Friday, November 1, 2013

ജയജയ കേരള വസുധേ മഹിതേ!







                    - എന്‍ ഗോപാലപിള്ള

മുത്തും വൈരവുമൊത്തു കലര്‍ത്തി-
ക്കോര്‍ത്തൊരു ഹാരപരമ്പര തിരളും
തിരുമുല്‍ക്കാഴ്ചകള്‍ വീണ്ടും വീണ്ടും
തൃക്കാല്‍ക്കല്‍ത്തിരമാലക്കൈയ്യാല്‍
വാരിക്കൂട്ടിക്കുമ്പിട്ടീടു-
ന്നാരെപ്പശ്ചിമ പാരാവാരം
അമ്മഹിമോജ്ജ്വലയാമെന്നമ്മേ!
ജയജയ കേരള വസുധേ മഹിതേ!

അണുവായണുവില്‍ മഹത്തില്‍ മഹത്തായ്
തവതൃപ്പാദം തഴുകും മണലിന്‍
തരിയുടെകരളിലൊതുങ്ങീടുന്നൊരു
ഭുവനാവനസംഹാരക്ഷമമാം
തേജസ്സറിവോര്‍ തേടുന്നമ്മേ!
ജയജയ കേരള വസുധേ മഹിതേ!

മദകരിമസ്തകമുരയുന്നേരം
ചോരും സൗരഭപൂരം ചേരും
ചന്ദനവനസംഹതിയാല്‍ മരതക-
രഞ്ജിത മൌലിയെഴും മലയത്താല്‍
സന്തതസംരക്ഷിതയാമമ്മേ!
ജയജയ കേരള വസുധേ മഹിതേ!

അമൃതുനിറഞ്ഞുതുളുമ്പും കാഞ്ചന-
കലശം പേറും കേരാവലിയും
നവമാണിക്യം മരതകമെന്നിവ
കോര്‍ത്തുടനീളം ചാര്‍ത്തിയ മുളകിന്‍-
കൊടികളെഴും ദ്രുമതതിയും പവിഴ-
ത്തൊങ്ങല്‍ തിളങ്ങും കമുകിന്‍ നിരയും
താവകഭൂതി വളര്‍ത്തുന്നമ്മേ!
ജയജയ കേരള വസുധേ മഹിതേ!

ഒരു നാളും വരളാതൊരു പുഴകളി-
ലൊഴുകും തെളിനീര്‍ തെളുതെളെ നിറയും
സരസികള്‍ നിന്‍കവിഹൃത്തുകളെപ്പോല്‍
നിഴലിപ്പിക്കുന്നുലകും വാനും 
പ്രകൃതിയുമെങ്ങിങ്ങല്ലാതമ്മേ?
ജയജയ കേരള വസുധേ മഹിതേ!

മധുരിക്കുന്നൊരു വാക്കും നോക്കും
നടയും വടിവും കരളുമിയന്നോര്‍
മഹിളാത്വത്തിനു ജായാത്വത്തിനു
മാതൃത്വത്തിനു മാതൃകയായോര്‍
പുത്രികള്‍ തവ ശുഭധാത്രികളമ്മേ!
ജയജയ കേരള വസുധേ മഹിതേ!

എതിരിടുവോര്‍ക്കു ഭയങ്കരരായൊ-
ത്തൊരുമിപ്പോര്‍ക്കഭയങ്കരരായോര്‍
ബുദ്ധിയില്‍ വിദ്യയില്‍ വീര്യവിഭൂതിയി-
ലൌദാര്യത്തിലുമഗ്രിമരായോര്‍
തവ സുതരവരൊടു സമരാരമ്മേ!
ജയജയ കേരള വസുധേ മഹിതേ!

ശങ്കരഭഗവത്പാദര്‍ തുടങ്ങി
ശ്രീനാരായണ ഗുരുവരെയുള്ളൊരു
യതിവരര്‍,നിന്‍ കിളിതന്‍കളമൊഴിയിലു-
മദ്വൈതാമൃതധാര പൊഴിച്ചോര്‍,
കൂത്തില്‍,കഥകളിയില്‍,ഫലിതോക്തികള്‍
തള്ളിത്തുള്ളും തുള്ളപ്പാട്ടില്‍,
കലകള്‍ക്കായ് ശ്രീകോവില്‍ കിളര്‍ത്തിയ
സുകൃതികള്‍ മണ്ണിനെ വിണ്ണാക്കിടുവോര്‍
നിന്‍ പാലമൃതു നുകര്‍ന്നോരമ്മേ!
ജയജയ കേരള വസുധേ മഹിതേ!

മലയഹിമാലയ ഗിരിവരരാലും
പൂര്‍വ്വാപരവര ജലധികളാലും
പരിതോവൃതമാം ഭാരതഭൂവിന്‍
പെരുമയുമൊരുമയുമൊത്തു പുലര്‍ത്തി
സുതരാം സുതഹിതരതയായമ്മേ!
ജയജയ കേരള വസുധേ മഹിതേ!


         

No comments: