Showing posts with label കുഞ്ഞുണ്ണി. Show all posts
Showing posts with label കുഞ്ഞുണ്ണി. Show all posts

Tuesday, October 21, 2025

അനാവശ്യം


 

 

 

 


- കുഞ്ഞുണ്ണി മാഷ്

 

            അറിയുന്നവരോടും അറിയാത്തവരോടും പറയുന്നതനാവശ്യമാണ്. അതിനാല്‍ അറിയണമെന്നുള്ളവരോടു മാത്രമാണ് ഞാന്‍ അനാവശ്യത്തെക്കുറിച്ച് അല്‍പം ചിലത് പറയാനുദ്ദേശിക്കുന്നത്.

            ഇരുമ്പിടിക്കുന്നിടത്ത് ഈച്ചയ്ക്കും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കും എന്തുകാര്യം? ആ രണ്ട് പേരുടെയും അവിടെയുള്ള ഇരിപ്പ് അനാവശ്യമല്ലേ. ഈച്ച എച്ചിലില്‍ പോകട്ടെ പൂച്ച പാക്കലം തപ്പട്ടെ! അതല്ല, ഈച്ച ഇരുമ്പിടിക്കുന്നിടത്തും പൂച്ച പൊന്നുരുക്കുന്നിടത്തും തന്നെ ഇരിക്കാനാണ് ഭാവമെങ്കില്‍ ഇരുന്നോളിന്‍! പക്ഷെ, പഴഞ്ചൊല്ലുകാരന്‍ നിങ്ങളെ നോക്കി മൂക്കത്ത് വിരല്‍വച്ച് ഇങ്ങനെ പറയും: എള്ളുണങ്ങുന്നതെണ്ണയ്ക്കുവേണ്ടി, കുറുഞ്ചാത്തനുണങ്ങുന്നതോ?

            അരച്ചുവച്ചത് എടുത്തുകൊണ്ടുപോയി ഇടിക്കുന്നതും എണ്ണിക്കണക്കാക്കിവച്ചത് അളന്നു നോക്കുന്നതും അനാവശ്യമല്ല എന്നു പറയുന്നവരോട് അളന്ന പയറെണ്ണരുത് എന്ന് പറയുന്നതനാവശ്യമാണ്.

            അടുക്കളത്തൂണിന് ചായം തേച്ച് അഴകേറ്റുന്നത് അനാവശ്യമല്ലേ. അതെ, സംശയമില്ല. പക്ഷെ, അടുക്കളപ്പെണ്ണിനും അഴക് അനാവശ്യമാണെന്ന് പറയുന്നവരോട് എനിക്കെതിര്‍പ്പും വെറുപ്പുമാണ്. അതുപോലെതന്നെ ആനയ്ക്ക് മണി കെട്ടേണ്ട, പൊന്നുംകുടത്തിന് പൊട്ടു വേണ്ട എന്നൊക്കെ പറയുന്നവരോടും എനിക്ക് യോജിക്കാന്‍ സാധിക്കുന്നില്ല.

            അപ്പം തിന്നാല്‍ പോരാ, കുഴിയെണ്ണി നോക്കണമെന്ന് വാശി പിടിക്കുന്നവരെക്കൊണ്ട് അപ്പക്കാരയുടെ കുഴി ആയിരം പ്രാവശ്യം എണ്ണി നോക്കിച്ചതിനുശേഷം ഒരപ്പം പോലും കൊടുക്കാതെ അവരുടെ വാശി നിരാശയാക്കി മാറ്റേണ്ടത് ആവശ്യമെന്നല്ല, അത്യാവശ്യമാണ്. ഓടം പോകുമ്പോള്‍ ഓലക്കെട്ട് വേറെ പോകണമെന്ന് ശഠിക്കുന്നവരോടും ഇതേമട്ടില്‍ത്തന്നെവേണം പെരുമാറാന്‍.

