Sunday, December 31, 2023

അയല്‍വക്കം

 


 

 

  

 

 - വി ഉണ്ണിക്കൃഷ്ണന്‍ നായര്‍

 

ചുറ്റുമിഗൃഹത്തിന്നു കൂറ്റന്‍ കന്മതില്‍ കെട്ടി-

ചെറ്റുമന്യരുമായിട്ടിടപാടില്ലാതാക്കാന്‍

 

ഒട്ടുമേ വെളിച്ചവും കാറ്റുമേല്‍ക്കാതേ തഴു-

തിട്ടു ജാലകങ്ങളും വാതിലും ബന്ധിപ്പിക്കുവാന്‍

 

അത്രമേലവദ്യമോ ബാഹ്യമാനവലോകം

മിത്ര ബാന്ധവഭാവത്തിന്നതെന്തനര്‍ഹമോ?

 

വീശട്ടെ ചതുരന്തമാരുതനെന്‍ തോട്ടത്തില്‍

വൈശദ്യമെന്‍ മുറ്റത്തിനേകട്ടെ ദിവാകരന്‍

 

ദീപ്തമാകട്ടെ താരാപഥത്തില്‍ നിന്നെമ്പാടും

വ്യാപ്തമാം പ്രകാശത്താലെന്‍റെ വീടെല്ലാടവും.

 

കൈവിളക്കിലെച്ചെറു നാളത്തിനെളുതല്ല

ജീവിതസന്ധാരണോചിതമാമൊളി തൂകാന്‍.

 

പനിനീര്‍പ്പൂവിന്മണമേറ്റുകൊണ്ടയല്‍ വീട്ടിന്‍

വനിയ്ക്കകം പെരുമാറിടും ചെറുതെന്നല്‍

 

അനിയന്ത്രിതമിങ്ങും വന്നു മാലതീപ്രതാ-

നിനിയെപ്പുണരട്ടെ സമഭാവനയോടെ.

 

നിതരാം നിര്‍ല്ലേപനാമജഗല്‍പ്പ്രാണന്‍ തൊട്ടാല്‍

ക്ഷതമേല്‍ക്കുകയില്ല സൗമനസ്യത്തിന്നൊട്ടും.

 

നൈമിശാരണ്യത്തിലെപ്പൂര്‍വ്വ താപസര്‍ കണ്ട

ഭൂമിയിലല്ലല്ലോ നാം നാള്‍ കഴിക്കുവതിപ്പോള്‍.

 

അന്നത്തെ ലോകം ജംബുദ്വീപ ഭാരതവര്‍ഷം

ഇന്നതിന്‍ പരിധി സപ്താര്‍ണ്ണവ തീരത്തോളം.

 

ഭൂവലയത്തിന്‍ വ്യാസമത്രമേല്‍ വര്‍ദ്ധിക്കിലും

കേവലമയല്‍വക്കക്കാര്‍ നമുക്കെല്ലാവരും.


മുഖമെവിടെ?


 

 

 

 

 

 

- വിഷ്ണു നാരായണന്‍ നമ്പൂതിരി

 

 

ചിത്രം:

"മുഖമെവിടെ?"- ഞാന്‍ പകച്ചു ചോദിപ്പൂ:

മുനി പോല്‍ മൂകനായിരിപ്പൂ ചങ്ങാതി.

പനയന്നാര്‍ കാവിലെഴുന്നള്ളത്തിന്‍റെ

പടമെന്നോര്‍ത്തീയാള്‍ വരച്ച ചിത്രത്തില്‍

കൊടിയു,ണ്ടാനകള്‍, കുടതഴകളും,

കടുനിറം ചുറ്റിപ്പുരുഷാരങ്ങളും,

ഒരുത്തനുമെന്നാല്‍ മുഖമില്ലീ, വിദ്വാന്‍

മുഴുപ്പിരിയനോ, മഹാവേദാന്തിയോ?

 

 

ജാഥ:

ഇതെന്തതിശയം! പകലറുതിയില്‍

ഇളവേറ്റു പടിപ്പുരയില്‍ ഞാന്‍ നില്‍ക്കെ

ഒരു മഹാജാഥ കടന്നുപോയെന്നെ:

ശരായിയും കളസവുമണിഞ്ഞവര്‍

കമനീയമായ തലപ്പാവുള്ളവര്‍,

കഴല്‍വെയ്പില്‍ക്കടുക്കണിശമുള്ളവര്‍,

അവര്‍ നേതാക്കന്മാര്‍ നിമന്ത്രിപ്പൂ തമ്മില്‍-

""എവിടെ നിന്മുഖം?", "എവിടെ നിന്‍മുഖം?"

 

 

 ഛായ:

ഉരുകുമെണ്ണയില്‍പ്പിടയും പാറ്റ പോല്‍

ഉഴലുമിപ്പാവം മഹാജനത്തോടു-

സഹതാപത്തിന്‍റെയുറവു വിങ്ങുമെ-

ന്നുയിരിന്നാഴത്തിലുരുളു പൊട്ടവേ,

മിഴിനീരൊപ്പാന്‍ ഞാനുയര്‍ത്ത കൈലേസ്സില്‍

തടയുന്നീലൊന്നും: ഇതെന്തു ശൂന്യത!

പിടഞ്ഞന്ധാളിച്ചു, വിറച്ച ഞാന്‍ മണി-

യറയില്‍പ്പാഞ്ഞെത്തിച്ചുമര്‍ക്കണ്ണാടിയില്‍

ഒരു നോക്കേ നോക്കീ;- എനിക്കും കോളറിന്‍

മുകളിലെന്തയ്യോ! മുഖമൊന്നില്ലെന്നോ?                                                                            

നാന്ദി


 
 
 
 
 
 
 
 
 
 
     പുത്തനായിട്ട് ഒരു മാസിക തുടങ്ങുമ്പോള്‍ പേരെടുത്ത ആംഗലമാസികകളില്‍ ഏതെങ്കിലും ഒന്നിനെ ചൂണ്ടിക്കൊണ്ട് 'ആ മാതൃകയില്‍ ഇതാ ഞങ്ങളും ഒന്നുതുടങ്ങുന്നു' എന്ന് പറയുന്ന ഒരു പതിവ് നമ്മുടെ നാട്ടില്‍ സാധാരണയായിട്ടുണ്ട്. അങ്ങനെ, മോഡേണ്‍ റിവ്യൂ-വിന്‍റെയും ഇന്ത്യന്‍ റിവ്യൂ-വിന്‍റെയും ഒക്കെ മാതൃക പിടിച്ച് ആരംഭിച്ച മലയാളമാസികകള്‍ എല്ലാവരും ധാരാളം കണ്ടിട്ടുണ്ടാകും. പക്ഷെ നമ്മുടെ ഭാഗ്യദോഷമെന്ന് വിചാരിച്ചാല്‍ മതി; കാലം അധികം ചെല്ലാതെ തന്നെ മാതൃകയും പോയി മാസികയും പോയി എന്നായിത്തീര്‍ന്നു കലാശം.
 
     അതുകൊണ്ട് ഇന്ന് ആരെങ്കിലും ആ പഴയ ചിട്ടയില്‍ 'ഞങ്ങള്‍ മാസിക തുടങ്ങാന്‍ പോകുന്നു' എന്നൊക്കെ പറഞ്ഞാല്‍ അത് വായനക്കാരില്‍ ഒരു അല്‍പഹാസം മാത്രമേ ഉളവാക്കൂ. എങ്കിലും ആ മട്ടില്‍ ഒരു പ്രസ്താവന ചെയ്യാന്‍ ഞങ്ങള്‍ മുതിരുന്നു. അതൊരു ബലഹീനത തന്നെയാണെന്ന് വയ്ക്കുക. എന്നാലും പറയട്ടെ, ടൈംസ്‌ ലിറ്റററി സപ്ലിമെന്‍റ് എന്നൊരു വാരികയുണ്ടല്ലോ, ലണ്ടന്‍ ടൈംസ്‌-ന്‍റെ ഒരു അനുബന്ധമെന്ന നിലയ്ക്ക്. അത്തരത്തിലൊന്നാണ് ഞങ്ങളുടെ ധ്യാനത്തിലിരിക്കുന്ന രൂപം.
 
