Sunday, September 7, 2025

നോമ്പിന്‍റെ ഓര്‍മ്മയില്‍ കുഞ്ഞിപ്പുവിന്‍റെ വിജയഗാഥ


 

 

 

 

 

 

 

- മമ്മൂട്ടി

 

      ഷൂട്ടിങ്ങിനുവേണ്ടിയാണ് ആ ഫാക്ടറിയില്‍ ഞാനെത്തിയത്. ഷെഡ്ഡില്‍ 2 വിദേശ കാറുകള്‍ നിര്‍ത്തിയിരിക്കുന്നത് കണ്ടു. മനസ്സില്‍ ചെറിയ കുശുമ്പും കുന്നായ്മയും അപ്പോഴേക്കും തല പൊക്കിയിരുന്നു. 'ആരെടാ രണ്ട് ഫോറിന്‍ കാറും കൊണ്ട് നടക്കുന്നവന്‍!' - എന്ന് മനസ്സില്‍ തോന്നി.

    ഞാന്‍ ചെന്ന് ഇറങ്ങുമ്പോഴേക്കും പ്രൊഡക്ഷന്‍സിലെ ആളുകളും ഫാക്ടറി ഉദ്യോഗസ്ഥര്‍ വന്നു പറഞ്ഞു:
"എം ഡി-യുടെ മുറിയിലിരിക്കാം."

"വേണ്ട. എനിക്ക് ഇവിടെ എവിടെയെങ്കിലുമൊരു സ്ഥലം മതി."

"എം ഡി കാണണം എന്ന് പറഞ്ഞു."

അതൃപ്തി മറച്ചുപിടിച്ചു പറഞ്ഞു: "കാണാലോ."

     

    അയാള്‍ക്ക് കാശുണ്ടെങ്കില്‍ അത് കയ്യിലിരിക്കട്ടെ എന്നായിരുന്നു മനസ്സില്‍. ചെറിയ കാര്യങ്ങള്‍ക്കുപോലും അസൂയ വരുന്ന കാലമാണത്. എത്ര വലിയ ഫാക്ടറിയുടമ ആണെങ്കിലും അങ്ങോട്ടു വിളിപ്പിക്കാതെ ഇറങ്ങി വന്നാലെന്താണ് എന്നും മനസ്സില്‍ തോന്നി. വന്നിരിക്കുന്നത് എത്രയോ ആരാധകരുള്ള മമ്മൂട്ടിയല്ലേ?!

     

    കുറച്ചുകഴിഞ്ഞപ്പോള്‍ മുതലാളി ഇറങ്ങിവന്നു. ഖദറിട്ട തൂവെള്ള മുണ്ടുടുത്തൊരു തടിയന്‍.

"എന്താടോ തനിക്ക് എന്‍റെ മുറിയിലേക്ക് വരാന്‍ വയ്യേ?"

കേട്ട ഉടനെ ദേഷ്യം വന്നു. 'ഇവനാരാണ് എന്നെ എന്നെ എടോ പോടോ എന്നൊക്കെ വിളിക്കാന്‍?'

"മടിക്കാതെ ഇങ്ങോട്ട് വാടോ. താന്‍ സിനിമാ നടനായതൊക്കെ ശരി തന്നെ."

"പിന്നെ വരാം." - കനപ്പിച്ച് മറുപടി പറഞ്ഞു.

"ഇങ്ങനെ ഗൌരവം കാണിക്കാതെ. തനിക്കെന്നെ മനസ്സിലായില്ലേ?" - ആ ചോദ്യത്തിലൊരു തന്‍റെടവും അടുപ്പവും ഉണ്ടായിരുന്നു.

"ഞാന്‍ പണ്ടത്തെ കുഞ്ഞിപ്പുവാണെടോ."

     

    ഫ്ലാഷ്ബാക്ക് പോലെ മനസ്സിലൂടെ 25 കൊല്ലം കടന്നുപോയി.

    എന്‍റെയൊരു ബന്ധുവിന്‍റെ വീടിന്‍റെ വരാന്തയില്‍ നോമ്പു കാലത്ത് കഞ്ഞികുടിക്കാന്‍ പാത്രവുമായി കാത്തുനിന്നിരുന്ന കുട്ടിയുടെ മുഖം തെളിഞ്ഞുനിന്നു. നോമ്പുകാലത്ത് ഞാന്‍ ആ ബന്ധുവീട്ടില്‍ പലപ്പോഴും പോകുമായിരുന്നു. പള്ളിയില്‍ വച്ചാണ് ആ പയ്യനെ ഞാന്‍ ആദ്യം കാണുന്നത്. എല്ലാ നമസ്ക്കാര സമയത്തും അവന്‍ പള്ളിയിലുണ്ടാകും. എന്നോട് ഭവ്യതയോടെയാണ് ആ കുട്ടി എന്നും സംസാരിച്ചിട്ടുള്ളത്; ഞാനാണെങ്കില്‍ വലിയ വീട്ടിലെ ബന്ധു എന്ന ഗമയോടെയും. അന്ന് പത്ത് വയസ്സേ പ്രായം കാണൂ. വീടിന്‍റെ വരാന്തയില്‍ കഞ്ഞിക്കുവേണ്ടി പാത്രവുമായി അവന്‍ കാത്തുനില്‍ക്കുമ്പോള്‍ ഞാന്‍ ഗമയില്‍ വീട്ടിലേക്ക് കയറിപ്പോകും. അതേ പയ്യനിതാ മുന്നില്‍, അപ്രതീക്ഷിത രൂപത്തില്‍ നില്‍ക്കുന്നു.

    അയാള്‍ പിന്നീട് കഷ്ടപ്പാടിന്‍റെയും വളര്‍ച്ചയുടെയും ഈശ്വര കാരുണ്യത്തിന്‍റെയും കഥ പറഞ്ഞു. ഇപ്പോള്‍ ഇതുപോലെ അഞ്ച് ഫാക്ടറികളുണ്ട്. അനുജന്മാരാണ് പലതും നടത്തുന്നത്. പെങ്ങന്മാരെയെല്ലാം വലിയ വീടുകളിലേക്ക് കെട്ടിച്ചുകൊടുത്തു. സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധം അദ്ദേഹം സാമ്രാജ്യം വലുതാക്കിയിരുന്നു. ലോകം മുഴുവന്‍ പലതവണ സഞ്ചരിച്ചു. പക്ഷെ, ഒരേയൊരു കുഴപ്പം. ഷുഗര്‍, പ്രഷര്‍, അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ വയ്യ. ഡോക്ടര്‍ പറയുന്ന പച്ചക്കറിയും ഒരുപിടി ചോറുമായി കഴിയുന്നു. പണ്ട് കഞ്ഞിക്കുവേണ്ടി കാത്തുനിന്നിരുന്ന കുട്ടി ഏത് ഭക്ഷണവും കിട്ടാവുന്ന അവസ്ഥയിലും പട്ടിണി കിടക്കുന്നുവെന്നര്‍ത്ഥം.

    പഴയ കഞ്ഞിക്കാരന്‍ പയ്യന്‍ എന്‍റെ മുന്നില്‍ മഹാസൗധം പോലെ വളര്‍ന്നത് പെട്ടെന്നാണ്. ഓരോ പ്രതിബന്ധങ്ങളെയും സ്വന്തം മനക്കരുത്തുകൊണ്ട് മറികടന്ന അയാള്‍ സത്യത്തില്‍ ജീവിതത്തോട് പ്രതികാരം ചെയ്യുകയായിരുന്നു. കഷ്ടപ്പാടും ദുരിതവും സമ്മാനിച്ച ജീവിതത്തോട് വളര്‍ച്ച കൊണ്ട് ചെയ്യുന്ന പ്രതികാരം. അയാളുടെ ലക്ഷ്യങ്ങള്‍ ഒരിക്കലും പ്രതിമാസ ശമ്പളത്തിലോ നല്ല വീടിലോ ഒതുങ്ങുന്നതായിരുന്നില്ല. ഓരോന്ന് നേടുമ്പോഴും ലക്ഷ്യങ്ങളെ കുഞ്ഞിപ്പു കൂടുതല്‍ ഉയരങ്ങളിലേക്ക് കയറ്റിവിട്ടു. പിന്നീട് അവയ്ക്കു പിറകേ പോയി അവയെ കയ്യടക്കി. ഓരോ പര്‍വ്വതശിഖരം കീഴടക്കുമ്പോഴും അതിലും വലിയൊരു ശിഖരം കീഴടക്കാന്‍ ബാക്കി തരണേ എന്ന് പ്രാര്‍ത്ഥിക്കുന്ന പര്‍വ്വതാരോഹകന്‍റെ മനസ്സാണ് കുഞ്ഞിപ്പുവിനെന്ന് അന്ന് എനിക്ക് തോന്നി.

    എം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ ഇത്തരം കഥാപാത്രങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഭക്തിയാണ് അയാളോട് തോന്നിയത്. അയാളുടെ ആദ്യകാല അനുഭവങ്ങള്‍ കേട്ടപ്പോള്‍ തോന്നി, വേറെയാരെങ്കിലും ആയിരുന്നെങ്കില്‍ തകര്‍ന്നുതരിപ്പണമാകുമായിരുന്നെന്ന്. പട്ടിണി കിടക്കുമ്പോഴും കുഞ്ഞിപ്പു സ്വപ്‌നങ്ങള്‍ കണ്ടു. അവയിലേക്കുള്ള വഴിയന്വേഷിച്ചു.

    ഇന്നത്തെ കുട്ടികള്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍പ്പോലും ചിന്തിക്കുന്നത് ആത്മഹത്യയെക്കുറിച്ചാണ്. അവരുടെ മുന്നില്‍ ജീവിതത്തോടുള്ള പോരാട്ടമെന്ന അജണ്ടയേയില്ല. എഞ്ചിനീയറിങ്ങിനും മെഡിസിനും പഠിക്കുന്ന, നല്ല ബുദ്ധിയുണ്ട് എന്ന് നാം കരുതുന്ന, കുട്ടികള്‍ പോലും പോകുന്നത് കീഴടങ്ങലിന്‍റെ വഴിയേയാണ്.

    വഴക്ക് പറഞ്ഞതിന്‍റെ പേരില്‍ മരണത്തിലേക്ക് പോയ കുട്ടികളുടെ പടം പത്രത്തില്‍ കാണുമ്പോള്‍, 'ഈ കുഞ്ഞുങ്ങള്‍ക്ക് എന്തുപറ്റി?' എന്ന് തോന്നിയിട്ടുണ്ട്. ഊതിക്കെടുത്തുന്നത് എത്രയോ പേരുടെ സ്വപ്നങ്ങളിലേക്കുള്ള വെളിച്ചത്തിന്‍റെ തിരിയാണെന്ന് കടന്നുപോകുന്നവരറിയുന്നില്ല. തകര്‍ക്കുന്നത് പലരുടെയും നെഞ്ചാണെന്നും അവരറിയുന്നില്ല.

    മറ്റൊരു കൂട്ടര്‍ രക്ഷിതാക്കളോടും വ്യവസ്ഥിതിയോടുമുള്ള പ്രതികാരം തീര്‍ക്കുന്നത് മയക്കുമരുന്ന് ഉപയോഗിച്ചും സ്വയം ക്രിമിനലുകളായുമാണ്. മയക്കുമരുന്നില്‍ നിന്ന് മോചനം നേടിവന്നൊരു കുട്ടിയുടെ മുഖം ഞാനോര്‍ക്കാറുണ്ട്. തകര്‍ന്നു തരിപ്പണമായി എല്ലാം നഷ്ടപ്പെട്ടൊരു മുഖം. കുഞ്ഞിപ്പുവിന്‍റെ നെഞ്ചിലുണ്ടായിരുന്ന ചൂടിന്‍റെ ചെറിയൊരംശം ഉണ്ടായിരുന്നെങ്കില്‍ ആ കുട്ടി ലഹരിയുടെ തളര്‍ച്ചയിലേക്ക് പോകില്ലായിരുന്നു.

    എന്‍റെ പഴയ നാട്ടുകാരന്‍ കാണിച്ചുതന്നത് പ്രതികാരത്തിന്‍റെ മറ്റൊരു മുഖമാണ്. പലപ്പോഴും നമുക്ക് അപരിചിതമായ മുഖം. തിരമാലപോലെ വന്ന കഷ്ടപ്പാടുകളെ അതിലേക്കിറങ്ങി നീന്തിനീന്തി അയാള്‍ പരാജയപ്പെടുത്തിയിരിക്കുന്നു. 

    പ്രതിസന്ധികള്‍ക്ക് മുന്നില്‍ മെഴുകുതിരി നാളം പോലെ ആടുന്ന കുട്ടികള്‍ ഓര്‍ക്കേണ്ടത് അവരുടെ രക്ഷിതാക്കളുടെ മുഖമാണ്. അല്ലാതെ പരാജയത്തിന്‍റെ മുഖമല്ല.


കവി പാടിയത് മന്ത്രംപോലെ നമുക്ക് മനസ്സില്‍ സൂക്ഷിക്കാം:

        ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും
        ജീവിച്ചു ജീവിതത്തോടു ഞാന്‍ വാങ്ങിടും.   

 

(ഏറെ പ്രിയപ്പെട്ട ശ്രീ. മമ്മൂട്ടി എഴുതിയ, അദ്ദേഹത്തിന്‍റെ ഏതാനും ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ കാഴ്ചപ്പാട് എന്ന പുസ്തകത്തില്‍നിന്നുമെടുത്താണ് ഈ രചന ഇവിടെ ചേര്‍ത്തിരിക്കുന്നത്. 2002 നവംബര്‍ 15നാണ് അദ്ദേഹം ഇത് എഴുതിയത്. കറന്‍റ് ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)

No comments: