Friday, June 26, 2020

മര്‍ത്ത്യന്‍







- കാവാലം നാരായണപ്പണിക്കര്‍ 


വാര്‍ത്താപ്പത്രികയില്‍
ചരമത്താളുകളില്‍
മൃതരുടെ പടങ്ങള്‍ കണ്ടിട്ടും
നിനക്കു മൃതിയില്ലെന്നു നീ-
യറിഞ്ഞില്ലല്ലോ.

     കാലപ്പാമ്പിന്‍ കൊത്തേല്‍ക്കാന്‍
     നിന്നുകൊടുത്ത ശരീരത്തി-
     ന്നുള്ളിലിരുന്നൊരുവന്‍ മൂളി:
     വെളിയില്‍പ്പോയ ശ്വാസം
     തിരികെയെടുക്കാമെന്നെങ്ങനെ പറയാം?

ശരീരമൃതി നിന്‍ മൃതിയെന്നു
വൈദ്യന്‍ കല്‍പ്പിക്കെ,
വസ്ത്രമുരിഞ്ഞിടും നീ
മര്‍ത്ത്യനെന്ന പതിവുപേരിലറിഞ്ഞു.

(2007 ജനുവരി 1ന് രചിക്കപ്പെട്ട കവിത. NATIONAL BOOK STALL പ്രസിദ്ധീകരിച്ച 'കാവാലം കവിതകള്‍' എന്ന പുസ്തകത്തില്‍നിന്നുമാണ് ഈ കവിത ചേര്‍ത്തിരിക്കുന്നത്.)