     ഇപ്പോള്‍ ടൈംസ്‌-ന്‍റെ ആ വാരിക കണ്ടിട്ടുള്ളവര്‍ വിചാരിക്കുകയാണ് - 'ഓഹോ, ഗ്രന്ഥനിരൂപണം മാത്രമുള്ള ഒരു മാസിക, അല്ലേ?'. അല്ല, അതുമാത്രമല്ല, ഗ്രന്ഥനിരൂപണങ്ങള്‍ ഉണ്ട്. എന്നാലും അതുകൊണ്ടുമാത്രം ഒരു മലയാള മാസികയ്ക്ക് കഴിഞ്ഞുകൂടാനൊത്തുവെന്ന് വരികയില്ല.  ഒന്നാമത്, അത്ര വളരെ ഗ്രന്ഥങ്ങൾ മലയാളത്തിൽ മാസാമാസം ഉണ്ടാകുന്നില്ല. രണ്ടാമത്, ഭിന്നരുചികളായ വായനക്കാരെ രസിപ്പിക്കുക എന്നത് ഒരാവശ്യവുമാണ്. അതുകൊണ്ട് മലയാളഗ്രന്ഥങ്ങളുടെ നിരൂപണങ്ങൾക്കു പുറമേ ഇംഗ്ലീഷ് ഗ്രന്ഥങ്ങളെപ്പറ്റിയുള്ള ലഘുചർച്ചകൾ, ചിരപ്രതിഷ്ഠിതങ്ങളായ വിശ്വസാഹിത്യ കൃതികളെപ്പറ്റിയുള്ള വിസ്തൃതമായ പഠനങ്ങൾ ഇങ്ങനെ പലതും ഞങ്ങൾ ഉദ്ദേശിക്കുന്നു. പിന്നെ നിങ്ങൾക്കു സുപരിചിതരും ഈഷല്‍ പരിചിതരും ആയ വിദേശീയ സാഹിത്യകാരന്മാരെപ്പറ്റിയുള്ള ലേഖനങ്ങളും മുറയ്ക്ക് ഉണ്ടായിരിക്കും. ഈ മട്ടില്‍ ഗ്രന്ഥനിരൂപണത്തിന് പ്രാമുഖ്യം കൊടുത്തു കൊണ്ട് ഒരു മാസിക, കേരള ഗ്രന്ഥാലയ സംഘത്തിന്‍റെ മേൽനോട്ടത്തിലും എം.ആർ.കെ.സി-യുടെ (സി കുഞ്ഞുരാമ മേനവൻ) ചുമതലയിലും ഒരിക്കൽ നടത്തിത്തുടങ്ങിയതാണ്. പക്ഷേ ഒരു ലക്ഷത്തിലധികം അത് മുന്നോട്ടു പോയിട്ടില്ല എന്നാണ് ഓർമ്മ.
 
     ഈ മാസികയിൽ സഹജീവികൾ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ചില ലേഖനങ്ങളുടെ തർജ്ജമകളും സംഗ്രഹങ്ങളും ചേർത്തിട്ടുണ്ട്. തുടരെ ചേർക്കാൻ ഉദ്ദേശിക്കുന്നുമുണ്ട്. അതെന്തിന് എന്നാണെങ്കിൽ, പറയാം. മനുഷ്യർക്ക് പൊതുവേ വിശ്രമം കുറഞ്ഞും തിരക്കുകൾ കൂടിയും വരുന്ന ഒരു കാലമാണല്ലോ ഇത്. മാസികകളുടെ എണ്ണമാണെങ്കിൽ വളരെ വർദ്ധിച്ചുമിരിക്കുന്നു. ഈ പരിതസ്ഥിതിയിൽ കാണേണ്ടതെല്ലാം ഒരാൾ കാണുമെന്നോ കണ്ടാൽ തന്നെയും എല്ലാം വായിക്കുമെന്നോ ഒന്നും നാം പ്രതീക്ഷിച്ചുകൂടാ. അതുകൊണ്ട് സാരഗ്രാഹികളായ വായനക്കാർക്ക് ഒരെണ്ണത്തിന്‍റെ പാരായണം കൊണ്ട് കിട്ടാവുന്നത്ര ഗുണം കിട്ടട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം.
 
    
ഈ മാസിക ഗ്രന്ഥശാലാസംഘത്തിന്‍റെ മുഖപത്രമാണെന്ന് പൊതുജനങ്ങൾ ഇതിനകം ധരിച്ചിരിക്കുമല്ലോ. അതുകൊണ്ട് ഗ്രന്ഥശാലാ കാര്യങ്ങൾക്ക് ഇതിൽ വിശേഷാൽ സ്ഥാനം ഉണ്ടായിരിക്കും. തന്നെയുമല്ല, ഗ്രന്ഥാലയക്കാർക്ക് ഇതൊരു നിർദ്ദേശിക കൂടിയായിരിക്കും; പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിലുൾപ്പെടെ എല്ലാ കാര്യങ്ങളിലും.
 
     ചുരുക്കത്തിൽ നന്നായി നടത്തണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അതിന് സഹൃദയ ലോകത്തിന്‍റെ പിന്തുണ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

 

(ഗ്രന്ഥാലോകം മാസികയുടെ ആദ്യത്തെ മുഖപ്രസംഗമാണ് ഇത്. മാസികയുടെ ആദ്യ പത്രാധിപനായിരുന്ന എസ് ഗുപ്തൻ നായർ 1949 ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലത്താണ്  എഴുതിയിരിക്കുന്നത്. ഗ്രന്ഥാലോകം മാസികയുടെ 2018 ഡിസംബര്‍ ലക്കത്തിലെ, ചരിത്രപഥം എന്ന ഭാഗത്ത് നിന്നുമെടുത്താണ് ഈ മുഖപ്രസംഗം ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Saturday, December 30, 2023

മണ്‍തരി


 
 
 
 
 
 
 
 
 
 
 
എന്‍ തങ്കക്കുഞ്ഞിളം കൈവിരലാലൊരു
മണ്‍തരി നുള്ളിയെന്‍ കൈയില്‍ വച്ചു.
 
ചന്തം തിരളുമാച്ചെങ്കവിള്‍ ചുംബിച്ചാ-
നന്തിക്കതിരോനുമെന്നെപ്പോലെ.
 
കുട്ടി തന്‍ സമ്മാനം ദൃഷ്ട്യാ നുകര്‍ന്നതി-
ലൊട്ടിടയ്ക്കച്ഛനും കുട്ടിയായ്പ്പോയ്.
 
ആരെയും കൊച്ചുകിടാങ്ങളെപ്പോലാക്കാന്‍
പോരുമിന്നേതു പരമാണുവും.
 
ഭൂമണ്ഡലത്തിനെക്കൊഞ്ചിപ്പറയുന്നി-
തീ മഞ്ജുരൂപത്തിലീ മണ്‍തരി.
 
നമ്മെപ്പോലെത്രയോ ജീവികളുണ്ടാവാം
കര്‍മ്മത്താല്‍ കൈയ് നൊന്തുകൊണ്ടിതിലും.
 
അല്ലെങ്കിലംബരചാരിതന്‍ നക്ഷത്ര-
മല്ലിതോരോന്നുമെന്നാര്‍ക്കറിയാം?
 
അന്യസൗരഗ്രഹ മണ്ഡലമൊന്നിതി-
ലന്തര്‍ഭവിച്ചിട്ടുണ്ടെന്നും വരാം.
 
പപ്പടപ്രായമാര്‍ന്നേതിനോ പൂര്‍ണ്ണത-
യ്ക്കണ്ണിനൊക്കെച്ചെറുതു തന്നെ.
 
പാരിനിപ്പൈതങ്ങള്‍ തന്‍ കഴല്‍ തട്ടുമ്പോള്‍-
ക്കോരിത്തരിപ്പതോ മണ്‍തരികള്‍?
 
അപ്പരാശക്തി തന്‍ വാത്സല്യവായ്‌പ്പിനെ
തപ്പിക്കുറിച്ചിടുമക്ഷരങ്ങള്‍
 
ബ്രഹ്മാണ്ഡകോടിയെക്കൂടി വിളക്കിടും
നിര്‍മ്മാതാവിന്‍റെ പശപ്പൊടികള്‍.
 
കാരണരൂപത്തിന്‍ നല്‍പ്രതിബിംബത്തെ-
ക്കാണിക്കും കണ്ണാടിച്ചില്‍ത്തരികള്‍.
 
എമ്മട്ടു നിങ്ങളെത്തൊട്ടു തലോടേണ്ടു
ചുമ്മാ വലുതായ മല്‍ക്കരങ്ങള്‍?
 
അല്ലെങ്കിലേതൊരു മണ്‍തരിക്കുള്ളിലു-
മില്ലാഞ്ഞതൊന്നുമില്ലെങ്ങുമെങ്കില്‍
 
ഈയൊരു കാല്‍ക്ഷണത്തിങ്കലൊതുങ്ങാതെ-
യില്ലൊരു കാലാന്തരവുമെങ്കില്‍
 
ഇപ്പരമാണുവും ബ്രഹ്മാണ്ഡമൊക്കെയു-
മെപ്പോഴുമിങ്ങു ഞാന്‍ പുല്‍കി നില്‍പ്പൂ.

Friday, December 29, 2023

ദീര്‍ഘയാത്ര


 
 
 
 
 
 
 
 
 
അഴലിന്‍ കരിനിറം പൂണ്ട മണ്ണില്‍
നിഴലിച്ചോരാനന്ദമെന്‍റെ ജീവന്‍.
 
കൃതിയും നിയതിയുമെന്‍റെ കൈകള്‍;
അതുരണ്ടും വീശി നടക്കുമീ ഞാന്‍.

വഴിയിലുഷസ്സിന്‍റെ പൊന്നിന്‍കിണ്ണം
വഴിയുമാ മുന്തിരിച്ചാറു മോന്തും.
 
അഴകിയ താരങ്ങള്‍ തങ്ങുമല്ലിന്‍
വഴിയമ്പലത്തില്‍ക്കിടന്നുറങ്ങും.
 
എഴുന്നേ,റ്റടഞ്ഞ മിഴി തുറന്നാല്‍
പഴയ പടിക്കേ നടക്കും പിന്നെ.
 
മറവിതന്‍ മാറാപ്പെടുപ്പാന്‍ മാത്രം
മറവിയുണ്ടായിട്ടില്ലിത്ര നാളും.
 
അവസാനമെന്നെന്‍റെ ദീര്‍ഘയാത്ര-
യ്ക്കെവിടെച്ചെന്നെത്തും ഞാ,നാര്‍ക്കറിയാം?
 
(ശൂരനാട്ടു കുഞ്ഞന്‍പിള്ള തയ്യാറാക്കിയ മലയാളകവിതകളുടെ സമാഹാരമായ മലയാള കാവ്യരത്നാകാരം എന്ന കൃതിയില്‍നിന്നുമെടുത്താണ് ഈ ചെറുകവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.)

Thursday, December 28, 2023

റാണി


 

 

 

 

- പാബ്ലോ നെരൂദ

 

ഞാന്‍ നിന്നെ റാണിയെന്നു

പേരു ചൊല്ലി വിളിയ്ക്കുന്നു.

നിന്നേക്കാള്‍ ഉയരം കൂടിയവര്‍-

ഒരുപാടുണ്ട്; ഉയരം കൂടിയവര്‍!

നിന്നേക്കാള്‍ പരിശുദ്ധരായവര്‍-

ഒരുപാടുണ്ട്; പരിശുദ്ധര്‍!

നിന്നേക്കാള്‍ സൗന്ദര്യമുള്ളവര്‍-

ഒരുപാടുണ്ട്; സൗന്ദര്യമുള്ളവര്‍!

പക്ഷെ, നീയാണ് റാണി.


തെരുവുകളിലൂടെ നടന്നുനീങ്ങുമ്പോള്‍

ആരും നിന്നെ തിരിച്ചറിയുന്നില്ല.

ആരും നിന്‍റെ പളുങ്കുകിരീടം കാണുകയില്ല.

നീ ചവിട്ടിനടക്കുന്ന മരതകപരവതാനിയിലേക്ക്

ആരും നോക്കുകയില്ല; ആ സാങ്കല്‍പ്പികപരവതാനി.

 

നീ പ്രത്യക്ഷയാകുമ്പോള്‍ നദികളെല്ലാം

എന്‍റെയുള്ളില്‍ ആര്‍ത്തിരമ്പുന്നു.

മണികള്‍ ആകാശത്തെ പിടിച്ചുലയ്ക്കുന്നു.

ഒരു സങ്കീര്‍ത്തനം ഭൂമിയെ മുഖരിതമാക്കുന്നു.

 

നീയും ഞാനും മാത്രം, നമ്മള്‍ മാത്രം,

എന്‍റെ പ്രണയമേ,

അതിനായി നമുക്ക് കാതോര്‍ക്കാം.

 

 

The Queen

I have named you queen.

There are taller than you, taller.

There are purer than you, purer.

There are lovelier than you, lovelier.

But you are the queen.

 

When you go through the streets

No one recognizes you.

No one sees your crystal crown, no one looks

At the carpet of red gold

That you tread as you pass,

The nonexistent carpet.

 

And when you appear

All the rivers sound

In my body, bells

Shake the sky,

And a hymn fills the world.

 

Only you and I,

Only you and I, my love,

Listen to it.

 

(ഫേബിയന്‍ ബുക്ക്സ്, നീയും ഞാനും മാത്രം എന്ന പേരില്‍ പുറത്തിറക്കിയ, പാബ്ലോ നെരൂദയുടെ പ്രണയകവിതകളുടെ വിവര്‍ത്തനസമാഹരത്തില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. സീത വിജയകുമാര്‍ ആണ് കവിതകളുടെ വിവര്‍ത്തനം നടത്തിയിരിക്കുന്നത്.)

Wednesday, December 27, 2023

ഭാരതം


 

 

 

 

 

- മലയാറ്റൂര്‍ രാമകൃഷ്ണന്‍

 

പ്രധാനമന്ത്രി മലമുകളില്‍നിന്നും ചോദിച്ചു-

   "പ്രജകളേ, നിങ്ങള്‍ എന്തിനെപ്പറ്റി ചിന്തിക്കുന്നു?"

പ്രജകള്‍ പറഞ്ഞു-

   "ഞങ്ങള്‍ ചിന്തിയ്ക്കുന്നില്ല. കാരണം, ഞങ്ങള്‍ കഴിഞ്ഞുകൂടുന്നു."

   "അതെങ്ങനെ?" - എന്ന് പ്രധാനമന്ത്രി.

   "വരള്‍ച്ചയ്ക്കിടയില്‍ വെള്ളം കിട്ടുന്ന ദിനങ്ങളുണ്ട്.മണ്ണ് മാന്തിയാല്‍വേരോ കിഴങ്ങിന്‍ കഷണമോ കിട്ടും. ഏതവസ്ഥയിലും പണ്ടേ മുണ്ട് മുറുക്കിയുടുക്കാനും പട്ടിണിയും ഏകാദശിയും നോറ്റ് കഴിയാനുമാണല്ലോ നാം പഠിച്ചിട്ടുള്ളത്." - ജനം കൂട്ടത്തോടെ കരഞ്ഞു.

