കുരുക്ഷേത്രയുദ്ധത്തിൽ അർജുനന് യുദ്ധം ചെയ്യേണ്ട ദിവസം പുലർന്നു. കൃഷ്ണൻ തേരോടിച്ച്, പാർത്ഥൻ പടക്കളത്തിലെത്തി. തൻറെ പിതൃക്കളും ബന്ധുക്കളുമടങ്ങുന്ന കൌരവസേന എതിരേ നിരന്നു. അവരെ നോക്കി അമ്പും വില്ലും നിലത്തിട്ട് തൻറെ സ്യാലനായ കൃഷ്ണനോട് സുഭദ്രയുടെ ഭർത്താവ് പറഞ്ഞു:
''എനിക്ക് വയ്യ, സാലാ. എൻറെ ബന്ധുമിത്രാദികളേയും പിതൃക്കളേയും കൊല്ലാൻ വേറെ ആളെ നോക്ക്.''
"എടാ ശവീ..." - എന്നു പറഞ്ഞ് കൃഷ്ണൻ വിജയന് ഗീതാ ക്ളാസെടുത്തു.
'കാര്യമായ വല്ല ലളിതാസഹസ്രനാമവും ജപിക്കുകയാവാം... എന്നാൽ അത് കഴിയട്ടെ' എന്ന് കരുതി കൌരവസേന കാത്തുനിന്നു.
ഗീതാഗോവിന്ദം കഴിഞ്ഞ് ഇരുകക്ഷികളും യുദ്ധം തുടങ്ങി. കൗരവന്മാർ തോറ്റു. തങ്ങൾ പാണ്ഡവർക്ക് കീഴടങ്ങിയതായി ജനീവ കരാറിൽ ഒപ്പുവച്ചു.
ഒരുവർഷം കഴിഞ്ഞ് കൌരവൻറെ പട്ടാളത്തിൽ അവശേഷിച്ച ഒരു കുരു, യദൃച്ഛയാ കൃഷ്ണനെ കണ്ടപ്പോൾ ചോദിച്ചു :
"അർജ്ജുനൻ അരങ്ങു തകർത്ത ദിവസം താങ്കൾ എന്തു സ്വകാര്യ മാണ് അയാളോട് പറഞ്ഞത്?"
കൃഷ്ണൻ പറഞ്ഞു :
"എഴുന്നൂറ് ശ്ളോകം വരുന്ന ഭഗവദ്ഗീത എന്ന ഖണ്ഡകാവ്യം നിർമ്മിച്ച് അളിയനെ കേൾപ്പിക്കയായിരുന്നു."
ധർമ്മം ജയിച്ചെന്ന് പെൻഷൻ പറ്റിയ കുരു ഭടൻ പറഞ്ഞു.
ധർമ്മത്തെക്കുറിച്ചാണ് മൂന്നുമണി നേരം താൻ അളിയൻറെ ചെവിയിലോതിയതെന്ന് കൃഷ്ണനും പറഞ്ഞു.
അതല്ല താൻ ഉദ്ദേശിച്ചത് എന്നായി കുരു.
"പിന്നെ?"
"മൂന്നുമണി നേരത്തെ ദ്രുതകവിതാരചനക്കിടയ്ക്ക് പാണ്ഡവരെ ഞങ്ങൾക്ക് തോൽപ്പിക്കാമായിരുന്നു."
കൃഷ്ണൻ ചോദിച്ചു :
"പിന്നെന്തേ ചെയ്യാഞ്ഞൂ?"
കുരു പറഞ്ഞു :
"ധർമ്മയുദ്ധമായിരുന്നില്യോ?!"
No comments:
Post a Comment