Wednesday, October 31, 2012

വിശ്വവിഖ്യാതമായ മൂക്ക്

-വൈക്കം മുഹമ്മദ്‌ ബഷീര്‍ 

അമ്പരപ്പിക്കുന്ന മുട്ടന്‍വാര്‍ത്തയാണ്.

ഒരു മൂക്ക് ബുദ്ധിജീവികളുടെയും ദാര്‍ശനികരുടെയും ഇടയില്‍ വലിയ തര്‍ക്ക വിഷയമായി കലാശിച്ചിരിക്കുന്നു. വിശ്വവിഖ്യാതമായ മൂക്ക്.    

ആ മൂക്കിന്റെ യഥാര്‍ത്ഥ ചരിത്രമാണ് ഇവിടെ രേഖപ്പെടുത്താന്‍ പോകുന്നത്.

   
ചരിത്രം ആരംഭിക്കുന്നത് അദ്ദേഹത്തിന് ഇരുപത്തിനാലുവയസ്സ് തികഞ്ഞ കാലത്താണ്.അതുവരെ അദ്ദേഹത്തെ ആരും അറിഞ്ഞിരുന്നില്ല.ഈ ഇരുപത്തിനാലാമത്തെ വയസ്സിനു വല്ല പ്രത്യേകതയുമുണ്ടോ എന്തോ!ഒന്നുശരിയാണ്... ലോകചരിത്രത്തിന്റെ ഏടുകള്‍ മറിച്ചുനോക്കിയാല്‍ മിക്ക മഹാന്മാരുടെയും ഇരുപത്തിനാലാമത്തെ വയസ്സിനു ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും.ചരിത്രവിദ്യാര്‍ത്ഥികളോട് ഇതെടുത്തു പറയേണ്ട കാര്യമില്ലല്ലോ?

നമ്മുടെ ചരിത്രപുരുഷന്‍ ഒരു കുശിനിപ്പണിക്കാരനായിരുന്നു. കുക്ക്.പറയത്തക്ക ബുദ്ധിവൈഭവമൊന്നുമുണ്ടായിരുന്നില്ല. എഴുത്തും വായനയും അറിഞ്ഞുകൂടാ.അടുക്കളയാണല്ലോ അദ്ദേഹത്തിന്റെ ലോകം.അതിനു വെളിയിലുള്ള കാര്യങ്ങളെക്കുറിച്ച് തികച്ചും ആശ്രദ്ധന്‍.എന്തിനു ശ്രദ്ധിക്കണം?


നല്ലവണ്ണം ഉണ്ണുക;സുഖമായൊന്നു പൊടിവലിക്കുക;ഉറങ്ങുക; 
വീണ്ടും ഉണരുക;കുശിനിപ്പണി തുടങ്ങുക.ഇത്രയുമാണ് അദ്ദേഹത്തിന്റെ ദിനചര്യ.                            

മാസങ്ങളുടെ പേര് അദ്ദേഹത്തിനറിഞ്ഞുകൂടാ.ശമ്പളം വാങ്ങേണ്ട സമയമാകുമ്പോള്‍ അമ്മവന്ന് ശമ്പളം വാങ്ങിക്കൊണ്ടുപോകും. പൊടി വേണമെങ്കില്‍ ആ തള്ള തന്നെ വാങ്ങിച്ചുകൊടുക്കും. ഇങ്ങനെ  സുഖത്തിലും സംതൃപ്തിയിലും ജീവിച്ചുവരവേ അദ്ദേഹത്തിന് ഇരുപത്തിനാലു തിരുവയസ്സു തികയുന്നു. അതോടെ അദ്ഭുതം സംഭവിക്കുകയാണ്!


വേറെ വിശേഷമൊന്നുമില്ല.മൂക്കിനു ശകലം നീളംവെച്ചിരിക്കുന്നു. വായുംകഴിഞ്ഞ് താടിവരെ നീണ്ടുകിടക്കുകയാണ്!


അങ്ങനെ ആ മൂക്ക് ദിനംതോറും വളരാന്‍ തുടങ്ങി.ഒളിച്ചുവെക്കാന്‍ പറ്റുന്ന കാര്യമാണോ?ഒരു മാസം കൊണ്ട് അത് പൊക്കിള്‍ വരെ നീണ്ടു.എന്നാല്‍ ,വല്ല അസുഖവുമുണ്ടോ?അതുമില്ല. ശ്വാസോച്ഛാസം ചെയ്യാം.പൊടിവലിക്കാം.വാസനകള്‍ സര്‍വ്വവും തിരിച്ചറിയാം.പറയത്തക്ക യാതൊരു കുഴപ്പവുമില്ല.                


'പക്ഷെ ഇങ്ങനത്തെ മൂക്കുകള്‍ ലോകചരിത്രത്തിന്‍റെ ഏടുകളില്‍ കിടപ്പുണ്ടായിരിക്കാം-അല്പസ്വല്പം.പക്ഷെ,അത്തരം കിണാപ്പന്‍മൂക്കാണോ ഈ മൂക്ക്.ഈ മൂക്കുകാരണം പാവപ്പെട്ട ആ അരിവയ്പ്പുകാരനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു.


എന്താ കാരണം?


പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കണം എന്നെല്ലാം പറഞ്ഞ് ബഹളംകൂട്ടാന്‍ ഒരു സംഘക്കാരും മുന്നോട്ടുവന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ കൊടിയ അനീതിയുടെ മുമ്പില്‍ കണ്ണടച്ചുകളഞ്ഞു.


'എന്തിനയാളെ പിരിച്ചുവിട്ടു?' മനുഷ്യസ്നേഹികളെന്നു പറയുന്നവരാരും ഈ ചോദ്യം ചോദിച്ചില്ല.എവിടെപ്പോയി അന്ന് ബുദ്ധിജീവികളും ദാര്‍ശനീയരും?


പാവം തൊഴിലാളി;പാവം കുശിനിക്കാരന്‍!


ജോലി നഷ്ടപ്പെട്ടതെന്തുകൊണ്ടെന്ന് ആരും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കേണ്ടതായിട്ടില്ല.ജോലിക്ക് നിര്‍ത്തിയിരുന്ന വീട്ടുകാര്‍ക്ക് സ്വൈര്യമില്ലാതായിത്തീര്‍ന്നതാണു കാരണം.മൂക്കനെ കാണാന്‍,മൂക്കു കാണാന്‍ രാപ്പകല്‍ മനുഷ്യക്കടല്‍!ഫോട്ടോ എടുക്കുന്നവര്‍,അഭിമുഖസംഭാഷണക്കാര്‍,റേഡിയോ, ടെലിവിഷന്‍,പത്രക്കാരായ പത്രക്കാര്‍...ഇരമ്പുന്ന മനുഷ്യക്കടല്‍.        


ആ വീട്ടില്‍ നിന്നും പല സാധനങ്ങളും കളവുപോയി. പതിനെട്ടുകാരി സുന്ദരിയെ കട്ടുകൊണ്ടുപോകാനും ശ്രമമുണ്ടായി.                         



ഈ വിധത്തില്‍ ജോലി നഷ്ടപ്പെട്ട ആ കുശിനിപ്പണിക്കാരന്‍ തന്‍റെ പാവപ്പെട്ട ചെറ്റപ്പുരയില്‍ പട്ടിണികിടക്കുമ്പോള്‍ ഒരു കാര്യം അയാള്‍ക്ക്‌ നന്നായി ബോധ്യം വന്നു.അയാളും അയാളുടെ മൂക്കും വളരെ പ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു!

ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ അയാളെ കാണാന്‍ വരുന്നു.ദീര്‍ഘമേറിയ മൂക്ക് നോക്കിക്കൊണ്ട് അദ്ഭുതസ്തബ്ധരായി നില്‍ക്കുന്നു.ചിലര്‍ തൊട്ടുനോക്കുന്നുമുണ്ട്.എന്നാല്‍,ആരും...ആരും 'നിങ്ങള്‍ ആഹാരം ഒന്നും കഴിച്ചില്ലേ?എന്താണിത്ര ക്ഷീണം?' എന്നൊന്നും ചോദിച്ചില്ല.ഒരുവലിക്ക് പൊടിവാങ്ങാന്‍പോലും ആ വീട്ടില്‍ ഒമ്പിടിക്കാശില്ല.പട്ടിണിക്കിട്ട കാഴ്ച്ചമൃഗമാണോ അയാള്‍?മണ്ടനാണെങ്കിലും മനുഷ്യനല്ലേ?അയാള്‍ തന്‍റെ  വൃദ്ധമാതാവിനെ വിളിച്ച് രഹസ്യമായി പറഞ്ഞു:

'ഈ മൂശ്ശേട്ടകളെ ആട്ടിപ്പൊറത്താക്കി വാതിലടച്ചേ!' 

അമ്മ സൂത്രത്തില്‍ എല്ലാവരെയും വെളിയിലാക്കി വാതിലടച്ചു.


അന്നുമുതല്‍ അവര്‍ക്ക് നല്ലകാലമായി!അമ്മയ്ക്കു കൈക്കൂലി കൊടുത്ത് ചിലര്‍ മകന്‍റെ മൂക്കുകാണാന്‍ തുടങ്ങി!മണ്ടക്കൂട്ടമല്യോ ജനം.ഈ കൈക്കൂലിക്കെതിരായി ചില നീതിമാന്‍മാരായ ബുദ്ധിജീവികളും ദാര്‍ശനീയരും ഉശിരന്‍ ശബ്ദമുയര്‍ത്തി. പക്ഷെ,ഗവണ്മെന്‍റ് ഇതുസംബന്ധമായി യാതൊരു നടപടിയുമെടുത്തില്ല.കേട്ടതായിപ്പോലും ഭാവിച്ചില്ല.സര്‍ക്കാരിന്‍റെ ഈ കൊടിയ അനാസ്ഥയെ പ്രതിഷേധിച്ചു പരാതിക്കാര്‍ പലരും ഗവണ്‍മെണ്ടിനെതിരായുള്ള പലേ അട്ടിമറിപ്പന്‍ പാര്‍ട്ടികളിലും ചേര്‍ന്നു!


മൂക്കന്‍റെ വരാഴിക ദിനംപ്രതി വര്‍ദ്ധിച്ചു.എന്തിനധികം!അക്ഷര ശൂന്യനായ ആ കുശിനിപ്പണിക്കാരന്‍ ആറുകൊല്ലം കൊണ്ട് ലക്ഷപ്രഭുവായി.


അദ്ദേഹം മൂന്നു പ്രാവശ്യം സിനിമയില്‍ അഭിനയിച്ചു.'ദി ഹ്യുമന്‍ സബ്മറയിന്‍' എന്ന ടെക്നിക്കളര്‍ ഫിലിം എത്രയെത്രകോടി പ്രേക്ഷകരെയാണ് ആകര്‍ഷിച്ചത്!അന്തര്‍വാഹിനിമനുഷ്യന്‍... ആറു മഹാകവികള്‍ മൂക്കന്‍റെ അപദാനങ്ങളെ കീര്‍ത്തിച്ചുകൊണ്ട് മഹാകാവ്യങ്ങള്‍ പുറത്തിറക്കി.ഒമ്പതു മഹാസാഹിത്യകാരന്‍മാര്‍ മൂക്കന്‍റെ ജീവചരിത്രമെഴുതി പണവും പ്രശസ്തിയും നേടി.


മൂക്കന്‍റെ സൌധം ഒരഥിതിമന്ദിരം കൂടിയാണ്.ആര്‍ക്കും അവിടെ ഇപ്പോഴും ആഹാരമുണ്ട്;ഒരുവലി പൊടിയും.


ആ കാലത്ത് അദ്ദേഹത്തിന്
 രണ്ടു സെക്രട്ടറിമാരുണ്ടായിരുന്നു. രണ്ടു സുന്ദരികള്‍;വിദ്യാസമ്പന്നകള്‍.

രണ്ടുപേരും മൂക്കനെ കലശലായി പ്രേമിക്കുന്നു;രണ്ടുപേരും മൂക്കനെ ആരാധിക്കുന്നു.ഏതു മണ്ടനെയും തു തീവെട്ടിക്കൊള്ളക്കാരനേയും,ഏതു മുന്തിയറുപ്പനേയും പ്രേമിക്കാന്‍ സുന്ദരികള്‍ എപ്പോഴും ഉണ്ടാകുമല്ലോ!


ലോകചരിത്രത്തിന്‍റെ ഏടുകള്‍ മറിച്ചുമറിച്ച് നോക്കിയാല്‍ രണ്ടുസുന്ദരികള്‍ ഒരു പുരുഷനെ ഒരേസമയത്തു  പ്രേമിക്കുമ്പോള്‍ ചില്ലറ കുഴപ്പങ്ങളുണ്ടായതായി കാണുമല്ലോ.മൂക്കന്‍റെ ജീവിതത്തിലും അതുണ്ടായി.

ആ രണ്ടു സുന്ദരികളെപ്പോലെ ജനങ്ങള്‍ ആകമാനം മൂക്കനെ സ്നേഹിക്കുന്നുണ്ട്.പൊക്കിള്‍ക്കുഴിവരെ നീണ്ടുകിടക്കുന്ന അണ്ഡകടാഹപ്രശസ്തമായ സുന്ദരമൂക്ക് മഹത്ത്വത്തിന്‍റെ ചിഹ്നമല്ലേ?തീര്‍ച്ചയായും...

ലോകത്തിലുണ്ടാകുന്ന പ്രധാന സംഭവങ്ങളെപ്പറ്റി മൂക്കന്‍ അഭിപ്രായം പറയും.പത്രക്കാര്‍ അത് പ്രസിദ്ധപ്പെടുത്തും.

'മണിക്കൂറില്‍ പതിനായിരം മൈല്‍ വേഗതയുള്ള വിമാനം ഉണ്ടാക്കിയിരിക്കുന്നു!അതേപ്പറ്റി മൂക്കന്‍ താഴെ പറയുന്ന പ്രകാരം പ്രസ്താവിക്കുകയുണ്ടായി...!'

'മരിച്ച മനുഷ്യനെ ഡോക്ടര്‍ ബുന്ത്രോസ് ഫുറാസിബുറോസ് ജീവിപ്പിച്ചു.അതേപ്പറ്റി മൂക്കന്‍ താഴെ പറയുന്ന പ്രകാരം പ്രസ്താവിക്കുകയുണ്ടായി...!'

ലോകത്തിലേക്ക് ഉയരംകൂടിയ കൊടുമുടിയില്‍ ചിലര്‍ കയറി എന്നുകേട്ടപ്പോള്‍ ജനങ്ങള്‍ ചോദിച്ചു:
'അതേപ്പറ്റി മൂക്കന്‍ എന്തുപറഞ്ഞു?'

മൂക്കന്‍ ഒന്നും പറഞ്ഞില്ലെങ്കില്‍....ഭ!ആ സംഭവം നിസ്സാരം. ഇങ്ങനെ ഗോളാന്തരയാത്ര,പ്രപഞ്ചങ്ങളുടെ ഉല്പത്തി,ചിത്രമെഴുത്ത്‌,വാച്ചുകച്ചവടം,മെസ്മെരിസം,ഫോട്ടോഗ്രാഫി,ആത്മാവ്,പ്രസിദ്ധീകരണശാല,നോവലെഴുത്ത്,മരണാനന്തരജീവിതം,പത്രപ്രവര്‍ത്തനം,നായാട്ട്...എന്നുവേണ്ട,എല്ലാറ്റിനെപ്പറ്റിയും മൂക്കന്‍ അഭിപ്രായം പറയണം!പറയുമല്ലോ.മൂക്കന് അറിഞ്ഞുകൂടാത്തത് മഹാപ്രപഞ്ചത്തില്‍ വല്ലതുമുണ്ടോ?ഒന്നുപറ!

ഈ കാലഘട്ടത്തിലാണ് മൂക്കനെ പിടിച്ചുപറ്റാനുള്ള വലിയ ഗൂഡാലോചനകള്‍ നടക്കുന്നത്.പിടിച്ചുപറ്റുക എന്നുള്ളത് പുത്തനായ ഏര്‍പ്പാടൊന്നുമല്ലല്ലോ.പിടിച്ചുപറ്റലിന്‍റെ കഥയാണ് ലോകചരിത്രത്തിന്‍റെ അധികഭാഗവും.

എന്താണീ പിടിച്ചുപറ്റല്‍?

നിങ്ങള്‍ തരിശുഭൂമിയില്‍ കുറെ തൈവെക്കുന്നു. വെള്ളമൊഴിക്കുന്നു.വളമിടുന്നു.വേലികെട്ടുന്നു.പ്രതീക്ഷയാര്‍ന്ന വര്‍ഷങ്ങള്‍ നീങ്ങി തൈകളെല്ലാം കുലച്ചു.കുലകുലയായി തേങ്ങകള്‍ അങ്ങനെ ജോറായി തൂങ്ങുന്നു.അപ്പോള്‍ നിങ്ങളില്‍നിന്ന് ആ തെങ്ങുന്തോപ്പു പിടിച്ചുപറ്റാന്‍ ആര്‍ക്കാണെങ്കിലും മോഹംതോന്നും!-മൂക്കനെ പിടിച്ചുപറ്റുക.                                                                 
             
ആദ്യമായി മൂക്കനെ പിടിച്ചുപറ്റാനുള്ള ശ്രമം മഹത്തായ വിപ്ലവശ്രമം നടത്തിയത് ഗവണ്‍മെണ്ടാണ്.അത് സര്‍ക്കാരിന്‍റെ ഡാവായിരുന്നു.'നാസികപ്രമുഖന്‍' എന്നൊരു ബഹുമതിക്കു പുറമേ മൂക്കന് ഗവണ്‍മെണ്ട് ഒരു മെഡലും കൊടുത്തു.പ്രസിഡണ്ട് തന്നെയാണ് വജ്രഖചിതമായ ആ സ്വര്‍ണമെഡല്‍ മൂക്കന്‍റെ കഴുത്തില്‍ അണിയിച്ചത്.എന്നിട്ടു ഹസ്തദാനത്തിനുപകരം പ്രസിഡണ്ട് മൂക്കന്‍റെ മൂക്കിന്‍റെതുമ്പില്‍  പിടിച്ചുകുലുക്കി. ഇതിന്‍റെയെല്ലാം ന്യൂസ്റീല്‍ നാടൊട്ടുക്കുമുള്ള സിനിമാശാലകളിലും ടെലിവിഷനിലും പ്രദര്‍ശിപ്പിച്ചു.         

അപ്പോഴത്തേക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉഷാറായി മുന്നോട്ടുവന്നു. ജനങ്ങളുടെ മഹത്തായ സമരത്തിന് സഖാവ് മൂക്കന്‍ നേതൃത്വം കൊടുക്കണം!സഖാവ് മൂക്കനോ!ആരുടെ,എന്തിന്‍റെ സഖാവ്?ഈശ്വരാ...പാവം മൂക്കന്‍!....മൂക്കന്‍,പാര്‍ട്ടിയില്‍ ചേരണം.


ഏതു പാര്‍ട്ടിയില്‍?


പാര്‍ട്ടികള്‍ പലതാണ്.വിപ്ലവമാണ് ഉന്നം.ജനകീയ വിപ്ലവം. എല്ലാ ജനകീയവിപ്ലവപ്പാര്‍ട്ടികളിലും ഒരേസമയത്ത് മൂക്കന്‍ എങ്ങനെചേരും?


മൂക്കന്‍ പറഞ്ഞു :

'ഞാനെന്നാത്തിനാ പാര്‍ട്ടീലൊക്കെച്ചേരണത്?ഇനിച്ചു കയ്യേല!'

ഇങ്ങനെ ഇരിക്കുമ്പോള്‍ സെക്രട്ടറിമാരില്‍ ഒരു സുന്ദരി പറഞ്ഞു:

'എന്നോട് ഇഷ്ടമുണ്ടെങ്കില്‍ സഖാവ് മൂക്കന്‍ എന്‍റെ പാര്‍ട്ടിയില്‍ ചേരണം!'

മൂക്കന്‍ മിണ്ടിയില്ല.


'ഞാമ്പല്ല പാര്‍ട്ടീലും ചേരണോ?'- 

മൂക്കന്‍ മറ്റേ സുന്ദരിയോടു ചോദിച്ചു.

അവള്‍ക്കു കാര്യം മനസ്സിലായി.അവള്‍ പറഞ്ഞു:
'ഓ...എന്തിന്?'

അപ്പോഴത്തേക്കും ഒരു വിപ്ലവപാര്‍ട്ടിക്കാര്‍ മുദ്രാവാക്യം ഇട്ടുകഴിഞ്ഞു:

'നമ്മുടെ പാര്‍ട്ടി മൂക്കന്‍റെ പാര്‍ട്ടി!മൂക്കന്‍റെ പാര്‍ട്ടി ജനങ്ങളുടെ വിപ്ലവപാര്‍ട്ടി!' 

ഇതുകേട്ടപ്പോള്‍ മറ്റേ ജനകീയ വിപ്ലവപ്പാര്‍ട്ടിക്കാര്‍ക്ക് അരിശം മൂത്തു.അവര്‍ മൂക്കന്‍റെ സെക്രട്ടറിമാരായ സുന്ദരികളില്‍ ഒരുത്തിയെക്കൊണ്ട് മൂക്കനെതിരായി ഒരു ഭയങ്കര പ്രസ്താവന ഇറക്കിച്ചു:

'മൂക്കന്‍ ജനങ്ങളെ വഞ്ചിച്ചു!പിന്തിരിപ്പന്‍ മൂരാച്ചിയാണ് മൂക്കന്‍. ഇത്രയും കാലം മൂക്കന്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.ഈ കൊടിയ വഞ്ചനയില്‍ എന്നെയും പങ്കാളിയാക്കി.ഞാന്‍ ഖേദിക്കുന്നു.ഞാന്‍ ജനങ്ങളോട് സത്യം പറയുന്നു;മൂക്കന്‍റെ മൂക്ക് വെറും റബ്ബര്‍മൂക്കാണ്!'


ഹൂ!ഈ പ്രസ്താവന ലോകത്തിലുള്ള എല്ലാ പത്രങ്ങളും വലിയ ഗമയില്‍ പ്രസിദ്ധപ്പെടുത്തി.മൂക്കന്റെ മൂക്ക് റബ്ബര്‍ മൂക്കാണ്!മഹാമൂരാച്ചി മൂക്കന്‍. കള്ളന്‍,വഞ്ചകന്‍,അറുപിന്തിരിപ്പന്‍... ഒറിജിനല്‍ മൂക്കല്ല!

ഇതുകേട്ടാല്‍ ജനകോടികള്‍ അമ്പരക്കാതിരിക്കുമോ?ക്ഷോഭിക്കാതിരിക്കുമോ?ഒറിജിനല്‍ മൂക്കല്ലേ?അല്ല!ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും കമ്പികള്‍, ഫോണ്‍കോളുകള്‍, കത്തുകള്‍!പ്രസിഡണ്ടിന് ഇരിക്കപ്പൊറുതിമുട്ടി.

'ജനവഞ്ചകനായ റബ്ബര്‍മൂക്കന്‍ നശിക്കട്ടെ.റബ്ബര്‍മൂക്കന്‍റെ കള്ളപ്പിന്തിരിപ്പന്‍പാര്‍ട്ടി നശിക്കട്ടെ!ഇങ്ക്വിലാബ് സിന്ദാബാദ്!'
-ഈ പ്രസ്താവന മൂക്കന്‍റെ എതിര്‍പാര്‍ട്ടിക്കാര്‍ ഇറക്കിയപ്പോള്‍ മറ്റേ വിപ്ലവപ്പാര്‍ട്ടിക്കാര്‍ മറ്റേ സെക്രട്ടറിസുന്ദരിയെക്കൊണ്ട് വേറൊരു ഉശിരന്‍ വിപ്ലവപ്രസ്താവന ഇറക്കിച്ചു:
'പ്രിയപ്പെട്ട നാട്ടുകാരേ,ലോകരേ!അവള്‍ പറഞ്ഞത് തികച്ചും കളവാണ്.അവളെ സഖാവു മൂക്കന്‍ ഒട്ടും പ്രേമിച്ചില്ല.അതിന്‍റെ കുശുമ്പാണ്.സഖാവ് മൂക്കന്‍റെ പണവും പ്രശസ്തിയും പിടിച്ചുപറ്റാനാണ് അവള്‍ ശ്രമിച്ചത്.അവളുടെ ആങ്ങളമാരില്‍ ഒരുത്തന്‍ മറ്റേ പാര്‍ട്ടിയിലുണ്ട്.കള്ളന്‍മാരുടെ ആ പാര്‍ട്ടിയുടെ തൊലി ഉരിച്ചുകാണിക്കാന്‍ ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗിച്ചുകൊള്ളുന്നു.ഞാന്‍ സഖാവ് മൂക്കന്‍റെ വിശ്വസ്ത സെക്രട്ടറിയാണ്.എനിക്കു നേരിട്ടറിയാം,സഖാവിന്‍റെ മൂക്ക് റബ്ബറല്ല.എന്‍റെ ഹൃദയംപോലെ തനി ഒറിജിനല്‍. മായമില്ല, മന്ത്രമില്ല,അനുകരണമില്ല.തനി...എന്‍റെ ഹൃദയംപോലെ... പ്രതിഫലേച്ഛ കൂടാതെ ഈ ആപല്‍സന്ധിയില്‍ സഖാവു മൂക്കന്‍റെ പിന്നില്‍ അണിനിരന്നിരിക്കുന്ന ജനകീയ മുന്നേറ്റവിപ്ലവപ്പാര്‍ട്ടി സിന്ദാബാദ്!സഖാവ് മൂക്കന്‍ സിന്ദാബാദ്!സഖാവ് മൂക്കന്‍റെ പാര്‍ട്ടി ജനങ്ങളുടെ മുന്നേറ്റവിപ്ലവപാര്‍ട്ടി!ഇങ്ക്വിലാബ് സിന്ദാബാദ്!'

എന്തുചെയ്യും?ജനങ്ങള്‍ക്കാകെ ആശയക്കുഴപ്പം. അപ്പോഴത്തേക്കും മൂക്കന്‍റെ വിപ്ലവപ്പാര്‍ട്ടിയുടെ എതിര്‍ വിപ്ലവപ്പാര്‍ട്ടിക്കാര്‍ ഗവണ്മെണ്ടിനെയും പ്രസിഡണ്ടിനെയും പ്രധാനമന്ത്രിയെയും ചീത്തപറയാന്‍ തുടങ്ങി!

'മണ്ടന്‍ പളുങ്കൂസന്‍ ഗവണ്മെണ്ട്!റബര്‍ മൂക്കുകാരന്‍ ജനവഞ്ചകന് 'നാസികപ്രമുഖന്‍' എന്നാ ബഹുമതി കൊടുത്തു. വജ്രഖചിതമായ സ്വര്‍ണമെഡല്‍ കൊടുത്തു.ഈ ജനവഞ്ചനയില്‍ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്കും ഉണ്ടല്ലോ പങ്ക്!ഈ ഭയങ്കര ഗൂഡാലോചനയില്‍ ഒരു ചേരിതിരിവുണ്ട്. പ്രസിഡണ്ടും പ്രധാനമന്ത്രിയും രാജിവയ്ക്കണം!മന്ത്രിസഭ രാജിവയ്ക്കണം!റബ്ബര്‍മൂക്കനെ കൊല്ലണം!'

ഇതുകേട്ട് പ്രസിഡന്‍റ് ക്ഷോഭിച്ചു.പ്രധാനമന്ത്രിയും ക്ഷോഭിച്ചു.ഒരു പ്രഭാതത്തില്‍ പട്ടാളവും ടാങ്കുകളും പാവപ്പെട്ട മൂക്കന്‍റെ ഹര്‍മ്യം വളഞ്ഞു.മൂക്കനെ അറസ്റ്റുചെയ്ത് കൊണ്ടുപോയി.