കാര്‍ട്ടൂണിലെ കത്തനാര്‍കഷണ്ടി പോലുള്ള തന്‍റെ കൊച്ചുപപ്പടവൃത്തത്തില്‍, ശിരസ്സില്‍, തടകിക്കൊണ്ട് യുവാവായ പ്രധാനന്‍ പറഞ്ഞു-

   "നിങ്ങള്‍ മടിയന്മാര്‍... പത്തൊമ്പതാം നൂറ്റാണ്ടുകള്‍... കാളവണ്ടിയുഗത്തില്‍ കഴിയുന്നവര്‍... ഞാന്‍ ഹിറ്റ്ലറുടെ സിദ്ധാന്തം പറയുകയല്ല. ഞാന്‍ റേസിസ്റ്റ് അല്ല. റേസും രക്തവും ഒന്നല്ല. പക്ഷെ രക്തത്തിലെ വ്യത്യാസങ്ങളാണ് തലമുറകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. നിങ്ങള്‍ തൊട്ടയലത്തെ പെണ്‍കുട്ടികളെ വേള്‍ക്കുന്നു. ജനപ്പെരുപ്പം ഉണ്ടാകുന്നു. നിങ്ങളുടെ കുറ്റസമ്മതമനുസരിച്ചുതന്നെ, നിങ്ങള്‍ ചിന്തിക്കുന്നില്ല. ഇല്ല പ്രഭോ!"

   "നിങ്ങള്‍ നാളെയെപ്പറ്റി ചിന്തിക്കുന്നുണ്ടോ?"

   "പ്രധാനാ, ഇന്ന് കഴിഞ്ഞല്ലേ നാളെ വരൂ... ഇന്നത്തെ അവസ്ഥ തന്നെ മഹാകഷ്ടം."

   "നിങ്ങള്‍ പതിവായി 'കാമായ്' സോപ്പ് തേച്ച് കുളിക്കുന്നുണ്ടോ?"

   "കുളി കഷ്ടിയാണ്‌."

   "ഉപയോഗിക്കുന്ന സോപ്പ്?"

   "ഇഞ്ച... ചിലപ്പോള്‍ പയറുപൊടി.."

   "വെറുതെയല്ല നാറുന്നത്. വെറുതെയല്ല ഭാരതം ഉലകസദസ്സുകളില്‍ നാറുന്നത്."

   "പ്രഭോ...പ്രധാനാ... ഞങ്ങള്‍ എന്താണാവോ ചെയ്യേണ്ടത്?" - ജനം നെഞ്ചില്‍ മദ്ദളമടിച്ച് കരഞ്ഞു.

   "നിങ്ങള്‍ പ്രകൃതിയെ സ്നേഹിക്കുന്നില്ലേ?"

   "പ്രഭോ, ഞങ്ങള്‍ മണ്ണിന്‍റെ മക്കളല്ലേ?"

   "വികൃതികളേ, ഉറുമ്പിനെക്കണ്ട് പഠിക്കുക!"

   "എന്താണ് പ്രഭോ പഠിക്കേണ്ടത്?"

   "ഇഡിയറ്റുകളേ, തേനീച്ചകളെക്കണ്ട് പഠിക്കുക."

   "മനസ്സിലായില്ല പ്രധാനാ!"

   "നിങ്ങള്‍ അണ്ണാനെക്കണ്ടെങ്കിലും പഠിക്കുമോ?"

   "ആ നവോദയം പറഞ്ഞുതരൂ പ്രധാനാ!"

പ്രധാനന്‍ ഒരു സിനിമാപ്പോസില്‍ നിന്നുകൊണ്ട് പ്രഖ്യാപിച്ചു -

   "ഉറുമ്പ് മഴക്കാലത്തേക്കുള്ള വിഭവങ്ങള്‍ വേനല്‍ക്കാലത്തുതന്നെ സംഭരിക്കുന്നു. തേനീച്ച മറ്റൊരു വരള്‍ച്ചയെ ഭയന്ന്, ഇന്നേ തേന്‍ ശേഖരിച്ച് സ്വന്തം ഉടലില്‍ നിന്നുണ്ടാക്കിയ മെഴുകുകൂടുകളില്‍ നിറച്ചുവയ്ക്കുന്നു. പണ്ട് ശ്രീലങ്കയിലേക്ക് പാലം പണിത അണ്ണാറക്കണ്ണനും ഭാവിയിലേക്ക് വേണ്ടി ചക്കക്കുരുവും പുളിങ്കുരുവും ഡെപ്പോസിറ്റ് ചെയ്യുന്നു. സംസ്ക്കാരത്തിന്‍റെ ആരംഭം കുറിച്ചതവരാണ്. ഈ ജീവികള്‍!... നിങ്ങള്‍ വിവരം കെട്ടവര്‍, സംസ്ക്കാര വിരുദ്ധന്മാര്‍!"

   "പ്രഭോ!" - ജനക്കൂട്ടത്തില്‍നിന്നും ഒരൊറ്റയാന്‍ ശബ്ദമുയര്‍ന്നു, കൂക്കല്‍ പോലെ.

   "ആരവന്‍?" - എന്ന് പ്രധാനന്‍.

ഒറ്റയാന്‍ ചോദിച്ചു-

   "സ്വിറ്റ്സര്‍ലന്‍ഡിലുമുണ്ടോ ചേര്‍ത്തുവയ്ക്കുന്ന ഉറുമ്പും തേനീച്ചയും അണ്ണാനും?"

 

ഈ സംഭവത്തിനുശേഷമാണ് ഭരണഘടനയിലെ 12001 (A)-B വകുപ്പ് പ്രകാരം നാട്ടില്‍ സമാധാനമുണ്ടായത്.

ജനം ഇല്ലാതായി.

ഉറുമ്പും തേനീച്ചകളും അണ്ണാന്മാരും ഭാരതമാകെ ഓടിയും പറന്നും ഇഴഞ്ഞും നടന്നു.

"നല്ല ഹൈമവതഭൂമി!" - ഒരു കള്‍ച്ചറല്‍ സംഘത്തില്‍ കലര്‍ന്ന് വിദേശത്തേക്ക് പോയ സ്പെഷ്യല്‍ തേനീച്ചകള്‍ പാടി... നീട്ടിപ്പാടി.

ബാഹ്യലോകം കീഴടങ്ങി.

ജയ്‌ ഹിന്ദ്‌!

 

(മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയ ഏതാനും കഥകളുടെ സമാഹാരമായ കലക്ടര്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.)         


Saturday, December 23, 2023

ഒറ്റയ്ക്ക്

 


 

 

 

 

 

 

 

- സുഗതകുമാരി

 

ഒറ്റയ്ക്കിരിക്കാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍

കുറ്റിരുട്ടില്‍, കൊടു-

     ങ്കാട്ടി,ലെന്‍റെതാകു-

മൊറ്റമരത്തിന്‍

     ചുവട്ടില്‍, പുറകിലൂ-

ടെത്തുന്ന പാമ്പിനെ,-

     ക്കാട്ടാളനെ,ബ്ഭയം

ചെറ്റുമില്ലാതെ,-

     യുറക്കെക്കരയാതെ-

യൊറ്റയ്ക്കിരിക്കാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍,

ശക്തമാം നിന്‍വലം-

     കയ്യില്‍ പിടിക്കാതെ,

ദുര്‍ഘടമീ വഴി-

     ത്താരയിലൂടവേ,

ലക്ഷ്യമില്ലാതെ,

     കുനിഞ്ഞ ശിരസ്സുമായ്‌,

ഒറ്റയ്ക്കു പോകാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍.

