Showing posts with label പ്രസംഗം. Show all posts
Showing posts with label പ്രസംഗം. Show all posts

Wednesday, July 15, 2020

മാധ്യമം വിധി പറയുമ്പോള്‍















- എം ടി വാസുദേവന്‍ നായര്‍


     ഇബ്സന്‍റെ പ്രസിദ്ധമായ ഒരു നാടകമുണ്ട് : ജന്മശത്രു. കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞാനത് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി, ഒരു രസത്തിന്. ഒരു ചെറിയ പട്ടണത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുടെ ധര്‍മ്മസങ്കടമാണ് പ്രമേയം. എല്ലാവര്‍ക്കും ഡോക്ടറെ ഇഷ്ടമാണ്. ഭാര്യയും മകളും മകനുമുള്ള സംതൃപ്തകുടുംബം. ഭാര്യയുടെ സഹോദരന്‍ ആ നോര്‍വീജിയന്‍ നഗരത്തിലെ മുന്‍സിപ്പല്‍ കമ്മീഷണറാണ്. മകള്‍ക്ക് ചില കല്യാണാലോചനകള്‍ വന്നിരിക്കുന്നു. ഒന്ന് ഉറപ്പിക്കാമെന്നായിട്ടുണ്ട്.

     ഡോക്ടര്‍ തന്‍റെ കേസുകളില്‍ കുറേയേറെ ചര്‍മ്മരോഗക്കാരുള്ളത് ശ്രദ്ധിച്ചു. അവരുടെ കണക്കെടുത്തു. അവരെല്ലാം ഒരു പ്രത്യേക സ്ഥലത്തുനിന്ന് വരുന്നവരാണ് എന്ന്‍ മനസ്സിലാക്കി. ഒരു ജലാശയത്തിന്‍റെ പരിസരത്ത് താമസിക്കുന്നവര്‍. വെള്ളത്തില്‍ രോഗാണുക്കളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ആ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കരുതെന്ന്‍ ഡോക്ടര്‍ പ്രചരണം തുടങ്ങി.


     മുന്‍സിപ്പല്‍ കമ്മീഷണറായ അളിയന്‍ ക്ഷോഭിച്ചുകൊണ്ട് വന്നു : "മിണ്ടിപ്പോകരുത്. അവിടെ സ്നാനഘട്ടങ്ങള്‍ പണി ചെയ്തുകഴിഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. വെള്ളം ഞങ്ങള്‍ ശുദ്ധീകരിച്ചുകൊള്ളാം. മിണ്ടിപ്പോകരുത്."


     പക്ഷെ ഡോക്ടര്‍ അതിന് തയ്യാറായില്ല. ഡോക്ടര്‍ നോട്ടീസുകള്‍ പ്രചരിപ്പിച്ചു. മുന്‍സിപ്പല്‍ കമ്മീഷണറുടെ സ്വാധീനം കൊണ്ട് പത്രങ്ങള്‍ ഡോക്ടറുടെ സഹായത്തിന് എത്തിയില്ല. ഭാര്യകൂടി ഡോക്ടര്‍ക്ക് എതിരായിരുന്നു. മകളുടെ കല്യാണക്കാര്യം മുടങ്ങി. രോഗികള്‍ ഭ്രാന്തന്‍ ഡോക്ടറെ കാണാന്‍ വരാതായി. ഭരണാധിപന്മാരും പത്രങ്ങളും എല്ലാം ചേര്‍ന്ന് ഡോക്ടറെ ജനശത്രുവായി പ്രഖ്യാപിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം വീടു വളഞ്ഞു. കല്ലെറിഞ്ഞു തകര്‍ത്തു.


     നാല്‍പ്പത്തഞ്ചുകൊല്ലം മുമ്പ് വായിച്ചതായതുകൊണ്ട് വിശദാംശങ്ങളില്‍ വല്ല തെറ്റുകളും വന്നിരിക്കാം. ക്ഷമിക്കുക. നാടകത്തിന്‍റെ അവസാനം ഞാന്‍ ഓര്‍മ്മിക്കുന്നു. അകത്തു വന്നുവീണ കല്ലുകള്‍ അവര്‍ പെറുക്കിക്കൂട്ടുകയാണ്. 'അച്ഛാ, ഇതാ എനിക്ക് വലുതൊന്ന് കിട്ടി.' മകന്‍ പറയുന്നുണ്ട്. 'നോക്കൂ, അവരെല്ലാവരെക്കാളും ശക്തന്‍ നിങ്ങളാണ്' എന്ന് അചഞ്ചലനായി നില്‍ക്കുന്ന ഭര്‍ത്താവിനോട് ഭാര്യ പറയുന്നേടത്താണ് നാടകം അവസാനിക്കുന്നത്.


