Friday, December 31, 2021

ഇത് നീണ്ടയാത്ര


 





- ഓ എന്‍ വി കുറുപ്പ്



ഒരു സഹസ്രാബ്ദമീ നൂറ്റാണ്ടിന്‍ ചുമല്‍പിടി-

ച്ചൊടുവിലെപ്പടിയില്‍ വന്നിടറി നില്‍ക്കേ,

ഹൃദയഭാരത്തോടെ സാക്ഷികളായി നാം

വിട നല്‍കി നിശബ്ദം നിന്നിടുമ്പോള്‍,

പിറകില്‍ വിദൂരത്തിലെങ്ങുനിന്നോ നൂറു-

സ്വരകലാപങ്ങളിരമ്പിടുന്നൂ,

വിതയേറ്റി വിള കാത്തു കതിര്‍കൊയ്തു പാടുന്ന

തലമുറകള്‍ തന്നാത്മ ഹര്‍ഷനാദം.

അറിയപ്പെടാത്തോരപാരതയോടതിന്‍

പൊരുള്‍ തേടുമാത്മാവിന്‍ ധ്യാനമന്ത്രം,

അധികാരമത്തര്‍തന്‍ പടകേളി; മുറിവേറ്റൊ-

രടിമകള്‍ തന്‍ ദീനരോദനങ്ങള്‍.

അവര്‍ തച്ചുടയ്ക്കും വിലങ്ങുകള്‍ തന്‍ ചെത്തം;

അവശര്‍ തന്നധികാരക്കൊയ്ത്തിന്‍ മേളം;

ഉയരും വെണ്‍പ്രാവിനായൊളിയമ്പു കൂര്‍പ്പിക്കും

പുതുനിഷാദര്‍തന്‍ കൊലച്ചിരികള്‍;

മധുരമാം രാംധുന്‍, വെടിയൊച്ച; താതന്‍റെ

മരണമൊഴി: "ഹേ റാം!" ദിശകള്‍ ഭേദി-

ച്ചുയരും വിലാപങ്ങള്‍; നൂറു കലാപങ്ങള്‍;

ഉയിരറ്റുവീഴ്വോര്‍ തന്നാര്‍ത്തനാദം.

അവനിഗര്‍ഭത്തിലണുസ്ഫോടനം; ബോധി-

തരുവിലെപ്പക്ഷി തന്നാക്രന്ദനം;

- പിറകില്‍ നിന്നെത്തുമീയാരവാരങ്ങള്‍ ത-

ന്നിടയിലും മര്‍ത്ത്യത കാത്തുനില്‍ക്കേ,

തുടുവെളിച്ചത്തിന്‍റെ ചൂട്ടും തെളിച്ചതാ

പുതുസഹസ്രാബ്ദം പടിക്കലെത്തി-


ഇതു നീണ്ടയാത്ര, നിരന്തരയാത്ര, ഒ-

ന്നിളവേല്‍ക്കുവാന്‍ നമുക്കെങ്ങുനേരം?


(1999 ജൂണ്‍ ലക്കം ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത, 2018 ഡിസംബറിലെ ഗ്രന്ഥാലോകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

IMAGE Ⓒ

Thursday, December 30, 2021

കുഞ്ഞിമോന്‍







- കുഞ്ഞുണ്ണി


ഒരു നാട്ടിലൊരു വീട്ടി-

ലൊരു കുട്ടി പിറന്നു


ആ കുട്ടിയൊരു നല്ല

കുട്ടിയായിരുന്നു


ആ നല്ല കുട്ടിക്കൊരു

നല്ല പേരു വേണം


ഒരു നല്ല പേരിനമ്മ

വീട്ടിലൊക്കെത്തപ്പി


ഒരു നല്ല പേരിനച്ഛന്‍

നാട്ടിലൊക്കെത്തെണ്ടി


പേരു തെണ്ടീട്ടച്ഛനുടെ

കാലൊക്കെയും തേഞ്ഞു


പേരു തപ്പീട്ടമ്മയുടെ

കൈയൊക്കെയും തേഞ്ഞു


കുഞ്ഞേയെന്നു വിളിച്ചുകൊ-

ണ്ടച്ഛനടുത്തെത്തി


മോനേയെന്നു വിളിച്ചുകൊ-

ണ്ടമ്മയടുത്തെത്തി


കുഞ്ഞിമോനെന്നൊരു നല്ല

പേരവനു കിട്ടി


(1979 നവംബര്‍-ഡിസംബര്‍ ലക്കം ഗ്രന്ഥാലോകം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കൊച്ചുകവിത, 2018ലെ ഡിസംബര്‍ ലക്കം ഗ്രന്ഥാലോകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

IMAGE Ⓒ