Tuesday, May 31, 2022

കമലമ്മ എന്ന അതിഥി









- മാധവിക്കുട്ടി


     രോഗത്തില്‍ നിന്ന് വിമുക്തയാവുന്ന സന്ദര്‍ഭങ്ങളില്‍ ഈശ്വരഭക്തി എന്നെ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ഭദ്രകാളിയെ പൂജിച്ചിട്ടല്ലാതെ ഞാന്‍ രാവിലെ ഭക്ഷണം കഴിച്ചിരുന്നില്ല. പൂജയ്ക്ക് രക്തചന്ദനവും ചുവന്ന പൂക്കളും സിന്ദൂരവും ഉപയോഗിക്കും. കാളിയെപ്പറ്റിയുള്ള ഒരു മന്ത്രം എന്‍റെ നാക്കില്‍ ഒരു ശ്വാസം പോലെ എല്ലായ്പ്പോഴും തങ്ങിനില്‍ക്കും. പക്ഷെ ചില ദിവസങ്ങളില്‍ ഞാന്‍ അവിശ്വാസിയായിത്തീരും. കരഞ്ഞുകരഞ്ഞ് ചുവന്ന കണ്ണുകളോടെ പൂജിക്കാനിരിക്കുമ്പോള്‍ കയ്യിലെടുത്ത പുഷ്പങ്ങള്‍ വീണ്ടും ഞാന്‍ പൂവാലികയില്‍ത്തന്നെ വെക്കും. തിരി ഊതിക്കെടുത്തും. രക്തചന്ദനം എടുത്ത് കുളിമുറിയില്‍ കലക്കിയൊഴിക്കും. ഇനി ഒരിക്കലും ഞാന്‍ അദൃശ്യയായ ഒരൊറ്റ ഭഗവതിയോടും എന്‍റെ മനോവിഷമങ്ങള്‍ ഉരുവിട്ട് പറഞ്ഞ് ശാന്തിക്കായി പ്രാര്‍ത്ഥിക്കയില്ല എന്ന് ശപഥം ചെയ്യും. പക്ഷെ, വീണ്ടും മനസ്സ് ശാന്തമാവും.

     വീണ്ടും എന്‍റെ കിടപ്പറയിലെ കെടാവിളക്കില്‍ ഞാന്‍ എണ്ണയൊഴിക്കും. വീണ്ടും ഞാന്‍ ഓട്ടുവിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ നമസ്കരിക്കും.

     ഏകദേശം പതിന്നാല് കൊല്ലങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ കല്‍ക്കത്തയിലായിരുന്നപ്പോള്‍ എന്‍റെ ഗൃഹാതിഥികളായി രണ്ട് ബന്ധുക്കള്‍ വന്നുചേര്‍ന്നു.

     നാലപ്പാട്ടുകാരുമായി രക്തബന്ധമുള്ള ഒരു കോവിലകമുണ്ട് പുന്നയൂര്‍ക്കുളത്ത്. അതിന്‍റെ പേര് എലിയങ്ങാട്ടു കോവിലകമെന്നാണ്. അവിടത്തെ ഒരു തമ്പുരാന്‍റെ മകളായ കമലമ്മയും അവരുടെ ഭര്‍ത്തൃഗൃഹത്തിലെ ജാനകിയമ്മയുമായിരുന്നു വിരുന്നുകാര്‍. കമലമ്മ എന്‍റെ അമ്മയുടെ ബാല്യകാലസഖിയായിരുന്നു. അവരുടെ നര്‍മ്മബോധത്തെപ്പറ്റിയും സൌശീല്യത്തെപ്പറ്റിയും എത്രയധികം വര്‍ണ്ണിച്ചാലും അമ്മമ്മയ്ക്ക് മതിവന്നിരുന്നില്ല. അതുകൊണ്ട് കമലമ്മ കാശിയാത്ര കഴിഞ്ഞ് കല്‍ക്കത്തയില്‍ വന്നെത്തുമ്പോള്‍ ഒരാഴ്ച എന്‍റെയൊപ്പം താമസിക്കുമെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് എന്നെപ്പറ്റി തെറ്റായും ശരിയായും പല ധാരണകളുമുണ്ടാവണമെന്ന് ഞാന്‍ ഊഹിച്ചു.

     എന്നെ അവര്‍ക്ക് ഇഷ്ടമാവണമെന്ന ആഗ്രഹത്തോടെ ഞാന്‍ എന്‍റെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ ഉടനെ വരുത്തി. അതിരാവിലെ അലാറം വച്ച് ഉണര്‍ന്ന് ഉടനെ എണ്ണസമൃദ്ധിയായി തേച്ചുകുളിച്ച് ശുഭ്രവസ്ത്രധാരിണിയായി ഞാന്‍ കീര്‍ത്തനങ്ങള്‍ ഉറക്കെ ചൊല്ലുവാന്‍ തീരുമാനിച്ചു.

     കമലമ്മ ആ ഭക്തിപാരവശ്യത്തില്‍ മയങ്ങിപ്പോവണം. ഇത്ര നല്ല ഒരു പെണ്‍കുട്ടി നാലപ്പാട്ടുവീട്ടില്‍ ഇതേവരെ ജനിച്ചിട്ടേയില്ല എന്ന് സമ്മതിക്കണം. അതായിരുന്നു പ്ലാന്‍.

     കമലമ്മ വന്നുകയറിയപ്പോള്‍ ഞാന്‍ മുണ്ടും നേര്യതുമായി വാതില്‍ക്കല്‍ത്തന്നെ ഹാജര്‍. നെറ്റിമേല്‍ ചന്ദനക്കുറി. കഴുത്തില്‍ താലി. കമലമ്മ നിര്‍ന്നിമേഷമായി എന്നെ നോക്കി നിന്നു. ഇങ്ങനെയല്ല ഞാന്‍ നിരീച്ചത് എന്ന് അവര്‍ പുഞ്ചിരിയോടെ പറഞ്ഞു. എന്‍റെ ഹൃദയം പുളകം കൊണ്ടു. ഇതാണ് എന്‍റെ യഥാര്‍ത്ഥ രൂപം, ഞാന്‍ പറഞ്ഞു. ഏറ്റവും ഭവ്യതയോടെ പുഞ്ചിരിച്ചുകൊണ്ട്.

     രാവിലെ കമലമ്മ എഴുന്നേല്‍ക്കുന്നതുതന്നെ എന്‍റെ ദേവീമഹാത്മ്യം കേട്ടുകൊണ്ടാണ്. ഉച്ചതിരിഞ്ഞാല്‍ രാമായണം. സന്ധ്യയ്ക്ക് മഹാഭാരതം. രാവിലെ പ്രാതലിനുശേഷം ഭാഗവതം. കമലമ്മയെ കൂട്ടിക്കൊണ്ട് ഞാന്‍ കാളിക്ഷേത്രത്തില്‍ച്ചെന്നു.

     "വളരെ സന്തോഷായീട്ടോ കമലേ" - അവര്‍ പറഞ്ഞു.അവര്‍ പോവുമ്പോള്‍ ഞങ്ങള്‍ വണ്ടി കയറ്റാന്‍ പോയിരുന്നു. അവരുടെ നിഷ്കളങ്കമായ പുഞ്ചിരി എന്നില്‍ നേര്‍ത്ത ഒരപരാധബോധം വളര്‍ത്തി. ഞാന്‍ ജീവിതത്തിലുടനീളം നടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് എനിക്ക് മനസ്സിലായി. ഒന്നാന്തരം ഒരു നടി. പാപിയാണെന്ന് വായനക്കാരെ ധരിപ്പിക്കുകയും വീട്ടുകാരെയും ദൈവങ്ങളെയും ഒരു മാലാഖയാണെന്ന് ധരിപ്പിക്കുകയും ഒരേ സമയത്ത് ഞാന്‍ ചെയ്യുന്നു? വാസ്തവത്തില്‍ ഞാനാരാണ്? എന്താണ് ഞാന്‍? വെറും ഒരു ശൂന്യത മാത്രം. പക്ഷെ, ഈ ശൂന്യതയുടെ പേര് മനുഷ്യന്‍ എന്നാണ്.

     എന്‍റെ മനസ്സിന്‍റെ, അല്ല, എന്‍റെ ആത്മാവിന്‍റെതായ കാപട്യങ്ങളെല്ലാം വേഷവിധാനങ്ങളെയെന്നപോലെ അഴിച്ചുവെച്ചു കഴിയുമ്പോള്‍ ഒരു യാഥാര്‍ത്ഥ്യം മാത്രം അവശേഷിക്കും. സ്നേഹം സമ്പാദിക്കാനുള്ള ദുരാഗ്രഹം. ഏറ്റവും വിലയേറിയ വസ്തുവിനു വേണ്ടി ഏറ്റവും അനര്‍ഹമായ ഒരു പെണ്ണിന്‍റെ വെറും കൊതി. മുറ്റത്ത് ധര്‍മ്മം യാചിക്കുന്നവള്‍ ഒരു രാത്രിയില്‍ താന്‍ രാജ്ഞിയായി കൊട്ടാരത്തില്‍ വാണു എന്ന് സ്വപ്നം കണ്ടിട്ടെന്തു ഫലം?

(മാധവിക്കുട്ടിയുടെ എന്‍റെ ലോകം എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ രചന ഇവിടെ ചേര്‍ത്തിരിക്കുന്നത്. DC Books ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

Monday, May 30, 2022

ആദ്യ സാഹിത്യം


  





ഇടപ്പള്ളി രാഘവന്‍ പിള്ള



ശാന്തസുന്ദരമയമായിടും ശരല്‍ക്കാല-

സാന്ധ്യരാഗാഭയെങ്ങും പരന്നിടുമ്പോള്‍,

പാര്‍വണശശിതന്‍റെ പാലൊളിപ്പട്ടുസാരി

പാരിടവധൂടിയെയുടുപ്പിക്കുമ്പോള്‍,

മെത്തിന കുതുകത്താല്‍ പത്രികള്‍ കളസ്വനാ-

ലെത്തിടും രജനിയെപ്പുകഴ്ത്തിടുമ്പോള്‍,

തന്നലക്കരങ്ങളാല്‍ താളം പിടിച്ചുകൊണ്ടും;

വെണ്ണുരപ്പൂപ്പുഞ്ചിരി പൊഴിച്ചുകൊണ്ടും

ഉണ്മയിലലസമേ പാഞ്ഞിടും തടിനിതന്‍

വെണ്മണല്‍വിരിപ്പിട്ട പുളിനം തന്നില്‍,

ഏകനായിരുന്നതിതുഷ്ടനായ് തടിനിയും

നാകവും മാറിമാറിസ്സമീക്ഷിക്കുന്ന,

പ്രാകൃതരൂപനാകുമാദിപുമാന്‍റെ പരി-

പൂതമാം മനസ്സൊന്നു തുടിച്ചിരിക്കും;

മെച്ചത്തിലവന്‍ തന്‍റെ മാനസമനന്തമാം

സച്ചിത്സ്വരൂപംതന്നില്‍ ലയിച്ചിരിക്കും;

പെട്ടെന്നാ ഹൃദയമാം താരു വഴിഞ്ഞു പുറ-

പ്പെട്ടതാം മകരന്ദഝരികയല്ലോ;

വാഗ്ദേവിതന്‍ നല്‍സ്തന്യപീയൂഷ,മല്ലെന്നാകി-

ലാദ്യസാഹിത്യമായിട്ടറിവൂ ലോകം.