Friday, November 27, 2009

മരണം

- എം.ടി.വാസുദേവന്‍ നായര്‍

നഗരത്തിന്‍റെ അതിര്‍ത്തിയില്‍,ഇടവഴി റെയില്‍പ്പാളം മുറിച്ചു കടക്കുന്നേടത്ത്‌ കരിങ്കല്‍കെട്ടിയ ഓവുപാലത്തിനുമേല്‍ ഒരു വൈകുന്നേരം ഒരു ചെറുപ്പക്കാരന്‍ ക്ഷീണത്തോടെ ഇരുന്നു.പീടികനിരകളുടെ വിടവില്‍ നിന്നാരംഭിക്കുന്ന ഇടവഴി.അപ്പുറത്തെ തെങ്ങിന്‍തോപ്പുകള്‍ക്കിടയില്‍ അത് പല ശാഖകളായി പല പടിവാതിലുകളില്‍ ചെന്നെത്തുന്നു. കമാനാകൃതിയിലുള്ള തുരങ്കത്തിന്‍റെ ശൂന്യതയിലേക്കു കാല്‍ തൂക്കിയിട്ട് അകലത്തെ തെങ്ങിന്‍തോപ്പുകളില്‍ അയാള്‍ കണ്ണോടിച്ചു.
വെളിച്ചത്തിന്‍റെ നിറം ചുവക്കുന്നു.വരാന്‍ പോകുന്ന സന്ധ്യയെക്കുറിച്ചോര്‍ത്ത് അയാള്‍ അസ്വസ്ഥനായിരുന്നു.
ധനുമാസത്തിലെ സായാഹ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നു.മെലിഞ്ഞ പകലിന്‍റെ വെളിച്ചം മങ്ങുന്നതു പൊടുന്നനെയാണ്.നോക്കി നില്‍ക്കെ,ഇമ വെട്ടുമ്പോഴേക്ക് ഇരുട്ട് പരക്കുന്നു.
ഇടവഴിയിലൂടെ ആളുകള്‍ കടന്നുപോയി.പലരും തിരിച്ചു വന്നു.മെയിന്‍ റോഡിലെ പ്രവാഹത്തില്‍ മടങ്ങിവന്നവര്‍ അലിഞ്ഞുചേര്‍ന്നു.കടന്നുപോയ മുഖങ്ങളാണോ തിരിച്ചുവന്നതെന്നയാള്‍ ശ്രദ്ധിച്ചില്ല.
വരുന്നവരെ അയാള്‍ പ്രതീക്ഷയോടെ നോക്കി. മരണത്തെപ്പറ്റി സംസാരിച്ചുകൊണ്ട് അവര്‍ ശ്രദ്ധിക്കാതെ കടന്നുപോയി.
കക്ഷത്ത്‌ ചുരുട്ടിയ പത്രങ്ങളും പുസ്തകങ്ങളുമായി വന്ന മൂന്നു പേര്‍ അവസാനം എതിര്‍വശത്തെ കല്‍ത്തിണ്ണയില്‍,റെയില്‍പാലത്തിന്‍റെ മറുവശത്തായി ,ഇരുന്നപ്പോള്‍ ചെറുപ്പക്കാരന്‍ ആശ്വസിച്ചു,താന്‍ തനിച്ചല്ല.
അയാള്‍ അവര്‍ക്ക് പാതി പുറം തിരിഞ്ഞാണിരിക്കുന്നത്.പക്ഷെ, ശ്രദ്ധ മുഴുവന്‍ അവരുടെ സംസാരത്തിലായിരുന്നു .
‘ശവെട്ക്കണവരെ നിക്കണോ മാഷേ?’
‘എനിക്ക് വീടെത്തണം.ഭാര്യ പത്തുംതെകഞ്ഞിരിക്കാ .’
‘ഒരു ബീഡി തരൂ മാഷേ.’
‘നമ്മളെയൊക്കെ കണ്ടാല്‍ മാഷ്‌ കരയ്വോന്നായിരുന്നു എന്‍റെ പേടി.’
‘ഒരു ചായ കുടിക്കാമായിരുന്നു.’
‘ദാ,തന്ത്രി വന്നല്ലോ.’
ചെറുപ്പക്കാരന്‍ കണ്ടു:മെയിന്‍ റോഡില്‍നിന്ന് ഇടവഴിയിലേക്ക് ശ്മശാനക്കാരുടെ വണ്ടി ഇറക്കിനിര്‍ത്തിയിരിക്കുന്നു.
