Saturday, August 22, 2020

ജെ പി

- ജി കുമാരപിള്ള


ഇന്നലെ വൈകുന്നേരം
   പൌരദുഃഖത്തില്‍ ചേര്‍ന്നു
വിങ്ങിയ മിഴിയോടെ
   മൌനയാത്രയായ് പോകേ
അങ്ങുചെന്നവസാനം
   പൌരമുഖ്യരോടൊപ്പം
തിങ്ങിയ ജനത്തോടു
   രണ്ടു വാക്കുരചെയ്കേ
മങ്ങിയോ ജനക്കൂട്ടം?
   കണ്ടതു വേറേ ദൃശ്യം;
മുങ്ങിയോ പ്രഭാഷകര്‍?
   കേട്ടതു വേറേ ശബ്ദം.

ഒരു നാളെര്‍ണാകുളം
   നിന്‍ വരവാഘോഷിക്കേ
ഇടവേളയിലാരോ
   നിന്‍ മുന്നിലെന്നെ നിര്‍ത്തി,
ജോലിയെങ്ങിപ്പോഴെന്നു
   കുശലം ചോദിച്ചു നീ;
ഓതി ഞാന്‍ : 'തലശ്ശേരി' ;
   പിന്നെയോ മൌനം സര്‍വ്വം

എന്തു ദുര്‍ബലം ശബ്ദം!
   എത്ര ശുഷ്ക്കമാം ഗാത്രം!
എങ്കിലുമോര്‍ക്കുന്തോറു-
   മോര്‍മയിലെന്താണെന്നോ?
ചക്രവാളങ്ങള്‍ പുല്‍കും
   വന്മരുമദ്ധ്യേ വ്യോമം
മുട്ടിടും സ്തംഭത്തിന്‍റെ
   ധര്‍മചക്രമാം ശീര്‍ഷം;
വിജനദ്വീപില്‍ ദീര്‍ഘ-
   ദീര്‍ഘമാമേകാന്തത്തില്‍
അമൃതം വര്‍ഷിച്ചെത്തു-
   മാര്‍ദ്രമാം പ്രിയസ്വരം;
ഇരുളിന്‍ കയങ്ങളി-
   ലായിരം സൂര്യോദയം;
ഉറയും പ്രളയത്തി-
   ലോങ്കാരമന്ത്രദ്ധ്വാനം.

പിന്നെയോ ഗംഗാദത്തം
   പാടലീപുത്രപ്രാന്തം;
നിന്മുഖം സമാധിസ്ഥം;
   ശരശയ്യയോ ശൂന്യം.........
  
[1979 ഒക്ടോബര്‍ 8ന് ഹൃദയസ്തംഭനത്താലാണ് ലോക്നായക് ജയപ്രകാശ് നാരായണ്‍ എന്ന ജെ പി അന്തരിച്ചത്. അതിനെത്തുടര്‍ന്നാണ്, തൊട്ടടുത്ത ദിവസം, അതായത് 1979 ഒക്ടോബര്‍ 9ന് ജി കുമാരപിള്ള ഈ കവിത രചിച്ചത്.]                

(പൂര്‍ണ്ണോദയ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ശതാബ്ദങ്ങളുടെ ശബ്ദം എന്ന കവിതാസമാഹാരത്തില്‍ നിന്നും എടുത്തത്.)

No comments: