെ മോള്‍ക്ക് എന്തുപറ്റിയോ എന്തോ. ഇവിടെ എന്തുണ്ടായി അവള്‍ക്ക് ഇങ്ങനൊരു ചീത്ത വിചാരം വരാന്‍?'

ഇളയ കുട്ടികള്‍, രണ്ട് അനിയന്മാരും ഒരനിയത്തിയും, കണ്ണുനീരും പരിഭ്രമവുമായി, വീട്ടിനുള്ളില്‍ അങ്ങുമിങ്ങും പതറി നടക്കുന്നു. 
കാരണമൊന്നുമില്ലാതെ നിങ്ങള്‍ ഇളയവളെ തല്ലുന്നു. ഹാഫ് സാരിയിലേക്ക് തെന്നി വീഴുന്ന അവളെ ചതച്ചുകൊണ്ട്, ആവുന്നത്ര ശബ്ദം താഴ്ത്തി ശപിക്കുന്നു - 
'നീയും പോടീ, ഏതെങ്കിലും തെണ്ടിയോടൊപ്പം.....'

അവള്‍ ഭയത്തോടെ, ഒരു ഭ്രാന്തനെ നോക്കുംപോലെ നിങ്ങളെ പകച്ചു നോക്കുമ്പോള്‍, നിങ്ങളുടെ ഭാര്യ നിസ്സഹായമായ ഒരു തേങ്ങലുമായി അകത്തെ മുറിയില്‍ ചെന്നുവീഴുന്നു. വെളിയില്‍ ദുര്‍ലക്ഷണം പോലെ കാക്കകള്‍ കരയുന്നു.

ഒടുവില്‍, മുറ്റത്ത് ഇളവെയില്‍ പരക്കാന്‍ തുടങ്ങുകയും തേങ്ങലിന്‍റെ അന്ത്യമെത്തുകയും ചെയ്യുമ്പോള്‍, നിങ്ങളും ഭാര്യയും കൂടി ആലോചിക്കുന്നു - 
'പോലീസില്‍ പരാതിപ്പെട്ടാലോ? പത്രത്തില്‍ പരസ്യം കൊടുത്താലോ? അന്വേഷിച്ച് ആളെ വിട്ടാലോ? ബന്ധുവീട്ടില്‍ തിരക്കിയാലോ?'

പിന്നെ അതൊന്നും വേണ്ടെന്ന് വയ്ക്കാന്‍ രണ്ടാളും ഒരേപോലെ നിര്‍ബന്ധിതരാവുന്നു. കാരണം നിങ്ങള്‍ക്കറിയാം, അതുകൊണ്ടൊന്നും ഉദ്ദേശിച്ച പ്രയോജനമുണ്ടാവുകയില്ലെന്ന്. കൂടുതല്‍ നാറാമെന്നല്ലാതെ, നാടൊട്ടുക്ക് അറിയിക്കാമെന്നല്ലാതെ....

പിന്നെ വേറൊന്നുകൂടി നിങ്ങള്‍ക്കറിയാം.... അവള്‍ ആരോടൊപ്പമാണ് പോയിരിക്കുന്നതെന്ന്.

'പോയവള്‍ പോട്ടെ..' 
- അരിശം മൂത്ത് നിങ്ങള്‍ പിറുപിറുക്കുന്നു -
'ഇനിയവളെ ഈ വീടു കാണാന്‍ ഞാന്‍ സമ്മതിക്കുകേലാ..'

ഭാര്യയും ഇളയകുട്ടികളും കേള്‍ക്കാന്‍ വേണ്ടി, നിങ്ങള്‍ ഇതേ കാര്യം തന്നെ, പലവട്ടം, പലമട്ടില്‍ ആവര്‍ത്തിക്കുന്നു, ഉറക്കെയുറക്കെ. നിങ്ങളുടെ കോപതാപങ്ങള്‍ അറിയുന്ന അവര്‍ക്കാര്‍ക്കും മറിച്ചൊരക്ഷരം ഉരിയാടാനുള്ള ശേഷിയില്ല. 

അങ്ങിനെയങ്ങിനെ, ആ ദിവസം അവസാനിക്കുന്നു.

പിന്നാലെ....
പുതിയൊരു ദിവസം ഉണ്ടാകുന്നു.

Sunday, September 26, 2010

പ്രേതം

- പി പദ്മരാജന്‍

എട്ടാമത്തെ ആളും മറുപടി പറഞ്ഞു : 
    "ഞാന്‍ ആ വഴിക്കല്ല."
അയാളും നടന്നു പോയി...