വണ്ടി തള്ളിനിര്‍ത്തിയ പണിക്കാരനോട് എന്തോ പറഞ്ഞ് കൂടെ വന്ന കിഴവന്‍ നേരെ നടന്ന് ഓവുപാലത്തിനടുത്തേക്കു വന്നു.ഷര്‍ട്ടിടാത്ത പരുക്കന്‍ മനുഷ്യന്‍ .കാതില്‍ വള്ളിക്കടുക്കന്‍. കിഴവനാണെങ്കിലും നടക്കുമ്പോള്‍ കാല്‍വണ്ണയില്‍ ഉറച്ച മാംസപേശികള്‍ ഇളകിക്കളിക്കുന്നത് ചെറുപ്പക്കാരന്‍ ശ്രദ്ധിച്ചു.
അയാള്‍ വന്നുകയറിയപ്പോള്‍ മാസ്റ്റര്‍മാര്‍ ചോദിച്ചു:
'എന്താ തന്ത്രീ ? ഒക്കെ റെഡി?’
‘ശ്മശാനത്തില്‍ പോയിട്ടാ വര്ണ്.ചെരട്ട,ചകിരി ഒക്കെ റെഡി.അഞ്ചുമിനുട്ടുകൊണ്ട് സംഗതി ഞാന്‍ കഴിച്ചു തരാം.’
കിഴവന്‍ ഒരു ബീഡി ചോദിച്ചുവാങ്ങി കത്തിച്ച് ഇപ്പുറം വന്നു ചെറുപ്പക്കാരന്‍റെ ഇടതുവശത്തായി കരിങ്കല്‍ക്കെട്ടിലിരുന്നു.റെയില്‍ മുറിച്ചു കടക്കുമ്പോള്‍ കമ്പികളില്‍ തട്ടി അയാള്‍ വീഴുമെന്നു കരുതി.
‘ഒന്നു വേഗം നോക്കണം.’
‘എന്‍റെ കുറ്റാണോ?മാഷടെ അളിയനിങ്ങട് വന്നുകിട്ട്യാല്‍ മതി.ഒറ്റ ആങ്ങളയല്ലേയുള്ളു?അപ്പോള്‍ അതിനുമുന്‍പ്‌ ശവെടുക്കാന്‍ പാട്ണ്ടോ?’
അയാള്‍ ചെറുപ്പക്കാരനോട്‌ പറഞ്ഞു:
‘ആങ്ങളാന്നുവെച്ചാലോ?പാവം ആയമ്മ എടുത്തു വളര്‍ത്തീതാ.’
ചെറുപ്പക്കാരന്‍ ശ്രദ്ധാപൂര്‍വ്വം തിരിഞ്ഞിരുന്നു.കിഴവന്‍റെ ശ്വാസോച്ച്വാസത്തില്‍ മദ്യത്തിന്‍റെ മണമുണ്ടായിരുന്നു.മുഖത്ത് പൂര്‍ണമായ സംതൃപ്തിയുടെ ഭാവവും.
മാസ്റ്റര്‍മാരെഴുന്നേറ്റു.
‘ഞങ്ങളൊരു ചായ കഴിച്ചിട്ടു വരാം നാരായണന്നായരേ.ഒക്കെ ഒന്നു ഉഷാറാക്കിന്‍.’
അവര്‍ ഇടവഴി കടന്നു പീടികകളുടെ വശത്തേക്കു നടക്കുമ്പോഴാണ് ശ്രദ്ധിച്ചത്.വലസഞ്ചിയില്‍ തെര്‍മ്മോഫ്ലാസ്ക് തൂക്കിപ്പിടിച്ച ഖദര്‍ ഷര്‍ട്ടുകാരന് അല്പം നൊണ്ടലുണ്ട്.
കിഴവന്‍റെ ബീഡി കെട്ടു.
‘തീപ്പെട്ടിയുണ്ടോ?’
‘ഇല്ല.’
ബീഡിക്കുറ്റി ഒരിക്കല്‍ക്കൂടി വലിച്ച് അയാള്‍ വലിച്ചെറിഞ്ഞു.എന്നിട്ടു ചോദിച്ചു:
‘മരിക്ക്വേള്ളൂ എന്നു വന്നാല്‍പ്പിന്നെ ഒരു ദിവസെങ്കില്‍ ഒരു ദിവസം നേര്‍ത്തെ മരിയ്ക്ക്വന്ന്യാണ് ഭേദം.അല്ലേ?’
ചെറുപ്പക്കാരന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
കിഴവന്‍ സംസാരിച്ചുകൊണ്ടിരുന്നു.രോഗം അതല്ലേ?ഇനിയും കിടന്നാല്‍ ദുര്‍ഗന്ധം തുടങ്ങും.പിന്നെ പെറ്റ മക്കളായാലും ഭര്‍ത്താവായാലും ശുശ്രൂഷിക്കാന്‍ തന്നെ മടുപ്പു തുടങ്ങും.
ശരിയാണ്,സത്യമാണ് എന്നയാള്‍ തലയാട്ടി.
കിഴവന്‍ മരണഗൃഹത്തിലെത്തിയപ്പോഴത്തെ സ്ഥിതിയെന്താ?കുളിപ്പിച്ചു കിടത്താന്‍ ഒരാളില്ല.ചെറിയ മകനെ-എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്- ശ്മശാനത്തിലയക്കാന്‍ ഏര്‍പ്പാടു ചെയ്യുമ്പോഴാണ് കിഴവന്‍ എത്തിയത്.
ആപത്തു വരുമ്പോഴല്ലേ ഓടിച്ചെല്ലാന്‍ ആളുവേണ്ടത്.
അപ്പോള്‍ ദൂരെനിന്ന് തീവണ്ടിയുടെ ചൂളംവിളി കേട്ടു.സിഗ്നല്‍ താണിരുന്നു.നീണ്ടുകിടക്കുന്ന റെയില്‍പാളത്തിന്‍റെ അറ്റത്ത് പുകയുന്ന ഒരു ബിന്ദു പ്രത്യക്ഷപ്പെട്ടു.കഷ്ടപ്പാടു മുഴുവന്‍ അനുഭവിച്ച് മകനൊരു ജോലിയും ഇരിക്കാന്‍ സ്വന്തം വീടുമായപ്പോള്‍ മരിച്ചു പോയ സ്ത്രീയെപ്പറ്റി കിഴവന്‍ പറയുകയായിരുന്നു.പുകയുന്ന ബിന്ദു അടുത്തേക്ക് കുതിച്ചെത്തുമ്പോള്‍ റെയില്‍പാളങ്ങള്‍ വിറച്ചു.മാസ്റ്റര്‍ക്ക് ലോകത്തോടു മുഴുവന്‍ ശുണ്ടിയാണത്രേ. പക്ഷെ,ഭാര്യയുടെ അടുത്തെത്തുമ്പോള്‍ മാസ്റര്‍ പച്ചപ്പാവമായി മാറുന്നത് കിഴവന്‍ കണ്ടിട്ടുണ്ട്.
‘വണ്ടി വരണ്ണ്ട്.മാറണോ?’
അയാള്‍ ശ്രദ്ധിച്ചില്ല.കിഴവന്‍ പിന്നെയും എന്തോ പറയുകയായിരുന്നു.തണ്ടുവാളകളുടെ സംഗീതം.കരിങ്കല്‍ക്കെട്ടിനെ കിടിലം കൊള്ളിച്ചുകൊണ്ട് വണ്ടി കടന്നുപോകുമ്പോള്‍ പേടിപ്പെടുത്തുന്ന ഒരാകര്‍ഷണം തോന്നി.തൊടാവുന്ന ദൂരത്തില്‍…അയാള്‍ കണ്ണടച്ചിരുന്നു.നിമിഷങ്ങള്‍ നിറഞ്ഞു നിന്ന നിഗൂഡമായ ആഹ്ലാദം ഉള്ളിലൊതുക്കി.
കൊടുങ്കാറ്റടങ്ങിയ ശാന്തത.
തെങ്ങിന്‍ തോപ്പിനും റെയില്‍പാളത്തിനുമിടയ്ക്ക് തുറന്നു കിടക്കുന്ന നീണ്ട വെളിമ്പറമ്പിലേക്ക് ഇരുട്ടിന്‍റെ നിഴല്‍ ഇറങ്ങിയെത്തുന്നു.മഞ്ഞിറങ്ങാന്‍ തുടങ്ങുന്നു.
‘അല്ലാ—‘ കിഴവന്‍ എഴുന്നേറ്റു,’നമ്മളിങ്ങനെ ഇവിടെത്തന്നെ ഇരുന്നാല്‍ പറ്റില്യലോ.വര്വാ.’
ചെറുപ്പക്കാരന്‍ സംശയിച്ചു.
‘ആളും മനുഷ്യരും അട്‌ത്ത് ണ്ടാവ്ണത്‌ എപ്പഴും ഒരാശ്വാസമല്ലേ?എണീക്ക്വാന്ന്‌.’
ചെറുപ്പക്കാരന് കിഴവനോടൊരു സ്നേഹം തോന്നി.അയാള്‍ എഴുന്നേറ്റ് പിറകെ നടന്നു.ഇടവഴി കടന്നു ഒതുക്കുകല്ലുകള്‍ക്ക് മുന്‍പിലെത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ സ്വയം ശാസിച്ചു:സ്വസ്ഥമായിരിക്ക്…നീ സ്വസ്ഥമായിരിക്ക്.
മുറ്റത്തും വരാന്തയിലുമായി ഏഴെട്ടുപേര്‍ നില്‍പ്പുണ്ട്.
മരണത്തിന്‍റെ മണം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്നു കരുതിയ വിട്‌ഡിത്തത്തെ പറ്റി ഓര്‍ത്ത് അയാള്‍ സ്വയം പരിഹസിച്ചു.
മരണഗൃഹം.ഇല്ല,തേങ്ങലിന്‍റെയും നിലവിളിയുടെയും ശബ്ദമില്ല.വരാന്തയുടെ സമീപത്തെ നിഴല്‍പ്പാടില്‍ ചെന്നുനിന്നപ്പോള്‍ ചെറുപ്പക്കാരന്‍ ചെവിടോര്‍ത്തു.രാമായണം വായിക്കുന്നുണ്ട്,ആരോ അകത്ത്.എരിയുന്ന ചന്ദനത്തിരികളുടെ രൂക്ഷമായ ഗന്ധം.
കറുത്ത് ഉയരം കുറഞ്ഞ ഒരു താടിക്കാരന്‍ അങ്ങോട്ടുമിങ്ങോട്ടും ധൃതിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.അയാള്‍ പലതും ഒരുക്കുകയാണ്.
കിഴവന്‍റെ അടുത്തെത്തിനിന്ന് അയാള്‍ ചോദിച്ചു:
‘എന്തായി?’
‘വണ്ടി വന്നു.അവ്ടത്തെ ഏര്‍പ്പടൊക്കെ റെഡി.’
‘എട്ടരടെ വണ്ടി കാക്കണംന്നാ മാഷ്‌ പറേണ്.എന്നിട്ട് മതി.’
അപ്പോള്‍ പടി കയറി വന്ന രണ്ടു സ്ത്രീകള്‍ വടക്കേ വാതിലിലൂടെ അകത്തേക്കു കയറുന്നതുകണ്ടു.
അന്തരീക്ഷത്തില്‍ തേങ്ങലുകളുടെ പുതിയ ഒരല ഒഴുകി നടന്നു.
ചന്ദനത്തിരിയുടെ മണം ചെറുപ്പക്കാരന് അസഹ്യമായി തോന്നി.നിഴല്പാടിലൂടെ നടന്ന് അയാള്‍ മുറ്റത്തിന്‍റെ അതിര്‍ത്തിയിലെത്തി.
വെട്ടിയിട്ട തെങ്ങിന്‍തടിമേല്‍ രണ്ടുപേര്‍ ഇരുന്നു സിഗരറ്റ് വലിച്ചു സംസാരിക്കുന്നു.ചെറുപ്പക്കാരന്‍ അവരില്‍നിന്നകലത്തില്‍ തടിയുടെ ഒരറ്റത്തിരുന്നു.
ആളുകള്‍ ചിലര്‍ കയറി വന്നു.കൂടിനിന്നവരില്‍ ചിലര്‍ നിശബ്ദരായി ഇറങ്ങിപ്പോയി.
‘നേരം കൊറെയായി.നമുക്ക് പതുക്കെ പോയാലോ.’
അവരുടെ സിഗരറ്റുകുറ്റികള്‍ അയാളുടെ മുന്നിലൂടെ പറന്നുപോയി.
‘രവിയോട് പറഞ്ഞിട്ട് പോവാം.’
‘പറയണോ?’
അവര്‍ എഴുന്നേറ്റുപോകുമ്പോള്‍ അയാളെ ശ്രദ്ധിച്ചു നോക്കി.അയാള്‍ അതുകണ്ടില്ലെന്ന ഭാവത്തില്‍ പടിഞ്ഞാറേ ആകാശച്ചെരുവില്‍ തെളിയാന്‍ തുടങ്ങുന്ന നേര്‍ത്ത ചന്ദ്രക്കല നോക്കിക്കൊണ്ടിരുന്നു.