 

ഒറ്റയ്ക്കു പാടാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍

ഒപ്പം ചിരിച്ചുകൊ-

     ണ്ടേറ്റു പാടാന്‍ കൂട്ടി-

നാരുമില്ലാതെ-

     യാര്‍ക്കും വേണ്ടിയല്ലാതെ-

യേതോ ബധിരത

     തന്‍ മുന്നിലേകമാം

ശബ്ദമായ് നിന്നു,

     വിറയ്ക്കാത്ത കണ്ഠമാര്‍-

ന്നൊറ്റയ്ക്കു പാടാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍.

 

ഒറ്റയ്ക്കുറങ്ങാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍,

സ്വപ്നങ്ങളില്ലാതെ,

     കണ്ണുനീരില്ലാതെ-

യര്‍ദ്ധരാത്രിക്കു

     നടുങ്ങിയുണര്‍ന്നു നിന്‍

ഹസ്തമുപധാന-

     മാക്കാതെ, തോഴനാ-

മൊറ്റയുറക്ക

     ഗുളികതന്‍ ചുംബന

മുദ്രയെന്‍ ചുട്ട

     നെറുകയിലേറ്റു കൊ-

ണ്ടൊറ്റയ്ക്കുറങ്ങാന്‍

     പഠിച്ചുകഴിഞ്ഞു ഞാന്‍.

 

ഒറ്റയ്ക്കു വീണു

     മരിക്കാന്‍ പഠിച്ചു ഞാന്‍

ചുറ്റിലും രോദന-

     മില്ലാതെ, നിന്‍ മടി-

ത്തട്ടിലല്ലാതെ,

     നിന്‍ പൊന്നുകയ്യാലെയൊ-

രിറ്റുജലം നുകരാതെ,

     നിന്‍ കണ്ണിലെന്‍

ദൃഷ്ടി ചേര്‍ക്കാതെ,

     ഹാ, യാത്ര ചോദിക്കാതെ,

ഒറ്റയ്ക്കു വീണു

     മരിക്കാന്‍ പഠിച്ചു ഞാന്‍.

 

(നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച 'ദിശകള്‍: മലയാളകവിത 1947-2007' എന്ന കവിതാ സമാഹാരത്തില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Sunday, December 17, 2023

പേപ്പട്ടി


 

 

 

 

 

- പി പദ്മരാജന്‍

 

     ഓഫീസിലേക്ക് പോകുമ്പോഴാണ്, പേപ്പട്ടിയെ കണ്ടത്.

     റോഡിന്‍റെ അരികുപറ്റി, കറങ്ങിക്കറങ്ങി നടക്കുന്നു. പിറകെ ഒരുകൂട്ടം തെണ്ടിപ്പിള്ളേരുമുണ്ട്.

     യാത്രക്കാര്‍ ആ വശത്തുകൂടി നടക്കാന്‍ ഭയപ്പെടുന്നത് അയാള്‍ കണ്ടു. കുറേ ദൂരെയെത്തുമ്പോള്‍ത്തന്നെ റോഡിന്‍റെ മറ്റേ അരികിലേക്ക് നീങ്ങുന്നു.

"ഇതിനെ തല്ലിക്കൊല്ലാനാരുമില്ലേ?" - അയാള്‍ തെണ്ടിപ്പിള്ളേരോട് ചോദിച്ചു.

"ഇല്ല."

"അതെന്താ?"

"എല്ലാവരെയും കടിക്കട്ടെ."

     അയാള്‍ ഞെട്ടി. മനുഷ്യവിദ്വേഷികളായ ഒരുകൂട്ടം പിള്ളേര്‍, ഒരു പേപ്പട്ടിയേയും കൊണ്ടുനടക്കുന്നു. മനുഷ്യര്‍ക്ക് ഭ്രാന്ത് പിടിപ്പിക്കാന്‍.

     'തല്ലിക്കൊല്ലണം'. അയാള്‍ തീരുമാനിച്ചു. ഓഫീസിലേക്ക് ഒരു ദിവസത്തെ ലീവിനപേക്ഷിച്ചിട്ട് അയാള്‍ പേപ്പട്ടിയുടെ പിറകെക്കൂടി.

     വെയില്‍ മൂത്തു.

     തെണ്ടിപ്പിള്ളേര്‍ പിരിഞ്ഞുപോയി. പേപ്പട്ടി മാത്രം, ആരെയും കടിക്കാതെ എന്നാല്‍ എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് അലഞ്ഞുനടന്നു. അയാള്‍ അല്‍പ്പം പിന്നിലായി എതിരെ വരുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് ഊര്‍ജ്ജസ്വലതയോടെ ഓടി. ഉച്ച വന്നു.

     അയാള്‍ വിയര്‍ത്തൊലിച്ചു. കയ്യില്‍ ഒരു ചെറിയ വടി കരുതി. ഈ വെയിലില്‍ത്തന്നെ അവനെ കാച്ചണം.

     വെയില്‍ താണു.

     പേപ്പട്ടി അപ്പോഴും അലഞ്ഞുനടക്കുക തന്നെ. ഇടയ്ക്കിടെ അയാളുടെ നേരെ തിരിഞ്ഞുനോക്കിക്കൊണ്ട്, ക്രൂരമായി പല്ലിളിച്ചു കാട്ടി. അയാള്‍ എറിഞ്ഞു. പേപ്പട്ടി പിടഞ്ഞുവീണു. പിന്നെ കുടഞ്ഞെണീറ്റ് പൂര്‍വ്വാധികം വേഗത്തില്‍ ഓടി.

     'ഓട്.'

     'നീ സമുദായത്തില്‍ വിഷം ചേര്‍ക്കാന്‍ ഓടുകയാണ്, അല്ലേ?'

     'സമുദായത്തെ കബളിപ്പിക്കാന്‍ നടക്കുകയാണ്, അല്ലേ?'

     'ഓട്. എവിടെവരെ ഓടുമെന്ന് ഒന്ന് കാണട്ടെ!'

     അയാള്‍ വീണ്ടും എറിഞ്ഞു. ഏറുകള്‍ക്ക് ശക്തിയേറി. ഏറില്‍നിന്നൊഴിഞ്ഞ്, അവന്‍ അടുത്തുള്ള ഒരു മദ്യഷാപ്പിലേക്ക് ഓടിക്കയറി. അയാള്‍ ഒപ്പമെത്തിയപ്പോഴേക്കും, അവന്‍ ചെറ്റ പൊളിച്ചു പുറത്തുചാടിയിരുന്നു.

"എന്താ? എന്താ?" - ചാരായം കുടിച്ചുകൊണ്ടിരുന്നവര്‍ ചാടിയെണീറ്റു.

"പേപ്പട്ടി."

"എവിടെ?"

"ഇതിലേ പോയി." - അയാള്‍ ഭയത്തോടെ പറഞ്ഞു.

"അത്രേയുള്ളോ?" - അവര്‍ ഇരുന്നു.

"ഹ! ഹ!!" - അവരെല്ലാംകൂടി ആര്‍ത്തുചിരിച്ചു.

     അയാള്‍ കൂടുതല്‍ കനമുള്ള ഒരു വടി കണ്ടുപിടിച്ച് പുറത്തേക്കോടി.

     വൈകുന്നേരമായപ്പോഴേക്കും, പേപ്പട്ടിയും അയാളും കൂടി നഗരം മുഴുവന്‍ ചുറ്റിക്കഴിഞ്ഞിരുന്നു.

     പേപ്പട്ടി മദ്യപിച്ചിരുന്നു. കാറ്റില്‍ മണം തങ്ങിനിന്നു.

     പേപ്പട്ടിക്കും അയാള്‍ക്കും പിന്നിലായി ഒരുകൂട്ടം ആളുകള്‍ നടന്നും ഓടിയും പിന്തുടര്‍ന്നിരുന്നു.

     അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ നിന്നു.

     അയാള്‍ നടക്കുമ്പോള്‍ അവരും നടന്നു. ക്ഷുഭിതമായ ജനക്കൂട്ടം.

"പേപ്പട്ടി." - അയാള്‍ അവരോടു പറഞ്ഞു. അതുകേട്ടപ്പോള്‍ അവര്‍ ഒരുമിച്ച് ഭയന്നുകൂവി.

      അയാള്‍ അവരെ ശ്രദ്ധിക്കാതെ വീണ്ടും തന്‍റെ കൃത്യത്തില്‍ വ്യാപൃതനായി. അനുധാവനം തുടര്‍ന്നു പിറകില്‍ അംഗസംഖ്യ കൂടുന്നതായും അവര്‍ ഭയപ്പെടുന്നത് തന്നെയാണെന്നും അയാള്‍ക്ക് മനസ്സിലായിരുന്നു. അവര്‍ എരിയുന്ന കല്ലുകള്‍ പിന്നില്‍ വന്നുവീഴുന്നു.

     സന്ധ്യ എത്തി.

     പേപ്പട്ടിയെ കാണാന്‍കൂടി വിഷമമായി. അത് ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഓടിക്കൊണ്ടിരുന്നു. അയാള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ ടോര്‍ച്ചും ചൂട്ടുമൊക്കെയായി പിറകെയുണ്ട്. ഇടയ്ക്കിടെ ഏറുകള്‍ വന്നുവീഴുന്നുമുണ്ട്.

     അയാള്‍ ഓടിയപ്പോള്‍ അവര്‍ ഓടി. അയാള്‍ നിന്നപ്പോള്‍ അവര്‍ നിന്നു. അയാളുടെ ദേഹത്ത് കല്ലുകള്‍ വന്നുവീണു. പിറകില്‍നിന്ന് ആരോ 'പേപ്പട്ടി', 'പേപ്പട്ടി' എന്ന് വിളിച്ചുപറയുന്നത് അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.

     ഓടി ക്ഷീണിച്ചപ്പോള്‍ അയാള്‍ നിന്നു. അയാളുടെ കാലുകള്‍ തളര്‍ന്നിരുന്നു. അതുകൊണ്ട് മുന്‍കൈകളിലും കാലുകളിലുമായി ശരീരം താങ്ങി നിര്‍ത്തിക്കൊണ്ട് അയാള്‍ അണച്ചു.

     എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഒന്നിനും സാധിച്ചില്ല. നാവ് ഉണങ്ങി വരണ്ടിരുന്നു. അയാള്‍ അലറി.

     ശബ്ദം പുറത്തുവന്നപ്പോള്‍ അയാള്‍ക്ക് അത്ഭുതം തോന്നി. താന്‍ കുരയ്ക്കുന്നു; ശരിയായ ഒരു പട്ടിയെപ്പോലെ.

     ജനക്കൂട്ടം അടുത്തുവന്നു. അയാള്‍ കുരച്ചുകൊണ്ട്, വൈരാഗ്യത്തോടെ അവരുടെ നേരെ ചാടിവീണു.

     അപ്പോള്‍, ഒരു പരന്ന കാര്‍ പതറിപ്പാഞ്ഞ് ഒഴുകിവന്നു. ജനക്കൂട്ടത്തെ കണ്ട് കാറിന്‍റെ വേഗം കുറഞ്ഞു. പിന്‍സീറ്റില്‍ മലര്‍ന്നുകിടക്കുന്ന രൂപത്തെ അയാള്‍ കണ്ട് ഞെട്ടിപ്പോയി.

     അയാള്‍ അതിന്‍റെ നേരെ കുരച്ചു.

     പേപ്പട്ടി, നിസ്സംഗഭാവത്തോടെ, തളര്‍ന്നുകിടന്ന് കുരയ്ക്കുന്ന അയാളെയും ജനക്കൂട്ടത്തെയും നോക്കിയിരുന്നു.

     കാര്‍ നീങ്ങിപ്പോയി.

     അയാള്‍ അത്യുച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.

 

(എന്‍റെ പ്രിയപ്പെട്ട കഥകള്‍ എന്ന പേരിലുള്ള, പി പത്മരാജന്‍റെ കഥാസമാഹാരത്തില്‍ നിന്നുമെടുത്താണ് ഈ കഥ ഇവിടെ ചേര്‍ത്തിരിക്കുന്നത്. DC Books ആണ് ഈ കൃതി പ്രസിദ്ധീരിച്ച ഈ സമാഹാരത്തിലെ കൃതികള്‍ തിരഞ്ഞെടുത്തത് പത്മരാജന്‍റെ ഭാര്യയായ രാധാലക്ഷ്മി പത്മരാജന്‍ ആണ്.)

Thursday, November 30, 2023

മത്സരിച്ചില്ല ഞാനാരോടും

 


 

 

 

 

 

 - വാള്‍ട്ടര്‍ സേവിജ്‌ ലാൻഡോർ


മത്സരിച്ചതില്ല ഞാനാരോടും, കാരണമെൻ

മത്സരത്തിനർഹനായില്ലയൊറ്റയാളുമേ;

സ്നേഹിച്ചു പ്രകൃതിയെ, പ്രകൃതിക്കനന്തരം

സ്നേഹിച്ചു മർത്ത്യകലാസുന്ദരസൃഷ്ടികൾ ഞാൻ;

ജീവിതാഗ്നിക്കു മുന്നിൽ കൈരണ്ടും ചൂടാക്കി ഞാൻ;

നീയണയുന്നു, തയ്യാർ, ഞാനിതാ വിടവാങ്ങാൻ.

 

I Strove With None

I Strove With None, for none was worth m strife

  Nature I loved, and, next to Nature, Art;

I warmed both hands before the fire of life;

  It sinks, and I am ready to depart. 

 

 

Tuesday, October 31, 2023

മോഷണം







 - കെ അയ്യപ്പപ്പണിക്കര്‍ 



വെറുമൊരു മോഷ്ടാവായോരെന്നെ 

കള്ളനെന്നു വിളിച്ചില്ലേ, താന്‍

കള്ളനെന്നു വിളിച്ചില്ലേ?


തുണി മോഷ്ടിച്ചതു കാണുന്നവരുടെ

നാണം കാക്കാനായിരുന്നല്ലോ - അവരുടെ

നാണം കാക്കാനായിരുന്നല്ലോ.


കോഴിയെ മോഷ്ടിച്ചെങ്കിലതേ, അത് 

പൊരിച്ചു തിന്നാനായിരുന്നല്ലോ - എനിക്കു

പൊരിച്ചു തിന്നാനായിരുന്നല്ലോ.


പശുവിനെ മോഷ്ടിച്ചെങ്കിലതും - എനിക്കു

പാലുകുടിക്കാനായിരുന്നല്ലോ - പശുവിന്‍

പാലുകുടിക്കാനായിരുന്നല്ലോ .


കോഴിയിറച്ചീം പശുവിന്‍പാലും 

വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ - എന്‍റെ

വൈദ്യന്‍ പോലും വിലക്കിയില്ലല്ലോ.


നല്ലതുവല്ലോം മോഷ്ടിച്ചാലുടനേ-

അവനേ-

വെറുതേ-

കള്ളനാക്കും നിങ്ങടെ ചട്ടം.

മാറ്റുക മാറ്റുക ചട്ടങ്ങളെയവ

മാറ്റും നിങ്ങളെയല്ലെങ്കില്‍.                

Tuesday, September 12, 2023

പൂജ്യപാഠം









- മുരുകന്‍ കാട്ടാക്കട

 

ബാലന്‍ ഒരു ത്രികോണം വരച്ചു.

മാഷും രണ്ടറ്റവും താഴേക്കു നീണ്ട-

മറ്റൊരു ത്രികോണം വരച്ചു.

ബാലന്‍ വരച്ചത് ത്രികോണവും  

മാഷ്‌ വരച്ചത് അവന്‍റെ 

ഗ്രേഡും ആയിരുന്നു.

 

ഞാന്‍ ഒരു വൃത്തം വരച്ചു.

മാഷും ഒരു  വൃത്തം വരച്ചു.

മാഷ്‌ വരച്ചത് എന്‍റെ മാര്‍ക്കായിരുന്നു.

ഞാന്‍ വരച്ചത് ആകാശവും...!

 

(DC ബുക്സ് പുറത്തിറക്കിയ മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

Thursday, September 7, 2023

പിരിഞ്ഞിട്ടും പിരിയാത്ത സ്നേഹം


 

 

 

 

 

 

 

- മമ്മൂട്ടി

 

     വക്കീല്‍പണി തുടങ്ങിയ കാലം. തുടങ്ങിയ കാലമെന്ന് പറയുമ്പോള്‍ അത് അധികം നീണ്ടുനിന്നിട്ടില്ലെന്ന് അറിയാമല്ലോ. നിയമം, കോടതി, കേസ് എന്നെല്ലാം കേട്ടാല്‍ ആകെയൊരു പരിഭ്രമമാണ്. ആദ്യമായി കോടതിക്കു മുന്നില്‍ വാദിച്ച ദിവസം എനിക്ക് മുട്ടിടിക്കുകയായിരുന്നു. അന്നെല്ലാം കോടതികളില്‍നിന്ന് കോടതികളിലേക്ക് നടന്ന് കേസ് കേട്ടുപഠിക്കുകയാണ് ചെയ്തത്.

     മഞ്ചേരി കോടതിയിലെ ആ കേസ് ഞാനാദ്യം ശ്രദ്ധിച്ചത് കേസുകളിലുള്ള താത്പര്യം കൊണ്ടാണ്. പ്രായം അറുപത് കഴിഞ്ഞ നല്ല സുന്ദരിയായൊരു ഭാര്യയും കൃഷിക്കാരനെപ്പോലെയുള്ള ലളിതവസ്ത്രധാരിയായ എഴുപത്തിരണ്ടുകാരന്‍ ഭര്‍ത്താവും. എല്ലാ കക്ഷികളെയും പോലെ അവരും അതികാലത്ത് കോടതി വരാന്തയിലെത്തും. മിക്കപ്പോഴും വൈകുന്നേരം വരെ അവിടെത്തന്നെ കാണും. ഭര്‍ത്താവിനെതിരെ ചെലവിനു കിട്ടാന്‍ ഭാര്യ കേസ് കൊടുത്തിരിക്കുകയാണ്. അന്ന് മഞ്ചേരി കോടതിയില്‍ ഇത്തരം ധാരാളം കേസുകളുണ്ട്. പലതും സത്യസന്ധമായ കേസുകള്‍. ചിലത് ബന്ധുക്കള്‍ തമ്മിലുള്ള പോരിന്‍റെ പേരില്‍ കൊടുത്ത കേസുകള്‍. ഭാര്യയ്ക്കോ ഭര്‍ത്താവിനോ അതില്‍ പങ്കുണ്ടാകില്ല.

     പതുക്കെപ്പതുക്കെ ഞാനിവരെ ശ്രദ്ധിക്കാന്‍ തുടങ്ങി. സ്ത്രീ വന്നിരിക്കുന്നത് അവരുടെ സഹോദരന്മാരുടെ കൂടെയാണ്. കണ്ടാലറിയാം കേസ് നടത്തുന്നത് സഹോദരന്മാരുടെ ആവശ്യമാണെന്ന്. ഭര്‍ത്താവ് ബസ്സില്‍ കയറി ആരുടെയും തുണയില്ലാതെ വരും.

     കോടതിക്കകത്ത് തലങ്ങും വിലങ്ങും പോരാടുമെങ്കിലും ഞങ്ങള്‍ കുട്ടിവക്കീലന്മാര്‍ ഒരു സിഗരറ്റ് മാറി വലിക്കുകയും ഒരു ചായ പകുത്തു കുടിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ കൂട്ടില്‍ നില്‍ക്കുന്ന കക്ഷികളുടെ മുന്നില്‍ ഈ സൌഹൃദമൊന്നും കാണിക്കാറില്ല. കേസ് ജയിക്കാനും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ഉറപ്പിക്കാനും ഞങ്ങള്‍ കടിച്ചുകീറും. മാനുഷിക പരിഗണനയില്‍ ചോദ്യം ചോദിക്കാതിരുന്നാല്‍ കേസ് കുളമാകും.

     ഈ വൃദ്ധന്‍റെ കേസിലും സ്ഥിതി മറിച്ചായിരുന്നില്ല. അദ്ദേഹത്തോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ വളരെ പതിഞ്ഞ ഭാഷയില്‍ ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് സ്ത്രീയുടെ മുഖമായിരുന്നു. ഭര്‍ത്താവിനോടുള്ള മാഞ്ഞുപോകാത്ത സ്നേഹവും ബഹുമാനവും ആ മുഖത്തുണ്ടായിരുന്നു. ഓരോ ചോദ്യവും അവരുടെ നെഞ്ചിലും കൂടി തറയ്ക്കുന്നുണ്ടെന്ന് ഉറപ്പായിരുന്നു.

     വിചാരണയ്ക്കുശേഷം കൂട്ടില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ ഭാര്യയെയൊന്ന് നോക്കും. അയാളുടെ മുഖത്ത് വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന കുറേ വിചാരങ്ങള്‍ കാണാമായിരുന്നു.

     ഭാര്യയുടെ വിചാരണ നടക്കുമ്പോള്‍ വൃദ്ധന്‍ കൂട്ടില്‍ നില്‍പ്പുണ്ട്. പ്രായവും സ്ത്രീത്വവും കടന്നുപോകുന്നതായിരിക്കും പലപ്പോഴും കോടതിയുടെ മുന്നില്‍ നിന്നുള്ള ചോദ്യങ്ങള്‍. സ്ക്കൂളിന്‍റെ വരാന്ത പോലും കാണാത്ത ആ സ്ത്രീ എതിര്‍വിചാരണ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും വക്കീല്‍ പഠിപ്പിച്ചതൊക്കെ മറന്നു.

     നാടന്‍ഭാഷയില്‍ കളങ്കമില്ലാത്ത വാക്കുകളില്‍ അവര്‍ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. കള്ളം പറയേണ്ടി വരുന്നതിലെ വിങ്ങല്‍ അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു. ഭര്‍ത്താവിന്‍റെ ക്രൂരതയേയും സ്നേഹമില്ലായ്മയേയും പീഡനത്തേയും കുത്തഴിഞ്ഞ ജീവിതത്തേയും കുറിച്ച് വക്കീല്‍ അവരോട് ചോദിച്ചപ്പോള്‍ കേട്ടുനിന്ന വൃദ്ധന്‍റെ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ഒരാശ്രയത്തിനുവേണ്ടി അയാള്‍ നാലുവശത്തേക്കും കണ്ണോടിച്ചു. താങ്ങിനുവേണ്ടി കൂടിന്‍റെ അഴികളിലേക്ക് കയ്യൂന്നി ചേര്‍ന്നുനിന്ന് ഭാര്യയെയൊന്ന് നോക്കി. മനസ്സിലുള്ളത് പറയാനാകാതെ ആ സ്ത്രീ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

     അവരുടെ നിലവിളി കോടതിയിലുള്ള ഓരോരുത്തരുടെയും നെഞ്ചിലൂടെ കടന്നുപോയെന്നാണ് ഞാന്‍ കരുതുന്നത്. പെറുക്കിപ്പെറുക്കി പറയുന്ന വാക്കുകള്‍ക്കിടയില്‍ എവിടെയോ വച്ച് ആ സ്ത്രീ ഒരു ഏങ്ങലോടെ 'നിയ്ക്ക് വയ്യ' എന്നും പറഞ്ഞ് കൂട്ടില്‍ തളര്‍ന്നുവീണു. കോടതിയില്‍ മൊട്ടുസൂചിയിട്ടാല്‍ കേള്‍ക്കാവുന്ന നിശബ്ദത.

     പെട്ടെന്ന് അയാള്‍ കൂട്ടില്‍നിന്നറങ്ങി ഭാര്യയെ താങ്ങി എഴുന്നേല്‍പ്പിച്ചു. തോളിലെ തോര്‍ത്തു കൊണ്ട് മുഖം തുടച്ച ശേഷം നെഞ്ചോടുചേര്‍ത്ത് നിര്‍ത്തി പതുക്കെ നടന്നു തുടങ്ങി.

     കോടതിയുടെയോ വക്കീലിന്‍റെയോ അനുമതിയില്ലാതെ അവരെ കുട്ടികളെ തോളത്ത് ചേര്‍ത്തു പിടിക്കുന്നതുപോലെ പിടിച്ച് അയാള്‍ വക്കീലന്മാര്‍ക്കിടയിലൂടെ പുറത്തിറങ്ങി. പടിയിറങ്ങുംമുമ്പ് തിരിഞ്ഞുനിന്ന് ഞങ്ങളെ നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ കണ്ടത് പകയല്ലായിരുന്നു. കോടതികള്‍ക്ക് അളക്കാന്‍ പറ്റാത്ത ആഴങ്ങളിലുള്ള സ്നേഹമായിരുന്നു. 22 വര്‍ഷംമുമ്പ് വീട്ടില്‍നിന്ന് ഇറക്കിവിടപ്പെട്ട ആ മനുഷ്യന്‍ അതിനുശേഷം അന്ന് ആദ്യമായി തന്‍റെ ഭാര്യയെ തൊടുകയായിരുന്നു; അവരോട് സംസാരിക്കുകയായിരുന്നു. വീട്ടുകാരുടെ കുടിപ്പകയ്ക്കിടയിലും അവരിരുവരും വാക്കുകള്‍ പോലുമില്ലാതെ വെറും നോട്ടം കൊണ്ട് നെഞ്ചിലെ അണയാത്ത സ്നേഹം കൊണ്ടുനടന്നു. കൊടുങ്കാറ്റുകള്‍ക്കിടയിലൂടെ കെടാതെയൊരു നെയ്‌ വിളക്ക് കൊണ്ടുപോകുന്നതുപോലെ. അന്ന് ആ കേസ് അവധിക്കുവച്ചു. പിന്നീടൊരിക്കലും ഒരവധിക്കും അവരിരുവരും കോടതിയില്‍ വരികയുണ്ടായില്ല.

     അച്ഛനെയോ അമ്മയെയോ മക്കളെയോ വാക്കുകൊണ്ട് തള്ളിപ്പറഞ്ഞാലും നിയമം കൊണ്ട് ബന്ധം വേര്‍പ്പെടുത്താനാകില്ല. പക്ഷേ, ഭാര്യയെയും ഭര്‍ത്താവിനെയും നിയമം കൊണ്ട് വേര്‍പ്പെടുത്താം. അച്ഛനും അമ്മയും മക്കളും എല്ലാം ഉണ്ടാകുന്നതും എല്ലാ ബന്ധങ്ങളുടെ അടിത്തറയും ഇതാണുതാനും. സ്നേഹം കൊണ്ടുമാത്രം ചേര്‍ക്കപ്പെട്ട ഈ ബന്ധം നിയമം കൊണ്ട് വേര്‍പ്പെടുത്താനാകില്ലെന്ന് അന്നെനിക്ക് ബോധ്യമായി.

     എന്‍റെ ഭാര്യയോടൊരു വാക്ക് കടുപ്പിച്ചു പറയുമ്പോള്‍ പോലും ഓര്‍ക്കുന്നത് ആ മനുഷ്യന്‍റെ തുളുമ്പിയ കണ്ണുകളെയാണ്. വെറുമൊരു കൊച്ചു തെന്നലില്‍പ്പോലും അണഞ്ഞുപോകുന്ന ബന്ധങ്ങളെ ഞാനെത്രയോ തവണ കോടതിയിലും ജീവിതത്തിലും കണ്ടിട്ടുണ്ട്. അന്നു ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. എനിക്കൊരു ഭാര്യയുണ്ടാകുമ്പോള്‍ അവരെ ഞാന്‍ ഇതുപോലെ സ്നേഹിച്ചുകൊള്ളാമെന്ന് പലപ്പോഴും പ്രതിജ്ഞയെടുത്തിട്ടുണ്ട്. കൈക്കുമ്പിളോളം സ്നേഹം കയ്യിലുണ്ടെന്നതിന്‍റെ പേരില്‍ അഹങ്കരിക്കുന്ന ഞാന്‍ അന്നുകണ്ടത് കടലായിരുന്നു. സ്നേഹത്തിന്‍റെ കലര്‍പ്പില്ലാത്ത കടല്‍. ഓര്‍മ്മയുടെ ആ കടല്‍ത്തീരത്ത് നില്‍ക്കുന്നതുപോലും മനസ്സ് കുളിര്‍പ്പിക്കുന്നു. നമുക്കും അവരെപ്പോലെ സ്നേഹിക്കാം.

 

(ഏറെ പ്രിയപ്പെട്ട ശ്രീ. മമ്മൂട്ടി എഴുതിയ, അദ്ദേഹത്തിന്‍റെ ഏതാനും ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ കാഴ്ചപ്പാട് എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ രചന ഇവിടെ ചേര്‍ത്തിരിക്കുന്നത്. 2002 നവംബര്‍ 1നാണ് അദ്ദേഹം ഇത് എഴുതിയത്. കറന്‍റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

Tuesday, August 29, 2023

ആവണിത്തിങ്കള്‍


 

 

 

- ഗിരീഷ്‌ പുത്തഞ്ചേരി

 

 

അമ്പിളിവട്ടത്തില്‍...

ആലവട്ടത്തില്‍...

അമ്പാരിച്ചന്തമോടെ...

അത്തപ്പൂച്ചമയമിണക്കി

തൃക്കാക്കര വന്നിറങ്ങീ

തിരുവോണം നാള്!

തകതരികിട ധിമിധിമിതോം

തിരുതുടിയുടെ മേളത്തില്‍

തമ്പേറിന്‍ തൃത്താളം

തകൃതത്തിമൃതത്തോം!

 

നാക്കിലയില്‍ച്ചന്ദനവും

നറുകദളിപ്പൊന്‍പഴവും

നന്നാഴിപ്പുന്നെല്ലും

പൂത്തുണര്...

പൂവട്ടി പൊലിച്ചുണര്...

പൂപ്പാട്ടിന്‍ ശ്രുതിയുണര്...

കളമെഴുതാന്‍ കൈവിരലുണര്...

കിളിമകളേ തുയിലുണര്!

 

ചിറ്റാമ്പല്‍ പൂത്തുവിണര്‍ത്തും

ചിത്തിരയുടെ പാല്‍ക്കടലാടി...

തൃക്കാക്കരയമ്പലനടയില്‍

തിരുശംഖില്‍ തീര്‍ത്ഥമൊരുങ്ങി!

മലയാളപ്പഴമകളുണര്...

മാവേലിപ്പാട്ടുകളുണര്...

നിറയോ നിറ നിറ നിറ

പൊലിയുടെ

കണിമലരേയുണരുണര്!

 

(മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഗിരീഷ്‌ പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഒരു കവിത എന്നതിലപ്പുറം, പല്ലവി, അനുപല്ലവി, ചരണം എന്ന മട്ടില്‍ ഒരു ഗാനം കണക്കെയാണ് അദ്ദേഹം ആവണിത്തിങ്കള്‍ എന്ന ഈ കവിത രചിച്ചിരിക്കുന്നത്.)