    കുട്ടി വീണ്ടും കവലയില്‍ കാത്തുനിന്നു. ആരെങ്കിലും വരും. പാടത്തിന്റെ നടുവിലൂടെ,നടന്നു അക്കരെയെത്തേണ്ടവരായി ആരെങ്കിലും ഉണ്ടാകാതെ വരില്ല.
    വീട്ടില്‍ ചെന്നാല്‍ അടികിട്ടും. പക്ഷെ,അന്നേരം അവന്റെ മനസ്സില്‍ അതേച്ചൊല്ലി പരിഭ്രമമൊന്നും ഉണ്ടായിരുന്നില്ല. സന്ധ്യക്കു മുന്‍പ് കടയിലേക്കയച്ചതാണ്. മുക്കിലെ സൈക്കിള്‍വേല കണ്ട് നിന്നുപോയി. നല്ലവണ്ണം ഇരുട്ടുവീഴുകയും സൈക്കിള്‍യജ്ഞത്തിന്റെ കാണികള്‍ പിരിയാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ബീഡി വാങ്ങാനാണ് താന്‍ വന്നതെന്ന വിവരം ഓര്‍ത്തതുതന്നെ.
ഇവിടെവരെ കുഴപ്പമില്ല. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ താഴേക്കു ഒരു ഓട്ടം വച്ചുകൊടുത്തേനെ. പക്ഷെ, ഇപ്പോഴതിന് ധൈര്യം വരുന്നില്ല.
    പാടം കഴിഞ്ഞു കയറുന്ന ഇടവഴിയുടെ തൊട്ടടുത്താണ് വസൂരി വന്ന് മരിച്ച തേവിത്തള്ളയെ കുഴിച്ച് താഴ്ത്തിയത്.
കഴിഞ്ഞയാഴ്ച.
    രാത്രിയിലതുവഴി നടന്നുകൂടാ. ദുര്‍മ്മരണമാണ്. അതും അമ്മവിളയാട്ടം.
    രാത്രിയില്‍ ആ പറമ്പിലൂടെ ആലംബമില്ലാത്ത ഒരു പന്തം അലഞ്ഞുതിരയുന്നുണ്ടാവും എന്ന കാര്യത്തില്‍ കുട്ടിക്ക് സംശയമേതുമില്ല. അതുവഴി ഒറ്റയ്ക്ക് നടന്നു പോകുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍കൂടി വയ്യ.
വീട്ടില്‍ച്ചെന്നുപറ്റിയാല്‍ മാത്രംമതി. അടിയോ ഇടിയോ എന്തുവേണമെങ്കിലും അച്ഛന്റെ ഇഷ്ടംപോലെ തന്നുകൊള്ളട്ടെ.
    ഒരാള്‍ നടന്നു വരുന്നു. അലസമായ വേഷം.


