- യൂസഫലി കേച്ചേരി
കല്ലായി കാണിക്ക വെച്ച കല്‍ഹാരമേ,
ഭാവഗാനങ്ങളെ നര്‍ത്തനം ചെയ്യിച്ച
ബാബുരാജ്, അങ്ങയ്ക്കൊരായിരം കൂപ്പുകൈ -
മൊട്ടുമായെത്തും നിശീഥങ്ങളിപ്പോഴും
തൊട്ടുണര്‍ത്തീടുമെന്‍ കാവ്യാങ്കുരങ്ങളില്‍
മുറ്റിത്തെഴുക്കും മധുകണമത്രയും
മുത്തിക്കുടിക്കാനണയും സ്മൃതിയിലെന്‍
പാട്ടുകാരാ, ചാരെയെത്തി ഹാര്‍മോണിയം
മീട്ടിയിരിക്കുന്നു നീ സുമിതാര്‍ദ്രനായ്.
പഞ്ചമം പാടും കുയിലും മധുരമായ്
കൊഞ്ചുന്ന പൈതലും കാട്ടുപൂഞ്ചോലയും
നെറ്റിവേര്‍പ്പൊപ്പുവാനെത്തുന്ന തെന്നലും
നെഞ്ചില്‍ മുറിവേറ്റ പാഴ്മുളം കൂട്ടവു-
മല്ലാതെ പോകിലും വിശ്വപ്രകൃതി ത-
ന്നുത്തമ ശിഷ്യനായ് പാഴ്ത്തിരിയില്‍ നിന്ന്
കത്തിച്ച പന്തം കണക്കേ ജ്വലിച്ചു നീ.
നിന്‍റെ സിരാരക്തധാരയില്‍ പൈതൃക-
ത്തിന്‍റെയമൃതം വിലയിച്ചിരിക്കണം;
എങ്കിലും നിന്നുടെ ശൈശവ കൌമാര
സങ്കടങ്ങള്‍ നെയ്ത തിക്താനുഭൂതിയാല്‍
ആസ്വാദകര്‍ക്ക് മധു വിളമ്പാന്‍ നിന്‍റെ
ആത്മാവിന്‍ തന്ത്രിയുലച്ചതാകാം വിധി.
താവും വിശപ്പില്‍ വയറൊന്നമര്‍ത്തുവാന്‍
താനേ ചലിച്ച നിന്‍ താന്തമാം കയ്യുകള്‍
സഞ്ജനിപ്പിച്ച രടിതങ്ങള്‍, പിന്നെ നിന്‍
സംഗീതയജ്ഞത്തിന്‍ താളമായെന്നുമാം
കണ്ണുനീര് കലര്‍ത്തി സ്വയം നിന്‍റെ
കമ്രരാഗങ്ങളെ സ്വാദിഷ്ടമാക്കി നീ
ഓര്‍മ്മയിലിന്നുമൊളി മങ്ങിടാതിരു-
കര്‍മ്മുകമായിത്തിളങ്ങുമെന്‍ മിത്രമേ
എന്‍റെയും നിന്‍റെയും കാവ്യസംഗീതൈക്യ-
ത്തിന്‍റെ പയസ്വനി നിത്യം നനയ്ക്കുന്ന
മാമകഹൃത്തില്‍ മലരിട്ട വാങ്മയ
മാലതീമാലിക ചാര്‍ത്താം ഭവാന്നു ഞാന്‍.
കല്ലായ ചിത്തവും രാഗിലമാക്കുവാന്‍
കല്ലായിയില്‍ നിന്നണഞ്ഞ പൊന്‍ഹംസമേ,
ഭാവുകമാനസം കോരിത്തരിപ്പിച്ച
ബാബുരാജ്, അങ്ങയ്ക്കൊരായിരം കൂപ്പുകൈ.
(ജമാല്‍ കൊച്ചങ്ങാടിയുടെ പ്രയത്നഫലമായി പുറത്തിറങ്ങിയ, 'ബാബുരാജ്' എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു കവിതയാണിത്.)
No comments:
Post a Comment