Showing posts with label അയ്യപ്പപ്പണിക്കര്‍. Show all posts
Showing posts with label അയ്യപ്പപ്പണിക്കര്‍. Show all posts

Tuesday, October 31, 2023

മോഷണം







 - കെ അയ്യപ്പപ്പണിക്കര്‍ 



വെറുമൊരു മോഷ്ടാവായോരെന്നെ 

കള്ളനെന്നു വിളിച്ചില്ലേ, താന്‍

കള്ളനെന്നു വിളിച്ചില്ലേ?


തുണി മോഷ്ടിച്ചതു കാണുന്നവരുടെ

നാണം കാക്കാനായിരുന്നല്ലോ - അവരുടെ

നാണം കാക്കാനായിരുന്നല്ലോ.


കോഴിയെ മോഷ്ടിച്ചെങ്കിലതേ, അത് 

പൊരിച്ചു തിന്നാനായിരുന്നല്ലോ - എനിക്കു

പൊരിച്ചു തിന്നാനായിരുന്നല്ലോ.


പശുവിനെ മോഷ്ടിച്ചെങ്കിലതും - എനിക്കു

പാലുകുടിക്കാനായിരുന്നല്ലോ - പശുവിന്‍

പാലുകുടിക്കാനായിരുന്നല്ലോ .


കോഴിയിറച്ചീം പശുവിന്‍പാലും 

വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ - എന്‍റെ

വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ.


നല്ലതുവല്ലോം മോഷ്ടിച്ചാലുടനേ-

അവനേ-

വെറുതേ-

കള്ളനാക്കും നിങ്ങടെ ചട്ടം.

മാറ്റുക മാറ്റുക ചട്ടങ്ങളെയവ

മാറ്റും നിങ്ങളെയല്ലെങ്കില്‍.                

Tuesday, November 30, 2021

മൂന്നു കവിതകള്‍





- കെ അയ്യപ്പപ്പണിക്കര്‍



* കരച്ചില്‍ *

അവന്‍ മരിച്ചു, അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, എങ്കിലും അവള്‍ കരഞ്ഞില്ല.

അവന്‍ മരിച്ചു, പക്ഷെ അവള്‍ കരഞ്ഞില്ല.

അവള്‍ എന്തിനു കരയണം?


* കാര്‍ *

ഇതാണെന്‍റെ കാര്‍.

മുന്‍സീറ്റിലാണ് ഞാന്‍ എപ്പോഴും.

ഞാന്‍ തന്നെ ഇതോടിക്കുന്നു.

പിറകില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്,

എന്‍റെ ഒപ്പം അയാള്‍ ഇരിക്കുകയില്ല.

അയാള്‍ കാറിന്‍റെ വെറും ഓണര്‍ മാത്രം.


* അങ്കലാപ്പ് *

അങ്കലാപ്പിന്‍റെ അപ്പന്‍

ഇന്നലെ ആപ്പീസില്‍ വന്നിരുന്നു.

അയാളെ കണ്ട് എല്ലാരും എഴുന്നേറ്റപ്പോള്‍

അയാള്‍ അങ്കലാപ്പിലായി.

ജീവനക്കാര്‍ സമരത്തിലായിരുന്നതുകൊണ്ട്

സൌമ്യമായിത്തന്നെ സംസാരിച്ചുനോക്കി.

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

"എന്‍റെ മകനെ അന്വേഷിച്ചാണ്

ഞാന്‍ വന്നത്" - എന്നയാള്‍  പറഞ്ഞു.

"ആരാണ് മകന്‍?" എന്ന്

ആരോ ചോദിച്ചപ്പോള്‍

അയാള്‍ വീണ്ടും അങ്കലാപ്പിലായി.

ഒടുവില്‍ മകന്‍ വന്ന്

"അപ്പാ" എന്നു വിളിച്ചപ്പോള്‍

അപ്പോഴും അയാള്‍ അങ്കലാപ്പിലായി.


(2002 ഏപ്രില്‍ മാസത്തില്‍ ഇറങ്ങിയ, DC ബുക്ക്സിന്‍റെ പച്ചക്കുതിര എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒന്നാണ് ഇത്.)

Sunday, August 23, 2020

അഗ്നിപൂജ

 






- കെ അയ്യപ്പപ്പണിക്കര്‍


1 

ആദിരാവിന്‍റെയനാദിപ്രകൃതിയി-

ലാരംഭമിട്ടോരസംസ്കൃതചിന്തയില്‍

നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും

ഭൂതപ്രപഞ്ചമൊരുക്കുംസനാതന-

കാലമതിന്‍റെ ചിതമ്പലെരിഞ്ഞൊരു 

നാളമുയര്‍ന്നു തെളിഞ്ഞതാണഗ്നി നീ.


2

സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ

വീരരസത്തെപ്പകര്‍ന്നു കൊടുക്കയാല്‍

തന്‍ കരള്‍ കൊത്തിവിഴുങ്ങുവാനെത്തുന്ന

വന്‍കഴുകന്‍റെ ചിറകടിയേല്‍ക്കിലും

ഞെട്ടാതദമ്യമായ്, തന്‍ സിരാചക്രത്തി-

ലത്ഭുതവീര്യമായ് നിന്നതാണഗ്നി നീ.


3

അഗ്നിസ്ഫുലിംഗമേ, നിന്നെ പ്രതീക്ഷിച്ചു

നില്‍ക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകള്‍

തങ്ങളിലുള്ള ജലാംശമൊരു ചൂടു-

കണ്ണുനീരാവിയായ് വിണ്ണിനു നല്‍കിലും

പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകള്‍

തുന്നിവയ്ക്കുന്നതും നിന്‍ കരുണാമൃതം.


4

പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം

വന്‍ ചിതാജ്വാലതന്‍ ഗ്രീഷ്മാന്തരത്തിലും

നന്മയും തിന്മയും സ്നേഹമോഹങ്ങളു-

മൊന്നായുറയുന്ന മഞ്ഞുകാലത്തിലും

വന്‍തപം ചെയ്തമരത്വം ലഭിക്കുന്ന

സഞ്ചിതപുണ്യപരിപാകമഗ്നി നീ.


5

എന്നയലത്തെപ്പടിപ്പുരകാത്തിടു-

മെണ്ണവിളക്കിന്‍ തിരിയുടെ നാമ്പിലായ്

മഞ്ഞിന്‍ കുളിര്‍മ്മയുമോര്‍മ്മതന്‍ തുമ്പിലെ

മന്ദസ്മിതവുമായ് നില്‍ക്കും വെളിച്ചമേ,

ആ വെളിച്ചത്തിന്‍റെ നേരിയ സൌഹൃദ-

മാധുരിയൂറിവരുന്നതുമഗ്നി നീ.


6

കണ്ണുനീര്‍ ദീര്‍ഘനിശ്വാസമായ് മാറ്റിയും

കാളമേഘത്തെ കടലാക്കി മാറ്റിയും

കല്ലും മലകളും കല്ലോലമാക്കിയും

കാലപ്രവാഹ കളഗീതി പാടിയും

ഉദ്രസമാസുര വിദ്യുല്ലതികപോല്‍

കത്തി നില്‍ക്കുന്ന മഹാശക്തിയാണു നീ.


7

പണ്ടുകാലത്തു മറന്നിട്ടു പോന്നൊരു

സംഹാരരാക്ഷസശക്തി ശാപങ്ങളെ

ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-

ജന്മത്തിനുഗ്രവിപത്തായ് വരുന്ന നീ

കണ്ണിമയ്ക്കുന്നതിന്‍ മുന്നിലീവിശ്വങ്ങള്‍

വെണ്ണീറിടുമണുസ്ഫോടനമായിടാം.


8

ഖാണ്ഡവമെത്ര ദഹിച്ചു നീ, കൌരവ

പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ!

സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളു-

മാര്യ പുരാതനത്വത്തില്‍ ഹോമിച്ചു നീ

മായാവിവശതമായവേ, പിന്നെയു-

മോരോവിധം പുനസൃഷ്ടി മോഹിക്കയാം.


9

ആണ്‍മയില്‍പ്പീലിയില്‍ മാരിവില്‍ ചാര്‍ത്തി നീ

ആണ്‍കുയില്‍ക്കണ്ഠം പ്രണയാര്‍ദ്രമാക്കി നീ

അന്തിവിണ്‍മുറ്റത്തൊരായിരം കൈത്തിരി-

ത്തുമ്പും നനച്ചു കൊളുത്തി നിരത്തി നീ

ഇന്നെനിക്കോജസ്സു തന്നു നീ,യെന്‍റെയീ-

പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ.


10

പുറ്റിനകത്തെ രസതന്ത്രവിദ്യയാല്‍

ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും

ദൃഷ്ടപൂര്‍വ്വങ്ങളല്ലാത്തോരനുഭവ-             

സിദ്ധികള്‍ മുക്കുവക്ടാത്തനു നല്‍കിയും

സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു

വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ.


11

ആദിരേതസ്സാ, യനാദ്യന്ത്യവീചിയായ്

പ്രാചിപ്രതീചിപ്രണയപ്രതീകമായ്

ഈറ്റതൊട്ടു ചുടലക്കളം വരെ-

ക്കൂട്ടു മറക്കാതെയെന്നിഷ്ടതോഴനായ്‌

എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന

ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ. 

                                                              

[Ⓒ  നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച, ജി ശങ്കരക്കുറുപ്പ് തിരഞ്ഞെടുത്ത കവിതകളടങ്ങിയ 'മലയാളകാവ്യസംഗ്രഹം' എന്ന കൃതിയില്‍ നിന്നുമാണ് ഈ കവിത ചേര്‍ത്തിരിക്കുന്നത്.]

Wednesday, February 29, 2012

കുതിരനൃത്തം


-അയ്യപ്പപ്പണിക്കര്‍ 

നാലു കൂറ്റന്‍ കുതിരകള്‍ 
ഒരുങ്ങിവന്നു.
ഒന്ന് വെളുപ്പന്‍,ഒന്ന് ചുവപ്പന്‍,
ഒന്ന് കറുമ്പന്‍,ഒന്നിന് തവിട്ടുനിറം.
ഒരുത്തന് നാലുകാല്; 
ഒരുത്തന് മൂന്നുകാല്; 
മൂന്നാമന് രണ്ടുകാല്; 
നാലാമന്‍ ഒറ്റക്കാലന്‍.
ഒറ്റക്കാലന്‍ കുതിര പറഞ്ഞു, 
മറ്റുള്ളവരോട്:
'നൃത്തത്തിനുള്ള സമയമായല്ലോ,കൂട്ടരേ,
നമുക്കൊറ്റക്കാലില്‍ നൃത്തംചെയ്യാം.
മറ്റുള്ളവരതു ശരിവച്ചു ;
നൃത്തംതുടങ്ങി .


നാലുകാലന്‍ നടുങ്ങിവീണു;
മൂന്നുകാലന്‍ മൂര്‍ച്ചിച്ചുവീണു;
രണ്ടുകാലന്‍ ഞൊണ്ടിക്കിതച്ചു;
ഒറ്റക്കാലന്‍ നേതാവുമാത്രം 
നൃത്തം തുടര്‍ന്ന് തുടര്‍ന്നൂ ...