"പാടം വഴിക്കാണോ?"- അടുത്തെത്തിയപ്പോള്‍ കുട്ടി ധൈര്യത്തോടെ ചോദിച്ചു.
"അല്ല."-അയാള്‍ നടന്നു. നടക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കി ചോദിച്ചു : "എന്താ?"
"ഛെ!"-കുട്ടി അറിയാതെ പറഞ്ഞുപോയി :"ഒന്നുമില്ല."
അവനു നിരാശമുറ്റി.
"കുട്ടിക്ക് അതുവഴിക്കാണോ പോവണ്ടത്?."-അയാള്‍ അടുത്തുവന്ന് ചോദിച്ചു.
കുട്ടി തലയാട്ടി.
"പിന്നെന്താ പോകാത്തത്?"-സ്നേഹത്തോടെയുള്ള അന്വേഷണം.
"ഒറ്റയ്ക്ക് പോവാന്‍ പേടി."
അയാള്‍ ഒരുനിമിഷം നിന്ന് എന്തോ ആലോചിച്ചു.
പിന്നെ ചോദിച്ചു : "ഇപ്പോള്‍,ഈ സമയത്ത് എവിടെ പോയിരുന്നു?"
"കടയില് ബീഡി വാങ്ങിക്കാന്‍."
"ആര്‍ക്ക്?"
"അച്ഛന്."
"ഈ രാത്രീല് നിന്നെ ഒറ്റയ്ക്ക് അയച്ചു?"
വല്ലായ്മയോടെ ഒരു കള്ളം പറഞ്ഞു : "അതേ."
അയാള്‍ നടന്നുപോകുമോ എന്ന് ഭയം തോന്നി,
ധൈര്യം അവലംബിച്ച് കുട്ടി കടന്നുകയറി ചോദിച്ചു : "എന്നെ ആ പാടത്തിന്റെ അക്കരെയുള്ള ഇടവഴിവരെ കൊണ്ടാക്കിയാല്‍ മതി."
"ശരി."
അയാള്‍ മുമ്പേ നടന്നു.
"വരൂ."
ഒപ്പം നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു : "ഇടവഴിയുടെ അടുത്താണോ വീട്?"
"അല്ല. അവിടന്നും ഒരുപാട് പോണം."
"പിന്നെ അവിടംവരെ കൊണ്ടാക്കിയാല്‍?"
"അവിടന്നങ്ങോട്ട് ഞാന്‍ തനിച്ചുപൊയ്ക്കൊള്ളാം."
അയാള്‍ ഒന്നും മിണ്ടിയില്ല.
പാടത്തിന്റെ നടുവിലുള്ള വരമ്പിലൂടെ അയാള്‍ മുമ്പെയും അവന്‍ പിറകെയുമായി നടന്നു.
"ഇടവഴിയുടെ അടുത്താണ് തേവിത്തള്ളയെ കുഴിച്ചിട്ടത്."-കുട്ടി പറഞ്ഞു.
"ഏതു തേവിത്തള്ള?"
"വസൂരിദീനം പിടിച്ച് ചത്തുപോയില്ലേ?"
"ആ."-അയാള്‍ അലസമായി മൂളി.
"മണ്ടപോയ തെങ്ങിന്റെ ചുവട്ടിലാ അവരെ കുഴിച്ചിട്ടത്."-കുട്ടി വിശദീകരിച്ചു :"അവിടംവരെ കൊണ്ടാക്കിയാല്‍ മതി പിന്നെനിക്ക് പേടിയില്ല."
"ചത്തുപോയവരെ കുട്ടിക്ക് പേടിയാണോ?"
"അതെ."
അയാള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
പാടം ഏതാണ്ട് അവസാനിക്കാറായി.വരമ്പിനു നടുവില്‍ അയാള്‍ പെട്ടെന്നുനിന്നു.
"ഇവിടമല്ല. കുറേക്കൂടി അങ്ങുപോണം."- കുട്ടി പറഞ്ഞു.
അയാള്‍ അതു കേള്‍ക്കാത്തഭാവത്തില്‍ പറഞ്ഞു : "നിന്റെ കൈയ്യിലുള്ള പൈസാ ഇങ്ങെട്."
അടിയേറ്റതുപോലെ പകച്ചു നിന്നുപോയി.
"ഉം."- അയാള്‍ കൈനീട്ടിക്കാണിച്ചു.
കുട്ടി അറച്ചുനിന്നു.
"മര്യാദയ്ക്കെടുത്തു താ. ഇല്ലെങ്കില്‍ നിന്റെ കഴുത്തു ഞെരിച്ച് ഉള്ള പൈസയും എടുത്ത് ഞാനങ്ങുപോകും."-അയാളുടെ സ്വരം മാറിയിരുന്നു.
ഒരു രൂപയാണ് കൊടുത്തയച്ചത്. ബാക്കി എണ്‍പത് പൈസയുണ്ട്. ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും അതെടുത്തുകൊടുത്തു. കൈ വിറച്ചു.
"ബീഡിയെവിടെ?"
കുട്ടി കൈതുറന്ന് കാണിച്ചു.
മറ്റൊന്നും പറയാതെ അയാള്‍ അതു കടന്നെടുത്തു.
"ഓടിക്കോ.ഞാനിവിടെനിന്നു നോക്കിക്കോളാം."
അയാള്‍ വരമ്പിന്റെ ഒരറ്റത്തേയ്ക്ക് നീങ്ങിനിന്നു.
കരച്ചില്‍ വന്നു. ഭീതിയുടെയും പരിഭ്രമത്തിന്റെയും വന്‍കാട്ടില്‍ അറിയാതെ വന്നു ചാടിയതുപോലെ തോന്നി.
കിട്ടിയ അവസരം കളയാതെ ഓടി.
കണ്ണുകള്‍ നിറഞ്ഞിരിന്നു.
ഇടവഴിയിലൂടെ ഓടി. തിരിഞ്ഞു നോക്കാന്‍ ധൈര്യം വന്നില്ല. അയാള്‍ ഒരുപക്ഷെ പിറകിലുണ്ടാവുമോ?
തേവിത്തള്ളയുടെ പ്രേതത്തെക്കുറിച്ചും മണ്ടപോയ തെങ്ങിനെക്കുറിച്ചും ഓര്‍മ്മ വന്നില്ല. അവിടം കടന്നപ്പോഴാണ് അതു ഓര്‍മ്മ വന്നതുതന്നെ.
അല്പം കൂടി ഓടിയിട്ട് കിതപ്പോടെ നിന്നു. വല്ലാതെ അണയ്ക്കുന്നുണ്ട്.
അവിടെ നില്‍ക്കുമ്പോള്‍ ഭയം തോന്നിയില്ല. പകരം ആ മനുഷ്യനില്‍ നിന്നു രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമായിരുന്നു.
തേവിത്തള്ള എന്തു പാവം!
തിരിഞ്ഞു നോക്കി. ആരും പിറകെ വരുന്നില്ല.
ഇരുട്ടില്‍,ദൂരെ,പാടത്തിനു നടുവിലൂടെ,ആലംബമില്ലാത്ത ഒരു പന്തം പോലെ ബീഡിയുടെ ചുവന്ന കണ്ണ് അകന്നകന്നു പോകുന്നു.

Wednesday, February 17, 2010

അപരന്‍


 
 
 
 
 
 
- പി പദ്മരാജന്‍

തന്നെപ്പോലെ ഒരാള്‍ ഈ ചെറിയ പട്ടണത്തിൽ എവിടെയോ ഉണ്ട്. അസ്വസ്ഥതയോടെ ജെ മനസ്സിലാക്കി. കുത്തനെയുള്ള ഇറക്കം ചവിട്ടിയിറങ്ങിവരുന്ന സൈക്കിള്‍കാരന്‍ ആയാസപ്പെട്ടു ബ്രേക്ക് പിടിച്ച് ജെ-യോടു ചോദിക്കുന്നു:
'എം അല്ലേ?എത്രകാലമായി കണ്ടിട്ട്?'
 
ചുവന്നകണ്ണുകളും കൊമ്പന്‍മീശയും മുഖത്തു വെട്ടിന്‍റെ പാടുകളും ഉള്ള സൈക്കിള്‍കാരന്‍.
 
'ഞാന്‍ എം അല്ല.'- ജെ ഭയന്നു വിറച്ചുകൊണ്ടു പറഞ്ഞു.
 
സൈക്കിള്‍ കിഴുക്കാംതൂക്കായി ഒഴുക്കു തുടര്‍ന്നു.
 
