- ഓ എന്‍ വി കുറുപ്പ്
എനിക്കു ഭാരം! പ്രിയ-
ഭൂമി,നിന്നാകാര്‍ഷണ-
മെനിക്കു ഭാരം! കാന്ത-
ശക്തിയാര്‍ന്ന നിന്‍ കൈകള്‍
നിന്നിലേക്കെന്നെപ്പിടി-
ച്ചടുപ്പിക്കുന്നൂ-മേഘ-
ക്കുമ്പിളില്‍ നിന്നൂര്‍ന്നൊരു
തുള്ളിയാകിലു,മൊരു
കിളിതന്‍ കിളുന്നു പൊന്‍-
തൂവലാകിലും,കരി-
യിലയാകിലും,മഞ്ഞിന്‍-
തരിയാകിലും നിന്‍റെ
മാറിലേക്കതിനെ നീ
സ്വച്ഛന്ദമണയ്ക്കുന്ന
മായയെന്താവാം! മന്ത്ര-
മെന്താവാം!-അതിന്‍ പിന്നില്‍
സ്നേഹമോ?വാത്സല്യമോ?
തനതാക്കുവാനുള്ള
മോഹമോ?വിനോദമോ?
ക്രൌര്യമോ?കാരുണ്യമോ?
നിന്‍ കാന്തവലയത്തില്‍-
നിന്നു ഞാന്‍ നിര്‍മ്മുക്തനാ-
യിന്നലെയൊരു ചിത്ര-
പേടകമേറിച്ചുറ്റി-
പ്പറന്നേ,നൊ'രപ്പൂപ്പന്‍-
താടി'യില്‍ പറ്റിച്ചേര്‍ന്ന
ചെറുവിത്തുപോല്‍!-നീശ്ശൂ-
ന്യതയിലില്ലാ ഭാരം!...
അപ്പോഴും കണ്ടേന്‍ ദൂരെ
സ്നേഹത്താല്‍,കോപത്താലോ,
നിസ്തന്ദ്രശോകത്താലോ,
നിസ്സഹായതയാലോ,
പീതമായ്,ഹരിതമായ്,
ശോണമായാഹാ!ഘന-
ശ്യാമമായ് ശബളാഭ-
മായ്ത്തുടിക്കും നിന്‍മുഖം!
താണുതാണിറങ്ങി ഞാന്‍;
നിന്‍ മൃദൂഷ്മളമാറില്‍
വീണു പാടി ഞാന്‍:"സ്നേഹ-
മെത്രനല്ലൊരു ഭാരം!"
No comments:
Post a Comment