Monday, May 31, 2021

ജോണ്‍ എബ്രഹാം


ഉംബായി 


[2005ലെ ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പില്‍ ഗസല്‍ ഗായകന്‍ ഉംബായിയുടെ ജീവിതകഥ (ആത്മകഥ) പ്രസിദ്ധീകരിച്ചിരുന്നു, 'ഇതാണെന്‍റെ ശബ്ദം : ഒരു ഗസല്‍ ഗായകന്‍റെ ജീവിതകഥ' എന്ന പേരില്‍. മട്ടാഞ്ചേരി, ബോംബെ, ഉസ്താദ്‌, തെരുവുപുത്രന്‍, ജോണ്‍ എബ്രഹാം, ഗസല്‍ സന്ധ്യകള്‍ എന്നിങ്ങനെ 6 അദ്ധ്യായങ്ങള്‍ പോലെ തിരിച്ച് ഭാഷാപോഷിണിയ്ക്ക് വേണ്ടി തയ്യാറാക്കിയത് എന്‍. പി. വിജയകൃഷ്ണന്‍ ആയിരുന്നു. ഒരു പുസ്തകമായി ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല, എങ്കിലും ഭാഷപോഷിണിയില്‍ 34-35 പേജോളം നിറഞ്ഞുനിന്നിരുന്ന ആ ജീവിതം പുസ്തകരൂപത്തില്‍ ഇറങ്ങുകയാണെങ്കില്‍ അത് ആസ്വാദകരെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വത്ത്‌ തന്നെയാകുമെന്ന് തോന്നുന്നു.

ഭാഷാപോഷിണിയില്‍ വന്ന ആ ജീവിതകഥയിലെ അഞ്ചാമത്തെ അദ്ധ്യായം - 'ജോണ്‍ എബ്രഹാം' ആണ് ഇവിടെ കൊടുക്കുന്നത്.]





     അന്നൊരു വൈകുന്നേരം. ഞാനിങ്ങനെ പാടിക്കൊണ്ടിരുന്നപ്പോള്‍ ഒരു അപരിചിതശബ്ദം. പാടലിലെ ശ്രദ്ധയിലും ആ സ്വരം എന്നെ കേന്ദ്രീകരിച്ചു.
     
     "ഞാന്‍ കടന്നിരുന്നോട്ടെ?"
     
     "പറ്റില്ല." - ഒരു ദയയുമില്ലാതെ, ആളെ നോക്കാതെ ഞാന്‍ തീര്‍ത്തു പറഞ്ഞു.

     എന്‍റെ ജീവിതരീതിയും സ്വഭാവവും അറിയുന്ന ആരും ഞാന്‍ പാടുന്ന സ്ഥലത്തുവന്ന്‍ 'പാട്ട് കേള്‍ക്കട്ടെ' എന്ന് അനുവാദം ചോദിക്കാറില്ല. ചോദിച്ചാല്‍ത്തന്നെ ഞാന്‍ സമ്മതിക്കാറുമില്ല. ആഗതന്‍റെ ആവശ്യം കടുത്ത ഭാഷയില്‍ നിരാകരിച്ച് വീണ്ടും പാടാന്‍ തുടങ്ങിയപ്പോള്‍ ഒന്നുകൂടി വിനീതമായ സ്വരത്തില്‍, വന്നയാള്‍ ഒരിക്കല്‍ക്കൂടി പാട്ടുകേട്ടിരിക്കാനുള്ള അനുവാദം ചോദിക്കുകയാണ്. അപ്പോഴേക്കും അത് ദയനീയമായ അപേക്ഷയായി മാറിക്കഴിഞ്ഞതായി എനിക്ക് തോന്നി. ഞാന്‍ ഇരിക്കാന്‍ പറഞ്ഞു. അയാള്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാതെ പാടി. അടുത്ത പാട്ടിലേക്ക് പ്രവേശിക്കുന്ന മൌനത്തിന്‍റെ ഇടവേളയില്‍ അയാള്‍,
          "കിസ് ശാന്‍ സേ വോ ആജ്
                    ബേ ഇന്തഹചലേ
          പിത്നോനെ പാവ് ചൂം കെ
                    പൂച്ചാ കഹാ ചലേ"
പാടാന്‍ ആവശ്യപ്പെട്ടു. അത് എന്നെ അന്ധാളിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്തു. ഉര്‍ദു ആസ്വാദകര്‍ മാത്രം ആവശ്യപ്പെടുന്ന അപൂര്‍വ്വമായ ഗസലാണത്. അപ്പോഴാണ് ആഗതനെ കൃത്യമായി നോക്കിയത്. രൂപത്തിലും ഭാവത്തിലും ഒരു യാചകനെപ്പോലെ തോന്നിപ്പിക്കുന്ന ഈ മനുഷ്യനാണോ വിസ്മയിപ്പിക്കുന്ന ശബ്ദത്തില്‍ എന്നോട് പാടാന്‍ ആവശ്യപ്പെടുന്നത്. ഞാന്‍ പാടി. അയാള്‍ കേട്ടിരുന്നു. 
     
     ഞാന്‍ പാടി നിര്‍ത്തിയതും അയാള്‍ പറഞ്ഞു : "നിങ്ങള്‍ എന്‍റെ സിനിമയില്‍ പാടണം."                              

     ആ സ്വരത്തിലെ മോഹം നിരാകരിച്ച് ഞാന്‍ കൂസലില്ലാതെ ചോദിച്ചു : "എന്നെ സിനിമയില്‍ പാടിക്കാന്‍ നിങ്ങളാരാണ്‌?"

    "ഞാന്‍ ജോണ്‍ എബ്രഹാം"
 
     ആഗതന്‍ മറുപടി പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഞാന്‍ എണീറ്റിരുന്നു. ഞാന്‍ അലക്ഷ്യഭാവത്തോടെ, അനാദരവോടെ പെരുമാറിയ വ്യക്തി ജോണ്‍ എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ മഹാനെ നിരാകരിച്ച നിമിഷങ്ങളെ ശപിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തെ വണങ്ങി. ഞാന്‍ തന്നെ പുറത്തുപോയി ചായ വാങ്ങിക്കൊണ്ടുവന്ന് കൊടുത്തു. പിന്നീട് ജോണ്‍ എബ്രഹാം സംസാരിച്ചുതുടങ്ങി.

     അദ്ദേഹത്തിന്‍റെ സിനിമയില്‍ ഞാന്‍ പാടണം എന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സിനിമാസംഗീതം ഒത്തുതീര്‍പ്പിന്‍റെ മേഖലയാണെന്നും എനിക്കതില്‍ തീരെ താത്പര്യമില്ലെന്നും എന്‍റെ സംഗീതത്തില്‍ അപരന്‍റെ കടന്നുകയറ്റം അനുവദിക്കില്ലെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു. എന്‍റെ സിനിമയില്‍ ഉംബായിയുടെ പൂര്‍ണ്ണസ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത് എന്ന് ജോണ്‍ എന്നെ എനിക്കായി വിട്ടുതന്നു. അങ്ങനെ ജോണ്‍ എബ്രഹാമിന് സമ്മതം കൊടുക്കേണ്ടിവന്നു. അന്ന്‍ വീണ്ടും ജോണിനായി പാടി.

     അക്കാലം ഞാന്‍ ഹോട്ടല്‍ ആബാദ് പ്ലാസയില്‍ സ്ഥിരമായി പാടുമായിരുന്നു. അവിടെ ഗസല്‍ പെര്‍ഫോമന്‍സ് ലൈവ്. ഹോട്ടല്‍ എം ഡി റിയാസ് അഹമ്മദ് എല്ലാ സൌകര്യങ്ങളും ഒരുക്കിത്തരുമായിരുന്നു. ഹോട്ടലില്‍ ബാര്‍ ഇല്ലാത്തതിനാല്‍ ഫാമിലി ഗസ്റ്റുകള്‍ മാത്രമേ വന്നിരുന്നുള്ളു. അവിടെ നിത്യഗായകനായത് എന്‍റെ സംഗീതശീലങ്ങളെ ബലപ്പെടുത്തിയിട്ടുണ്ട്.

     ഒരു ദിവസം ബാദ് പ്ലാസയില്‍ പാടി വീട്ടിലെത്തിയപ്പോള്‍ കുറച്ചുകാലം എനിക്ക് ശിഷ്യപ്പെട്ടിട്ടുള്ള ഒരു യുവാവ് വീട്ടില്‍ വന്നു. ഒരു ജുബ്ബയുമിട്ട് ബീച്ചില്‍ ചെല്ലാന്‍ ജോണ്‍ എബ്രഹാം പറഞ്ഞയച്ചിരിക്കുന്നു. ഞാന്‍ അയാളോടൊപ്പം ബീച്ചില്‍ ചെന്നു. അവിടെ ഷൂട്ടിംഗിന്‍റെ സര്‍വ്വസന്നാഹങ്ങളുമായി ജോണ്‍ കാത്തിരിക്കുകയാണ്.

     ജോണ്‍ എന്ന വ്യക്തിയുമായി മാനസികമായ അടുപ്പം ആദ്യത്തെ സന്ദര്‍ശനത്തിലേ വന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വിളിച്ചപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ ബീച്ചിലേക്ക് ചെന്നത്. ജോണ്‍ എന്നോട് തബലയുടെ ബോല്‍സ് പറയാന്‍ പറഞ്ഞു. രാത്രിയുടെ മങ്ങിയ വെളിച്ചത്തില്‍ രാഗാലാപനരീതിയൊക്കെ അഭിനയിച്ചു ചിത്രീകരിച്ചു. സിനിമയിലെ കേന്ദ്രകഥാപാത്രമായ ഹരിയെ പഠിപ്പിക്കുന്ന രംഗം പകര്‍ത്തി. ജോണിനോട് അപ്പോഴേക്കും വന്നു കഴിഞ്ഞ മാനസികമായ അടുപ്പം അദ്ദേഹത്തിന്‍റെ സംവിധാനകലയിലെ ലാളിത്യം ബോധ്യപ്പെട്ടപ്പോള്‍ ഒന്നുകൂടി വര്‍ദ്ധിക്കുകയും ചെയ്തു.

     പിന്നൊരു ദിവസം ഞാന്‍ ആബാദ് പ്ലാസയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ജോണ്‍ പറഞ്ഞയച്ച് നേരത്തെ വന്ന യുവാവ് വീണ്ടും വന്നു. ഇത്തവണ എന്നോട് തിരുവനന്തപുരത്ത് എത്താനാണ് ആവശ്യം. ഞാന്‍ തിരുവനന്തപുരത്ത് പോയാല്‍ ഹോട്ടലിലെ ഗസല്‍ മുടങ്ങും. സിനിമാനടന്‍ കൂടിയായ അജിത്‌ ചന്ദ്രനായിരുന്നു അന്ന് അവിടെ മാനേജര്‍. ഇദ്ദേഹം എന്‍റെ പാട്ട് ഇഷ്ടപ്പെടുന്ന സഹൃദയന്‍ കൂടിയാണ്. അന്ന്‍ എന്‍റെ കൂടെ പാടിയിരുന്ന മെഹബൂബാണ് ഞാന്‍ ജോണ്‍ വിളിച്ചിട്ടും പോകാതിരുന്ന കാര്യം അജിത്‌ ചന്ദ്രന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അജിത്‌ ചന്ദ്രന്‍ എന്നെ നിര്‍ബന്ധിച്ചു. 

     ഞാന്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. അവിടെ ഞാന്‍ കണ്ടത് വേറൊരു ജോണ്‍ എബ്രഹാമിനെയാണ്. ഒരുപക്ഷെ ലോകത്ത് ഒരു സിനിമാസംവിധായകനിലും കാണാത്ത പ്രത്യേകത. ജോണിന്‍റെ കയ്യില്‍ സ്ക്രിപ്റ്റ് ഉണ്ടാവില്ല. ഷൂട്ട്‌ ചെയ്യുന്നത് എഴുതിപ്പോകുന്നതാണ് ജോണിന് സ്ക്രിപ്റ്റ്. അക്കാലം നക്സല്‍ അനുഭാവികളെന്ന്‍ വേഷത്തിലും സംസാരത്തിലുമൊക്കെ തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ജോണിന്‍റെ ഒപ്പമുണ്ടായിരിക്കും. ചിത്രാഞ്ജലിയിലും കണ്ടു ഈ സഹപ്രവര്‍ത്തകരെ. അവരില്‍ പലരും കഞ്ചാവിന്‍റെ അടിമകളുമായിരുന്നു.

     രാത്രി രണ്ടുമണിയായപ്പോള്‍ ജോണ്‍ എന്നെ ഉണര്‍ത്തി. ഞാന്‍ സ്റ്റുഡിയോയിലേക്ക് നടന്നു. ഞങ്ങള്‍ നടക്കുമ്പോള്‍ എതിരെ മമ്മൂട്ടി നടന്നു വരുന്നു.

     "മമ്മൂ...ഇത് ഇബ്രാഹിം. എന്‍റെ സിനിമയില്‍ പാടാന്‍ വന്നതാണ്‌." - ജോണ്‍ പറഞ്ഞു.

     "എനിക്കറിയാം ജോണ്‍ സാറേ. ആബാദ് പ്ലാസയില്‍ നിന്ന് ഞാന്‍ കേള്‍ക്കാറുണ്ട്." - മമ്മൂട്ടി പറഞ്ഞു.

     "എന്നാല്‍ ഇബ്രാഹിമിന്‍റെ കൈ പിടിച്ചോ. ഒരു കൈ ഞാനും പിടിക്കാം."

     ജോണ്‍ എന്‍റെ കൈ പിടിച്ചു. അങ്ങനെ ജോണും മമ്മൂട്ടിയും എന്നെ ചിത്രാഞ്ജലിയിലേക്ക് കൈ പിടിച്ചു നടത്തി. അന്ന് പി ഭാസ്ക്കരനാണ് ചിത്രാഞ്ജലിയുടെ ചെയര്‍മാന്‍. ജോണ്‍ അബ്രഹാമിന് മാത്രമായി അവിടെ ചില സ്വാതന്ത്ര്യങ്ങളൊക്കെയുണ്ട്. ജോണിന് സ്റ്റുഡിയോയില്‍ ബീഡി വലിക്കാം. ബീഡിക്കുറ്റികള്‍ നിക്ഷേപിക്കാനായി ഇരുവശത്തും പ്ലാസ്റ്റിക് വെയ്സ്റ്റ് ബാസ്ക്കറ്റ് ഉണ്ട്.

     ഞാന്‍ സ്റ്റുഡിയോയില്‍ എത്തിയതും ജോണ്‍ എനിക്കായി രണ്ടു പായ്ക്കറ്റ് ചാര്‍മിനാര്‍, തീപ്പെട്ടി, ആഷ് ട്രേ എല്ലാം കൊണ്ടുവച്ചു. ഞാന്‍ സ്ഥിരമായി ചാര്‍മിനാറാണ് വലിക്കുന്നത് എന്നുവരെ ജോണ്‍ കൃത്യമായി നിരീക്ഷിച്ചറിഞ്ഞിരിക്കുന്നു!

     ജോണ്‍ ഒരു മൈക്ക് മുന്നില്‍ കൊണ്ടുവച്ച് ഒരു ഗസല്‍ പാടാന്‍ പറഞ്ഞു. ഒന്ന് ജോണ്‍ ആവശ്യപ്പെട്ട ഗസല്‍. ദേവദാസ് ആയിരുന്നു സൗണ്ട് എഞ്ചിനീയര്‍. അദ്ദേഹം ഇന്നില്ല.

     "അഹിസ്താ അഹിസ്താ എന്ന ഗസല്‍ പാടാന്‍ പറ്റ്വോ?" - ദേവദാസ് ക്യാബിനുള്ളില്‍ നിന്ന് ചോദിച്ചു.

     "വെയ്റ്റ്" - ജോണ്‍ പറഞ്ഞു.

     "പാടിയ രണ്ടു പാട്ടും കേള്‍ക്കാം അല്ലേ ദേവദാസ്?" - ജോണ്‍ ചോദിച്ചു.

     ഞാന്‍ എന്‍റെ പാട്ട് ആദ്യമായി കേള്‍ക്കുകയാണ്. അത് കേട്ടപ്പോഴാണ് എനിക്ക് ആത്മബോധം കൈവന്നത്. ഞാന്‍ എന്നെ തിരിച്ചുകേള്‍ക്കുന്നു. എന്‍റെ ശബ്ദം തിരിച്ചറിയുന്നു. ജിവിതത്തിലെ അനര്‍ഘനിമിഷങ്ങളായിരുന്നു അത്. എന്‍റെ ശബ്ദത്തെ എനിക്കായി വീണ്ടെടുത്ത് കേള്‍പ്പിച്ച ജോണിനോടും ദേവദാസിനോടും എങ്ങനെ നന്ദി പറയണമെന്നറിയാതെ അനിശ്ചിതത്വത്തിലായി. അവര്‍ എനിക്ക് തന്നത് മഹത്തായൊരു തിരിച്ചറിവായിരുന്നു. ഇതാണെന്‍റെ ശബ്ദം എന്ന തിരിച്ചറിവ്.

     അതുവരെ പാട്ട് കേട്ടവര്‍ പറയുന്ന അഭിനന്ദനസ്വരങ്ങളേ എനിക്ക് പരിചിതമായിരുന്നുള്ളു. അതിനപ്പുറം ആത്മവിചാരണയ്ക്കുള്ള അവസരങ്ങള്‍ എനിക്കുണ്ടായിരുന്നില്ല. ഞാന്‍ എത്ര അക്രമാസക്തനായാലും മദ്യപിച്ച് മാര്‍ദ്ദവമില്ലാത്തവനായാലും അനീതികള്‍ക്കെതിരെ ക്രൂരമായി പ്രതികരിക്കുന്നവനായാലും സമൂഹത്തിലെ വിഭിന്ന വര്‍ഗക്കാര്‍ ഒടുവില്‍ എന്നിലെ ഗായകനെയോര്‍ത്ത് എന്നില്‍ നീതി കാണുന്നതിന്‍റെ സ്വാഭാവികസത്യം അപ്പോഴാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്. ഒപ്പം ഈ ശബ്ദം, ഈ മാര്‍ഗ്ഗം എന്നില്‍ നിന്ന് നഷ്ടമാവുമോ, അങ്ങനെ നഷ്ടപ്പെട്ടാല്‍ ഞാന്‍ ഞാനല്ലാതാവുമല്ലോ തുടങ്ങിയ ദുശ്ചിന്തകളും എന്നെ ബാധിച്ചു.

     ഞാനന്ന് കുറേ പാടി. ഹരി തബല വായിച്ചു. അതെല്ലാം സ്പൂളില്‍ റെക്കോര്‍ഡ് ചെയ്തു. പോകുമ്പോള്‍ ജോണ്‍ അഞ്ഞൂറുറുപ്പിക തന്നു. ഞാനത് വാങ്ങിയില്ല. തിരിച്ചറിവിന്‍റെ പാതയിലേക്ക് എന്നെ വഴിയൊരുക്കിത്തന്നവരില്‍ നിന്ന് പ്രതിഫലം വാങ്ങുന്നത് ശരിയല്ല എന്നുതോന്നി.

     ഞാന്‍ മടിച്ചു നില്‍ക്കുന്നതുകണ്ടപ്പോള്‍ ജോണ്‍ പറഞ്ഞു : "ഇത് എന്‍റെ കാശല്ല. ഒഡേസയാണ് ഫിലിം പ്രൊഡ്യൂസ് ചെയ്യുന്നത്. ഇത് ചെലവ് കാശാണ്." 

     ഞാന്‍ ജോണിന്‍റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തില്‍ പണം വാങ്ങി.

     ജോണ്‍ വീണ്ടും വിളിക്കുന്നു. ചിത്രാഞ്ജലിയിലേക്കുതന്നെ. ഇപ്രാവശ്യം വിളിച്ചത്  ഡബ്ബിംഗിനാണ്. ഡബ്ബിംഗ് ആദ്യമായിട്ടാണ്. ഒരു സീന്‍ ആറുതവണയൊക്കെ കാണുമ്പോഴേക്ക് മനസ്സിലാവുമെന്ന് ജോണ്‍ പറഞ്ഞു. ലിപ്പ് മൂവ്മെന്‍റ് ശരിയാകലാണ് പ്രയാസം. ജോണ്‍ പറഞ്ഞ മാര്‍ഗ്ഗത്തില്‍ ചെയ്തപ്പോള്‍ ശരിയാവുകയും ചെയ്തു. അപ്പോഴേക്കും ജോണിന്‍റെ കൂട്ടാളികള്‍ ഓരോരുത്തരായി പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. അന്നും ജോണ്‍ എനിക്ക് അഞ്ഞൂറുറുപ്പിക തന്നു. ഒപ്പം നയാഗ്ര എന്ന സ്പൂള്‍ പോലെയുള്ള റെക്കോര്‍ഡിംഗ് സിസ്റ്റവും തന്നു.

     പിന്നീടൊരിക്കല്‍ ഞാന്‍ ഗസല്‍ കഴിഞ്ഞ് തോപ്പുംപടി ബസ്സിറങ്ങിയപ്പോള്‍ അവിടെ ജോണ്‍! എന്നെ കാത്തുനില്‍ക്കുന്നതുപോലെ.

