Tuesday, October 16, 2012

ആടുകള്‍

-ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ 


രാവിലെക്കറന്നെടു-
     ത്തെങ്ങളെ വിടുന്നൂ നീ; 
കാവിലോ പറമ്പിലോ 
     മേഞ്ഞുനില്‍ക്കുന്നൂ ഞങ്ങള്‍.
അന്തിയില്‍ ശ്രാന്തങ്ങളാ-
     യാല പൂകുന്നൂ വീണ്ടും,
മോന്തുന്നൂ നിന്‍ ദാക്ഷിണ്യ
     പൂരമാം കുളിര്‍നീരം.
മംഗളക്കുരുന്നുകള്‍
     വര്‍ദ്ധിക്കും വത്സങ്ങളില്‍
ഞങ്ങളെക്കാളും ദൃഡ- 
     വത്സലം നിന്നുള്‍ത്തലം.
അറിവൂ,നിന്നെപ്പേടി-
     ച്ചെങ്ങളെത്തീണ്ടുന്നീലാ
ദുരമൂത്തവയായ
     ഹിംസ്രങ്ങള്‍,സാഹസ്രങ്ങള്‍...
അല്ലലി,ലുണ്ടായാലും
     ക്ഷണഭംഗുര,മേവം
അല്ലിലും പകലിലും 
     ഞങ്ങള്‍ക്കിങ്ങലംഭാവം.
ഭദ്രമാമിപ്പറ്റത്തിന്‍
     ബോധത്തില്‍ പക്ഷേ,ദൃഡ-
മുദ്രിതമൊരു കൂര്‍മു-
     ള്ളിന്‍റെ കുത്സിതദുഃഖം:
ഞങ്ങളെപ്പോറ്റുന്നു നീ
     പാലിനും രോമത്തിനും
തന്നെയ,ല്ലതോ പിന്നെ 
     ത്തോലിനും മാംസത്തിനും!  
      
                 

No comments: