Sunday, January 3, 2010

സൂര്യനോടൊപ്പം നടന്ന പെണ്‍കുട്ടി

- പി വത്സല
 
അനേകം വര്‍ഷങ്ങള്‍ക്ക്‌മുന്‍പ്- പട്ടണം എന്‍റെ ഗ്രാമത്തെ വിഴുങ്ങാനെത്തിയിട്ടില്ലാത്തകാലത്ത്-
ഒരു വലിയ കുന്നിന്‍റെ നെഞ്ചത്ത് ഓടിട്ട ഒരു വലിയ മാളിക വീടുണ്ടായിരുന്നു. നിറയെ മുറികള്‍,അതിലെല്ലാം മനുഷ്യര്‍. ആണും പെണ്ണും പ്രായമായവരും കുട്ടികളും ഒരു മുത്തശ്ശിയും അപ്പുറത്തെ മലമുടി കയറിവരുന്ന സൂര്യനും കൂടി അവിടം ഭരിച്ചു.
മുത്തശ്ശിയുടെ കൈപിടിച്ച് എട്ടുവയസ്സുകാരി പറഞ്ഞു: ”പോവ്വാ,നമ്മള് പുഴയില്‍ കുളിക്കാന്‍ പോവ്വാ.” 

വിടപറഞ്ഞുപോയ ഒരു മുത്തച്ഛന്‍റെ ഷഷ്ട്യബ്ധിസ്മാരകക്കുളം കുന്നിന്‍റെ തെക്കേച്ചെരിവില്‍, പുഞ്ചപ്പാടത്തിന്‍റെ കരയിലുണ്ടായിരുന്നു. ചെങ്കല്ല് കെട്ടിപ്പടുത്ത കുളപ്പടവുകളുടെ വക്കത്ത് രണ്ടു മുറികളുള്ള കുളപ്പുര. ചുമരില്‍ കണ്ണാടി. കണ്ണാടിയുടെ കാഴ്ച എന്നോ നഷ്ടമായിരുന്നു. കുളത്തിലെ നീലിച്ച കയത്തില്‍ മുതലയും ആമയും ഉണ്ടായിരുന്നു. പച്ചപിടിച്ച കുളപ്പടവുകളെ കുട്ടി ഭയപ്പെട്ടു. വേനലില്‍ പുഞ്ചയിലെക്കുള്ള ഒഴുക്കുനിലയ്ക്കുന്ന നീല ജലത്തിന്‍റെ നിശ്ചലാവസ്ഥ കുട്ടിയെ ഭയപ്പെടുത്തി. അവള്‍ പുലര്‍കാലത്ത്‌ മുത്തശ്ശിയുടെ മുണ്ടിന്‍റെ തുമ്പ് പിടിച്ചു വലിച്ചു.
”നമുക്ക് കുളം വേണ്ട,പുഴ മതി.”
അടിത്തട്ടിലെ മുത്തുമണികള്‍ വെളിപ്പെടുത്തുന്ന, മന്ദഗമനമുള്ള പുഴ. അത് തന്‍റെ സ്വന്തമെന്ന് പെണ്‍കുട്ടി വിചാരിച്ചു. തെളിനീരൊഴുകുന്ന നദി മാത്രമല്ല, കിഴക്കന്‍ മലയില്‍ പള്ളിക്കുരിശ്ശിനപ്പുറം ഏന്തിനോക്കുന്ന സൂര്യനും. അവളുടെ സ്വന്തമായി തനിക്കുള്ളത് ഈ മുത്തശ്ശിയും, സ്നേഹം വറ്റാത്ത ഈ പുഴയും, രാവിലെ കൂടെ കുളക്കടവിലേക്കു നടക്കുന്ന സൂര്യനും ആണെന്ന് അവള്‍ക്ക് അറിയാമായിരുന്നു.
അസ്ത്രപ്പുല്ലുകളുടെ തുടുത്ത മുനകളില്‍ മഞ്ഞുതുള്ളികള്‍ കോര്‍ത്തുനിന്നു. വെയിലേറ്റു പിടഞ്ഞു.
മുത്തശ്ശിയുടെ പുടവത്തുമ്പില്‍പിടിച്ചു കുട്ടി മലവാരത്തിലൂടെ നടന്നു. സോപ്പുപെട്ടിയും തോര്‍ത്തുമായി മുതിര്‍ന്ന കുട്ടികള്‍ അത്ര സുഖമില്ലാത്ത മനസ്സോടെ മെല്ലെ അനുഗമിച്ചു-
‘എന്തിനാ ഇത്ര നേര്‍ത്തെ കുളിക്കണത് തണുത്തിട്ട് വയ്യ.’ 

പെണ്‍കുട്ടിക്ക് തണുത്ത പ്രഭാതവും മുഖം തുടുത്ത സൂര്യനും പ്രിയപ്പെട്ടതായിരുന്നു. ഭൂമിയുടെ ഹൃദയത്തിന്‍റെ ചൂടുള്ള ഒഴുകുന്ന ജലം അതിനേക്കാള്‍ ഇഷ്ടമായിരുന്നു. നദിക്കൊപ്പം അവളുടെ മനസ്സും ഒഴുകി.
സമാന്തരമായ മലമുടിയിലൂടെ സൂര്യന്‍ അവരെ അനുയാത്ര ചെയ്തു. ഇടയ്ക്ക് ആഴത്തിലുള്ള മലഞ്ചെരിവില്‍ കുറുക്കന്‍മാര്‍ മാളങ്ങളിലുറങ്ങിക്കിടന്നു. പുല്ലാഞ്ഞിപ്പൊന്തകളില്‍ കോഴിച്ചോരയുടെ തെച്ചിപ്പൂവുകള്‍ വിടര്‍ന്നു. കോഴിയെ നഷ്ടമായ വീട്ടമ്മമാര്‍ ഗ്രാമത്തില്‍ നിലവിളിച്ചുകൊണ്ടിരുന്നു.
പടിഞ്ഞാറ്റയുടെ അറയ്ക്കു പുറത്തുകടക്കുമ്പോഴാണ് താന്‍ ലോകം കാണുന്നതെന്ന് കുട്ടി അറിഞ്ഞു.
വഴിവക്കിലെ പാറക്കൂട്ടങ്ങളില്‍, ശ്രീരാമന്‍റെ കാല്പ്പാടും സീതയുടെ തലമുടിയും വീണുകിടക്കുന്നതു മുത്തശ്ശി അവള്‍ക്കു കാണിച്ചുകൊടുത്തു. സീതാദേവിക്കു തന്‍റെ മാനം രക്ഷിക്കാന്‍ ഭൂമിയുടെ നെഞ്ചു പിളര്‍ന്ന പാറയിടുക്കില്‍ മുടി മാത്രമല്ല, സീതാദേവി ചൂടിയ അതിരാണിപ്പൂവുകളും അവശേഷിച്ചിരുന്നു.
ഇവിടെയെത്തുമ്പോള്‍ ലജ്ജാഭാരത്താല്‍ സൂര്യന്‍, അടിവാരത്തില്‍ എഴുന്നുനില്‍ക്കുന്ന കുടപ്പനയുടെ നിഴലില്‍ മുഖം പൂഴ്ത്തി. അവള്‍ വിചാരിച്ചു,സൂര്യന്‍ ശ്രീരാമനെപ്പോലെ ഒരു പുരുഷനായിരിക്കുമോ?
'ആരാണ് സൂര്യന്‍റെ ഭാര്യ?'
'ഭൂമി' - മുത്തശ്ശി പറഞ്ഞു.
ഭൂമിയില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും ചെടികളും ജനിക്കുന്നു. ഭൂമി മക്കള്‍ക്കുവേണ്ടി എല്ലാം ഒരുക്കിവയ്ക്കുന്നു-നെല്ല്,പയര്‍,കിഴങ്ങ്,പഴം...
പുഴക്കടവ് വിജനം.രാമനും അവന്‍റെ ഭാര്യയും കഴുതയും വിഴുപ്പുഭാണ്ഡവും എത്താറായിട്ടില്ല. പുഴവെള്ളം ഞങ്ങളെ കാത്തുനില്‍ക്കുന്നു- പെണ്‍കുട്ടി വിചാരിച്ചു. അവള്‍ വലത്തേ മലമുടിയിലേക്കു നോക്കി. ഇതുവരെ കൂടെനടന്നിരുന്ന സൂര്യനെവിടെ? സൂര്യന്‍ മുളങ്കാട്ടില്‍ മുഖം മറച്ചുനില്‍ക്കുന്നു.
'കാണേണ്ട,നോക്കേണ്ട.ഈ പെണ്‍കുട്ടി കുളിക്കുന്നത് നോക്കി നില്‍ക്കരുത്'.
അവള്‍ക്ക് സൂര്യനോട് കലശലായ ബഹുമാനം തോന്നി.
സൂര്യന്‍റെ അന്തസ്സ് തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു മനുഷ്യന്‍, ആണൊരുത്തന്‍ അക്കരെക്കാട്ടില്‍ ഒളിച്ചു നില്‍ക്കുന്നതും പെണ്ണുങ്ങളുടെ കുളക്കടവിലേക്ക് എത്തി നോക്കുന്നതും പിന്നീടൊരുനാള്‍ അവള്‍ കണ്ടു. മനുഷ്യനെക്കണ്ട് അവള്‍ ഭയന്നുപോയി. കുപ്പായം ഊരുകയോ, വെള്ളത്തിലിറങ്ങുകയോ ചെയ്യാതെ അവള്‍ കരപ്പുറത്തെ പാറയില്‍ പടിഞ്ഞാറോട്ടു നോക്കിയിരുന്നു.
കുളികഴിഞ്ഞ് സൂര്യഭഗവാനു നേരെ ഒരു കുടന്ന വെള്ളം അര്‍പ്പിച്ച് മുത്തശ്ശി തിരിഞ്ഞുനോക്കി.
‘മോളെന്താ കുളിക്കാനിറങ്ങാത്തത്?’
‘തലവേദന.’
മുത്തശ്ശി നനഞ്ഞ കൈതുടച്ച് അവളുടെ കഴുത്തിലും നെറ്റിയിലും സ്പര്‍ശിച്ചു.
’പനിക്കണൊന്നും ഇല്ലല്ലോ!’
‘ഉണ്ട് മുത്തശ്ശി, എനിക്ക് കുളിക്കാന്‍ തോന്നണില്യ.’
‘എന്നാ വേണ്ട’-
മുത്തശ്ശി നനഞ്ഞ തോര്‍ത്തുകൊണ്ട് അവളുടെ മുഖവും കഴുത്തും തുടച്ചുമിനുക്കി.
'സാരല്യ.നാളത്തേക്ക് മാറും. അപ്പൊ വന്നു കുളിക്കാമല്ലോ!’
പാതി മല കയറിയപ്പോള്‍ അവള്‍ അക്കരയ്ക്കു തിരിഞ്ഞുനോക്കി. രാക്ഷസ്സന്‍ അപ്പോഴും പൊന്തയില്‍ മറഞ്ഞുനില്‍പ്പുണ്ട്. അവന്‍റെ ഉരുണ്ട വട്ടക്കണ്ണുകള്‍ പ്രാപ്പിടിയന്‍മാരെപ്പോലെ പുഴക്കടവില്‍ പറന്നിറങ്ങുന്നത് അവള്‍ കാണുന്നു. അര്‍ദ്ധനഗ്നകളായി കുളിക്കുന്ന ഗ്രാമീണ സ്ത്രീകള്‍ കയത്തിനുമേല്‍ നീന്തിത്തുടിക്കുന്നത് അവള്‍ ഭയത്തോടെ നോക്കി. കണ്ണുകള്‍ പിന്‍വലിച്ച് അതിവേഗം പാറപ്പടവുകള്‍കയറി കുന്നിന്‍റെ ഉച്ചിയിലെത്തി മുത്തശ്ശിക്കുവേണ്ടി കാത്തുനിന്നു. അപ്പോള്‍ മുളങ്കാട്ടില്‍ നിന്ന് അവളുടെ സൂര്യന്‍ പുറത്തുവരികയും വിടര്‍ന്നു ചിരിക്കുകയും ചെയ്തു.
പിന്നീടൊരിക്കലും അവള്‍ പുഴയില്‍ കുളിക്കാന്‍ പോയില്ല. മുത്തശ്ശി വിസ്മയിച്ചു. അവള്‍ക്ക് അവളുടെ ബാല്യകാലസൂര്യന്‍ എന്നേക്കുമായി നഷ്ടപ്പെട്ടു. കുളി കുളിമുറിയുടെ നാലുചുമരുകളുടെ തടങ്കലിലായി.

No comments: