- മാധവിക്കുട്ടി
തന്‍റെ ജനലിനരികെനിന്നുകൊണ്ട് ചന്ദ്രന്‍ ചുവട്ടിലേക്കു നോക്കി.ആ കുഗ്രാമത്തിലെ ചെറിയ പള്ളിക്കൂടം വിട്ടു വീട്ടിലേക്കു മടങ്ങിപ്പോകുന്ന ഒരു കൂട്ടം ബാലികാബാലകന്‍മാര്‍ ആ വഴിയെ പോയിരുന്നു.ദാരിദ്രരെങ്കിലും ആരോഗ്യവാന്‍മാരായ അവരെ നോക്കി അവനൊരു നെടുവീര്‍പ്പിട്ടു."ഈശ്വരാ!എന്നെ അവരെപ്പോലെ ആക്കണേ!" കരളലിയിക്കുന്ന ഒരു പ്രാര്‍ത്ഥന ആ പിഞ്ചുഹൃദയത്തില്‍നിന്നുയര്‍ന്നു.
തന്‍റെ രോഗശയ്യയില്‍ ചെന്നുകിടന്ന് ചന്ദ്രന്‍ ചുറ്റുപാടും നോക്കി.അസ്തമനസൂര്യരശ്മികള്‍ അവന്‍റെ കിടപ്പുമുറിയുടെ ചുമരിന്‍മേല്‍ ചാഞ്ചാടിക്കൊണ്ടിരുന്നു.
ചന്ദ്രന്‍ കേവലം പത്തു വയസ്സുമാത്രം ചെന്ന ഒരു കുഷ്ഠരോഗിയായിരുന്നു.
അവന്‍റെ മുറിയില്‍ ക്രമേണ ഇരുട്ടുവ്യാപിച്ചു.ജനാലയില്‍ക്കൂടിവന്ന ഒരു മന്ദമാരുതന്‍ ഉറങ്ങിക്കിടന്ന ആ ബാലന്‍റെ ചുരുണ്ട തലമുടിയെ പറപ്പിച്ചു.ആ ഭയങ്കര വ്യാധി കവര്‍ന്നുതിന്ന അവന്‍റെ കൈകാല്‍കളില്‍ കെട്ടിയിരുന്ന വെളുത്ത കെട്ടുകള്‍ നിലാവെളിച്ചത്തില്‍ തിളങ്ങി.
പ്രഭാതസൂര്യന്‍റെ രശ്മികള്‍ അവന്‍റെ മുറിയില്‍ പ്രവേശിച്ചപ്പോഴാണ് ചന്ദ്രന്‍ കണ്ണുതുറന്നത്.മരുന്നുവച്ചുകെട്ടിക്കൊണ്ടിരുന്ന തന്‍റെ നേഴ്സിന്‍റെ ശബ്ദമാണ് അവനെ ഉണര്‍ത്തിയത്.ആ സ്ത്രീ തന്നെത്താന്‍ പിറുപിറുത്തു:"പഴുപ്പ് കേറുന്നു."
പതിവുപോലെ,സ്കൂളില്‍ പോകുന്ന കുട്ടികളെ നോക്കിക്കൊണ്ട് ചന്ദ്രന്‍ ജനാലയുടെ അരികെ ചെന്നിരുന്നു.ഒരുകെട്ടു പുസ്തകവും സ്ലേറ്റും കക്ഷത്തു കൂട്ടിപ്പിടിച്ചുകൊണ്ടുപോയിരുന്ന ഒരു ദരിദ്രബാലന്‍ ആ വഴിയെ വന്നു."എങ്ങട്ടാ പോണ്?" ചന്ദ്രന്‍ ചോദിച്ചു.
"സ്കൂളില്‍യ്ക്ക്." ആ കുട്ടി ഗര്‍വ്വോടെ പറഞ്ഞു.ഒരു സ്നേഹിതനെ കിട്ടിയപ്പോഴുണ്ടായ സന്തോഷത്തോടുകൂടി ചന്ദ്രന്‍ ചോദിച്ചു:
"എന്താ പേര്?"
"കൃഷ്ണന്‍കുട്ടി."
അവന്‍ ജനാലയുടെ ചുവട്ടിലുള്ള പുല്ലില്‍ ഇരുന്നു.ചന്ദ്രന്‍ തന്‍റെ മുഖം ജനാലയുടെ ഇരുമ്പഴികളോടടുപ്പിച്ചു.അവര്‍ ചിരിച്ചു.
"താന്‍ സ്കൂളിലൊന്നും പൂവാറില്യേ?" കൃഷ്ണന്‍കുട്ടി ചോദിച്ചു.
"ഇല്ല." ചന്ദ്രന്‍ വിഷാദത്തോടെ പറഞ്ഞു.ഹൃദയം നീറ്റുന്ന ചിന്തകള്‍ അവന്‍റെ കൊച്ചുഹൃദയത്തില്‍ക്കൂടി പാഞ്ഞുപോയി.
പതിവായി കൃഷ്ണന്‍കുട്ടി സ്കൂള്‍വിട്ടു മടങ്ങിവരുന്നതും കാത്തു ചന്ദ്രന്‍ ജനാലയ്ക്കരികെ ചെന്നിരിക്കും.സ്കൂള്‍വിട്ടു ക്ഷീണിച്ചു മടങ്ങിയെത്തുന്ന കൃഷ്ണന്‍കുട്ടി ആ പുല്ലില്‍ ഇരുന്ന് അന്ന് സ്കൂളില്‍വച്ചുണ്ടായ സംഭവങ്ങള്‍ മുഴുവന്‍ പറയും.മാസ്റ്റര്‍മാരുടെ ചൂരലിന്‍റെയും വിഷമംപിടിച്ച കണക്കിന്‍റെയും മറ്റും ഓരോ വര്‍ത്തമാനം.തനിക്കു കിട്ടിയ ചൂരല്‍പ്രഹരത്തിന്‍റെയും ശകാരവര്‍ഷത്തിന്‍റെയും വര്‍ത്തമാനങ്ങള്‍ അവന്‍ തന്‍റെ സ്നേഹിതനോട് വിവരിച്ചു പറഞ്ഞുകൊടുക്കും.ചന്ദ്രന്‍റെ സഹതാപം കലര്‍ന്ന ആ വരണ്ട പുഞ്ചിരി അവന്‍റെ മനസ്സിനു ധൈര്യം കൊടുത്തിരുന്നു.
ദിവസങ്ങള്‍ നീങ്ങി.കൃഷ്ണന്‍കുട്ടി ചന്ദ്രനെ അതിരറ്റു സ്നേഹിച്ചു.ചന്ദ്രന്‍റെ കൈയ്യിന്‍മേലുള്ള കെട്ടുകള്‍ അവന്‍ കാണാറുണ്ടായിരുന്നു.അതെന്താണെന്ന് അവന്‍ ചോദിച്ചില്ല.തന്‍റെ സ്നേഹിതന്‍ എന്തോ വലിയ വേദന അനുഭവിക്കുന്നുണ്ടെന്ന് അവനറിഞ്ഞിരുന്നു.പക്ഷെ,ചന്ദ്രന് കുഷ്ഠരോഗമാണെന്നവന്‍ മനസ്സിലാക്കിയിരുന്നില്ല.
പതിവുപോലെ ഒരുദിവസം ചന്ദ്രനെ കണ്ടു വീട്ടിലേക്കു മടങ്ങിച്ചെന്നപ്പോള്‍ കൃഷ്ണന്‍കുട്ടി കുപിതയായ തന്‍റെ അമ്മയെയാണ് കണ്ടത്.ആ സ്ത്രീ അവനെ നോക്കി ഗര്‍ജ്ജിച്ചു:"എടാ!നീയ്യ് ആ കുഷ്ഠം പിടിച്ച കുട്ടിയുടെ വീട്ടില്‍യ്ക്കായിരുന്നു പോയിരുന്നത്;അല്ലേ?കുഷ്ഠരോഗം പകരണതാ.അതു മനസ്സിലാക്കിക്കോ!ഇനീ നീയ്യവിടെയെങ്ങാനും പോയിട്ടുണ്ടെങ്കില്‍ ഞാന്‍ നിന്‍റെ തോലിയൂരും.നോക്കിക്കോ!" കൃഷ്ണന്‍കുട്ടി അമ്പരന്നു.
അവന്‍ തന്‍റെ മിത്രത്തിനു പകര്‍ച്ച വ്യാധിയുണ്ടെന്നു മനസ്സിലാക്കിയിരുന്നില്ല.ആ വെളുത്ത കെട്ടുകള്‍ അവനോര്‍മ്മവന്നു.
പാവം!ചന്ദ്രന്‍ തന്നെ കാണാതെ എത്ര വ്യസനിക്കുമെന്നോര്‍ത്തപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ ഇറ്റുവീണു.ആ മൈത്രീബന്ധത്തിന്‍റെ
ഏകചിഹ്നം!കുഷ്ഠം!അതു ഭയങ്കരമാണ്.കൃഷ്ണന്‍കുട്ടിക്കു ഭയം വര്‍ദ്ധിച്ചു.അവന്‍ ഇനിമേലില്‍ ആ വഴിയില്‍ക്കൂടെ പോവില്ലെന്നു തീര്‍ച്ചയാക്കി.
