Wednesday, December 23, 2020

ഇന്നു മരണദിനം

 







- സുഗതകുമാരി


ഇന്നു മരണദിനം, കുളിപ്പിച്ചു ഞാന്‍

കണ്ണെഴുതിച്ചു പട്ടാടയണിയിച്ചു

പൊന്നുപോല്‍ കൊണ്ടുനടക്കും ശരീരത്തെ-

യെങ്ങോ വലിച്ചെറിയേണ്ട ശുഭദിനം.


പൊള്ളുമോ? ശങ്കിക്കയാണ്, ഹാ നിന്നുള്ളില്‍

വല്ലാതെ കത്തിയെരിഞ്ഞ ചൂടെക്കാളു-

മില്ല ചൂടിന്നീ വിറകിന്, പേടിയു-

ണ്ടല്ലേ? കുഴികുത്തി മൂടിയാലോ?

എന്മനസ്സും  കളയേണമിതോടൊപ്പ-

മിന്നോളമായിരം ബന്ധങ്ങളാല്‍, സ്നേഹ-

മോഹങ്ങളാല്‍, തളയ്ക്കപ്പെട്ടുഴന്നൊരീ-

യാകുലമാകും മനസ്സുകൂടി!

ഉള്ളിലെച്ചാപിള്ള തള്ളയോടൊപ്പമാ-

ണൊന്നിച്ചു മണ്ണിലുറങ്ങിടേണ്ടൂ.


ഈ മഴ ചാറും പുലരിതന്‍ സൌഭഗം!

ഈ നിഴല്‍ക്കാറ്റിന്‍ തരളഭാവം!

ഇന്നീ മരണദിനത്തില്‍ ഞാന്‍ പാടുന്ന-

തിന്നോളമുള്ളതാം രാഗമല്ല,

നോവിന്‍റെ പാട്ടല്ല, പൂവിന്‍റെ പാട്ടല്ല,

രാവിന്‍ കിളിപ്പാട്ടിന്നീണമല്ല.


കയ്പുനിറഞ്ഞ പഴയ ചിരിയുടെ 

വെച്ചുപാട്ടാണ്, കേള്‍ക്കാത്തതാണ്

ആയിരം കണ്ണീര്‍പ്പുഴയിലൂടെക്കാറ്റു

താളം പിടിച്ചു വരുന്നതാണ്.

ആരോ പറഞ്ഞു, 'വെറുതെ കരയൊല്ല

വേഗം മിഴിനീര്‍ സ്വയം തുടയ്ക്ക'

ഏതു കയ്യെത്തുവാന്‍? എന്‍റെ കയ്യല്ലാതെ-

യേതെന്‍റെ കണ്ണീര്‍ തുടച്ചുമാറ്റാന്‍!

പാഴിരുട്ടത്തു ഭയം വായ്‌ തുറക്കുന്ന

രാവിലുപധാനമാക്കിവെയ്ക്കാന്‍!

ഏതു കയ്യു,ണ്ടെന്‍റെ കൈമാത്രം; ആകയാല്‍

പോക, കൈക്കോട്ടായിടട്ടെ കൈകള്‍.


ഏറെ ഹാ! ഏറെ പ്രിയപ്പെട്ട ഭൂമിതന്‍

മാറിലൊരാഴക്കുഴിയൊരുക്കി

ഇത്തിരി വിത്തുകള്‍ സംഗീതവും പ്രേമ-

മുഗ്ദ്ധതയും കാക്കുമെന്‍ മനസ്സും

എന്‍റെ മെയ്യോടൊപ്പമാഴത്തിലാഴത്തി-

ലന്‍പോടടക്കി മണ്ണിട്ടു മൂടാം.


കല്ലൊന്നുപോലുമടയാളമായ് വേണ്ട,

പുല്ലും പടലും വളര്‍ന്നുകൊള്ളും.

പുല്ലുകള്‍ പൂക്കും വെളുത്തമുത്തെന്നപോല്‍

തെല്ലു ചുവന്ന നീള്‍ത്തൂവല്‍ പോലെ!

മങ്ങിയ ചാരച്ചിറകു വിറപ്പിച്ചു

കുഞ്ഞുശലഭങ്ങള്‍ വന്നുകൊള്ളും!

ഇന്നു മരണദിനം; കുഴികുത്തുവാ-

നെന്നുടെ കൈതന്നെ വേണമല്ലോ.


(1993ല്‍ രചിച്ച ഈ കവിത, D C ബുക്ക്സ് പ്രസിദ്ധീകരിച്ച 'സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം' എന്ന കൃതിയില്‍നിന്നുമെടുത്താണ് ഇവിടെ ചേര്‍ന്നിരിക്കുന്നത്)