എന്തിനെന്നെ വിളിച്ചു നീ വീണ്ടു-
മെന്‍റെ സ്വപ്നസുഗന്ധമേ...
ഈ വസന്ത ഹൃദന്തവേദിയില്‍
ഞാനുറങ്ങിക്കിടക്കവേ,
ഈണമാകെയും ചോര്‍ന്നുപോയൊരെന്‍
വേണുവും വീണുറങ്ങവേ,
രാഗവേദന വിങ്ങുമെന്‍ കൊച്ചു
പ്രാണതന്തു പിടയവേ,
ഏഴു മാമല,യേഴു സാഗര-
സീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ,
പാതി നിദ്രയില്‍, പാതിരാക്കിളി
പാടിയ പാട്ടിലൂടവേ,
എന്തിനെന്നെ വിളിച്ചു നീ വീണ്ടു-
മെന്‍റെ സ്വപ്നസുഗന്ധമേ!
ആര്‍ദ്രമാകും രതിസ്വരം നല്‍കും
ആദ്യരോമാഞ്ചകുഡ്മളം
ആളിയാളിപ്പടര്‍ന്നു ജീവനില്‍
ആ നവപ്രഭാകന്ദളം
ആ വിളി കേട്ടുണര്‍ന്നുപോയി ഞാന്‍
ആകെയെന്നെ മറന്നു ഞാന്‍
അദ്ഭുതാഭക,ളങ്കുരിച്ചിടു-
മംബരമുഖവാതിലില്‍,
വന്നു 'താഴെ വരട്ടെ, ഞാ'നെന്നു
കൊഞ്ചി നില്‍ക്കുന്ന താരകേ!
ഒന്നുമൊന്നുമറിയുകില്ലെനി-
ക്കെന്നറിയും സമര്‍ത്ഥ നീ!
ആ മിഴികളിലൂറുമവ്യക്ത
ഭാവരാജിയിലൂടവേ,
പുഷ്പകന്യകള്‍ തന്‍മിഴികളില്‍
പൂത്തവര്‍ണ്ണത്തിലൂടവേ,
എന്തിനെന്നെപ്പുണര്‍ന്നു നീ വീണ്ടു-
മെന്‍റെ സ്വപ്നകിരണമേ?
ഹാ, പുളകമണിഞ്ഞുപോയി ഞാന്‍;
ഹാ, മറന്നുപോയെന്നെ ഞാന്‍...
ഈണമല്‍പവുമില്ലിനിയെന്‍റെ
വേണുനാളത്തിലെങ്കിലും
വിശ്വസിക്കുന്നു നിന്നെ ഞാ,നെന്നെ
നിസ്വനാക്കിയ സ്വപ്നമേ!
(DC BOOKS പുറത്തിറക്കിയ, ശ്രീ.ശ്രീകുമാരന്‍ തമ്പിയുടെ 'തിരഞ്ഞെടുത്ത കവിതകള്‍' എന്ന കൃതിയില്‍ നിന്നുമെടുത്താണ് ഈ കവിത ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഈ കവിതയുടെ പകുതിയിലേറെ ഭാഗം, 1976ല്‍ ഐ വി ശശി സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തില്‍, കണ്ണൂര്‍ രാജന്‍ ഈണമിട്ട ഒരു ഗാനമായി മാറി.)