ആ വിദ്യാലയത്തിലെ ഘടികാരം നാലടിച്ചു.ചന്ദ്രന്‍ ജനാലയഴിയും പിടിച്ചുകൊണ്ടു ചുവട്ടിലേക്കു നോക്കി.കൃഷ്ണന്‍കുട്ടി ആ വഴിയില്‍ക്കൂടി വരുന്നുണ്ട്.അവന്‍റെ തലമുടി കാറ്റത്തു പറന്നിരുന്നു.അവന്‍ ജനാലയുടെ ചുവട്ടിലെത്തിയപ്പോള്‍ മുകളിലേക്കു നോക്കി.ചന്ദ്രന്‍ അവനെ നോക്കി ചിരിച്ചു.കൃഷ്ണന്‍കുട്ടി നിന്നില്ല.അവന്‍ പുസ്തകങ്ങളും കൂട്ടിപ്പിടിച്ചു വേഗത്തില്‍ നടന്നുതുടങ്ങി. പതിവില്ലാതെ ഈ നടത്തം കണ്ടിട്ട് ചന്ദ്രന്‍ ചോദിച്ചു.
"എന്താ,കൃഷ്ണന്‍കുട്ടീ,ഒന്ന് നില്‍ക്കാത്തത്?"
കൃഷ്ണന്‍കുട്ടി തിരിഞ്ഞു നോക്കി.അവനു ചന്ദ്രനോടു ദയ തോന്നി.പക്ഷെ,ആ ഭയങ്കര വ്യാധി ഓര്‍ത്തപ്പോള്‍ ഭയം മുന്നിട്ടുനിന്നു.അവനു വ്യസനത്താല്‍ മിണ്ടുവാന്‍ കഴിഞ്ഞില്ല.ഒരു മൂകനെപ്പോലെ അവന്‍ മുമ്പോട്ടു നീങ്ങി.
ചന്ദ്രന്‍റെ മുഖം വാടി.അവന്‍റെ ശരീരമൊന്നു വിറച്ചു.കൃഷ്ണന്‍കുട്ടിക്ക് തന്‍റെ രോഗം എന്തെന്നു മനസ്സിലായിരിക്കുന്നുവെന്നുള്ളത് അവനു ബോദ്ധ്യമായി.ജനാലയഴി മുറുക്കിപ്പിടിച്ചുകൊണ്ട് അവന്‍ നിസ്സഹായനെപ്പോലെ നിന്ന്.അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.കൃഷ്ണന്‍കുട്ടി ഇടയ്ക്കിടയ്ക്കു തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.ഒരു നെടുവീര്‍പ്പോടെ അവന്‍ കിടക്കയ്ക്കുമേല്‍ ചെന്നുവീണു.
ചന്ദ്രന്‍റെ രോഗം വര്‍ദ്ധിച്ചുവന്നു.കൈകാല്‍കള്‍ വീര്‍ത്തുപൊട്ടി.കടുത്ത നൈരാശ്യം അവന്‍റെ മുഖത്തു നിഴലിച്ചിരുന്നു.
ഒരു കുളിര്‍കാറ്റ് അവന്‍റെ മുഖത്തു വീശി.അവനു കലശലായ വേദന തോന്നി.തന്‍റെ ചുറ്റുപാടും അനവധി ആളുകള്‍ നിന്നിരുന്നു.ചന്ദ്രന്‍ അവരെ തിരിച്ചറിഞ്ഞില്ല.എന്തോ ഒരു മൂടല്‍ അവന്‍റെ ചുറ്റും വ്യാപിക്കുന്നതായി അവനു തോന്നി.ജനല്‍വാതിലിലൂടെ വന്ന ഒരു കാറ്റ് അവിടെയുണ്ടായിരുന്ന ഒരു വിളക്കു കെടുത്തി.തന്‍റെ ചുറ്റുമുള്ളവര്‍ പിറുപിറുക്കുന്നുണ്ടെന്ന് ചന്ദ്രനു മനസ്സിലായി.
കൃഷ്ണന്‍കുട്ടിയുടെ മുഖം അവന്‍റെ കണ്ണിന്‍റെ മുമ്പില്‍ അവ്യക്തമായി നിഴലാടി.തൊണ്ടയിടറിക്കൊണ്ട് അവന്‍ വിളിച്ചു:"കൃഷ്ണന്‍കുട്ടീ,താനിനി വരില്ലേ?"
അവന്‍റെ കണ്ണുകള്‍ അടഞ്ഞു.ഒരു കാലന്‍കോഴി ശബ്ദിച്ചു.ആ ഭയങ്കരവ്യാധി കാര്‍ന്നുതിന്ന അവന്‍റെ കരിവാളിച്ച കൈകാലുകള്‍ നിലാവെളിച്ചത്തില്‍ ഭയങ്കരമാംവണ്ണം ഒന്നു തിളങ്ങി.
അവന്‍റെ മുഖം വിളര്‍ത്തിരുന്നു.
പതിവുപോലെ അസ്തമനസൂര്യന്‍റെ രശ്മികള്‍ ആ ചുമരിന്‍മേല്‍ തട്ടി ചാഞ്ചാടി.ആ മുറി ശൂന്യമായിരുന്നു.
(മാധവിക്കുടിയുടെ രണ്ടാമത്തെ കഥ.1946 നവംബര്‍ 10-ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )
No comments:
Post a Comment