Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Tuesday, December 31, 2024

ചരിത്രത്തിന്‍റെ ശ്മശാനഭൂമികള്‍

 

 

 

 

 

 

 

 

 

- എം ടി വാസുദേവന്‍ നായര്‍

         

        മാർപാപ്പയുടെ അരമനയും സെന്‍റ് പോൾസ് പള്ളിയും നോക്കി ചത്വരത്തില്‍ നിന്നാൽ ചുറ്റും ഒഴുകുന്നത് പല നാടുകളിൽ നിന്നു വരുന്ന സന്ദർശകരാണ്. 71ന് ശേഷം ഞാൻ വീണ്ടും റോമിൽ വന്നതാണ്. ആവശ്യമൊന്നുമില്ല. പിരിഞ്ഞുപോയ ചെറിയ ജോലിക്കാർ പണ്ട് ജോലി ചെയ്ത സ്ഥാപനങ്ങൾ വെറുതെ കണ്ടുനിൽക്കാറുണ്ടല്ലോ. അതേ മനോഭാവമാണെന്ന് പറയാം.

        വത്തിക്കാന്‍ റേഡിയോയിലെ മലയാള വിഭാഗത്തിലെ സുഹൃത്ത് ചോദിച്ചു: 'എന്തൊക്കെ മാറ്റമാണ് വന്നത്?' 'ആൾക്കൂട്ടം. പണ്ടത്തേതിനേക്കാൾ എത്രയോ ഇരട്ടി ആൾക്കൂട്ടം. ഭക്തരെക്കാൾ എത്രയോ മടങ്ങ് വിനോദസഞ്ചാരികൾ.

        ചെറിയ വാടകയ്ക്ക് മുറികൾ കിട്ടാൻ പ്രയാസം. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ആനീ സ്വീബല്‍ പലവട്ടം വിളിച്ചതിന്‍റെ ഫലമായിട്ടാണ് തിയോളജിയിൽ ഉപരിപഠനം നടത്തുന്ന ജോൺ സാപ്ടിന്‍റെ രണ്ടു മുറികൾ ഉറപ്പിച്ചത്.

        മുപ്പത്താറ് വർഷം മുമ്പ് വന്നപ്പോൾ ഞാൻ തനിച്ചായിരുന്നു. വത്തിക്കാൻ പരിസരത്തിലെ പല വീടുകളും മുറികൾ വാടകയ്ക്ക് കൊടുത്തിരുന്നു. ഡോളറിന് ആറുറുപ്പിക ഉണ്ടായിരുന്ന കാലത്ത് മുറിക്ക് മൂന്ന് ഡോളർ കൊടുത്താൽ മതി. ഇപ്പോൾ വളരെ ഇടത്തരത്തിൽപ്പെട്ട ഹോട്ടലിൽ തൊണ്ണൂറ് യൂറോ കൊടുക്കണം. വീട്ടുമുറികൾ വളരെ നേരത്തെ സന്ദർശകരിൽപ്പെട്ട കുടുംബങ്ങൾ ബുക്ക് ചെയ്തിരിക്കുന്നു.

        വത്തിക്കാൻ ഇപ്പോഴും ഒരത്ഭുതമാണ്. മഹാരഹസ്യം പോലെയാണ്. ഡാവിഞ്ചി കോഡിന്‍റെ  കർത്താവായ ഡാൻ ബ്രൗൺ വളരെ മാസങ്ങൾ ഇവിടെ താമസിച്ച് ഗവേഷണം നടത്തിയിട്ടുണ്ടെന്ന് വായനക്കാരനായ ഫാദർ വിൻസെന്‍റ് അറയ്ക്കൽ പറഞ്ഞു. അദ്ദേഹം വാത്തിക്കാനിലെ ആരോഗ്യ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് നടത്തുന്ന ഉപജാപങ്ങളും കൊലപാതകങ്ങളുമാണ് ഡാൻ ബ്രൗൺ 'എയ്ഞ്ചൽസ് ആൻഡ് ഡെമോൺസ്'-ല്‍ എഴുതിയത്. ഡാവിഞ്ചി കോഡ് വന്ന ശേഷമാണ് ഈ നോവൽ ബെസ്റ്റ് സെല്ലർ ആയത്. ഡാനിയൽ സിൽവയുടെ കൺഫെസർ, വത്തിക്കാന്‍റെ സ്വകാര്യ ചാരസംഘടനയെ പറ്റിയാണ്. ഒരു ശുദ്ധഗതിക്കാരൻ മാർപാപ്പ രണ്ടാം ലോക മഹായുദ്ധകാലത്ത് തന്‍റെ  ഒരു മുൻഗാമി, നാസി നേതാക്കൾക്ക് ജൂതരെ നശിപ്പിക്കുവാൻ സഹായം നൽകിയതിന്‍റെ തെളിവുകൾ കണ്ടെത്തുകയും ജൂതസമൂഹത്തോട് മുഴുവൻ മാപ്പ് പറയാനൊരുങ്ങുകയും ചെയ്യുകയാണ്. അത് തടയാനും, വേണ്ടിവന്നാൽ മാർപാപ്പയെത്തന്നെ വധിക്കാനും ഈ സ്വകാര്യ സംഘടന ശ്രമിക്കുന്നുണ്ട്. അതാണ് കൺഫെസര്‍.

        ഇപ്പോഴും പല രഹസ്യങ്ങളും സൂക്ഷിച്ചു വെക്കുന്ന ഈ കൊട്ടാരം ഇനിയും ത്രില്ലറെഴുത്തുകാർക്ക് വിഷയമായേക്കും.

        വീണ്ടും സിസ്റ്റിൻ ചാപ്പലില്‍ പോണം. കുറെ സമയം ചെലവഴിക്കണം. ക്യൂ കണ്ടപ്പോൾ അത്ഭുതപ്പെട്ടു. മുമ്പ് വന്നപ്പോൾ ഞാൻ പലപ്പോഴും കയറിപ്പോയിട്ടുണ്ട്. രണ്ട് മണിക്കൂറും 40 മിനിറ്റും ക്യൂവില്‍ നിന്ന ശേഷമാണ് ആനിയും ഞാനും ഇത്തവണ അകത്തു കയറിയത്. ക്യൂവില്‍ മുമ്പേ സ്ഥലം പിടിച്ചവരുമായി പണം കൊടുത്ത് സ്ഥലം കൈമാറാൻ ആനി ഒരു ശ്രമം നടത്തി. എല്ലാം സംഘങ്ങളായി വന്നവരാണ്. ട്രാവൽ ഏജൻസികൾ നേരത്തെ അവരുടെ ടിക്കറ്റ് വാങ്ങിയതാണ്. പറ്റില്ല.

        കോൺ ഇഗ് ഗുല്‍ഡണ്‍ (Conn Iggulden) എന്ന ഇംഗ്ലീഷുകാരൻ നാല് വോള്യങ്ങളായി ജൂലിയസ് സീസറുടെ ചരിത്രമെഴുതിയിട്ടുണ്ട്. അദ്ദേഹവും റോമിൽ വന്ന് കുറേക്കാലം താമസിച്ചിരുന്നു. ഗംഭീരമായ ഒരു ചരിത്രനോവലാണതെന്ന് ഫാദര്‍ അറയ്ക്കൽ ശിപാർശ ചെയ്തു. (പോരുമ്പോൾ ഫാദർ അതെനിക്ക് സമ്മാനമായി  തന്നു.)

        ഞങ്ങൾ നടക്കുന്ന ഈ റോഡ് പണ്ട് ഒരു സ്വകാര്യ വഴിയായിരുന്നു. ബോർജിയ വെപ്പാട്ടിയെ സന്ദർശിക്കാൻ വേണ്ടി പ്രത്യേകമുണ്ടാക്കിയത്.

        കൊളോസിയത്തിലേക്കും നീണ്ട ക്യൂവാണ്. അടിമകളെയും ആദ്യകാല വിശ്വാസികളെയും വിശക്കുന്ന സിംഹത്തിന് ഇട്ടുകൊടുത്ത് ചക്രവർത്തിയും കുടുംബാംഗങ്ങളും രസിച്ച വിശാലമായ അങ്കത്തട്ട്. 'ക്വോവോദിസ്' ഓർമിക്കാം; പീറ്റര്‍ ഉസ്ത്തിനോവിനേയും. പക്ഷെ റോമിലെ സഞ്ചാരികൾ പലരും ഇപ്പോഴും ഓർമ്മിക്കുന്നത് 'റോമൻ ഹോളിഡേ' ആണ്. ഈ പടവുകളിൽ ഇരുന്നാണ് ഗ്രെയ്സ് കെല്ലിയും ഗ്രിഗറി പെക്കും സംസാരിച്ചത്. പഴയ തലമുറക്കാർക്ക് ഗ്രിഗറി പെക്കും ഗ്രെയ്സ് കെല്ലിയും ഇപ്പോഴും പ്രിയപ്പെട്ട താരങ്ങളാണല്ലോ.

        റോം ഒരു നഗരം മാത്രമായിരുന്നില്ല. ഗ്രീസും ഈജിപ്തും പിടിച്ചടക്കിയ ഭരണാധികാരികൾക്ക് മധ്യധരണ്യാഴി ഒരു കളിപ്പൊയ്കയായി മാറി. മറിയൂസും സുല്ലയും എതിർപ്പുകളുണ്ടാക്കുമെന്ന് തോന്നിയവരെ മുഴുവൻ കൊന്നുകളഞ്ഞു. 73 BCയില്‍ സ്പാർട്ടക്കസിന്‍റെ നേതൃത്വത്തിൽ അടിമകൾ പോരാടി സ്വാതന്ത്ര്യം നേടി. പക്ഷെ, സ്പാർട്ടക്കസിനെ തോൽപ്പിച്ച ക്രാസസ്സിനും ഏകാധിപതിയാവാനായിരുന്നു മോഹം. ആറായിരം അടിമകളെ റോമിലേക്കുള്ള വഴികളിൽ കഴുവിലേറ്റി അയാൾ തന്‍റെ കരബലവും ആയുധബലവും  പ്രഖ്യാപിച്ചു. പിന്നീട് വന്ന പോംപേയ്ക്കും ജൂലിയസ് സീസറിനും ഇതേ മോഹം തന്നെ ആയിരുന്നു - ഏകാധിപത്യം. രാജാവല്ല , രാജാവിനേക്കാള്‍ വലിയ ദൈവമാണെന്ന് ജനങ്ങൾ അംഗീകരിക്കണം. ജൂലിയസ് സീസര്‍ സ്വയം നിര്‍മ്മിച്ച ക്ഷേത്രത്തിൽ തന്‍റെ പ്രതിമ സ്ഥാപിച്ചു. 'അജയ്യനായ ദൈവത്തിന്' എന്നായിരുന്നു പ്രതിമയുടെ വിശേഷണമായി രേഖപ്പെടുത്തിയത്.

        മഹായുദ്ധങ്ങളുടെ ശ്മശാനഭൂമിയിലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഞാൻ വീണ്ടും എത്തിയിരിക്കുന്നത്.

        ദൈവത്തേക്കാൾ അജയ്യനായ സീസറെ അടുത്ത സുഹൃത്തുക്കൾ കുത്തിക്കൊന്ന സെനറ്റ് മന്ദിരം ദാ, ഈ സ്ഥലത്തായിരുന്നു. പണ്ട് വന്നപ്പോൾ എനിക്ക് തുണയായി കിട്ടിയ ചരിത്രവിദ്യാർത്ഥി പറഞ്ഞത് ഞാന്‍ വീണ്ടും ഓർത്തുപോയി. ചക്രവർത്തിമാർ വിജയാഘോഷത്തിൽ നിർമ്മിച്ച സൗധങ്ങൾ പലതിന്‍റെയും അവശിഷ്ടങ്ങളാണ് ഇപ്പോഴുള്ളത്. കീഴടക്കിയ നാടുകളിൽനിന്ന് കൊണ്ടുവന്ന അത്ഭുത വസ്തുക്കളിൽ ചിലതൊക്കെ മ്യൂസിയത്തിലുണ്ട്. ചക്രവർത്തിമാരുടെ പേരുകളും കാലക്രമങ്ങളുമൊക്കെ ഇപ്പോൾ ചരിത്ര വിദ്യാർത്ഥികൾക്കേ അറിയൂ. ചില പഴമൊഴികൾ നീറോവിനെപ്പോലെയുള്ളവരുടെ പേരുകൾ നിലനിർത്തുന്നുണ്ടെങ്കിലും.

        എല്ലാ പടയോട്ടങ്ങളും യുദ്ധവിജയങ്ങളും എത്ര നിസ്സാരമായി കാലം മായ്ച്ചുകളയുന്നു എന്ന് ചിതറിയ കല്ലുകളുടെയും വീണുകിടക്കുന്ന സ്തൂപങ്ങളുടെയും ഇടയിലൂടെ നടക്കുമ്പോൾ നാം ഓർമിക്കുന്നു.

        പക്ഷെ, ബോത്തിച്ചെല്ലിയുടെയും     മൈക്കലാഞ്ചലോവിന്‍റെയും മറ്റും മഹത്തായ സൃഷ്ടികൾക്കു മുമ്പിൽ നിൽക്കുമ്പോൾ നാം മനസ്സിൽ ഈ മഹാപ്രതിഭകളെ വന്ദിക്കുന്നു. കാലം മായ്ക്കാതെ തലമുറകൾക്കായി കരുതിവച്ച അത്ഭുത സ്മാരകങ്ങൾ നിലനിൽക്കുന്നു.

        ഒരു ട്രാവൽ ഏജൻസിയിൽ ജോലി നോക്കുന്ന മനോജ് ഞങ്ങൾക്കൊരു കാറ് തന്നു. വാടക വേണ്ട. ഡ്രൈവർക്ക് ഭക്ഷണവും ടിപ്പും കൊടുത്താൽ മതി.

        വത്തിക്കാൻ പരിസരത്തിൽ കാറിന്‍റെ ആവശ്യമില്ല. വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക്. സാല്‍വത്തോര്‍ എന്ന ഡ്രൈവർക്ക് മറ്റു ഭാഷകളൊന്നും അറിയില്ല. ഇംഗ്ലീഷും ജർമ്മനും ആനിക്കറിയാം. കാര്യമില്ല. പിന്നെ കൈയാംഗ്യത്തിന്‍റെ സഹായത്തോടെ മലയാളം പറഞ്ഞു - 'ഞങ്ങൾ ഭക്ഷണം കഴിച്ച് വിശ്രമിക്കും. നാലുമണിക്ക് സാൽവത്തോര്‍ ഇവിടെ വരണം. നാലുമണിക്ക്.'

        സാൽവത്തോർ ശരിവെക്കുന്നു. കണ്ടില്ലേ, സാല്‍വത്തോറിന് കാര്യം മനസ്സിലായി. ഭാഷയറിയാത്ത സാൽവത്തോറാണ് കീറ്റ്സിന്‍റെയും ശവകുടീരത്തിൽ കൊണ്ടുപോയത്. അത്ഭുതം! പിറ്റേന്ന് ഞങ്ങൾ ഫ്ലോറൻസിലേക്ക്. ദാന്തെയുടെ നഗരം. മൈക്കലാഞ്ചലോ ജനിച്ചുവളര്‍ന്നത് അവിടെയാണ്. ഫ്ലോറൻസിലെ മ്യൂസിയത്തിലാണ് മൈക്കലാഞ്ചലോയുടെ പ്രശസ്തമായ മാർബിൾ ശില്‍പ്പം. മ്യൂസിയത്തിലേക്ക് കയറാൻ ഒരു മണിക്കൂറിലേറെ ക്യൂവിൽ നിന്നു.

        ഫ്ലോറന്‍സുകാരനായ സാല്‍വത്തോറിന് ഞങ്ങള്‍ ആ നഗരം കാണാൻ വന്നതിൽ പ്രത്യേകം സന്തോഷമുണ്ട്. ജർമ്മനറിയാവുന്ന ഒരു സഞ്ചാരിയെ കൂട്ടി സാൽവത്തോര്‍ വന്നു. കുറച്ചുകൂടി ഞങ്ങൾക്കു പറഞ്ഞുതരാനുണ്ട്. സാന്‍ടാ ക്രോച്ചേ പള്ളി കാണണം. അവിടെ മാക്യവെല്ലിയുടെയും മൈക്കലാഞ്ചലോവിന്‍റെയും ശവകുടീരങ്ങളുണ്ട്. മൈക്കലാഞ്ചലോ ശിൽപ്പിയായിരുന്നു. കൂടുതൽ ശില്‍പ്പങ്ങൾ ചെയ്യാനായിരുന്നു താല്‍പര്യം. റോമിലെ ഭരണാധികാരികൾ നിർബന്ധിച്ചാണ് സിസ്റ്റിന്‍ ചാപ്പലിലെ ചിത്രങ്ങൾ വരയ്ക്കാൻ കൊണ്ടുപോയത്. മിക്കവാറും നാലുവർഷം ചാപ്പലില്‍ തടവിലിട്ട പോലെയായിരുന്നു എന്നാണ് സാല്‍വത്തോർ പറയുന്നത്.

        വത്തിക്കാനില്‍ തിരിച്ചെത്തിയപ്പോൾ സാല്‍വത്തോര്‍ ആനിക്ക് ഒരു ഉപദേശം കൊടുത്തു. ഒരു ജനപ്രവാഹവും ശില്‍പ്പങ്ങളുമുള്ള സ്ഥലം ആനിക്കറിയാം. അവിടെ എന്നെ കൊണ്ടുപോണം. കണ്ടുപോരുമ്പോൾ തലചുറ്റി പിന്നിലേക്ക് കുറച്ച് കാശെറിയണം. വീണ്ടും വേഗം വരാൻ റോമിലെ ദൈവങ്ങൾ അനുഗ്രഹിക്കുമത്രേ!

        ആനിയുടെ നിര്‍ബന്ധം കൊണ്ട് പിറ്റേന്ന് മറ്റൊരു ടാക്സിയില്‍ പോയി ഉഴിഞ്ഞിടാനും മറന്നില്ല. വീണ്ടും റോം വിളിക്കുമായിരിക്കും.

        സിസ്റ്റിൻ ചാപ്പലിലേയും ഫ്ലോറൻസ് അക്കാദമിയിലെയും  ശില്‍പ്പങ്ങളും ചിത്രങ്ങളും എന്നെ വിളിച്ചുകൊണ്ടേയിരിക്കും എന്നത് ഉറപ്പാണ്.

 

(മാതൃഭൂമിയുടെ യാത്രയില്‍ 2008 സെപ്റ്റംബർ മാസം പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണം, സജി തോമസ്‌ സമാഹരിച്ച്, മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ 'ധനുഷ്കോടി മുതല്‍ സഹാറ വരെ' എന്ന കൃതിയില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Monday, June 13, 2022

മീന്‍കാരി പെണ്‍കുട്ടിക്ക് ഒരു സ്മാരകം

 







- എം ടി വാസുദേവന്‍ നായര്‍


     

     രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ അയര്‍ലന്‍ഡില്‍ പോകുന്നത്. തലസ്ഥാനമായ ഡബ്ലിന്‍ നഗരത്തില്‍ കുറെയേറെ മലയാളി കുടുംബങ്ങളുണ്ട്. വിജയദശമി ദിവസം അവിടത്തെ കുറെ കുട്ടികളെ എഴുത്തിനിരുത്താന്‍ വരണമെന്ന് ചില സുഹൃത്തുക്കള്‍ ക്ഷണിച്ചു. ആ ദിവസം ഞാന്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്താന്‍ പോകുന്ന പതിവുണ്ട്. അതൊരു മഹോത്സവമാണ്. കേരളത്തിന്‍റെ പല ഭാഗത്തുനിന്നും നാലായിരത്തിലേറെ കുട്ടികള്‍ വരും. തുഞ്ചത്താചാര്യന്‍റെ മണ്ണില്‍ ആദ്യാക്ഷരം കുറിക്കാന്‍ ജാതിമതഭേദമില്ലാതെ കുട്ടികള്‍ വരും. എഴുത്തുകാര്‍, അദ്ധ്യാപകര്‍ അങ്ങിനെ എട്ടുപത്തുപേര്‍ കാലത്ത് അഞ്ചുമണി തൊട്ട് എഴുതിക്കാന്‍ തുടങ്ങും. അതൊഴിവാക്കുവാന്‍ പ്രയാസമുണ്ടായിരുന്നു.

     പക്ഷെ, അയര്‍ലന്‍ഡിലെ സുഹൃത്തുക്കളുടെ നിര്‍ബന്ധം - യാത്രയില്‍ എന്‍റെ സഹായത്തിന് എന്‍റെ പ്രസാധകന്‍ കൂടിയായ പെപ്പിന്‍ തോമസ്‌ കൂടെവരും. അതുകൊണ്ട് സമ്മതിച്ചു.

     അയര്‍ലന്‍ഡ് മുമ്പ് പോകാത്ത ഒരു നാടാണ്. അതിപ്രശസ്തരായ പല എഴുത്തുകാരുടെയും നാടെന്ന നിലയ്ക്ക് നമുക്കൊക്കെ അയര്‍ലന്‍ഡിനോട്‌ ഒരു പ്രത്യേക ആത്മബന്ധവുമുണ്ട്.ഗള്ളിവേഴ്സ് ട്രാവല്‍സിന്‍റെ കര്‍ത്താവായ ജൊനാഥന്‍ സ്വിഫ്റ്റിനെപ്പറ്റി നാം കുട്ടിക്കാലത്തേ കേട്ടിട്ടുണ്ട്. ജീനിയസ്സുകളുടെ നാട് എന്ന് ഐറിഷുകാര്‍ സ്വന്തം ജന്മദേശത്തെ വിശേഷിപ്പിക്കാറുണ്ട്. നോവല്‍സാഹിത്യത്തിലെ ആധുനികതയ്ക്ക് ആരംഭം കുറിച്ച ജെയിംസ് ജോയ്സ്, ടാഗോറിനെ ലോകത്തിന് പരിചയപ്പെടുത്തിയ കവി W B യേറ്റ്സ്, ബര്‍ണാഡ് ഷാ, ഓസ്ക്കര്‍ വൈല്‍ഡ് തുടങ്ങിയ പലരും അയര്‍ലന്‍ഡുകാരാണ്. ലോകമെമ്പാടും വിവര്‍ത്തനങ്ങളിലൂടെ പ്രചരിച്ച ഡ്രാക്കുളയുടെ കര്‍ത്താവ് ബ്രാം സ്റ്റോക്കര്‍ കൂടി അയര്‍ലന്‍ഡുകാരനായിരുന്നു.

     ഇവിടത്തെ എഴുത്തുകാര്‍ക്ക് കൂടുതലായി ആരാധന ജെയിംസ് ജോയ്സിനോടാണ്. നമ്മുടെ കവികളെ കൂടുതല്‍ സ്വാധീനിച്ചത് T S എലിയറ്റാണ്. പക്ഷെ എലിയറ്റിനെക്കാള്‍ ഉയരത്തില്‍ W B യേറ്റ്സിനെ പല നിരൂപകരും പ്രതിഷ്ഠിക്കാറുണ്ട്. ടാഗോര്‍ ബന്ധം കൊണ്ട് മാത്രമല്ല, കാവ്യഭംഗിയും അതിനു കാരണമാണ്.

     ഡബ്ലിനിലെ മലയാളി കുടുംബങ്ങളുടെ ആതിഥ്യം മനോഹരമായിരുന്നു. രാജന്‍ ദേവസ്സിയായിരുന്നു വിദ്യാരംഭത്തിന് ഒരുക്കങ്ങള്‍ ചെയ്തിരുന്നത്. രാജന്‍റെ ഭാര്യ മോനി ലീവെടുത്ത് സ്ഥലങ്ങള്‍ കാണിച്ചുതന്നു. ഫോട്ടോഗ്രാഫര്‍ അജിത്തും കൂടെയുണ്ട്. ജെയിംസ് ജോയ്സിന്‍റെ സ്മാരകത്തില്‍ നിന്നുതന്നെ തുടങ്ങാമെന്ന് വച്ചു. കടലോരത്തില്‍ ദീപസ്തംഭം പോലുള്ള ഒരു പഴയ കെട്ടിടമാണ് സ്മാരകം. അവിടെ കുറച്ചുകാലം ജോയ്സ് താമസിച്ചിട്ടുണ്ട്. എത്തിയപ്പോഴാണറിയുന്നത് അന്ന് ഒഴിവുദിവസമാണ്. സ്മാരകം അടച്ചിട്ടിരിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികളും ഗവേഷകരുമാണ് അവിടെ വരാറുള്ളത്. ചിലര്‍ ഞങ്ങളെപ്പോലെ ഒഴിവുദിവസം മാറിയതറിയാതെ വന്നു നിരാശരായി നില്‍ക്കുന്നുണ്ട്. മറ്റൊരു ദിവസമാകാമെന്നുവെച്ച് മടങ്ങി. ഞാന്‍ പോരുന്നതുവരെ രാജനും മോനിയും അജിത്തും എല്ലാം ലീവെടുത്തിരിക്കുകയാണ്. കാര്‍ലോവിനടുത്ത് ഒരു ഗ്രാമപ്രദേശത്ത് ഒരു ദിവസം താമസിക്കണമെന്നും ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

     മടക്കത്തില്‍ യേറ്റ്സിന്‍റെ മ്യൂസിയം കണ്ടു. പല കാലഘട്ടങ്ങളിലെടുത്ത ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനമാണ്. മനോഹരങ്ങളായ ഫോട്ടോഗ്രാഫുകള്‍, അദ്ദേഹത്തെ സ്വാധീനിച്ച പ്രകൃതിദൃശ്യങ്ങള്‍, കാവ്യശകലങ്ങള്‍... പോരുമ്പോള്‍ സന്ദര്‍ശകരുടെ പുസ്തകത്തില്‍ ഞാനെഴുതി:

'ടാഗോറിന്‍റെ ഒരു ചിത്രം ഉള്‍പ്പെടുത്തേണ്ടതായിരുന്നു.'