തീയേറ്ററില്‍ അടുത്ത സീറ്റിലിരുന്നയാള്‍ ലൈറ്റ് വന്നപ്പോള്‍ മുതുകിലടിച്ചുകൊണ്ട് ചോദിച്ചു:
'തന്നെ എവിടെയും കാണാമല്ലോ?'
 
'ഞാന്‍ എം അല്ല.'- ജെ ഞെട്ടിപ്പറഞ്ഞു.
 
ജടനിറഞ്ഞ കൈയ്യുയര്‍ത്തി അയാള്‍ ക്ഷമ ചോദിച്ചെങ്കിലും ജെ-യ്ക്ക് പിന്നെ ഇരിക്കാന്‍ വയ്യാതായി. വീണ്ടും ലൈറ്റണഞ്ഞപ്പോള്‍ എണീറ്റുപോന്നു.
 
അപ്പോള്‍ എന്നെപ്പോലൊരാള്‍ ഈ ടൌണില്‍ വളരെക്കാലമായി താമസമുണ്ട്- ജെ മനസ്സിലാക്കുന്നു.
 
ജിംനേഷ്യത്തിനു മുന്നിലൂടെയുള്ള റോഡിനുമീതെ, സ്റ്റേഡിയത്തിന്‍റെ വളവില്‍ ഒളിഞ്ഞുനിന്ന് മരങ്ങള്‍ ഇലനീട്ടി തണല്‍ തന്നു. കരകൌശലവസ്തുക്കള്‍ വില്‍ക്കുന്ന ഇന്‍സ്റ്റിട്ട്യുട്ടില്‍ നിന്ന് കാറിലേക്കു കയറുവാന്‍ തുടങ്ങുകയായിരുന്ന മദ്ധ്യവയസ്കന്‍ നാവോടിച്ചു ശബ്ദമുണ്ടാക്കി വിളിച്ചു. വെള്ളത്തില്‍ കല്ല്‌ വീഴുന്ന ശബ്ദം.
ഇതാ വീണ്ടും എമ്മിനെ ആവശ്യപ്പെടുന്നു.
 
 അയഞ്ഞു തിളങ്ങുന്ന പാന്‍റും ചുരുട്ടുമൊക്കെയുള്ള ധനികന്‍ അടുത്തുവന്ന്, കോപിച്ച്‌ കൈചുരുട്ടിക്കൊണ്ടു പറഞ്ഞു:
'പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യണം.'
 
'ഞാന്‍...'- ജെ പറയാന്‍ ഒരുങ്ങി.
 
'പണം വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതെന്തിനാണ് വാങ്ങിയതെന്ന് എന്ന് മറക്കാന്‍ പാടില്ല.' - അയാളുടെ വായ ദുര്‍ഗന്ധം വമിച്ചു.
 
'നിങ്ങള്‍ക്ക്.....'- ജെയെ പറയാന്‍ സമ്മതിക്കാതെ അട്ടഹാസം ഉയര്‍ന്നു.
 
'സുകേശിനിയെ കൊണ്ടുവരുംപോലും. ഒന്നുകില്‍ പണം തിരികെ തരണം. അല്ലെങ്കില്‍ ഇന്ന് രാത്രി.... '
 
'ഞാന്‍ ജെയാണ്. എം അല്ല.'
 
ദേഷ്യപ്പെട്ടു നടക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കാറ് അയാളെ കടന്നുപോയിരുന്നു.
 
എം ചീത്തപ്രവൃത്തികള്‍ ചെയ്യുന്നവനാണ്. അതും പോരാഞ്ഞ് ഇടപെടുന്ന ആളുകളെ കബളിപ്പിച്ച്‌ പണമുണ്ടാക്കുന്നവന്‍ കൂടിയാണ്. ജെ ഉറപ്പിച്ചു.
അവന് ച്യുതിയില്ല.
 
 ഏതായാലും ഒരിക്കല്‍ തന്‍റെ ശരീരമുള്ള തന്‍റെ ഈ മുഖത്തെ ഒന്നു കാണണം.
 
ജെ പോക്കറ്റില്‍ കത്തിയുമായി നടന്നു. മുഖങ്ങളിലൊക്കെ ദൃഷ്ടി പായിച്ചു. നീളത്തില്‍ കണ്ണുകള്‍. അവയ്ക്ക് മുമ്പില്‍ രോമം വിതച്ച വരകള്‍ ചായം പിടിപ്പിച്ചവയും അല്ലാത്തവയുമായ കവാടങ്ങള്‍ - മേല്‍കീഴായി നാസാരന്ധ്രവും ശ്രവണേന്ദ്രിയവും. നാറുന്ന ഗുഹകളില്‍ നിന്ന് നാവുകളും എത്രകോടി. പക്ഷെ,തന്‍റെ പ്രതിച്ഛായ കണ്ടു പിടിക്കണമെങ്കില്‍ ലോഡ്ജില്‍ ആണി താങ്ങുന്ന പൊട്ടിപ്പൊളിഞ്ഞ കണ്ണാടിയില്‍ പ്രകാശമെത്തണം.
 
വൈകുന്നേരം 5.40 എന്ന് ജെയുടെ വാച്ച് ഉദ്ഘോഷിക്കുന്നു. അതിന്‍റെ അര്‍ത്ഥം, കടന്നു പോകുന്ന വാച്ചുകളിലെല്ലാം സമയം 5.45നും 5.35നും മദ്ധ്യേയാണെന്നാണ്. ഓരോരുത്തരും അവനവന്‍റെ വാച്ചിനെച്ചുറ്റി അലയുന്നു.
 
10.30ന് പാലത്തിന്‍റെ അടുത്തു നില്‍ക്കാം. വരുമോ? 1.30ന് തെക്കുനിന്നുവരുന്ന (പെണ്‍കുട്ടികളുടെ) ബസ്സിന്‍റെ രണ്ടാമത്തെ സീറ്റില്‍ കിഴക്കേ അറ്റത്തായി സുന്ദരിയുണ്ട്. 3.15ന് ചൊറിപിടിച്ച ചെക്കന്‍ സായാഹ്നപത്രം വില്‍ക്കാനിറങ്ങും. ബൂത്തില്‍ പാലുവാങ്ങാന്‍ വന്നവര്‍ പിരിയുമ്പോള്‍ മണി മൂന്നേമുക്കാലായിരിക്കും.
അങ്ങനെയങ്ങനെ.....
 
ജെ-യുടെ വാച്ചിന്‍മേല്‍ മറ്റൊരു വാച്ചുരസി. ഒരാളുടെ കാലചക്രം മറ്റൊരാളുടേതിന്‍മേല്‍ ഉരസിയിരിക്കുന്നു. ജെ-യ്ക്ക് വെറുതെ തോന്നി.
 
നിറഞ്ഞുതുളുമ്പുന്ന രാജവീഥി. അര വരെ ഒരേ ഘടനയും രണ്ടു കാലുകളുമുള്ള സ്ത്രീപുരുഷന്‍മാര്‍, ഒരുപോലെ ഇടതുകാല്‍, ഒരുപോലെ വലതുകാല്‍ എന്നക്രമത്തില്‍ ഇളക്കിസഞ്ചരിക്കുന്ന സന്ധ്യ. ഭാഗ്യം. വാച്ചില്‍ പോറലുണ്ടായിട്ടില്ല.
 
ജെ തലയുയര്‍ത്തി നോക്കുമ്പോള്‍...ഇത് എം തന്നെ.
 
ആണിയില്‍ത്തൂങ്ങാത്ത കണ്ണാടി.
 
'എം അല്ലേ?'
 
'അതെ ജെ.'
 
'എങ്ങനെയറിഞ്ഞു?'
 
'പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.'
 
ജെ-യുടെ പോക്കറ്റിന്‍മേല്‍ ആര്‍ത്തിനിറഞ്ഞ ഒരു നോട്ടം വന്നു വീണു. പോക്കറ്റിനുള്ളില്‍ വിളറി മഞ്ഞപ്പു കയറിയ, പത്തുപൈസയ്ക്കു കിട്ടുന്ന ഒരു ബസ്‌ടിക്കറ്റ് ഏകാകിയായി നടുവൊടിഞ്ഞ് മരിച്ചുകിടന്നിരുന്നു.
 
'എന്ത് ചെയ്യുന്നു?'- ജെ വെറുതെ കുശലം ചോദിച്ചു.
 
'വെറുതെ കഴിയുന്നു.'- എം ചിരിച്ചു. വലിയ അടുപ്പം കാണിച്ച് കയ്യില്‍ കടന്നുപിടിച്ചു.
 
'ജോലി?'
 
'പ്രത്യേകിച്ച് അങ്ങനെയൊന്നുമില്ല.'- എം പറഞ്ഞു. 
 
'മറ്റുള്ളവര്‍ക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുത്ത് ഒരുവിധത്തില്‍ കഴിഞ്ഞുകൂടുന്നു സാര്‍! സാര്‍ അതു നേരത്തെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.'
 
ജെ (നാണംകെട്ട പട്ടി).

ജെ അവിവാഹിതനാണ്. എന്നിട്ടും കടുത്ത പ്രാരബ്ധമാണ്. കുറഞ്ഞ ശമ്പളക്കാരന്‍. ചെറിയ സംഖ്യകള്‍ മണിയോര്‍ഡര്‍ അയച്ച് അവയുടെ കുറ്റികള്‍ ശേഖരിച്ച് കൂട്ടിനോക്കി വീട് ചുമക്കുന്നവന്‍ എന്ന് വിമ്മിട്ടത്തോടെ അഭിമാനിച്ചു നടക്കുന്ന സ്വഭാവമുള്ളവനാണ്. സ്വയം പരിചയപ്പെടുമ്പോള്‍ ആരോടായാലും ഈ വിവരം പറയും.
  
'ദാ നോക്കൂ,എന്‍റെ തോളുകള്‍ ഒരു വീട് ചുമക്കുന്നു. കാണുന്നില്ലേ?'
 
എമ്മിനെയും ചൂണ്ടിക്കാണിച്ചു.
 
എം അയാളെ ഉപേക്ഷിച്ചു നടന്നുപോയി.
 
വീണ്ടും കാണുമ്പോഴേക്ക് എം കുബേരനായി മാറിയിരിക്കും. (ഇന്നത്തെക്കാലത്ത് വിജയം ഇത്തരക്കാര്‍ക്കൊക്കെയാണ്. ദുഷ്ടതയ്ക്കും ദുഷ്കൃത്യങ്ങള്‍ക്കുംകൂലി കിട്ടുന്ന കാലം).
 
ഞായറാഴ്ച പകല്‍ പാര്‍ക്കില്‍ അലഞ്ഞു ക്ഷീണിച്ചപ്പോള്‍ മുണ്ടഴിച്ച് കളഞ്ഞു. പൂളിലിറങ്ങി കൈകാലുകളിളക്കി നീന്തി. മൂക്കില്‍ വെള്ളം കയറി. ചെവി കെട്ടിയടിച്ചുനിന്നു. വെള്ളത്തിന്‍റെ അടിയില്‍ മുങ്ങിമലര്‍ന്നു മുകളില്‍നിന്നും കുത്തിവീഴുന്ന സൂര്യന്‍മാരെ കണ്ടു. കണ്‍പീലികളിന്‍മേല്‍ കുമിളകള്‍ തിളങ്ങുന്നതു നോക്കി രസിച്ചു.
 
ശരീരം തോര്‍ത്തി. കുളിര്‍കാറ്റേറ്റു. ജീവിതവും കുമിളയല്ലേ എന്നോര്‍ത്തുനടക്കുമ്പോള്‍ ഒരു കുട്ടി ഓടിച്ചെന്ന് ഒരെഴുത്തുകൊടുത്തു.
 
‘അശ്ലീലപുസ്തകത്തില്‍ വര്‍ണിച്ച നാലു പോസുകളില്‍ ഒതുങ്ങുന്ന ഒരു രാത്രിയാണോ പ്രേമം?’
 
തിരിഞ്ഞു നോക്കുമ്പോള്‍ കുട്ടി മറഞ്ഞിരുന്നു.
 
സ്ത്രീയുടെ എഴുത്ത്: 'പുതിയ ടൂത്ത് പേസ്റ്റിന്‍റെ സ്വാദുപോലെയാണ് ഓരോ പുതിയ പെണ്ണും എന്ന് നിങ്ങള്‍ പറയുമായിരുന്നു. പക്ഷെ അതു പ്രയോഗത്തിലാക്കിക്കളയും എന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ദുഷ്ടന്‍.’
 
എം ദുഷ്ടനാണ്‌. കത്തിന്‍റെ അടിയില്‍ താന്‍ മരിക്കും എന്ന് അവള്‍ എഴുതിയിരുന്നു.
 
‘വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് സാനിട്ടോറിയത്തിന്‍റെ എതിരെയുള്ള ബസ്‌സ്റ്റോപ്പില്‍ വരുമോ?’
 
ജെ വ്യാഴാഴ്ച അവധിയെടുത്തു.പറഞ്ഞിടത്തു പോയി. ഉള്ളിലേക്ക് ചുരുങ്ങിയ പിന്‍ഭാഗവും മുഷിഞ്ഞ ചീട്ടുപോലെയുള്ള മാറിടവും മാത്രം അവശേഷിക്കുന്ന മധുരപ്രായക്കാരിയായൊരു പെണ്‍പ്രേതം കൃത്യസമയത്ത് സാനിട്ടോറിയത്തില്‍ നിന്ന് ചാടി വീണു.
 
‘നിങ്ങളുടെ കൂടെ ഒരിടത്തുവന്നാല്‍ (ഹോട്ടലിലായാലും ഏതു നരകത്തിലായാലും) നിങ്ങളെ മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കൂട്ടുകാരന്‍ പോലും. നല്ല പണം കിട്ടിയിരിക്കും,അല്ലേ?’. 
അവള്‍ കരഞ്ഞു:
'നിങ്ങളെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്‍റെ ജീവിതം നിങ്ങള്‍ കുറേശ്ശേയായി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒടുവില്‍ ഇങ്ങനെയും.’
 
‘ഞാന്‍ എം അല്ല’- ജെ പിറുപിറുത്തു .
 
റോഡിനെതിരായുള്ള വായുവില്‍ ഒരാത്മാവ് ലയിക്കുന്നതു കണ്ടു.
 
ഇടയ്ക്കൊരിക്കല്‍ കടന്നുപോകുന്ന ഒരു കാറിന്‍റെ മുന്‍സീറ്റില്‍ തന്‍റെ പ്രതിച്ഛായ ദര്‍ശിച്ചു. പിന്നെ പലവാഹനങ്ങളിലും ഒരിക്കലും ചിരിക്കാത്ത താന്‍ പൊട്ടിച്ചിരിച്ചുകൊണ്ടൊഴുകുന്നതു കണ്ടു. ഒരുച്ചയ്ക്ക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ബസ്സിലിരുന്ന് മിടുക്കനായ താന്‍, പാവമായ തന്നെ നോക്കി കൈവീശി.
 
ജെ സ്വകാര്യമായി വിഷാദിച്ചു.
 
അദ്ദേഹം അമ്പലത്തില്‍ പോയി. എമ്മിന്‍റെ രൂപം മാത്രം തന്നിട്ട്, എന്തുകൊണ്ട് അയാളുടെ ഭാഗ്യങ്ങള്‍ കൂടി തനിക്കു തന്നില്ല എന്നു ദൈവത്തോട് കര്‍ശനമായി ചോദിച്ചു.
 
എന്നിട്ടെന്തു കിട്ടി?
 
'പട്ടാളക്കാരുടെ കാന്‍ടീനില്‍ നിന്നും റം എടുത്തു തരാമെന്നു പറഞ്ഞു കാശു വാങ്ങിയിട്ട് ഒളിച്ചു നടക്കയാണ് അല്ലേ?'
 