     ഇതിന് എക്കാലവും പ്രസക്തിയുണ്ട്. അതുകൊണ്ടായിരിക്കണം സത്യജിത്ത് റേ 'ഗണശത്രു' എന്ന പേരില്‍ തന്‍റെ അവസാനകാലത്ത് ഇത് ചലച്ചിത്രമാക്കിയത്.


     ആള്‍ക്കൂട്ടത്തിന് വിവേചനമില്ല. ചില നൈമിഷിക വികാരങ്ങളേയുള്ളു. ആള്‍ക്കൂട്ടത്തിന്‍റെ കൂടെച്ചേര്‍ന്ന്‍ കോലാഹലമുണ്ടാക്കാന്‍ ശരാശരി വ്യക്തിക്കും ഇഷ്ടമാണ്. കൂടുതല്‍ ഉച്ചത്തില്‍ ആക്രോശിച്ചാല്‍ താല്‍ക്കാലികമായി കൂട്ടത്തിലൊരാള്‍ ശ്രദ്ധേയനായിത്തീരുന്നു.


     തൊട്ടുമുമ്പില്‍ പ്രത്യക്ഷത്തില്‍ ഉടന്‍ കാണുന്നതാവണം തന്‍റെ വിക്രിയ എന്ന്‍ ആള്‍ക്കൂട്ടത്തിന് നിര്‍ബന്ധമാണ്‌. കല്ലേറില്‍ ചില്ലുകള്‍ ഉടന്‍ തകര്‍ന്നു വീഴും. തീവെയ്പില്‍ ഉടന്‍ കത്തിച്ചാമ്പലാവും.


     സത്യത്തിന്‍റെ ശബ്ദം ഒറ്റപ്പെട്ടതാണ്. ചിലപ്പോള്‍ ക്ഷീണിതവുമായിരിക്കും. എങ്കിലും ഇത് കേള്‍പ്പിച്ചേതീരൂ എന്ന പ്രതിബദ്ധതയാണ്. പത്രങ്ങള്‍ക്കും മീഡിയകള്‍ക്കും വേണ്ടത്. കൂടെ ഏറ്റുപറയാന്‍ ആളുണ്ടാവില്ല. ഭ്രാന്തവചനമെന്ന് ആള്‍ക്കൂട്ടം വിധിയെഴുതിയേക്കാം. ഇബ്സന്‍റെ ഡോക്ടറുടെ അവസ്ഥ. ആരും കൂടെയില്ലെങ്കിലും കാലഘട്ടത്തിനും സമൂഹത്തിനും മനുഷ്യരാശിയ്ക്കും ആവശ്യമാണ് എന്ന് തോന്നി നിലപാടുകള്‍ സ്വീകരിക്കുമ്പോഴേ ക്രിയാത്മകമായ പത്രപ്രവര്‍ത്തനം രൂപമെടുക്കൂ.


     ജനാധിപത്യവ്യവസ്ഥയില്‍ സാധാരണക്കാരന്‍റെ നീതിപീഠമായി നാം മീഡിയയെ കാണുന്നു. ഈ കടമ നിര്‍വഹിച്ച അവസരങ്ങളെ നാം നന്ദിപൂര്‍വ്വം സ്മരിക്കുകയും ചെയ്യുന്നു. പക്ഷെ, നീതിനിര്‍വഹണം എന്നത് ഇപ്പോള്‍ അപൂര്‍വ്വസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.