            അങ്ങൂന്നെങ്ങാന്‍ വെള്ളമൊഴുകുന്നതിന് ഇങ്ങൂന്നുതന്നെ ചെരുപ്പഴിച്ച് തലയില്‍വച്ച് നടക്കുന്നവരും വരും ജന്മം ഒരുപക്ഷെ, നായയായി ജനിച്ചാലോ എന്നുകരുതി ഈ ജന്മം തന്നെ കുരച്ച് ശീലിക്കുന്നവരും ആകാശം ഇടിഞ്ഞുവീഴുമെന്ന് ഭയന്ന് മുട്ടുകൊടുക്കുന്നവരും പണ്ടു മാത്രമല്ല, ഇന്നുമുണ്ട്.

            ഉരുളയ്ക്കുരുളയ്ക്കുപസ്തരിക്കുന്നതനാവശ്യമല്ലേ. അതുപോലെതന്നെ ഉരുളയ്ക്കുരുളയ്ക്കുപ്പേരി അപ്പപ്പോള്‍ ഈ രണ്ട് കഷ്ണമായി വിളമ്പിക്കൊടുത്ത് ബുദ്ധിമുട്ടുന്നത് എന്തിനാണ്. വേണ്ടത്ര, അതില്ലെങ്കില്‍ ഉള്ളത്ര, ആദ്യംതന്നെ ഒന്നിച്ചങ്ങ് വിളമ്പി കൊടുക്കുന്നത് തെറ്റാണെങ്കിലും ഒന്നാം ചോറിനും രണ്ടാം ചോറിനും എന്ന കണക്കില്‍ രണ്ട് പ്രാവശ്യമായി വിളമ്പി കൊടുക്കുന്നതുകൊണ്ട് എന്താണൊരു തരക്കേട്. പക്ഷെ, ഉപ്പേരി കൂട്ടിക്കുഴച്ച് ഉരുളയുരുട്ടി ഉപ്പേരിയില്‍ ഒപ്പി വായിലാക്കി മേലെ കുറച്ചുപ്പേരികൂടി വാരിത്തിന്നുന്ന ഉപ്പേരിക്കൊതിയനാണ് ഉണ്ണാനിരിക്കുന്നതെങ്കില്‍ പഴഞ്ചൊല്ലുകാരന്‍റെ പഴഞ്ചൊല്ലിനെ മാനിക്കാതെതന്നെ ഓരോ ഉരുളയ്ക്കുമുള്ളത് അപ്പപ്പോള്‍ വിളമ്പുകതന്നെയേ ചെയ്യാവൂ.

            അനാവശ്യത്തെക്കുറിച്ച് ആവശ്യത്തിനുമാത്രം പറഞ്ഞുകഴിഞ്ഞു. ഇനി പറഞ്ഞാല്‍ അനാവശ്യമാകും എന്നതു കൊണ്ട് അത്യാവശ്യമായി പറയേണ്ട ഒരു കാര്യം കൂടി പറഞ്ഞ് ഈ അനാവശ്യപരാമര്‍ശത്തിന്‍റെ കലാശം കൊട്ടിക്കളയാം.

            കാശനാവശ്യമായി ചെലവാക്കാതെ ചീനപ്പടക്കം വാങ്ങി കത്തിച്ചുകളയെടാ എന്ന് പറയുന്നവര്‍ വിഡ്ഢികളോ ഫലിതക്കാരോ പടക്കപ്രിയരോ എന്ന് തീരുമാനിക്കുന്നത് ആവശ്യമാണ്. എനിക്കാവശ്യം തനിക്കനാവശ്യം, തനിക്കാവശ്യം എനിക്കനാവശ്യം. അങ്ങനെയാണ് ആവശ്യത്തിന്‍റെയും അനാവശ്യത്തിന്‍റെയും സ്വഭാവം. എങ്കില്‍ അനാവശ്യമെന്ന് ഒന്നിനെക്കുറിച്ചും കണിശമായി പറയരുതോ! വയ്യ, ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന് ഒരേ വസ്തുവിനെക്കുറിച്ചും - ഒരേ കാര്യത്തെക്കുറിച്ചും - ഓരോ സമയത്ത് ഒരാള്‍ക്കുതന്നെ മാറിമാറിപ്പറയേണ്ടിവരും. സന്ദര്‍ഭം ആശ്രയിച്ചാണ്‌ ആവശ്യവും അനാവശ്യവും തീരുമാനിയ്ക്കപ്പെടുന്നത്.

 

(കുഞ്ഞുണ്ണി മാഷ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ഊണുതൊട്ട് ഉറക്കം വരെ എന്നതില്‍ നിന്നുമെടുത്താണ് ഈ കൃതി ഇവിടെ ചേര്‍ത്തിരിക്കുന്നത്. കറന്‍റ് ബുക്സ്‌ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.)

Thursday, December 30, 2021

കുഞ്ഞിമോന്‍







- കുഞ്ഞുണ്ണി


ഒരു നാട്ടിലൊരു വീട്ടി-

ലൊരു കുട്ടി പിറന്നു


ആ കുട്ടിയൊരു നല്ല

കുട്ടിയായിരുന്നു


ആ നല്ല കുട്ടിക്കൊരു

നല്ല പേരു വേണം


ഒരു നല്ല പേരിനമ്മ

വീട്ടിലൊക്കെത്തപ്പി


ഒരു നല്ല പേരിനച്ഛന്‍

നാട്ടിലൊക്കെത്തെണ്ടി


പേരു തെണ്ടീട്ടച്ഛനുടെ

കാലൊക്കെയും തേഞ്ഞു


പേരു തപ്പീട്ടമ്മയുടെ

കൈയൊക്കെയും തേഞ്ഞു


കുഞ്ഞേയെന്നു വിളിച്ചുകൊ-

ണ്ടച്ഛനടുത്തെത്തി


മോനേയെന്നു വിളിച്ചുകൊ-

ണ്ടമ്മയടുത്തെത്തി


കുഞ്ഞിമോനെന്നൊരു നല്ല

പേരവനു കിട്ടി


(1979 നവംബര്‍-ഡിസംബര്‍ ലക്കം ഗ്രന്ഥാലോകം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കൊച്ചുകവിത, 2018ലെ ഡിസംബര്‍ ലക്കം ഗ്രന്ഥാലോകത്തില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

IMAGE Ⓒ

Friday, December 3, 2010

കുഞ്ഞുണ്ണിക്കവിതകള്‍

-കുഞ്ഞുണ്ണി


1
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊ-
ണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകള്‍...

2
കവിതയെഴുത്ത് കണ്ടുകിട്ടലാണ് ;
കവിതവായന കണ്ടുപിടിത്തവും...

3
വരുന്നകാലത്തിനെ വിരുന്നൂട്ടുവാനായി-
റ്റൊരുക്കുകൂട്ടുന്നു നാ,മിന്നിനെപ്പഷ്ണിക്കിട്ടും...

4
ആകാശമിടയ്ക്കലറും
കടലിടയ്ക്കലറാതെ കിടക്കും...

5
എനിക്കു തലയില്‍ കൊമ്പില്ല;
എനിക്കു പിന്നില്‍ വാലില്ല;
എങ്കിലുമില്ലൊരു വിഷമം-വായയി-
ലെല്ലില്ലാത്തൊരു നാവില്ലേ?

6
കലപിലകൂട്ടും പത്രങ്ങള്‍
കലഹിക്കില്ല കുസുമങ്ങള്‍...

7
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം.

8
ഏബീസീഡിയിലുണ്ടൊരു തത്ത്വം;
കാലത്തിന്‍ തത്ത്വം...
'ഏഡിയ്ക്കുള്ളില്‍ ബീസി'
എന്നാണത്തത്ത്വം.

9
പഴവങ്ങാടി വടക്ക്
തെക്കതു പഴയങ്ങാടി

തെക്കുവടക്കുകള്‍ തമ്മില്‍
വായില്‍ വ്യത്യാസം
വായയില്‍ വ്യത്യാസം.

10
അനുകൂലിയാകാം ഞാന്‍;
പ്രതികൂലിയാകാം ഞാന്‍;
രണ്ടും വെറും കൂലിയാകയാലേ...

11
എനിക്കു നാക്കുണ്ടെന്നതുകൊണ്ടോ
തനിക്കു കാതുണ്ടെന്നതുകൊണ്ടോ
സംസാരത്തിലെനിക്കു രസം...

12
വലിയൊരീ ലോകം മുഴുവന്‍ നന്നാകാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍:
'സ്വയം നന്നാവുക.'

13
സ്വര്‍ഗമുള്ളതുകൊണ്ടല്ലോ
നരകിക്കുന്നു മാനുഷര്‍...

14
പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച,
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു.

15
കാക്ക പാറിവന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി.

16
നല്ല വാക്കുള്ളപ്പോള്‍
ചീത്ത വാക്കോതുന്നോന്‍
നല്ലൊരു വിഡ്ഢിയാണല്ലോ...

17
വിരിഞ്ഞ പൂവേ കണ്ടിട്ടുള്ളു
പൂവിരിയുന്നതു കണ്ടിട്ടില്ലാ ഞാന്‍
എന്നിട്ടും ഞാന്‍ ഞെളിയുന്നു
ഞാനൊരു കവിയെന്ന്.

18
മഴയേക്കാള്‍ മഹത്തായി
മാനമെന്തൊന്നു നല്കിടാന്‍!

19
ഭാഷയല്ലാതെ മറ്റൊന്നും
പറയാന്‍ വയ്യ മര്‍ത്യന്.

20
സ്പര്‍ശനസുഖത്തേക്കാള്‍
ദര്‍ശനസുഖം നല്ലൂ...
ദര്‍ശനസുഖത്തേക്കാള്‍
സ്മരണസുഖം നല്ലൂ...
സ്മരണസുഖത്തേക്കാള്‍
സങ്കല്പസുഖം നല്ലൂ...

21
കുരുത്തമില്ലാത്തോന്
കരുത്തുണ്ടെന്നാലയാള്‍
കരുതിക്കൂട്ടിത്തന്നെ
വരുത്തും വിനയേറെ.

22
അറിയാതെ ചെയ്തോരു തെറ്റു പൊറുക്കുവാ-
നര്‍ത്ഥിക്കാമാരോടുമാര്‍ക്കും
അറിവോടെ ചെയ്തൊരു തെറ്റു പൊറുക്കുവാ-
നര്‍ത്ഥിപ്പതുമൊരു കുറ്റം.

23
എന്‍തല എനിക്കൊരു തണലായ്‌ തീരും വരെ
എന്‍നില മറ്റുള്ളോര്‍ തന്‍ കാലിന്റെ ചോട്ടില്‍ത്തന്നെ.

24
ഇനി ഞാനുറങ്ങട്ടെയെന്നല്ലാതൊരാളുമേ
ഇനി ഞാനുണരട്ടെയെന്നു ചോല്ലാറില്ലല്ലോ;
എന്തുകൊണ്ടാവാം?
ഉണര്‍വെന്നതിനേക്കാള്‍ സുഖ-
മുറക്കമാണെന്നതുകൊണ്ടാണെന്നാകില്‍ കഷ്ടം!

25
ഏബീസീഡീ അടിപിടികൂടി
ഈഎഫ് ജീയെച്ചതിനൊടു കൂടി
ഐജേക്കെയെല്ലതു കണ്ടെത്തി
എമ്മെന്നോപ്പീയമ്മയൊടോതീ
ക്യൂവാറെസ്റ്റീ അച്ഛനറിഞ്ഞു
യൂവീഡബ്ല്യൂ വടിയുമെടുത്തു
എക്സ് വൈസെഡ്ഡങ്ങടിയോടടിയായ്.