'ഞാന്‍ ജെ ആണ്.'
 
'കടം വാങ്ങിയാല്‍ തിരികെ തരണം.അന്വേഷിച്ചു വരുമ്പോള്‍, അബോധാവസ്ഥ നടിച്ചു കിടന്നാല്‍ കൊന്നുകളയും റാസ്കല്‍.'
 
'ഞാന്‍ ജെ ആണ് മിസ്റ്റര്‍.'
 
'നിങ്ങളുടെ ബ്ലഡിന്‍റെ റിസള്‍ട്ട്‌ കിട്ടി. പോസിറ്റീവാണ്‌. എന്തെങ്കിലും എളുപ്പം ചെയ്തോണം.'
 
'ഞാന്‍ ജെ ആണ്.എം അല്ല.'
 
'ചേച്ചി മരിക്കുമെന്നു പറയാന്‍ പറഞ്ഞയച്ചു.'
 
'ഞാന്‍ എം അല്ല കുട്ടീ ജെ ആണ്.'
 
'ഇനി ഇത് പൊതിഞ്ഞുകെട്ടി നടക്കാന്‍ വയ്യ. ഇപ്പോള്‍ തന്നെ കൂട്ടുകാരികള്‍ക്ക് മുഴുവന്‍ സംശയമായിരിക്കുന്നു.ഒരു മാസംകൂടി കഴിഞ്ഞാല്‍...'
 
'ഞാന്‍ ജെ ആണ്.ഈ എഴുത്ത് എനിക്കുള്ളതല്ല.'
 
'അന്ന് പറഞ്ഞ സ്വര്‍ണം.'
 
'അയ്യോ ഞാന്‍ ജെയാണ്.ഞാന്‍ ജെയാണ്.'
 
തന്നെ തോല്‍പ്പിച്ചുകൊണ്ട് അപരന്‍ പണക്കാരനായിക്കാണും. കാറ് വാങ്ങിയിരിക്കും. റോട്ടറി ക്ലബ്ബിലും മറ്റും പ്രസംഗിക്കുകയും ഹോട്ടല്‍ മുറികളില്‍ ചര്‍ദ്ദിക്കുകയും കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ധനസഹായം ചെയ്യുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ആരോടും വിനയത്തില്‍ സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാവും.
 
ജെ-യ്ക്ക് അസൂയ ഉണ്ടായി.
 
അയാള്‍ പരിചയക്കാരെക്കണ്ടാല്‍പ്പോലും കുനിഞ്ഞു നടന്നു പോകുന്ന ഒരു മണ്ടനായി മാറി.
 
ഒരാള്‍ക്ക് പട്ടണത്തില്‍ എത്ര വര്‍ഷങ്ങള്‍ വേണമെങ്കിലും താമസിക്കാം. പത്തുവര്‍ഷം തുടര്‍ച്ചയായി താമസിച്ചുകഴിയുമ്പോള്‍ ഒരാള്‍ അവടത്തെ ഒരു ചരിത്രവസ്തുവായി മാറുന്നു എന്നുമാത്രം. അതെങ്ങനെ? ഒരാളുടെ പുറംതോടുകള്‍ ചിതല്‍ കൊണ്ട് പോകുന്നു. ഒരാളുടെ കണ്ണും മൂക്കും ഒക്കെ പൊതിഞ്ഞ് ചിലന്തികള്‍ വലകെട്ടുന്നു. വരുമ്പോള്‍ വാങ്ങിയ പാന്ടുകള്‍ മാത്രം അന്നും നിലനില്‍ക്കുന്നു.
 
പൊടിഞ്ഞു തുന്നിയവ. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. കോഫിഹൗസിന്‍റെ മുന്നില്‍ അടിഞ്ഞുകൂടാറുള്ള, പുതിയതായി പെറ്റുവളര്‍ന്ന കൃമികള്‍, ജെ കടന്നു പോകുമ്പോള്‍ രഹസ്യം പറഞ്ഞു:
'പതിനഞ്ചു വര്‍ഷത്തിനു മുമ്പത്തെ ഫാഷന്‍....'
 
ചരിത്രവസ്തുവിന്‍റെ മുടിചീകലും കൈമടക്കിവയ്ക്കുന്ന രീതിയും ഷൂസുകളും എല്ലാം ഫാഷന്‍റെ മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിച്ചുപഠിച്ചു. അവയെക്കുറിച്ചു വിശദമായ നോട്ടുകള്‍ കുറിച്ചെടുത്തു.
 
വീണ്ടും ഒരിക്കല്‍,രണ്ടാം തവണ എമ്മിനെ നേരിടേണ്ടി വന്നു. ഇപ്പോഴത്തെ തന്‍റെ മുഖത്തിന്‍റെ പ്രതിച്ഛായ. കാലം ഒരുപോലെയാണെന്നു തോന്നുന്നു, എല്ലാവര്‍ക്കും നീങ്ങുന്നത്. അഞ്ചു മിനിറ്റിന്‍റെ വ്യത്യാസം മുഖത്തെ ചുളിവുകളില്‍ കാണാനില്ല. രണ്ടാളും ഇപ്പോഴും ഒരുപോലെ.
 
    എം വലിയ പണക്കാരനായിക്കാണും. ജെ മനസ്സില്‍ ഉറപ്പിച്ചു.
 
എം അടുത്തു വന്നു:
 
'വളരെ നാളായല്ലോ കണ്ടിട്ട്?'
 
'നൂറുമേനിയും ശരി.'
 
കുതിരച്ചാണകം അരഞ്ഞുചേര്‍ന്ന റോഡില്‍, വഴിയാത്രക്കാരുടെ കഫം ഉണങ്ങി, കുമിളകുത്തി നിന്നിരുന്നു. ജീവിതം, എം, അതിന്‍റെ മേലേക്കു തുപ്പി. രക്തം കലര്‍ന്ന ലേശം ദുര്‍ഗന്ധമുള്ള തുപ്പല്‍ റോഡു നനച്ചു. പൊട്ടാത്ത കുമിളക്ക് ചുവപ്പുനിറം ബാധിച്ചു.
 
'മാര്യേജൊക്കെ കഴിഞ്ഞോ?'- എം ചോദിച്ചു.
 
'എവിടെ? പ്രാരാബ്ധങ്ങള്‍ തീര്‍ന്നിട്ട് ഒരുമാത്രയെങ്കിലും ജീവിക്കാന്‍ പറ്റുമോ എന്നു സംശയമാണ്. അതിരിക്കട്ടെ ജീവിതം എങ്ങിനെ?'
 
'കഷ്ടപ്പാട്.'
 
'കോടീശ്വരനായില്ലേ?'- ജെ ആകാംഷയോടെ അന്വേഷിച്ചു.
 
'ആര്?'
 
'ഞാന്‍ വിചാരിച്ചത്...'
 
'കുഞ്ഞേ...'
എം എങ്ങലടിച്ചു. അയാളുടെ പോക്കറ്റിന്‍റെ അടിഭാഗം നീളത്തില്‍ കീറിയിരുന്നു. കണ്ണുകളില്‍ ചിലന്തിവലകള്‍ കണ്ടു. അവയില്‍ എട്ടുകാലിയുടെ കുഞ്ഞുങ്ങളെ കണ്ടു. മൂക്ക് നിറഞ്ഞിരുന്നു. ഇടയ്ക്കിടെ കൊഴുത്ത ജലം തലനീട്ടി നരച്ചു തുടങ്ങിയ മീശയിന്മേല്‍ നക്കി.
 
ജെ-യ്ക്ക് ഭയം തോന്നി. അത് മനസ്സിലായപ്പോള്‍ എം ആവശ്യപ്പെട്ടു.
'ഇരുപത്തഞ്ചു പൈസ വേണമായിരുന്നല്ലോ!'
 
ഭയം മാറി സഹതാപമായി.
 
ആകെയുണ്ടായിരുന്ന പത്തൊന്‍പതു പൈസ എമ്മിനു കൊടുത്തു.
  
'ഞാന്‍ വിചാരിച്ചത്....' - ജെ പറഞ്ഞു - 'നിങ്ങള്‍ക്ക് നല്ല വരുമാനമുണ്ടായിരുന്നു എന്നാണ്.'
 
'തെറ്റായ ധാരണകള്‍.നമ്മുടെയെല്ലാം രക്ഷിതാക്കള്‍ പൊതുജനമല്ലേ ജെ? പിന്നെങ്ങിനെ?'
 
'പഴയ തൊഴിലൊക്കെ...?'
 
'നിര്‍ത്തിയോ എന്നാണോ? അവ ഇപ്പോള്‍ ജീവിതമാണ്; ജീവശ്വാസമാണ്.'
 
എം നന്ദി പറഞ്ഞു,പത്തൊമ്പതു പൈസ കൊടുത്തതിന്. പിന്നെ നടന്നു. നടക്കുമ്പോള്‍ പൊടിഞ്ഞുപോയ കണ്ണുകളില്‍ ചിലന്തിക്കുട്ടികള്‍ ഓടിക്കളിച്ചു. വിശപ്പും പട്ടിണിയും പഴയതു പോലെ നഗ്നമായി. തമിഴുനൃത്തം തുടരുന്ന കണ്ണുകള്‍.
 
'നിന്നെപ്പോലൊരാള്‍.'- ജെ അകത്തേക്കു ശ്രദ്ധാപൂര്‍വ്വം വിളിച്ചുപറഞ്ഞു. അവിവാഹിതനും പത്തുപതിനഞ്ച് ഇന്‍ക്രിമെന്‍റല്‍ വാങ്ങിയ ഗവണ്മെന്‍റ് ഉദ്യോഗസ്ഥനും എല്ലാമായ നിന്നെപ്പോലെ - ഇതാ ഒരാള്‍!'
 
നാലു കണ്ണുകളിലും ഒരേതരം ചിലന്തികള്‍; രണ്ടു മൂക്കുകളിലും ഒരേ കൊഴുപ്പുള്ള ഉറവ.
 
ജീവിതത്തില്‍ ആദ്യമായി ജെ-യ്ക്ക് ഒരാവേശം അടക്കാന്‍ വയ്യാതെയായി.
 
ആരോടെങ്കിലും ഇതുപറയണം...'

(ശ്രീ.ജയറാം ആദ്യമായി അഭിനയിച്ച അപരന്‍ എന്ന ചലച്ചിത്രത്തിന് ആധാരമായ കഥ. ചിത്രം ഇവിടെ കാണാം.)