ഇന്നലെ സന്ധ്യക്ക് കടല്‍ക്കരയില്‍നിന്ന് അസ്തമനം കണ്ടു.ജനാവലി ഒഴുകുന്ന വീഥികളിലൂടെ നടന്നു കടല്‍ക്കരയിലെത്തിയപ്പോള്‍ സൂര്യന്‍ മറഞ്ഞുകഴിഞ്ഞിരുന്നു. കറുത്ത രേഖകള്‍ കലര്‍ന്ന ചുവപ്പ്.ചത്തുമലച്ച കടലേടികള്‍പോലെ കരയില്‍ ചെരിച്ചിട്ട മീന്‍തോണികള്‍.അവയ്ക്കിടയില്‍ മറവുകള്‍ വേണ്ട മനുഷ്യരുടെ നിഴലുകള്‍.കാറ്റാടി മരങ്ങളുടെ താഴെ അരമതിലിന്‍റെ നിഴല്പാടില്‍ നിന്ന്.ഇരുട്ടു പരക്കുന്നതുകണ്ടു.പുറംകടലില്‍ നങ്കൂരമിട്ടുകിടക്കുന്ന ചരക്കുകപ്പലിന്‍റെ വിളക്കുകള്‍ക്കു പ്രകാശം വര്‍ദ്ധിച്ചു വന്നു.ദീപസ്തംഭത്തിന്‍റെ വിളറിയ കണ്ണുകള്‍ വേദനയോടെ മിഴിയുകയും അടയുകയും ചെയ്തു.പിന്നില്‍ വെളിച്ചംപുരണ്ട പാതയിലൂടെ ജീവിതം ഒഴുകിക്കൊണ്ടിരുന്നു.ഇരുട്ടിനും വെളിച്ചത്തിനുമിടയ്ക്കു കടല്‍ കറുക്കുന്നത് കണ്ടു,കാറ്റ് ചൂളം വിളിക്കുന്നതുകേട്ട്,നിന്നപ്പോള്‍ മനസ്സ് നിറഞ്ഞു വിങ്ങി.
മരിക്കുകയാണ്.എന്‍റെ ഉള്ളില്‍ എന്തെല്ലാമോ മരിക്കുകയാണ്.
മരണം കാണാനെത്തിയവര്‍ പലരും പിരിഞ്ഞുപോയിരിക്കുന്നുവെന്ന് അയാള്‍ കണ്ടു.
മുറ്റത്ത്‌ താടിക്കാരന്‍ മാറത്തെ രോമങ്ങള്‍ തടവിക്കൊണ്ടു നടന്നു.വരാന്തയില്‍ കിഴവനും വേറെ രണ്ടു പേരും കുന്തിച്ചിരിക്കുന്നു.
ചെറുപ്പക്കാരന്‍ കൂട്ടംതെറ്റിപ്പോകുമെന്ന ഭയത്തോടെ വരാന്തയുടെ സമീപത്തേക്കു നടന്നു.
കിഴവന്‍ ചോദിച്ചു:
‘നേരെത്ര്യായി?’
‘വാച്ചില്ല.’
‘വണ്ടി സമയത്തിന് വന്നാല്‍ മത്യായിരുന്നു .’
വരാന്തയില്‍ കരഞ്ഞു ക്ഷീണിച്ച മുഖവുമായി നിലത്തേക്കു നോക്കി.കാല്‍മുട്ടില്‍ താടിയമര്‍ത്തിയിരിക്കുന്ന പതിനേഴുകാരനെ അയാള്‍ കണ്ടു.
താടിക്കാരന്‍ കിഴവന്‍റെ ആവലാതി ആവര്‍ത്തിച്ചു:
‘വണ്ടി ലെയ്റ്റാവാഞ്ഞാല്‍ മതിയായിരുന്നു.’
ചെറുപ്പക്കാരന്‍ പറഞ്ഞു:
‘ലെയ്റ്റാവില്ല .’
എങ്ങനെ അറിഞ്ഞുവെന്നാരും ചോദിച്ചില്ല.
‘എട്ടേ കാലിനല്ലേ വരണ്ട്?’
ചെറുപ്പക്കാരന്‍ കൂടുതല്‍ ധൈര്യത്തില്‍ പറഞ്ഞു:
‘അതെ,എട്ടേകാലിന്ന്.’
വരാന്തയിലെ വെളിച്ചം നേര്‍പ്പിച്ച മുറ്റത്തെ ഇരുട്ടില്‍ അയാള്‍ വണ്ടിയുടെ ശബ്ദം പ്രതീക്ഷിച്ചുകൊണ്ടു നടന്നു.
താടിക്കാരന്‍ ചോദിച്ചു.കണ്ണീര്‍ വറ്റിയ ദൈന്യത്തോടെ:
‘സ്റ്റേഷനിലാള് പോയിട്ടുണ്ടോ,രവീ?’
ഇടറുന്ന സ്വരത്തില്‍ മറുപടി:
‘വീടറിയും.അമ്മാമ്മ ഇബടെ വന്നിട്ടുണ്ട്.’
അവസാനം ചെറുപ്പക്കാരന്‍ വണ്ടിയുടെ ശബ്ദം കേട്ടു.തെക്കുനിന്നുള്ള വണ്ടി.
സ്റ്റേഷനില്‍നിന്നെത്താന്‍ എത്ര സമയം വേണം?അയാള്‍ വാതില്ക്കലേക്കു നോക്കിക്കൊണ്ട് ഉല്‍ക്കണ്ടയോടെ ഇരുന്നു.
ഇപ്പോള്‍ ബസ്‌സ്റ്റോപ്പിലെത്തിക്കാണും…ഇപ്പോള്‍…ഇടവഴിയുടെ തുടക്കത്തില്‍ നിര്‍ത്തിയിട്ട ശവവണ്ടിയുടെ കാര്യം അയാളോര്‍മ്മിച്ചു. അതുകടന്നാ യിരിക്കും വരുന്നത്.ഇല്ല,കാണില്ല.ഇരുട്ടില്‍ വെമ്പുന്ന കാലടികളോടെ നടക്കുമ്പോള്‍ ഒന്നും കാണില്ല.
കിഴവന്‍ നിരാശയോടെ പറഞ്ഞു:
‘ഈ വണ്ടിക്ക് വന്നിട്ടിണ്ടാവില്ല.വന്നാലെത്തണ്ട നേരമായിരിക്കണു.’
താടിക്കാരന്‍ അല്പം രോഷത്തോടെ പറഞ്ഞു:
‘നടന്നെത്തണ്ടേ?പറക്ക്വല്ലല്ലോ.’
വെളിച്ചം താടിക്കാരന്‍റെ മുഖത്ത് ശരിക്കുംവീണുകണ്ടതപ്പോഴാണ്.കറുപ്പും വെളുപ്പും കലര്‍ന്ന കുറ്റിത്താടിയുള്ള മുഖത്ത് ശാന്തമായ ഒരു ചൈതന്യമുണ്ട്.കണ്ണുകളില്‍ പരമഹംസന്‍റെ ചിരി.
നിമിഷങ്ങള്‍ മുറുകിപ്പൊട്ടി വീണുകൊണ്ടിരുന്നു.അപ്പോള്‍ ഇടവഴിയില്‍ ചെരുപ്പിട്ട കാലടികള്‍ പിടയ്ക്കുന്ന ശബ്ദം കേട്ടു.
ഓടിക്കൊണ്ടാണ് ഒതുക്കുകല്ലുകള്‍ കയറിയത്. കുംഭക്കാറ്റു പോലെ അകത്തേക്കു കടന്നുപോയി.അകത്ത് വീണ്ടും കൂട്ടനിലവിളിയുയര്‍ന്നു.
നെഞ്ഞത്തടിച്ച ശബ്ദമാണോ കേട്ടത്?
താടിക്കാരന്‍ ചെറുപ്പക്കാരനെ നോക്കി.
കിഴവന്‍ പറഞ്ഞു:
‘അകത്തുചെന്നു സമാധാനിപ്പിക്കൂ.ഇനി നേരം വൈകിക്കണ്ട.’
‘കരയണ്ട സമേത്ത് കരയ്വന്നെവേണം നാരായണന്നായരെ.’
വീണ്ടും നിശബ്ദത മൂടുപടം പോലെ വീണു.
‘നാരായണന്നായരേ,ഇനി ഒക്കെ വേഗം നോക്കിക്കോളിന്‍.’
കിഴവന്‍ പ്രാപ്തിയുടെ ലക്ഷണമായ ഒതുക്കത്തോടെ ജോലി തുടങ്ങി.
‘ദാ,ആ വെളക്കിങ്ങെടുത്തോളു.’
ചെറുപ്പക്കാരന്‍ റാന്തലെടുത്ത് തിരിനീട്ടിക്കാണിച്ചുകൊടുത്തു.കിഴവന്‍ മുറ്റത്ത് തെക്കുവടക്കായി പലകയിട്ട്,നാക്കിലയിട്ടു.നിലവിളക്കും നിറനാഴിയും വെച്ചു.
‘എടുക്ക്വല്ലേ?’
തന്നോടാണ്.ചെറുപ്പക്കാരന്‍ ‘നിങ്ങള്‍ പറയുന്ന പോലെ’ എന്ന ഭാവത്തില്‍ നിന്നു.
താടിക്കാരന്‍റെ പിറകെ,ഏറ്റവും അവസാനമായി ചെറുപ്പക്കാരന്‍ അകത്തേക്കു കടന്നു.
തളത്തിനപ്പുറം,വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ക്കിടയിലെ വിടവിലൂടെ അയാള്‍ ആദ്യം കണ്ടത് ശുഷ്കിച്ച കാലടികളാണ്.തുടര്‍ന്ന്,വെള്ളത്തുണി കൊണ്ടു പൊതിഞ്ഞ രൂപം.
തളത്തിന്‍റെ ഒരരുകില്‍ ചുവര്‍ ചാരി തളര്‍ന്നിരിക്കുന്നു.ഗൃഹനാഥനായ അയാള്‍ക്കരികില്‍ തൊട്ടുതൊട്ടിരുന്നു തേങ്ങിക്കരയുന്ന മൂന്നു പെണ്‍കുട്ടികള്‍.
അയാള്‍ ഒരിക്കലേ നോക്കിയുള്ളു.തൊട്ടുതൊട്ടിരിക്കുന്ന അവര്‍ പരസ്പരം വളരെ അകലത്തില്‍ ഒറ്റപ്പെട്ട ലോകത്തിലാണപ്പോഴെന്നു അയാള്‍ ഓര്‍ത്തുപോയി.
താടിക്കാരന്‍റെ ശാന്തമായ ശബ്ദം തേങ്ങലുകള്‍ക്കു മുകളില്‍ ഉയര്‍ന്നു.
‘കുട്ടികളേ,നമസ്ക്കരിക്കൂ.’
മുഖം പൊത്തി ചുമരിനുനേരെ തിരിഞ്ഞിരിക്കുന്ന പ്രായം ചെന്ന മനുഷ്യനോടു അയാള്‍ വീണ്ടും പറഞ്ഞു...
'മാഷും കുട്ടികളെപ്പോലെ ആയാലോ? രവീ,ഉം ചെല്ലൂ.'
ഈറന്‍ മുണ്ടുടുത്ത മകനാണ് ആദ്യം ചെന്ന് നമസ്കരിച്ചത്.അവസാനം വിളറി മെലിഞ്ഞ കൊച്ചുപെണ്‍കുട്ടി പതുക്കെപ്പതുക്കെ മുറിയിലേക്ക് കടന്നുപോകുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നവരാരോ മാറി.ചെറുപ്പക്കാരന്‍ അപ്പോള്‍ ആ മുറി മുഴുവന്‍ കണ്ടു.
വൈലറ്റ് നിറത്തിലുള്ള പാവാടയുടുത്ത ചെറിയ പെണ്‍കുട്ടി.തണുത്ത കാലടികള്‍ക്കു മുന്‍പില്‍ അവള്‍ വീണു തേങ്ങിയപ്പോള്‍ ആരോ പതുക്കെ പറഞ്ഞു:
‘കരയരുത് കുട്ടീ,കരയരുത്.’
അവള്‍ പതുക്കെപ്പതുക്കെ പുറത്തുകടന്നു പിന്നില്‍ സ്ത്രീകള്‍ക്കിടയില്‍ മറഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍റെ കണ്ണുകള്‍ നിറഞ്ഞു.തൊണ്ടയില്‍ എന്തോ കുടുങ്ങി നിന്നു.അയാള്‍ പുറത്തേക്കു ധൃതിയില്‍ നടന്നു.
രൂപമില്ലാത്ത ദുര്‍ബലമായ ചൂട്.നാക്കിലയിട്ട പലകമേല്‍ മൃതദേഹം കിടത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ കണ്ണുതുടച്ചു.
‘കിണ്ടീംവെള്ളം ഞാനെടുക്കാം.പേഴ്സ് ശങ്കരേട്ടന്‍റെ കൈയിലല്ലേ?മുന്നിലൊരാള് റാന്തല് കാണിക്കാ .’
കത്തിച്ചുവെച്ച റാന്തലെടുത്തു ചെറുപ്പക്കാരന്‍ മുന്നില്‍ നടന്നു.
പതുക്കെ.ഇറങ്ങുമ്പോള്‍ സൂക്ഷിക്കണം.
‘മാഷേ,ഞങ്ങള് നടക്കട്ടെ,മാഷ്‌ വരണ്ട.ഇവിടെ കുട്ട്യോള് തന്ന്യല്ലേള്ളൂ?' താടിക്കാരന്‍ പറയുന്നു.
മുകളിലെ പടിയില്‍ പ്രായം ചെന്ന മനുഷ്യന്‍ വളഞ്ഞുകുത്തി നില്‍ക്കുന്നത് ചെറുപ്പക്കാരന്‍ കണ്ടു.ഇടവഴി തിരിയുന്നേടത്തുനിന്നു നോക്കുമ്പോഴും അയാളവിടെയുണ്ട്.
സൂക്ഷിച്ച്…സൂക്ഷിച്ച്…
തണുത്ത റെയില്‍പ്പാളം.മഞ്ഞിന്‍തുള്ളികള്‍ വീണു നനഞ്ഞ വഴി.
നിരത്തിലെത്തിയപ്പോള്‍ റാന്തലിന്‍റെ ആവശ്യമുണ്ടായിരുന്നില്ല.എങ്കിലും തിരികെടുത്താതെ വണ്ടിയുടെകൂടെ ചെറുപ്പക്കാരന്‍ തലതാഴ്ത്തി നടന്നു.
ചെമ്മണ്‍നിരത്തിലെ പുതിയ വെട്ടുവഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോള്‍ നഗരവിളക്കുകളില്ല.റാന്തല്‍ കെടുത്താതിരുന്നതു ഭാഗ്യമായി.
ശ്മശാനം ഇരുള്‍മൂടിക്കിടന്നിരുന്നു.കാവല്‍പുരയുടെ വെളിച്ചത്തില്‍ ഒരു സുഷിരം മാത്രമുണ്ട് കരിമ്പടത്തില്‍. വിദഗ്ധരായ ശ്മശാനംജോലിക്കാര്‍ എല്ലാം ഒരുക്കി കാത്തിരിക്കുകയാണ് .
കിഴവന്‍ രാത്രികാവല്‍പ്പുരയിലേക്ക് പോയി.ചിറി തുടച്ചു തിരിച്ചു വന്നത് കൂടുതല്‍ മദ്യത്തിന്‍റെ മണത്തോടെയാണ്.
ഇരുട്ടിന്‍റെ തീരത്തില്‍ ചെറുപ്പക്കാരന്‍ അസ്വസ്ഥനായി നിന്നു.മഹാസമുദ്രത്തില്‍ തീനാളങ്ങള്‍ വെളിച്ചത്തിന്‍റെ ഒരു ദ്വീപുണ്ടാക്കുന്നു.
വേദനയോടെ അടക്കിപ്പിടിച്ചുകൊണ്ട് അതുനോക്കി അയാള്‍ നിന്നു.
മടക്കയാത്രയില്‍ ആളുകള്‍ അവിടവിടെവെച്ചു പിരിഞ്ഞു.കിഴവന്‍ യാത്ര പറഞ്ഞില്ല.അവസാനം മരിച്ച വീടിന്‍റെ പടിക്കല്‍ വെച്ചു മകന്‍റെ കൈയ്യില്‍ വിളക്കേല്‍പ്പിച്ചു ചെറുപ്പക്കാരന്‍ തിരിഞ്ഞപ്പോള്‍ താടിക്കാരന്‍ പറഞ്ഞു:
‘ഞാനുംണ്ട്.’
ഇരുളിലൂടെ അവര്‍ നടന്നു. റെയില്‍പ്പാളം കടന്നു നിരത്തില്‍ കമ്പിക്കാലിന്‍റെ വെളിച്ചത്തിലെത്തിയപ്പോള്‍ താടിക്കാരന്‍ നിന്നു.
‘ഞാനീവഴിക്കു പോട്ടെ.’
യാത്രപറയാന്‍ മുഖമുയര്‍ത്താന്‍ ചെറുപ്പക്കാരന്‍ പ്രയാസപ്പെട്ടു.കാരണം തന്‍റെ കണ്ണുകളില്‍ നനവുണ്ടെന്നു അയാള്‍ക്കറിയാമായിരുന്നു.
‘എന്താ ചെയ്യാ,മനുഷ്യാവസ്ഥയല്ലേ?’
ശരിയാണ്‌ എന്നര്‍ത്ഥത്തില്‍ ചെറുപ്പക്കാരന്‍ തലയാട്ടി.അയാള്‍ കരയാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു.
‘എനിക്ക് മനസ്സിലായില്ല.മാഷ്ടെ ആരാ?മുഖപരിചയം ല്യാത്തോണ്ട് ചോദിച്ചതാ.കുടുംബത്തിലെയായിരിക്കും?’ അല്ല എന്നയാള്‍ തലയാട്ടി.
‘വളരെക്കാലായിട്ടുള്ള പരിചയായിരിക്കും.’
ചെറുപ്പക്കാരന്‍ നിശ്ശബ്ദം തിരിഞ്ഞുനടന്നു.
ഞാനാരുമല്ല;ഒരപരിചിതന്‍ മാത്രം എന്ന സത്യം പറയാതെ കഴിക്കാന്‍വേണ്ടി അയാള്‍ ധൃതിയില്‍ അടിവെച്ചു.തലേന്ന് കയറിക്കൂടിയ,പിറ്റേന്ന് താക്കോല്‍ തിരിച്ചേല്‍പ്പിക്കാന്‍ പോകുന്ന ഇടുങ്ങിയ ഹോട്ടല്‍മുറിയെപ്പറ്റിയുള്ള ഭീതി നിറഞ്ഞ മനസ്സോടെ,കമ്പിക്കാലുകള്‍ക്കു ചുവട്ടിലെ പ്രകാശവൃത്തങ്ങളിലൂടെ ഒച്ചയും അനക്കവുമുള്ള സ്ഥലങ്ങളിലെത്താനുള്ള വെമ്പലോടെ അയാള്‍ ഏകനായി നടന്നു.

No comments: