Saturday, June 26, 2021

മുത്തശ്ശിമുത്ത്







കാവാലം നാരായണപ്പണിക്കര്‍


മുത്തശ്ശിപ്പേച്ചിതു മുത്തായ്‌ മനസ്സിലും

മുറിയാതെ കാതിലും കിലുകിലുങ്ങീ.

"കാര്യം തിരിഞ്ഞതു സിദ്ധാന്തം

തിരിയാത്തതെല്ലാം വേദാന്തം."


നിനക്കു തിരിഞ്ഞെന്നു സംതൃപ്തിയരുളുന്ന

സിദ്ധാന്തമേതുണ്ട്?

നിനക്കു തിരിയാത്തതെന്നസുഖം കൂറാന്‍

വേദാന്തമേതുണ്ട്?

തിരിഞ്ഞതിനോടു നിനക്കു പുച്ഛം

തിരിയാത്തതിനോടു വിശ്വാസം.


നീ നിന്‍റെയുള്ളില്‍ താലോലമാട്ടും

നിനവെല്ലാമുണരാത്ത കനവാണോ?

നിന്നെക്കാള്‍ വലിയവനാരോ കിനാക്കാണു-

മമ്മൂമ്മക്കഥയോ ജീവിതം?


ഉറക്കത്തിലാരോ കാണും കിനാവിലെ

ഉറപ്പില്ലാ വേഷമോ നീ?

നിനവാകാക്കനവാകാ-

ക്കായാകാക്കനിയാകാ-

ത്താകാശപ്പൂവോ നീ?

ചിറകിടാന്‍ കഴിയാതെ

പുഴുവായിയിഴയുന്ന

മണ്ണിന്‍റെ വേദാന്തമേ?

വിണ്ണിനെയെത്തിപ്പിടിക്കുവാനല്ലെങ്കില്‍

കണ്ണുകൊണ്ടെന്തു ഫലം?

കണ്ണെന്നാല്‍ക്കണ്ണല്ലാ, മുക്കാലദൃഷ്ടിക-

ളൂന്നും നരന്‍റെയകവെളിച്ചം.


ശുദ്ധമാം ശൂന്യതതന്നില്‍ നിന്നെങ്ങനെ

സിദ്ധാന്തം നെയ്തെടുക്കും?

വേദമറിയാതെ വേദാന്തമറിയുമോ?

പൊരുളറിയാതെയകപ്പൊരുളറിയുമോ?

ഉരയറിയാതെയുള്ളുരയറിയുമോ?

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍......


മണ്ണില്‍ മയങ്ങുന്ന മുത്തശ്ശിയോടു ഞാന്‍

മണ്ണില്‍ച്ചെവിയോര്‍ത്തു ചോദിച്ചു:

"സിദ്ധാന്തമെന്താണു മുത്തശ്ശീ?"

"തിരിഞ്ഞതിനോടുള്ള ബഹുമാനം."

"വേദാന്തമെന്താണു മുത്തശ്ശീ?"

"തിരിയാത്തതിനോടു ജിജ്ഞാസ."


(നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച കാവാലം കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്നുമാണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്.  1987 ജനുവരി 20ന് ശ്രീ. കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഈ കവിത, അദ്ദേഹത്തിന്‍റെ മകനും സംഗീതജ്ഞനും എന്‍റെ ഇഷ്ടകലാകാരന്മാരില്‍ ഒരാളുമായ ശ്രീ. കാവാലം ശ്രീകുമാര്‍ ആലപിക്കുന്നത് ഇവിടെ കാണാം.)

VIDEO Ⓒ KAVALAM SRIKUMAR

No comments: