Showing posts with label വിഷ്ണു നാരായണന്‍ നമ്പൂതിരി. Show all posts
Showing posts with label വിഷ്ണു നാരായണന്‍ നമ്പൂതിരി. Show all posts

Saturday, February 25, 2023

നിര്‍ലീനന്‍


 

 

 

 

 

 

 - വിഷ്ണു നാരായണന്‍ നമ്പൂതിരി

 

 

നിന്‍മുന്നില്‍ നിര്‍ലീനനായി ഞാന്‍ നില്‍ക്കവേ

നീയില്ല ഞാനില്ല കാലമില്ല,

ഉള്ളതു നാമെന്ന തോന്നല്‍ മാത്രം

ഉള്ളതൊരേ നിലനില്‍പ്പുമാത്രം!

 

നമ്മെ വലംവച്ചൊഴുകിയകലുന്നു

മണ്ണിന്‍ നിറങ്ങള്‍ മധുകണങ്ങള്‍,

നമ്മെയുരുമ്മിപ്പറന്നു മറയുന്നു

വിണ്ണിന്‍ വെളിച്ചങ്ങള്‍ വിസ്മയങ്ങള്‍.

 

അല്ലികൊഴിഞ്ഞടിയുന്നു സുഗന്ധങ്ങള്‍,

അല്ലിലൊടുങ്ങുന്നു വാസരങ്ങള്‍,

കണ്ണുനീര്‍ക്കുത്തില്‍ വിരിയുന്നു പുഞ്ചിരി,

കണ്ണീര്‍ക്കണം ചിരിപ്പൂങ്കവിളില്‍.

 

കാറ്റിലൊടിയുന്ന വന്മരച്ചില്ലയില്‍

കേള്‍ക്കാമപൂര്‍വസംഗീതരാഗം,

രാക്കുയില്‍പ്പാട്ടിലിന്നേതോ വിതുമ്പലിന്‍

വീര്‍പ്പുപൊന്തുന്നു വികാരലോലം.

 

എല്ലാമറിവുഞാന്‍, എങ്കിലും ഞാനറി-

യില്ല യാതൊന്നും - ഇതേ രഹസ്യം;

ഒന്നുമറിയാതിരിക്കുമെന്നുള്ളിലും

വന്നുദിക്കുന്നു നീയെന്ന സത്യം.

 

നിന്‍മുന്നിലിങ്ങനെ നില്‍ക്കവേ ഞാനില്ല

നീയില്ല, നാമെന്നൊരുണ്മ മാത്രം;

ഉണ്മയിലായിരം സൗരയൂഥങ്ങളെ

ചുംബിച്ചുണര്‍ത്തുമഴകുമാത്രം!

 

(1997ലാണ് കവി ഇതെഴുതുന്നത്. ശ്രീവല്ലി എന്ന സമാഹാരത്തില്‍നിന്നും എടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്)

Wednesday, June 19, 2019

ഒരു സങ്കീര്‍ത്തനം പോലെ...








- വിഷ്ണു നാരായണന്‍ നമ്പൂതിരി


'ഒരു സങ്കീര്‍ത്തനം പോലെ'
ഇപ്പോള്‍ വായിച്ചു തീര്‍ത്തു ഞാന്‍.

ഒരു സങ്കീര്‍ത്തനം പോലെന്‍
മനോവീണയിലിപ്പൊഴും
ഇമ്പമായ് ഈണമായ് അന്ത-
സ്പന്ദമായ് മന്ത്രശുദ്ധമായ്‌
അതു നീണ്ടു മുഴങ്ങുന്നു
വേദനാ മധുരസ്വരം.
ദസ്തയേവ്സ്ക്കിയെപ്പണ്ടു
പഠിപ്പിച്ചിട്ടറിഞ്ഞു ഞാന്‍;
പെരുത്തുനോവുതിന്നോരേ
പൊരുളിന്നധികാരികള്‍!

ജീവിതച്ചൂതിലൊന്നൊന്നായ്
ചേതപ്പെട്ടാത്മപീഡതന്‍
നെല്ലിപ്പലകയില്‍ ചെന്നു
നിലമുട്ടിപ്പരുങ്ങവേ
തളിര്‍പോലൊരു കൈ വന്നു
താങ്ങിടും സ്നേഹവായ്പിനെ
ദൈവമെന്നു വിളിപ്പൂ മ-
റ്റില്ല വാക്കെന്നകൊണ്ടു നാം.

കഷ്ടപ്പാടിന്‍ കലക്കങ്ങള്‍
കാരുണ്യത്തിന്‍ തെളിച്ചവും
അഗാധബോധം ചുംബിക്കു-
മാത്മശക്തി പ്രകര്‍ഷവും
നിഴല്‍വെട്ടങ്ങള്‍ പോല്‍ തെറ്റും-
ശരിയും ചേര്‍ന്ന പാതയില്‍
ചോടുവച്ചിടറിപ്പോകും
ജീവന്‍റെ ഗതിഭേദവും
എത്രമേല്‍ സൂക്ഷ്മമായ്‌ താങ്കള്‍
നിവേദിക്കുന്നു ഭാഷയാല്‍
നിസര്‍ഗ നിരലങ്കാര-
നിര്‍മലാലാപ ശൈലിയില്‍!
അക്കയ്യില്‍ (അന്ന തന്‍ കയ്യില്‍
ദസ്തയേവ്സ്ക്കിയെന്നപോല്‍)
മുത്തം പകര്‍ന്നു നില്‍ക്കുന്നു
മുഗ്ധ ഭാവാര്‍ദ്ര കൈരളി!

(മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായ ശ്രീ. പെരുമ്പടവം ശ്രീധരന്, ശ്രീ. വിഷ്ണു നാരായണന്‍ നമ്പൂതിരി സ്നേഹപൂര്‍വ്വം സമ്മാനിച്ച രചനയാണ് ഇത്. 1996ലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്. പെരുമ്പടവം ശ്രീധരന്‍റെ, 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍ കവിയ്ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവണം.

വായന പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'ശ്രീവല്ലി' എന്ന കവിതാപുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.)