     എന്നെ കണ്ടതും ജോണ്‍ പറഞ്ഞു : "ഞാന്‍ ഇബ്രാഹിമിന്‍റെ  പേരു മാറ്റി. തിരുവനന്തപുരത്തുപോയി അതുമാറ്റി വരികയാണ്‌. മട്ടാഞ്ചേരിയില്‍ മാപ്പിളപ്പാട്ട് പാടുന്ന ഒരു ഇബ്രാഹിം ഉണ്ട്. സിനിമയില്‍ പാടുന്ന കൊച്ചിന്‍ ഇബ്രാഹിമും. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ പേര് ഉംബായി എന്നു മാറ്റി. എനിക്കിഷ്ടവും ഉംബായി എന്നു വിളിക്കാനാണ്."

   ആ ഇന്‍റിമസി, ആ സ്വാതന്ത്ര്യം എന്‍റെ മനസ്സില്‍ തട്ടി. എന്നെ പേരിട്ടു വിളിച്ച, എന്‍റെ ചെല്ലപ്പേരിനെ അന്വര്‍ത്ഥമാക്കിയ, അതില്‍ എന്‍റെ അസ്തിത്വവും പെരുമയും ദര്‍ശിച്ച ജോണിനെ നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ജോണിനെ ഒരു ചായ കുടിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം നിന്നില്ല. എന്തിനാണ് ജോണ്‍ അവിടെ പ്രത്യക്ഷപ്പെട്ടത്. ഈ പേരുമാറ്റം പറയാനോ അല്ലെങ്കില്‍ പേരിടലിനായി മാത്രമോ?

     'അമ്മ അറിയാന്‍' അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവലിന് ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കുന്നു. അശോക ഹോട്ടലില്‍ ജോണ്‍ എബ്രഹാമുണ്ട്. അടുത്ത മുറികളില്‍ മമ്മൂട്ടിയും അജിത്‌ചന്ദ്രനുമുണ്ട്. ഡല്‍ഹിയിലെ അതിശൈത്യം വകവയ്ക്കാതെ ഒരു കോട്ട് മാത്രം ധരിച്ച് ഒരു പൈന്‍റും കൈയ്യില്‍ പിടിച്ച്‌ ലോണില്‍ക്കൂടി നടക്കുന്നു. ആ കാഴ്ചയെപ്പറ്റി അജിത്‌ചന്ദ്രന്‍ എന്നോടു പറയുകയുണ്ടായി.

     അപ്രതീക്ഷിതമായി ഒരു ദിവസം ജോണ്‍ എന്നെ കാണാന്‍ ആബാദ് പ്ലാസയില്‍ വരികയാണ്‌. ആദ്യം കണ്ടത് അജിത്‌ചന്ദ്രനെ യാണ്. 'എനിക്ക് ഉംബായിയെ കാണണം!' ജോണ്‍ ആവശ്യപ്പെട്ടുവത്രെ. 'ഞാന്‍ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളു' എന്ന് അദ്ദേഹം പറഞ്ഞു.

     എന്നെ കണ്ടതും കാത്തിരുന്ന ജോണ്‍ എണീറ്റ് എന്‍റെ അടുത്തേക്ക് വന്ന് കൈ തന്നു.

     "ഭീംസെന്‍ ജോഷി നിങ്ങളുടെ പാട്ടു കേട്ടു. ഭയങ്കര അഭിപ്രായം. നിങ്ങളെ കാണണമെന്നു പറഞ്ഞു. ഞാന്‍ അത്യാവശ്യമായിട്ട് ഇറ്റലിക്ക് പോവ്വ്വാണ്. സിനിമാപ്രദര്‍ശനവുമായി ബന്ധപ്പെട്ട്. അവര്‍ എനിക്ക് എമിഗ്രേഷന്‍ ക്ലിയര്‍ ചെയ്ത് തന്നില്ല." - ജോണ്‍ വാചാലനായി.

     "ആര്?" - ഞാന്‍ ചോദിച്ചു.

     "പോലീസ് കമ്മീഷണര്‍! എന്തിനാണ് ഇറ്റലിയില്‍ പോകുന്നത് എന്ന് പോലീസ് കമ്മീഷണര്‍ ചോദിച്ചു. മാര്‍പ്പാപ്പയെ കൊല്ലാന്‍ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഇറ്റലിയില്‍ പോകുന്നത് എന്തിനാണെന്ന് ചോദിക്കാന്‍ അവനാരാണ്? ഞാന്‍ ഇറ്റലിയില്‍ നിന്ന് തിരിച്ച് ബോംബെയില്‍ വരും. ബോംബെയിലെത്തിയാല്‍ ഉംബായിയെ വിളിക്കും. തബലയും പെട്ടിയുമൊന്നുമില്ലാതെ ഡ്രസ്സ് മാത്രമായി ബോംബെയ്ക്ക് വരണം." - ജോണ്‍ പറഞ്ഞു.

     ഒരു ചായ കുടിക്കാമെന്നായി എന്‍റെ ക്ഷണം. ഏതായാലും ഇവിടുന്നു വേണ്ട അപ്പുറത്തെ തട്ടുകടയില്‍ നിന്നുമതി എന്നും പറഞ്ഞ് ജോണ്‍ നടന്നു. ഞങ്ങള്‍ ചായ കുടിച്ചു. 
     
     ചായ കുടിച്ചുകഴിഞ്ഞതും ജോണ്‍ പറഞ്ഞു : "ഇനി എനിക്ക് നൂറു മില്ലി അടിക്കണം." 
     
     ഞാനതിനെ വിലക്കി. ജോണ്‍ ഒരിക്കല്‍ക്കൂടി വാചാലനായി.

     "കുടിച്ചിട്ട് ഉംബായിയുടെ അടുത്തുവരരുതെന്നു പറഞ്ഞിട്ടില്ലേ."

     "ഞാന്‍ കുടിച്ചിട്ടില്ല. ഇനി എനിക്കു കുടിക്കാമല്ലോ."

     ജോണ്‍ ചാരായഷാപ്പിലേക്കു പോയി. തിരിച്ചുവിളിച്ചാലും ഫലമില്ല.

     ഈ കഥയ്ക്കൊരു പുരാവൃത്തമുണ്ട്. ഞാന്‍ ചിക്കന്‍ പോക്സ് പിടിപെട്ട് കിടന്നിരുന്ന സമയം. കോഴഞ്ചേരിയില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. എങ്ങനെയോ ഇതറിഞ്ഞ് തികച്ചും അബോധാവസ്ഥയില്‍ അവിടേക്ക് കയറിവന്നു.

     അമിതമദ്യപാനം സൃഷ്ടിക്കുന്ന സകല അസ്വാഭാവികതകളും ജോണിന്‍റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രകടമായിരുന്നു. 'എന്‍റെ ഉംബായിക്ക് ചിക്കന്‍ നല്‍കിയവനെ ഞാന്‍ കൊന്നുകളയും' എന്നൊക്കെ പറയുന്നുണ്ട്. ജോണ്‍ അവിടെ ചില സീനുകളൊക്കെ ഉണ്ടാക്കി. ഭാര്യാപിതാവിനെ ആലിംഗനം ചെയ്യുക തുടങ്ങി വീട്ടന്തരീക്ഷത്തെ ബാധിക്കുന്ന പ്രവൃത്തികളും സംസാരങ്ങളും. ഞാന്‍ വല്ലാതെ രോഷം കൊണ്ടു. ജോണിനെ എങ്ങനെയൊക്കെയോ പുറത്തുകൊണ്ടുപോകാന്‍ ഏര്‍പ്പാടുമാക്കി.

     അസുഖം മാറി പാടാന്‍ പോയിത്തുടങ്ങി. ഒരു ദിവസം തോപ്പുംപടിയില്‍ ബസ്സിറങ്ങിയപ്പോഴാണ് അവിടെ ജോണ്‍!

     "എടോ, ജോണ്‍ ഇങ്ങട് വന്നേ!!" - ഞാന്‍ തീരെ അനുകമ്പയില്ലാതെ വിളിച്ചു.

     എനിക്ക് ജോണ്‍ വീട്ടില്‍ സൃഷ്ടിച്ച അനുഭവം ഓര്‍മ്മയിലുണ്ട്. ഞാന്‍ പറഞ്ഞു : " താന്‍ ഒരു കച്ചറയാണെങ്കില്‍ ഞാന്‍ ഒന്നര കച്ചറയാണ്. താന്‍ ഒരായുസ്സിന്‍റെ മദ്യം കഴിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ രണ്ടായുസ്സിന്‍റെ മദ്യം കഴിച്ചിട്ടുണ്ട്. ഞാന്‍ ഇഷ്ടപ്പെടുന്നവര്‍ മദ്യം കഴിക്കുന്നത് എനിക്കിഷ്ടമല്ല. മദ്യപിച്ച് എന്‍റെ മുമ്പില്‍ വരുന്നതും എനിക്കിഷ്ടമല്ല."

     ജോണ്‍ നിശബ്ദനായി നടന്നുനീങ്ങി.

     ഒരുദിവസം ആബാദ് പ്ലാസയില്‍ പാടിക്കഴിഞ്ഞു വന്നപ്പോള്‍ മകള്‍ പറഞ്ഞു : "ജോണ്‍  എബ്രഹാം മരിച്ചു എന്ന് റേഡിയോ വാര്‍ത്ത കേട്ടു."

     ഞാന്‍ ആ ദുഃഖം മനസ്സില്‍ ഏറ്റുവാങ്ങി. ഇപ്പോഴും അത് മനസ്സില്‍ കിടക്കുന്നു. പിറ്റേന്ന്‌ ദുഃഖം ഖനീഭവിച്ച മനസ്സുമായി ബസ്സിലിരിക്കുമ്പോള്‍ ജോണിനെ ഓര്‍ത്തു. മട്ടാഞ്ചേരി ടൌണ്‍ഹാളില്‍ ഞാന്‍ പാടിക്കഴിഞ്ഞപ്പോള്‍ സ്റ്റേജിലേക്ക് വന്ന്‍, I declare Umbai is the Ghazal Voice of Kerala എന്ന് പ്രഖ്യാപിച്ച ജോണിനെ. 

     ജോണിന് ഞാന്‍ എന്നില്‍ത്തീര്‍ത്ത സ്മാരകമാണ് ഉംബായി എന്ന പേര്. സ്നേഹം വേദന കൂടിയാണെന്ന് ഞാനറിയുന്നത് ജോണിനെ ഓര്‍ക്കുമ്പോഴാണ്.

Sunday, May 30, 2021

നവവത്സരം

- ഇടപ്പള്ളി രാഘവന്‍പിള്ള


നവവത്സരം, ഹാ, ഹാ! കേരളക്ഷമയ്ക്കുള്ളില്‍

നവചൈതന്യം ചേര്‍ക്കും മംഗളപ്രഭാരംഗം;

കാലശൈലത്തില്‍നിന്നും നിര്‍ഗ്ഗളിച്ചീടും പുത്തന്‍

ചോലയൊന്നിതാ ഭൂവില്‍ പുളകം പൂശീടുന്നു;

ചന്ദനക്കുളിര്‍ക്കാറ്റിന്നിക്കിളിയിയറ്റുന്ന

തെന്നലിലൂഞ്ഞാലാടും പൂവല്ലീനിരയിലും,

അലസമലതല്ലിയുലയും പാടത്തിലെ-

പ്പവിഴക്കതിര്‍ക്കുലത്തുമ്പിലും തുളുമ്പുന്ന

സുസ്മിതസുധാരസം പാരിനോടോതീടുന്നു:

"വിസ്മരിക്കുവിന്‍ പോയ കാലത്തെയഖിലരും."

കൊച്ചുപത്രങ്ങള്‍ തുന്നിച്ചേര്‍ത്തിടുമാനന്ദം പോല്‍

പച്ചിലക്കാട്ടില്‍ പാറിക്കളിപ്പൂ പറവകള്‍;

പൈതങ്ങള്‍ തങ്ങള്‍ക്കോണത്തപ്പനെക്കണ്ടെത്തുവാന്‍

കൈവന്നൊരത്യാശതന്നാകാരസമാനമായ്

പയര്‍വള്ളിയില്‍നിന്നും വാനിലേക്കുയര്‍ന്നിട്ടു

പതറിയിളകുന്നൂ പൂമ്പാറ്റപ്പുതുപൂക്കള്‍;

മലയാളത്തിന്‍ മഹാസൗഭാഗ്യപതാകപോല്‍

മലയാനിലനിങ്കലാടുന്നൂ പൊന്മേഘങ്ങള്‍;

ഭാവിയങ്ങൊരുപക്ഷേ,യിരുളാണെങ്കിലെന്തി-

ബ്ഭാസുരമഹത്തിങ്കല്‍ പങ്കെടുക്കുവാനായി

കൂടുവിട്ടുണര്‍ന്നുടന്‍ മച്ചിത്തവിഹംഗമേ!

കൂവി, നിന്‍ കൂട്ടരോടുകൂടിയൊന്നാഹ്ലാദിക്കൂ!


(ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സമ്പൂര്‍ണ്ണകൃതികളില്‍ നിന്നുമെടുത്തത്)