Sunday, June 17, 2012

സ്പന്ദിക്കുന്ന അസ്ഥിമാടം








ചങ്ങമ്പുഴ





അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെന്‍ മുന്നിലെത്തി
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീര്‍പ്പുഴകളൊഴുകി!
അത്തലാലലം വീര്‍പ്പിട്ടു വീര്‍പ്പി-
ട്ടെത്ര കാമുക ഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങള്‍ ഞെട്ടറ്റുപോയി!
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,
കഷ്ട,മിക്കൊച്ചു നീര്‍പ്പോള മാത്രം!
                                                                
ദുഃഖചിന്തേ,മതിമതി,യേവം
ഞെക്കിടായ്ക നീയെന്‍ മൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമല്പം
വിശ്രമിക്കാനെനിക്കുണ്ടു മോഹം
ആകയാ,ലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാല സ്മൃതികളുമായ് ഞാന്‍...!
സുപ്രഭാതമേ,നീയെനിക്കന്നോ- 
രപ്സരസ്സിനെക്കാണിച്ചു തന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമല്‍-
സ്നേഹമൂര്‍ത്തിയെക്കാണിച്ചു തന്നു.
പ്രാണനുംകൂടിക്കോള്‍മയിര്‍ക്കൊള്ളും 
പൂനിലാവിനെക്കാണിച്ചു തന്നു.
മന്നില്‍ ഞാനതിന്‍ സര്‍വ്വസ്വമാമെ-                    ന്നന്നുകണ്ടപ്പോഴാരോര്‍ത്തിരുന്നു!
കര്‍മ്മബന്ധപ്രഭാവമേ,ഹാ,നിന്‍-
നര്‍മ്മലീലകളാരെന്തറിഞ്ഞു!
                                                                                           
മായയില്‍ ജീവകൊടികള്‍ തമ്മി-
ലീയൊളിച്ചുകളികള്‍ക്കിടയില്‍,
ഭിന്നരൂപപ്രകൃതികള്‍ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങള്‍,പോരെങ്കി,ലോരോ
വേലികെട്ടി പ്രതിബന്ധമേകാം
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാന്‍ ദേഹികള്‍,ക്കെന്നാല്‍!
എന്നുകൂടിയിട്ടെങ്കിലും,തമ്മി-
ലൊന്നു ചേര്‍ന്നവ നിര്‍വൃതിക്കൊള്ളും!
മര്‍ത്ത്യനീതി വിലക്കിയാല്‍പ്പോലും
മത്തടിച്ചു കൈകോര്‍ത്തു നിന്നാടും!
അബ്ധി,യപ്പോ,ഴെറുമ്പുചാല്‍ മാത്രം!
ഹാ,വിദൂര ധ്രുവ യുഗം,മുല്ല-
പ്പൂവിതളിന്റെ വക്കുകള്‍ മാത്രം!

മൃത്തു മൃത്തുമായൊത്തൊരുമിച്ചാല്‍
മര്‍ത്ത്യനീതിക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ,മാംസം കളങ്കം
താവിടാഞ്ഞാല്‍ സദാചാരമായി
ഇല്ലതില്‍ക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്ത്വവിചാരം!
കേണുഴന്നോട്ടെ ജീവന്‍ വെയിലില്‍
കാണാം മാംസപിണ്ഡം തണലില്‍...!                                                                                                        
പഞ്ചത ഞാനടഞ്ഞെന്നില്‍ നിന്നെന്‍-
പഞ്ചഭൂതങ്ങള്‍ വേര്‍പെടും നാളില്‍
പൂനിലാവലതല്ലുന്ന രാവില്‍,
പൂവണിക്കുളിര്‍മാമാരക്കാവില്‍,
കൊക്കുരുമ്മി,ക്കിളി മരക്കൊമ്പില്‍,
മുട്ടിയിരിക്കുമ്പൊ,ഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി,വീര്‍പ്പിട്ടു വീര്‍പ്പിട്ടു പാടും.

"താരകകളേ,കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേതകുടീരം?
ഹന്ത,യിന്നതിന്‍ ചിത്തരഹസ്യ-
മെന്തറിഞ്ഞു,ഹാ ദൂരസ്ഥര്‍ നിങ്ങള്‍?
പാല പൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണര്‍ന്നൊഴുകുമ്പോള്‍;
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍,
മന്ദമന്ദം പൊടിപ്പതായ്ക്കേല്‍ക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍!
പാട്ടു നിര്‍ത്തി,ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങള്‍.
അത്തുടിപ്പുകളൊന്നിച്ചു ചേര്‍ന്നി-
ട്ടിത്തരമൊരു പല്ലവിയാകും:
                                                                                       
'മണ്ണടിഞ്ഞു ഞാ,നെങ്കിലുമിന്നും
എന്നണുക്കളി,ലേവ,മോരോന്നും,
ത്വല്‍പ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു,ദേവി...!'                                                               
താദൃശോത്സവമുണ്ടോ,കഥിപ്പിന്‍
താരകകളേ,നിങ്ങള്‍തന്‍ നാട്ടില്‍?


(19/10/1944 - ല്‍ എഴുതിയ കവിതയാണിത്.) 

2 comments:

ajith said...

താങ്ക്സ്

mumodas said...

സുഹൃത്തേ! നല്ലോരു സംരംഭമാണിത്.അഭിനന്ദനങ്ങൾ!
കെട്ടും മട്ടും ആകർഷകം. ആദ്യം കൊടുത്ത പടം റിഫ്ളക്ഷൻ വന്നതിനാൽ അവ്യക്തമായിപ്പോയി. നല്ലതു കിട്ടുമെങ്കിൽ ചേർക്കുക.
കവിത Bold ആക്കാതിരിക്കുന്നതാവും നല്ലത്. പരീക്ഷിച്ചു നോക്കൂ.
കവിതകളെക്കുറിച്ച് വായനക്കാരുടെ ചർച്ചകൂടി ആയാൽ ഗംഭീരമാകും. വിശദമായ വായനയ്ക്ക വീണ്ടും വരാം. ആശംസകൾ!