     ISRO ചാരക്കേസിന്‍റെ കാര്യമെടുക്കാം. പത്രങ്ങള്‍ പ്രതികളെ ആദ്യം തന്നെ കുറ്റവാളികളായി മുദ്രകുത്തി തുടര്‍ക്കഥകള്‍ എഴുതിക്കൊണ്ടേയിരുന്നു. 'A പത്രം' അരപ്പേജ് കൊടുക്കുമ്പോള്‍ 'B പത്രം' മുക്കാല്‍പ്പേജ്. കാറ്റും കോളും കലാപവുമടങ്ങിയപ്പോള്‍ അവശേഷിച്ചത് കുറേ തകര്‍ന്ന കുടുംബങ്ങള്‍, മനസ്സിന്‍റെ സമനില തെറ്റിയ വീട്ടമ്മമാര്‍, പഠിപ്പുപേക്ഷിക്കാന്‍ പ്രേരിതരായ മക്കള്‍! പാപത്തിന്‍റെയും ശാപത്തിന്‍റെയും ഫലങ്ങള്‍ തുടര്‍ക്കഥകള്‍ സൃഷ്ടിച്ചവരെ, അതിന് പ്രേരിപ്പിച്ചവരെ, വേട്ടയാടില്ലെന്നുണ്ടോ?


     ബിസ്ക്കറ്റ് രാജാവായ രാജന്‍പിള്ള വ്യാവസായിക സാമ്രാജ്യം വിദേശത്ത് പടുത്തുയര്‍‍ത്തിയെന്നുകേട്ട നാം വീരകഥകള്‍ പറഞ്ഞു. കേരളത്തിന്‍റെ വിജയമായി വാഴ്ത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ അധോലോകത്തിലേയ്ക്ക് തപ്പുകൊട്ടി ഇറക്കി. കൂവിയാര്‍ത്തു. നിയമത്തിന്‍റെ കുടുക്കുകള്‍ മുറുകുന്നതു കണ്ട് ആഹ്ലാദിച്ചു. ജയിലില്‍ മരിച്ചപ്പോള്‍ വീണ്ടും വീരനായകപദവിയിലേക്കുയര്‍ത്തി. നിയമത്തിനെ മാത്രം നാമെന്തിനു കുറ്റം പറയുന്നു? മനസ്സാക്ഷി എന്നത് എന്നോ നഷ്ടപ്പെട്ട ഒരു ജനതയാണ് നമ്മള്‍. നമ്മുടെ വികാരങ്ങള്‍ വായിച്ചറിഞ്ഞ് ആ പാകത്തിലാണല്ലോ പത്രങ്ങളും മീഡിയകളും ഒരുക്കപ്പെടുന്നത്.


     രാജീവ്ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പോയ ശേഷം അദ്ദേഹത്തിനു വേണ്ടി സെക്യൂരിറ്റി വകയില്‍ ചെലവാക്കുന്ന തുകകളുടെ കണക്കുകള്‍ ഉദ്ദരിച്ച് വി പി സിംഗിന്‍റെ ഭരണകാലത്ത് എല്ലാ പത്രങ്ങളും ആനുകാലികങ്ങളും പരിഹാസരൂപത്തില്‍ ഫീച്ചറുകള്‍ എഴുതി. ശ്രീപെരുംപുതൂരില്‍ മനുഷ്യബോംബ് പൊട്ടി അദ്ദേഹം മരിച്ചപ്പോള്‍ ഇതേ പത്രങ്ങള്‍, ഇതേ കോളമിസ്റ്റുകള്‍, സെക്യൂരിറ്റിയുടെ അപര്യാപ്തതയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ദീര്‍ഘമായി എഴുതി. നേരത്തെ പരിഹസിച്ച നേതാക്കളും ഇപ്പോള്‍ ആ പക്ഷത്തു ചേര്‍ന്നു.


     ജനവും പത്രക്കാരും എളുപ്പത്തില്‍ മറന്ന ഒരു കേരള സംഭവം - കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. പ്രശസ്ത നടനും നിര്‍മ്മാതാവും ഒക്കെയായ ഒരു മാന്യസുഹൃത്തിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ ഒരു പയ്യന്‍ ജോലിക്ക് നിന്നിരുന്നു. അവനെ കാണാതായി. കഥകള്‍ പരന്നു. പയ്യനെ കൊന്ന് കുഴിച്ചു മൂടിയതാണ്. കഥകള്‍ പെരുകിയപ്പോള്‍ കൊലയ്ക്കു കാരണങ്ങളായി സൂചനകളിലൂടെ ഒളിയമ്പുകള്‍. പയ്യന് വീട്ടിലെ സ്ത്രീകളിലാരോടോ അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നുവരെ പരോക്ഷമായി ആരോപിച്ചു. ഗൃഹനാഥന്‍ അതുകണ്ടു, കൊന്നു! നിഗൂഡമായി എവിടെയോ ശവം കൊണ്ടുപോയി കത്തിച്ചുകളഞ്ഞു! ജനം, കൊല്ലപ്പെട്ട പയ്യന്‍റെ ആത്മാവിന് നീതി കൊടുക്കാനിറങ്ങി. സത്യഗ്രഹം, ധര്‍ണ, ജാഥ. പൊറുതിമുട്ടിയ നടന്‍ രാത്രിയില്‍ കുടുംബവുമായി ഒളിച്ചുപോയി. മറുനാട്ടില്‍ കഴിയുമ്പോഴും കലാപം തുടര്‍ന്നു. അച്ഛന്‍റെ അന്ത്യനാളുകളില്‍ സമീപമെത്താന്‍കൂടി കഴിഞ്ഞില്ല. ധര്‍മ്മപുത്രന്മാര്‍ കുറുവടികളേന്തി കാത്തുനില്‍ക്കുകയല്ലേ?


     ഒന്നരവര്‍ഷത്തിനുശേഷം ആ പയ്യനെ കല്ലായില്‍ ഒരു ചായക്കടയില്‍ കണ്ടെത്തി. പത്രങ്ങളിലെ കോലാഹലമൊന്നും അവനറിയില്ല. വീട്ടുപണിയെക്കാള്‍ നല്ല ഒരു ജോലി തേടിയിറങ്ങിയതാണ്. വീട്ടുകാരോട് പറയാന്‍ മടിതോന്നി. അവന് ഗൃഹനാഥനെ ഇഷ്ടമാണ്; വീട്ടുകാരെയും. ജോലി വിട്ടുപോകുന്നു എന്നു പറയാനുള്ള മടി. അതുകൊണ്ട് ചെറിയ സഞ്ചിയില്‍ ഉടുപ്പുകളും തിരുകി ശമ്പളം വാങ്ങിയതിന്‍റെ മൂന്നാം ദിവസം ഇറങ്ങിപ്പോന്നതാണ്.


     പയ്യനെ കണ്ടെത്തിയ വാര്‍ത്ത നീണ്ട കോളങ്ങള്‍ കൊലയ്ക്കുവേണ്ടി നീക്കിവച്ച പത്രങ്ങള്‍ ഒന്നില്‍ മാത്രം അഞ്ചാം പേജില്‍ ഏഴാം കോളത്തിനിടയില്‍ എട്ടുവരിയില്‍ വന്നു - സത്യം പറയണമല്ലോ!


     1989 മെയ്. കല്‍ക്കത്തയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട് ജനങ്ങള്‍ തകര്‍ക്കുന്നു. വീട്ടുകാരെ ഇടത്തരക്കാരുടെ ആ കോളനിയില്‍നിന്നും ഓടിക്കുന്നു. പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. വിലാസം തെറ്റിയ വാര്‍ത്തയാണ് ഇതിനു കാരണം : മറ്റൊരു ചൌധരി, മറ്റൊരു കോളനി!


     ഒരു ആസ്ത്രേലിയക്കാരന്‍ പത്രപ്രവര്‍ത്തകന്‍ 'ഈവിള്‍ ഏഞ്ചല്‍സ്' എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഒരു മധ്യവയസ്ക്കനായ പുരോഹിതനും ഭാര്യയും മൂന്നു മക്കളും കൂടി അയല്‍ക്കാരോടൊപ്പം  ഒരു മലഞ്ചെരുവിലെ പ്രശസ്തമായ പിക്നിക് സങ്കേതത്തിലേക്ക് പോയി. വിവാഹം കഴിക്കാവുന്ന ഒരു സഭയിലെ ഒരു പുരോഹിതനാണദ്ദേഹം. ഇളയകുഞ്ഞിന് മൂന്നുമാസം.


കുടുംബങ്ങളെല്ലാം ചേര്‍ന്ന്‍ ആടിപ്പാടി. ഇടയ്ക്ക് നോക്കുമ്പോള്‍ താല്‍ക്കാലിക കൂടാരത്തില്‍ തുണിത്തൊട്ടിലില്‍ കിടത്തിയ കുട്ടിയെ കാണുന്നില്ല. ഒരു കാട്ടുനായ ഇരുട്ടിലൂടെ പോകുന്നത് ചിലര്‍ കണ്ടിരുന്നു. ചൂട്ടും പന്തവുമായി രാത്രിയും പകലും തിരഞ്ഞു. കുട്ടിയെ കണ്ടില്ല.

     ദുഃഖിതമായ കുടുംബം തിരിച്ചെത്തി. സമൂഹം മുഴുവന്‍ അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ടു. അപ്പോഴാണ് ഒരു ജന്തുശാസ്ത്രജ്ഞന്‍ പ്രസ്താവന ഇറക്കുന്നത് : കാട്ടുനായയ്ക്ക് പത്ത് റാത്തല്‍ തൂക്കം വരുന്ന കുട്ടിയെ കടിച്ചെടുത്ത് ഓടിമറയാനാവില്ല.

     പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും വിദഗ്ദ്ധനെ തലങ്ങും വിലങ്ങും അഭിമുഖം നടത്തി. 
ആരോ ഒരു സൂചന കൊടുത്തു : കുട്ടിയെ തള്ള കൊന്നതാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ രമ്യതയിലല്ല. മറ്റൊരു വാദഗതി കൂടി വന്നു : ബലി കൊടുക്കലില്‍ വിശ്വസിക്കുന്ന ഒരു പ്രത്യേക അവാന്തരവിഭാഗങ്ങളില്‍പ്പെട്ട വൈദികനാണദ്ദേഹം. രണ്ടുപേരും ചേര്‍ന്നാണ് കുറ്റം ചെയ്തത്. 
പത്രങ്ങളേക്കാള്‍ പ്രചരണത്തിന് മുന്‍കൈ എടുത്തത് ടെലിവിഷന്‍ കമ്പനികളാണ്.

     അച്ഛനും അമ്മയും അറസ്റ്റ് ചെയ്യപ്പെട്ടു. കോടതിയിലെ വിചാരണവേളയില്‍ അമ്മയുടെ മൊഴികളില്‍ പൂര്‍വ്വാപരവൈരുദ്ധ്യം കണ്ടെത്തി. കോടതി അമ്മയെ കൊലക്കുറ്റത്തിന് ശിക്ഷിച്ചു.

     എട്ട് വര്‍ഷത്തിനുശേഷം നായാട്ടുകാര്‍ മണ്ണില്‍ പൂഴ്ന്നുകിടക്കുന്ന കുട്ടിയുടെ ഉടുപ്പ് കണ്ടെത്തി. അതില്‍ കാട്ടുനായയുടെ പല്ല് കോര്‍ത്തുവലിച്ച കീറലുകളും ചോരപ്പാടുകളും ഉണ്ടായിരുന്നു. അമ്മയെ മോചിപ്പിച്ചു. ഗവണ്മെന്‍ മാപ്പ്റ് പറഞ്ഞു.

     മാനസികപീഡനത്തിന്, ചവിട്ടിയരയ്ക്കപ്പെട്ട നിഷ്കളങ്കതയ്ക്ക് അധികൃതമോ അനധികൃതമോ ആയ ഒരു മാപ്പ് പരിഹാരമാവുമോ?

     ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയെ നിരപരാധിയായി കാണണം എന്നാണ് ഇന്ത്യയിലെ നിയമവ്യവസ്ഥ. കുറ്റം ചാര്‍ത്തുന്നതും വിധി പറയുന്നതും മീഡിയടാവുമ്പോഴോ? സത്യം മുഴുവന്‍ പറയണമെന്നില്ല, പറയുന്നത് സത്യമായിരിക്കണം എന്നായിരുന്നു ഇവിടത്തെ സ്വാതന്ത്ര്യാനന്തര ദശകങ്ങളിലെ പത്രധര്‍മ്മം. പിന്നീടാകട്ടെ നമ്മളതും പരിഷ്കരിച്ചു. പത്രം കൂടുതല്‍ ചെലവാകുമെങ്കില്‍ അര്‍ദ്ധസത്യത്തെയും അസത്യത്തെയും മൂടുപടമണിയിച്ച് സത്യമാക്കി അവതരിപ്പിച്ചാലും തെറ്റില്ല എന്ന്‍ പുതിയ ധര്‍മ്മശാസ്ത്രം വളര്‍ത്തി.

     സത്യം കോലാഹലമല്ല. സത്യാന്വേഷണം പ്രകടനവുമല്ല. സത്യം തേടുന്ന യാത്രയില്‍ ഒരാള്‍ ഒറ്റപ്പെട്ട പഥികനായിരിക്കും. സമസൃഷ്ടികളോടുള്ള സഹാനുഭൂതിയാണ് ഇരുട്ടില്‍ അയാളുടെ വഴിവിളക്ക്. പത്രവും ടി വി പരിപാടിയുമൊക്കെ ഒരു ഉപഭോഗവസ്തു ആവുമ്പോള്‍ ഒരുപക്ഷെ, ഈ വലിയ സിദ്ധാന്തങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല. എങ്കിലും പത്രരംഗത്തെ നവാഗതര്‍ മനസ്സാക്ഷി നഷ്ടപ്പെടുത്താത്ത ഒരു തലമുറയാവട്ടെ എന്ന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

(തിരുവനന്തപുരം പ്രസ്സ് ക്ലബിന്‍റെ ബിരുദദാനചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്‍റെ സംഗ്രഹമാണ് ഇത്.  H&C ബുക്ക്സ് പ്രസിദ്ധീകരിച്ച വാക്കുകളുടെ വിസ്മയം എന്ന പുസ്തകത്തില്‍ നിന്നാണ് ഇത് കിട്ടിയത്.)                       

Monday, September 20, 2010

കഥയുടെ രൂപം

- എം ടി വാസുദേവന്‍ നായര്‍

   ആദ്യകാലത്ത് കഥ നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ വായനക്കാരനിലുളവാക്കാന്‍ കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്നു.എന്നാല്‍ ഇന്നതാവശ്യമില്ല.മുമ്പ് രസത്തിനുവേണ്ടി മാത്രമായിരുന്നു കഥ നിലകൊണ്ടിരുന്നതെങ്കില്‍ ഇന്ന് കഥയുടെ ലക്‌ഷ്യം രസം മാത്രമല്ല.വായിച്ചു രസിക്കുന്നതോടൊപ്പം കഥ വായിച്ചവനില്‍ മാറ്റമുണ്ടാകണം.അതായത് വായനക്കാരനെ മാറ്റിയെടുക്കാന്‍ കഥാകാരന് കഴിയണം.
   കഥ തിരഞ്ഞു നടക്കേണ്ട ആവശ്യമൊന്നുമില്ല.നിത്യജീവിതത്തില്‍ നിന്ന് കഥ കണ്ടെത്താനാവുന്നതാണ്.ജീവിതത്തിലെ ഏതെങ്കിലും ഒരു സംഭവം-അനുഭവം-മനസ്സില്‍ പതിയുമ്പോള്‍ അതിലെന്തോ കഥയുണ്ടെന്ന് തോന്നാം.ഇത് മനസ്സില്‍ കിടന്ന് വളരും.ഒരു ഘട്ടത്തില്‍ ഇത് ശക്തമായ വികാരമായി കഥാകൃത്തിനെക്കൊണ്ട് എഴുതിക്കുന്നു.
   കഥയുടെ നിമിഷങ്ങള്‍ കണ്ടെത്താനാണ്‌ കഥാകൃത്ത്‌ ശ്രമിക്കേണ്ടത്.എനിക്ക് സിനിമയുമായി ബന്ധമുള്ളതുകൊണ്ട് പ്രേക്ഷകരില്‍ നിന്നൊക്കെ ധാരാളം കത്തുകള്‍ കിട്ടാറുണ്ട്.ചിലര്‍ അവരുടെ അനുഭവങ്ങള്‍ അറിയിച്ച് അതേക്കുറിച്ചൊരു കഥയെഴുതാന്‍ പറയാറുണ്ട്‌.പക്ഷെ പലപ്പോഴും അതൊന്നും അസംസ്കൃതവസ്തുവാകാറില്ല.കാരണം അതെന്നില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറില്ലെന്നതു തന്നെ.