ടാഗോറിന്‍റെ പ്രശസ്തി പലനാടുകളിലും വല്ലാതെ പടര്‍ന്നു കയറിയപ്പോള്‍ യേറ്റ്സിന് വിഷമം തോന്നിയോ ആവോ? ഒരുഘട്ടത്തില്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്:

'Damn this Tagore!'

     ആ പകല്‍ മുഴുവന്‍ ഡബ്ലിന്‍ നഗരത്തില്‍ പലേടത്തായി ഞങ്ങള്‍ ചുറ്റിനടന്നു. നഗരത്തില്‍ ചരിത്രപുരുഷന്മാരുടെ പ്രതിമകളുണ്ട്. ജെയിംസ് ജോയ്സിന്‍റെ ഒരു പ്രതിമ വയ്ക്കാന്‍ അവര്‍ മറന്നിട്ടില്ല. അങ്ങനെ നടന്നപ്പോള്‍ ഒരത്ഭുതം കണ്ടു. ഒരു മീന്‍കാരി പെണ്‍കുട്ടിയുടെ പ്രതിമ! ഒരു പ്രധാന ചതുരത്തില്‍ ഗ്രാഫ്ടന്‍ തെരുവും ബഫോക്ക് തെരുവും ചേരുന്ന സ്ഥലത്ത് ഉന്തുവണ്ടിയില്‍ മീന്‍ വില്‍ക്കുന്ന മോളി മലോണ്‍ എന്ന ഐറിഷ് പെണ്‍കിടാവ്! അത് പശ്ചാത്തലത്തില്‍ കിട്ടാവുന്ന വിധത്തില്‍ പല സന്ദര്‍ശകരും ഫോട്ടോ എടുക്കുന്നു. പാവം ജെയിംസ് ജോയ്സിന്‍റെ പ്രതിമയില്‍ സഞ്ചാരികള്‍ക്ക് വലിയ താത്പര്യമൊന്നുമില്ല.

     ആരാണീ മീന്‍കാരി? ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ചിക്കുവാണ് കൂടുതല്‍ വിവരങ്ങള്‍ തന്നത്. രാജന്‍, മോനി ദമ്പതിമാരുടെ മകള്‍ ചിക്കു എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാണ്.

     300 കൊല്ലം മുമ്പാണ് മോളി നഗരത്തില്‍ മീന്‍വണ്ടിയുമായി വന്നു കച്ചവടം ചെയ്തിരുന്നത്. സുന്ദരി. പഴമക്കാരെ പ്രകോപിപ്പിക്കുന്ന വിധത്തിലായിരുന്നു വസ്ത്രധാരണം. മീന്‍കച്ചവടം കഴിഞ്ഞാല്‍ അവള്‍ വേഷം മാറി തൊട്ടടുത്ത ട്രിനിറ്റി കോളേജിലെ ആണ്‍കുട്ടികളുമായി കൂട്ട് കൂടും. ആടിപ്പാടി നടക്കും. ടൈഫോയ്ഡ് പിടിച്ചാണ് മോളി മരിച്ചത്. നഗരത്തിന്‍റെ വക്കില്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലത്ത് അവളുടെ മൃതദേഹം കിടക്കുന്നത് കണ്ടു.കേട്ടുകേള്‍പ്പിച്ച് പലരും വന്നു.

     സെയ്ന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ചിലെ പാതിരി പറഞ്ഞു:

"മീന്‍കാരി ആയതുകൊണ്ട് അവള്‍ മോശക്കാരി ആകുമോ? യേശുദേവന്‍റെ അപ്പോസ്തലന്മാരില്‍ പലരും മീന്‍പിടുത്തക്കാര്‍ ആയിരുന്നില്ലേ?"

     ഭേദപ്പെട്ട നിലയില്‍ അവളുടെ മൃതദേഹം സംസ്ക്കരിച്ചു. അവള്‍ക്ക് അപ്പോള്‍ ഇരുപത്തഞ്ച് വയസ്സായിരുന്നു.

     രാത്രയില്‍ പണ്ടവള്‍ മീന്‍ വിറ്റുനടന്നിരുന്ന വഴികളിലൂടെ അവളുടെ ഉന്തുവണ്ടി നീങ്ങുന്ന ശബ്ദം പലരും കേട്ടു. മോളിയെപ്പറ്റി ആരൊക്കെയോ പാട്ടുകള്‍ ഉണ്ടാക്കി.

     'കക്ക-കക്ക-കല്ലുമ്മക്കായ

      ജീവനുള്ള കല്ലുമ്മക്കായ'

അവള്‍ വിളിച്ചുപറയുന്നത് പലരും കേട്ടിരുന്നുവത്രേ.

     മോളി മലോണിനെപ്പറ്റിയുള്ള പാട്ടിന് വലിയ പ്രചാരമായി. ബാറുകളിലും ചെറുപ്പക്കാര്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലുമൊക്കെ ആ പാട്ട് ആളുകള്‍ പാടി. അയര്‍ലന്‍ഡിന്‍റെ ദേശീയഗാനത്തേക്കാള്‍ അതിന് പ്രചാരം വര്‍ദ്ധിച്ചു. ഇപ്പോഴും അങ്ങനെയാണ്.

     1988ല്‍ ഡബ്ലിന്‍ നഗരത്തിന്‍റെ ആയിരത്താണ്ടാണെന്ന് ചരിത്ര ഗവേഷകര്‍ കണ്ടെത്തി. നഗരത്തില്‍ മോളി മലോണിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന്‍ പലരും ആവശ്യപ്പെട്ടു. നഗരസഭയ്ക്ക് അതിനു വഴങ്ങേണ്ടി വന്നു. അങ്ങനെയാണ് ഈ പ്രതിമ ഉണ്ടായത്.

     ജൂണ്‍ 13നാണ് മോളി മരിച്ചത്. ജൂണ്‍ 13 മോളി മലോണ്‍ ദിവസമായി അധികാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു തലസ്ഥാന നഗരിയില്‍ ഒരു മീന്‍കാരി പെണ്‍കിടാവിന്‍റെ പ്രതിമയ്ക്ക് മാന്യസ്ഥാനം നല്‍കിയത് ഒരുപക്ഷേ ലോകത്തില്‍ അയര്‍ലന്‍ഡ് മാത്രമായിരിക്കും.


(കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ, കുട്ടികള്‍ക്കായുള്ള  പ്രസിദ്ധീകരണമായ തളിര് മാഗസിന്    വേണ്ടി എം ടി വാസുദേവന്‍ നായര്‍ തയ്യാറാക്കിയ യാത്രാവിവരണമാണ് ഇത്.

2011 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഓണപ്പതിപ്പില്‍ നിന്നുമെടുത്താണ് ഇത് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Wednesday, October 27, 2021

ഇവിടെ ഇന്ത്യയുടെ മുത്തച്ഛനുറങ്ങുന്നു





- വയലാര്‍ രാമവര്‍മ്മ


     മഞ്ഞില്‍ കുളിച്ച്, ഈറന്‍ ചേലയും ചുറ്റി, പ്രാതസന്ധ്യ കിഴക്കുനിന്നു പൂജാപുഷ്പങ്ങളുമായി നടന്നുവരികയായിരുന്നു. വെളിച്ചത്തിന്‍റെ രഥം ചക്രവാളപരിധിയില്‍ എത്തിയിട്ടേയുള്ളൂ. മൂടല്‍മഞ്ഞിന്‍റെ മുഖാവരണവുമണിഞ്ഞ് പ്രകൃതി നിഷ്പന്ദമായി നില്‍ക്കുകയാണ്. അപ്പുറത്ത് ദില്ലി നഗരം ഉണര്‍ന്നുകഴിഞ്ഞിട്ടില്ല. യമുനാനദി മലര്‍ത്തിയിട്ട ഒരു കണ്ണീര്‍പ്പലകപോലെ കിടക്കുന്നു.

     ജീവിതത്തില്‍ അന്നോളമുണ്ടായിട്ടില്ലാത്ത ഒരനുഭൂതി വിശേഷവുമായി, ഞാനാ യമുനാതീരത്തിലൂടെ പതുക്കെപ്പതുക്കെ നടക്കുകയായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമാണത്. മനസ്സിനകത്തും കൈക്കുമ്പിളിനകത്തും വിടര്‍ന്നുനിന്ന പൂക്കളുമായി ശബ്ദമുണ്ടാക്കാതെ ഞാന്‍ നടന്നു. കാല്‍ച്ചുവട്ടില്‍ കിടന്ന് ചരലുകള്‍ മാത്രം എന്തോ എന്നോടു പറയുന്നുണ്ടായിരുന്നു.

     അവിടെ ആരും ഒച്ചയുണ്ടാക്കിക്കൂടാ. നിശ്ശബ്ദതപോലും ശബ്ദമയമായിത്തോന്നുന്ന ആ മണല്‍പ്പുറത്ത് എന്‍റെ മുത്തച്ഛന്‍ കിടന്നുറങ്ങുകയാണ്. അനന്തവും അവിരാമവുമായ ഉറക്കം. ജീവിക്കുന്ന യുഗത്തിന്‍റെ ആത്മാവില്‍നിന്നു ജനിക്കുവാനിരിക്കുന്നൊരു യുഗത്തിന്‍റെ ജീവശക്തി രൂപപ്പെടുത്തുന്ന ശ്രമകരമായ ജോലിയും കഴിഞ്ഞ് മുത്തച്ഛന്‍ ഒന്നു വിശ്രമിച്ചുകൊള്ളട്ടെ.

     ഞാന്‍ രാജ്ഘട്ടിലെ സമാധിപീഠത്തിന്‍റെ തിരുമുമ്പിലെത്തി. ഹൃദയം ദ്രുതതരം തുടിക്കുന്നുണ്ടായിരുന്നു. കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. നിറഞ്ഞ മിഴികളുമായി കാണാം തൂങ്ങുന്ന ആത്മാവുമായി, ഞാന്‍ ആ സമാധിപീഠത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. എന്‍റെ മനസ്സാക്ഷിയുടെ മിഴിനീര്‍ തുളുമ്പിനിന്ന പൂജാപുഷ്പങ്ങളും.

     ആ ബലികുടീരത്തിന്‍റെ രോമഹര്‍ഷങ്ങള്‍പോലെ, ചുറ്റുമുള്ള പുഷ്പവാടിയിലെ സൗഗന്ധികങ്ങള്‍ വിടര്‍ന്നുനിന്നു. ഒരു ചിരാഭിലാഷം നിറവേറ്റിക്കഴിഞ്ഞ ആത്മസംതൃപ്തിയും നിര്‍വൃതിയുമാണെനിക്കുണ്ടായത്. നിമിഷങ്ങള്‍ ഒച്ചയുണ്ടാക്കാതെ കടന്നുപോയി. ഞാന്‍ ആ ശിലാതളിമവും നോക്കി നിശ്ചലം നിന്നു.

     ഇവിടെ അംബരചുംബികളായ ഗോപുരങ്ങളില്ല, കനകമേല്‍ക്കട്ടികളില്ല, പുഷ്യരാഗവും മരതകവും പതിച്ച രത്നപീഠങ്ങളില്ല - ഒരു കല്‍ത്തറയും കുറെ പൂക്കളും മാത്രമേയുള്ളൂ. പക്ഷേ, ഇവിടെയാണ്, ഇവിടെ മാത്രമാണ്, ഒരു യുഗത്തോളം വ്യാസമുണ്ടായിരുന്ന ഇന്ത്യയുടെ മനസ്സാക്ഷി നിത്യവിശ്രമം കൊള്ളുന്നത്.

     ആ ചലനം നിലച്ചുപോയ ദിവസം നമുക്കോര്‍മ്മയുണ്ട്. നാം ഏങ്ങിയേങ്ങിക്കരഞ്ഞു. മറ്റെന്താണ് നമുക്കുചെയ്യാന്‍ കഴിയുമായിരുന്നത്? കുടുംബാംഗങ്ങളുടെ കുഞ്ഞിക്കൈകളും പിടിച്ച്, ജീവിതത്തിന്‍റെ വിശാലമേഖലകളിലേക്ക് നമ്മുടെ മുത്തച്ഛന്‍ നടന്നുപോവുകയായിരുന്നു. ഇടുങ്ങി ഇരുള്‍ നിറഞ്ഞ ഇടനാഴികളില്‍നിന്ന്‍ ചൈതന്യധന്യമായ ദേശീയതയുടെ വിശാല മണ്ഡപങ്ങളിലേയ്ക്ക്. ജീവിതാംരംഭം മുതല്‍ക്കേ ആരംഭിച്ച ആ പദയാത്രയില്‍ എത്രയെത്ര പടവുകള്‍ അതിനകം ചവുട്ടിക്കയറിക്കഴിഞ്ഞു! ത്യാഗങ്ങളുടെ എത്രയെത്ര ബലിപീഠങ്ങളില്‍നിന്ന് പ്രതിജ്ഞകള്‍ പുതുക്കി! ലോകം കണ്ട ഏറ്റവും വലിയ സത്യാന്വേഷണമായിരുന്നു അത്!

     ആരുമാരും പ്രതീക്ഷിച്ചതല്ല. ആര്‍ക്കുമാര്‍ക്കും അറിവുണ്ടായിരുന്നതല്ല. ഒരു ഭ്രാന്തന്‍ ആ നെഞ്ചിനുനേരെ നിറയൊഴിച്ചു. ഇന്ത്യയുടെ നെഞ്ചിനു നേരെയാണ് വെടിയുണ്ട മൂളിക്കൊണ്ട് പാഞ്ഞുചെന്നത്. മനുഷ്യാത്മാവുകളുടെ മുറിവുകളുണക്കിയ ആ മുത്തച്ഛന്‍റെ ഹൃദയത്തില്‍ ഘാതകന്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിവെച്ചു. ആ നെഞ്ചാംകൂട് ഉലഞ്ഞുതകര്‍ന്നു. നമ്മുടെ ഹൃദയത്തിന്‍റെ ഞരമ്പുകള്‍ വലിഞ്ഞു പൊട്ടുന്നതായി നമുക്കുതോന്നി; രക്തനാഡികള്‍ വറ്റിച്ചുക്കിച്ചുപോകുന്നതായും. ആ മുത്തച്ഛന്‍റെ ആത്മാവിന്‍റെ വേരുകള്‍ നമ്മുടെയുള്ളിലായിരുന്നു.

     ഞാന്‍ അറിയാതെ, എന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ ആ ശിലാതളിമത്തില്‍ അടര്‍ന്നുവീണു. ഞാന്‍ കരഞ്ഞുകൂടാത്തതാണ്. അദ്ദേഹത്തിനതിഷ്ടമാവുകയില്ല. മരണത്തെപ്പോലും മന്ദഹസിച്ചുനിന്നെതിരേറ്റ ആ മുത്തച്ഛന് കരയുന്നവരെ പുച്ഛമായിരുന്നു. ഒന്നേ സമാധാനമുള്ളൂ. ഞാനൊരു കുട്ടിയാണ്, മനസ്സിന് ഒരിരുത്തം വന്നിട്ടില്ലാത്ത കുട്ടി. എത്രയോ തെറ്റുകള്‍ തിരുത്തിത്തന്നിരിക്കുന്നു! ഈ കണ്ണുനീര്‍ത്തുള്ളികള്‍ക്കും മാപ്പുകിട്ടുകയില്ലേ?

     കിഴക്ക് വെളിച്ചം വിടര്‍ന്നുവിടര്‍ന്നു വരികയായിരുന്നു. പ്രഭാതം, അതിന്‍റെ ചര്‍ക്കയില്‍നിന്ന് കനകനൂലുകള്‍ നൂല്‍ക്കുകയായിരുന്നു. പ്രപഞ്ചം പ്രഭാപൂര്‍ണ്ണമായി. ഞാനൊറ്റയ്ക്കവിടെനിന്നു. ഞാന്‍ ജീവിക്കുന്ന യുഗത്തിന്‍റെ ചൈതന്യം അവിടെയുറങ്ങിക്കിടക്കുന്നു. അത് ഇന്ത്യയുടെ മനുഷ്യാത്മാവുകളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. വിദേശക്കോയ്മയുടെ നുകത്തണ്ടുകള്‍ ചുമലുകളില്‍ നിന്നൂരിമാറ്റിയ ഇന്ത്യയിലെ കൃഷിക്കാരുടെ മിഴികളില്‍ മിന്നിനില്‍ക്കുന്നത് ആ ചൈതന്യമാണ്. നവഭാരതത്തിന്‍റെ നിര്‍മ്മാണയജ്ഞങ്ങള്‍ക്ക് ശ്രമദാനം നല്‍കുന്ന പ്രയത്നശാലികളായ പൌരസഞ്ചയങ്ങളുടെ ശക്തി ആ ചൈതന്യമാണ്. 'ഇത് എന്‍റെ നാടാണ്' എന്ന അഭിമാനം എന്‍റെയും നിങ്ങളുടെയും സാമൂഹ്യബോധത്തിന്‍റെ പ്രചോദനമാക്കിത്തീര്‍ത്തതും അതേ ചൈതന്യമാണ്.

     പരസഹസ്രം ജീവിതങ്ങളുടെ ചന്ദനത്തിരികള്‍ എരിഞ്ഞുനിന്നിരുന്ന ഇന്നലത്തെ ഇന്ത്യ, ആ ചൈതന്യത്തില്‍നിന്നാണ് വെളിച്ചവും ചൂടും ഉള്‍ക്കൊണ്ടിരുന്നത്. ഇന്നത്തെയും നാളത്തെയും ഇന്ത്യ, അവയുള്‍ക്കൊള്ളുന്നതും മറ്റെങ്ങും നിന്നല്ല. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ആ കര്‍മ്മചൈതന്യത്തില്‍, വെളിച്ചത്തിന്‍റെ തുടിക്കുന്നൊരു ബിന്ദുവായി കത്തിനില്‍ക്കുവാനേ എനിക്ക് മോഹമുള്ളൂ!

     പ്രിയപ്പെട്ട മുത്തച്ഛാ, അങ്ങ് എന്നെ ഓര്‍മ്മിക്കുന്നുണ്ടാവുകയില്ല. ഞാനുള്‍പ്പെട്ട ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ജീവിതം വ്യവസ്ഥപ്പെടുത്തിയത് അങ്ങാണ്! ഞാന്‍ ഇന്ത്യയുടെ തെക്കേയറ്റത്തൊരു നാട്ടില്‍ നിന്നാണ് വരുന്നത്. വെളിച്ചത്തിനുവേണ്ടി ദാഹിച്ചു ദാഹിച്ചു കിടന്ന ഒരു നാട്ടില്‍നിന്ന്! ആ നാട് അങ്ങ് കണ്ടിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് അങ്ങ് എന്‍റെ നാട്ടിലൂടെ കടന്നുപോയിട്ടുണ്ട്. അങ്ങയുടെ വരവും നോക്കി ഞങ്ങള്‍ കാത്തുനിന്നത് ഞാനോര്‍മ്മിച്ചുപോകുന്നു. അന്ന് അങ്ങ് ഞങ്ങളോടൊക്കെ കുശലപ്രശ്നം ചെയ്തു. പ്രസംഗിച്ചു. എനിക്ക് അന്നതൊന്നും മനസ്സിലായിരുന്നില്ല. മനസ്സിലാക്കാന്‍ തക്ക പ്രായമായിരുന്നില്ല. പ്രസംഗം കഴിഞ്ഞ് സഭാവേദിയില്‍നിന്ന് അങ്ങ് താഴേയ്ക്കിറങ്ങി. ആരുമറിയാതെ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി കയറിവന്ന് എന്‍റെ കിളുന്നുകൈവിരല്‍ കൊണ്ട് അങ്ങയെ ഒന്നുതൊട്ടു. അങ്ങ് എന്നെ തിരിഞ്ഞുനോക്കി ഒന്നു  മന്ദഹസിച്ചു. ആ മന്ദഹാസത്തിന്‍റെ ഭാഷ എനിക്കു മനസ്സിലായി. എന്‍റെ നാട്ടിലെ ഏറ്റവും വലിയ മനുഷ്യനെ ഞാന്‍ തൊട്ടിട്ടുണ്ട്. എന്തൊരാത്മനിര്‍വൃതിയാണത്!

     പതിറ്റാണ്ടുകള്‍ക്കുശേഷം ഞാന്‍ കാണുന്നത് ഈ സമാധി മണ്ഡപമാണ്. ഇന്ത്യയുടെ മുത്തച്ഛന്‍റെ മഹാസമാധിപീഠം! അനുഭൂതികളുടെ മുമ്പില്‍ വാചാലമാവാറുള്ള എന്‍റെ ഹൃദയം ഇവിടെവച്ച് നിശ്ശബ്ദമായിപ്പോവുകയാണ്. പലതും അറിയിക്കുവാനുള്ളപ്പോള്‍, ഹൃദയം വികാരഭാരം കൊണ്ട് മൂകമായാലോ? എനിക്കൊന്നും അറിയിക്കുവാന്‍ ശക്തിയില്ല. പക്ഷെ ഒന്നുമാത്രം! അങ്ങയുടെ ഭൌതികശരീരം ഞങ്ങളില്‍നിന്ന് എന്നെന്നേക്കുമായി അകറ്റിക്കളഞ്ഞ ആ ഘാതകനോട്‌ - അയാളെ അതിന് പ്രേരിപ്പിച്ച മാനസികകാലാവസ്ഥയോട് - ഞങ്ങള്‍ക്ക് രാജിയാവാനാവുകയില്ല.

     അങ്ങയുടെ അന്തര്‍ദ്ധാനവാര്‍ത്ത ഞങ്ങളെ ഗദ്ഗദത്തോടുകൂടി അറിയിച്ച പണ്ഡിറ്റ്‌ജി, അന്നുപറഞ്ഞ വാചകങ്ങള്‍ ഒരു പ്രതിജ്ഞയുടെ മനശ്ശക്തിയോടെ, ഞാന്‍ ഇവിടെനിന്നാവര്‍ത്തിച്ചുകൊള്ളട്ടെ -

"ഒരു ഭ്രാന്തന്‍ ആ ജീവിതത്തിനൊരു പൂര്‍ണ്ണവിരാമമിട്ടു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അത്തരമൊരു ഭ്രാന്തനെ വളര്‍ത്തിയെടുക്കാനാവശ്യമായ വിഷം ഈ സമൂഹത്തില്‍ പടര്‍ന്നുകിടക്കുന്നുണ്ടായിരുന്നു. കുറെ മനുഷ്യഹൃദയങ്ങളില്‍ ആ വിഷത്തിന് വല്ലാത്ത സ്വാധീനവുമുണ്ടായിരുന്നു. ഇന്നുമത് അവിടവിടെ നിലനില്‍ക്കുന്നു. അതിന്‍റെ ഉറവുചാലുകള്‍വരെ മൂടിക്കളയേണ്ടിരിക്കുന്നു. ഭ്രാന്തിനെ ഭ്രാന്തുകൊണ്ടല്ല നേരിടേണ്ടത്. ആചാര്യന്‍ പഠിപ്പിച്ചുതന്ന മാര്‍ഗ്ഗങ്ങളിലൂടെ അത് നിര്‍വഹിക്കാം."



മലയാളത്തിന്‍റെ സ്വന്തം കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മ രചിച്ച യാത്രാവിവരണം ആണ് 'പുരുഷാന്തരങ്ങളിലൂടെ'. പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ആ കൃതിയിലെ ഒരദ്ധ്യായം - 'ഇവിടെ ഇന്ത്യയുടെ മുത്തച്ഛനുറങ്ങുന്നു; - ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഈ അദ്ധ്യായത്തിനു പുറമേ 'ഇതിഹാസങ്ങളുടെ ജന്മഭൂമി', 'കുത്തബ്മിനാര്‍ എന്ന ഗോപുരം', 'റെഡ് ഫോര്‍ട്ടിനുള്ളില്‍' എന്നിങ്ങനെ 3 അദ്ധ്യായങ്ങള്‍ കൂടിയുണ്ട് ഈ കൃതിയില്‍.

1956 ഡിസംബറില്‍ നടന്ന ഏഷ്യന്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹിയിലെത്തിയ അദ്ദേഹം, തന്‍റെ അവിടത്തെ യാത്രാനുഭവങ്ങളാണ് ഈ കൃതിയില്‍ ചേര്‍ത്തിരിക്കുന്നത്.

ആമുഖത്തില്‍ ചേര്‍ത്തിരിക്കുന്ന ദിവസം 1959 ഫെബ്രുവരി 6 ആണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഇതെഴുതിയിരിക്കുന്നത് 1958-59 കാലത്തായിരിക്കാം.        

ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു :

"ദില്ലിയിലൂടെ സഞ്ചരിക്കുമ്പോള്‍ പുരുഷാന്തരങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരനുഭവമാണുണ്ടാവുക! അത്രയേറെ ചരിത്രസംഭവങ്ങള്‍ കണ്ടിട്ടുള്ള മറ്റൊരു നഗരം ഇന്ത്യയിലുണ്ടോ എന്നു സംശയമാണ്. അതിന്‍റെ വല്ല കോണുകളിലേയ്ക്കും വെളിച്ചം വീഴിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ? അത് നിങ്ങളാണ് പറയേണ്ടത്."