   സാഹിത്യത്തിനു മറ്റു തോഴിലുകളെ അപേക്ഷിച്ച് യാതൊരു പരീക്ഷാ യോഗ്യതയും വേണ്ട.എഴുത്തുകാരനാവാണോ വേണ്ടയോ എന്ന് അവനവന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. സാഹിത്യ സാമ്രാജ്യത്തിലെ പ്രജാപതി എഴുത്തുകാരന്‍ തന്നെ.അവിടെ നിയമങ്ങളും കോടതിയുമൊക്കെ കൈകാര്യം ചെയ്യുന്നത് അയാള്‍ തന്നെയാണ്.അത് വലിയൊരു സ്വാതന്ത്ര്യമാണ്.ഈ സ്വാതന്ത്ര്യം വലിയൊരു ഉത്തരവാദിത്തവുമാണ്.ആ ഉത്തരവാദിത്തം ശരിയായ രീതിയില്‍ ഏറ്റെടുക്കുകയാണ് എഴുത്തുകാരന്റെ ധര്‍മ്മം.
   നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെയാണ് കഥാരചനയിലും ഉപയോഗിക്കേണ്ടത്.കടുകട്ടിയുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച് തന്റെ പാണ്ഡിത്യം വിളംബരം ചെയ്യാന്‍ കഥയുപയോഗിച്ചാല്‍ കഥ നിങ്ങളെ കൈവിടും,സംശയമില്ല.നമ്മുടെ ഗ്രാമത്തിലെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ പുതിയ താളങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം.ഇടശ്ശേരിയുടെ കവിത നോക്കൂ.കവി ഉപയോഗിച്ചിരിക്കുന്നത് ഗ്രാമ്യമായ പദങ്ങളാണ്,ശൈലികളാണ്. പക്ഷേ അവയുടെ സങ്കലനത്തില്‍ കവി പുതിയ താളങ്ങള്‍ കണ്ടെത്തുന്നു.പുതിയ തലമുറയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ഇത്തരമൊരു ഭാഷയിലൂടെ പുതിയ താളം കണ്ടെത്തിയ കവി.
   ടോണി മോറിസണ്‍ പറഞ്ഞതുപോലെ ഗ്രാമീണരായ വാക്കുകളെ നിങ്ങള്‍ക്ക് ചൊടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അഥവാ ജ്വലിപ്പിക്കാന്‍ കഴിഞ്ഞാല്‍,നിങ്ങളുടെ ഭാഷാരീതി ശ്രദ്ധിക്കപ്പെടും.അപ്പോള്‍ നിങ്ങള്‍ കാണാത്ത ഒരു തലം വായനക്കാര്‍ കണ്ടെത്തും.കാരണം ആത്മനിഷ്ഠമായ ചിലതു ചേര്‍ത്താണ് അയാള്‍ നിങ്ങളുടെ കഥ വായിക്കുന്നത്.ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കഥ വായിക്കാന്‍ വായനക്കാരന്‍ ബാധ്യസ്ഥനല്ല. വായിപ്പിക്കാന്‍ എഴുത്തുകാരനായ നിങ്ങള്‍ ബാധ്യസ്ഥനാണ്.

   തുടക്കക്കാരെ സംബന്ധിച്ച് ധാരാളം കടമ്പകള്‍ കടക്കാനുണ്ട്.കഥ എഴുതിയയച്ചാല്‍ പത്രാധിപര്‍ തിരിച്ചയയ്ക്കും എന്നതുതന്നെ പ്രധാനം.ഇതില്‍ നിരാശരാവേണ്ട കാര്യമില്ല.ഇത്തരം അനുഭവങ്ങളില്ലാത്ത ആര്‍ക്കും ഇന്നോളം കഥാകാരനാവാന്‍ കഴിഞ്ഞിട്ടില്ല.നിങ്ങള്‍ എഴുതുക.കഥയുടെ രൂപം വശമായാല്‍ തീര്‍ച്ചയായും കഥ ശ്രദ്ധിക്കപ്പെടും.അപ്പോള്‍ ലോകം പറയും:"നിങ്ങളുടെ കഥ കൊള്ളാം,തരക്കേടില്ല."
   ഇനി നിങ്ങളെന്ത് പറയുമെന്നാവും അടുത്ത ചോദ്യം.അവിടെ നിങ്ങളുടെ ഉത്തരവാദിത്തം കൂടുന്നു.
   ഞാന്‍ ചെറുപ്പകാലത്ത് രണ്ടു കഥകളെങ്കിലും എഴുതാത്ത ദിവസങ്ങളില്ല.എന്നില്‍ നിന്ന് കഥ ഒഴുകുകയായിരുന്നു.എനിക്കന്ന് തോന്നുന്നതെന്തും എങ്ങനെയും എഴുതാം.യാതൊരു ഉത്തരവാദിത്തവുമില്ലല്ലോ.പക്ഷെ,പിന്നീട് എഴുത്തിന്റെ പാതയില്‍ മുന്നേറിയപ്പോള്‍ ഞാന്‍ സ്വയം നിയന്ത്രിച്ചു.
   അടുത്ത കാലത്ത് 'അമേരിക്കന്‍ റിവ്യൂ'വില്‍ വന്ന ഒരു കഥ എന്നെ ആകര്‍ഷിച്ചു.നിരവധി സിനിമകളില്‍ ഗറില്ലാവേഷം ധരിച്ചു ധാരാളം സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുള്ള ഒരു മനുഷ്യന്‍ ഒരു പുസ്തകപ്രസാധനസ്ഥാപനത്തിന് തന്റെ ആത്മകഥ പുസ്തകരൂപത്തിലാക്കിയാല്‍ ഉണ്ടാകാവുന്ന ഗുനാഗങ്ങള്‍ വര്‍ണിച്ചുകൊണ്ട് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് കഥ.ഇതൊരു പഴയ രീതിയാണ്.പഴയ രീതിയിലേക്ക് കഥ തിരിച്ചു പോകാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കാണിക്കാനാണ് ഞാനിത് പറയുന്നത്.എന്തൊക്കെയായാലും പുതിയ എഴുത്തുകാര്‍ പുതിയ രീതികള്‍ കണ്ടെത്തണം.കാര്‍വര്‍ ഇങ്ങനെ എഴുതി.,അല്ലെങ്കില്‍ ബോര്‍ഹെസ് അങ്ങനെ എഴുതി,അതിനാല്‍ ഞാനും അതുപോലെ എഴുതി നോക്കട്ടെ എന്ന് ചിന്തിക്കരുത്.കഥയുടെ ആയിരം രൂപമുണ്ടെങ്കില്‍ ആയിരത്തൊന്നാമത്തെ രൂപം നിങ്ങള്‍ കണ്ടെത്തണം.
   എല്ലാത്തിലും കഥ കണ്ടെത്തുന്നതുപോലെ പ്രധാനമാണ് കഥ തിരസ്കരിക്കുക എന്നതും.കഥാബീജം മനസ്സില്‍ കൊണ്ട് നടന്നു അത് നല്ലതോ ചീത്തയോ എന്ന് തിരിച്ചറിഞ്ഞ്,തിരസ്കരിക്കേണ്ടത് തിരസ്കരിച്ചും സ്വീകരിക്കേണ്ടത് സ്വീകരിച്ചും പഠിക്കണം.മനനമാണ് ശക്തി.കഥാകാരന്‍ പ്രസിദ്ധനാവുന്നതും കഥ പുസ്തകമാകുന്നതുമൊന്നും നാമപ്പോള്‍ ചിന്തിക്കരുത്.അതൊക്കെ മറ്റുള്ളവര്‍ ചെയ്യേണ്ടതാണ്.
   പഴയ ക്ലാസിക്കിലേക്ക് നാം തിരിച്ചുപോകുന്നത് പുതിയ ചിലതു പറയാനാണ്. പുതുതായെന്തെങ്കിലും പറയാനാണ് നാം ഇപ്പോഴും ശ്രമിക്കേണ്ടത്.വായന ഒരുപരിധിവരെ പഴയവ മനസ്സിലാക്കാനും പുതിയത് പറയാനും സഹായിക്കും.
   മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്‌ കഥ കേള്‍ക്കാനും പറയാനുമുള്ള താല്പര്യം.മറ്റെന്തൊക്കെ മാധ്യമങ്ങളുണ്ടായിക്കൊ- ള്ളട്ടെ,അതൊന്നും കഥയെയോ കഥാകാരനെയോ തളര്‍ത്തില്ല.കഥ എക്കാലവും നിലനില്ക്കുമെന്നതിനാല്‍ സംശയമേതുമില്ല.



(1994 ഏപ്രില്‍ 27-ന് മയ്യഴിയില്‍ വച്ച് നടന്ന ചെറുകഥാകളരിയില്‍ നടത്തിയ പ്രസംഗം...
എച്ച് &സി ബുക്സ് പുറത്തിറക്കിയ 'വാക്കുകളുടെ വിസ്മയം-എംടി' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം.ചന്ദ്രിക ആഴ്ചപ്പതിപ്പിലും ഇത് വന്നിട്ടുണ്ട്[3/9/1994].)