പിന്നീട് കുറെ ദിവസത്തേയ്ക്ക് മൂക്കനെ സംബന്ധിച്ച യാതൊരു വാര്‍ത്തകളുമില്ല.ജനങ്ങള്‍ മൂക്കനെ അങ്ങ് മറന്നു.എല്ലാം ശാന്തം. എന്നാല്‍ വന്നു സാക്ഷാല്‍ ഹൈഡ്രജനും ആറ്റനും നൂക്കിളിയറും!എന്താണെന്നോ?ജനങ്ങള്‍ മറന്നു കഴിഞ്ഞപ്പോള്‍ പ്രസിഡണ്ടിന്‍റെ ചെറിയ ഒരു പ്രഖ്യാപനമുണ്ടായി:
മാര്‍ച്ച് ഒന്‍പതിന് നാസികപ്രമുഖന്‍റെ പരസ്യവിചാരണയുണ്ടാവും.മൂക്ക് ഒറിജിനലാണോ... നാല്‍പ്പത്തിയെട്ട് രാജ്യങ്ങളുടെ പ്രതിനിധികളായിവരുന്ന വിദഗ്ധ ഡോക്ടര്‍മാരാണ് മൂക്കനെ പരിശോധിക്കുന്നത്.ലോകത്തിലെ എല്ലാ പത്രങ്ങളുടെയും പ്രതിനിധികളുണ്ടാകും.റേഡിയോ, സിനിമ,ടിവി...സര്‍വ്വക്ണാപ്പികളും.ഈ വിചാരണ എല്ലാ നാട്ടുകാര്‍ക്കും ന്യൂസ്‌റീലില്‍ കാണാന്‍ കഴിയും.ജനങ്ങള്‍ പരമശാന്തരായി വര്‍ത്തിക്കുക.'

മണ്ടക്കൂട്ടമല്യോ ജനം.തനി ബഡുക്കൂസുകള്‍,വിപ്ലവകാരികള്‍. അവര്‍ ശാന്തരായൊന്നും വര്‍ത്തിച്ചില്ല.അവര്‍ തലസ്ഥാന മഹാനഗരിയില്‍ തടിച്ചുകൂടി.ഹോട്ടലുകള്‍ കയ്യേറി.പത്രങ്ങളുടെ ഓഫീസുകള്‍ തകര്‍ത്തു.സിനിമാശാലകള്‍ക്ക് തീ വെച്ചു. മദ്യഷാപ്പുകള്‍ കൈയ്യടക്കി.വാഹനങ്ങള്‍ തകര്‍ത്തു.പോലീസ് സ്റ്റേഷനുകള്‍ക്കും തീ വെച്ചു.സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നശിപ്പിച്ചു. കുറെ വര്‍ഗീയലഹളകള്‍ ഉണ്ടായി.കുറെ അധികം പേര്‍ ഈ മൂക്കന്‍ സമരത്തില്‍ രക്തസാക്ഷികളായി.മംഗളം...ശാന്തം...

മാര്‍ച്ച് ഒമ്പത്.
മണി പതിനൊന്നായപ്പോള്‍ പ്രസിഡണ്ടുമന്ദിരത്തിനു മുന്‍വശം മനുഷ്യമഹാസമുദ്രംതന്നെ ആയിത്തീര്‍ന്നു.അപ്പോള്‍ ഉച്ചഭാഷിണികള്‍ ലോകത്തിനോടായി ശബ്ദം മുഴക്കി:ജനങ്ങള്‍ അച്ചടക്കം പാലിക്കണം.വായകള്‍ അടച്ചുവയ്ക്കുക. പരിശോധന തുടങ്ങി!

പ്രസിഡണ്ടിന്‍റെയും പ്രധാനമന്ത്രിയുടെയും മറ്റു അനേകം മന്ത്രിമാരുടെയും മഹനീയസാന്നിദ്ധ്യത്തില്‍ ഡോക്ടര്‍മാര്‍ ശ്രീജിത്ത്‌ മൂക്കനെ വളഞ്ഞു...ഉത്കണ്ഠാകുലരായ ജനകോടികള്‍!ശ്വാസം അടക്കിക്കൊണ്ടുള്ള നില!

ഒരു മഹാഡോക്ടര്‍ മൂക്കന്‍ജിയുടെ മൂക്കിന്‍റെ തുമ്പ് അടച്ചു. അപ്പോള്‍ മൂക്കന്‍ജി വായ പൊളിച്ചു.വേറൊരു മഹാഡോക്ടര്‍ മൊട്ടുസൂചികൊണ്ട് മൂക്കിന്‍റെ തുമ്പത്തുകുത്തി.അപ്പോള്‍ അദ്ഭുതമെന്നുവേണം പറയാന്‍,ശ്രീജിത്ത് മൂക്കന്‍റെ മൂക്കിന്‍റെ തുമ്പത്ത് ഒരുതുള്ളി ചുവന്ന പരിശുദ്ധചോര പൊടിച്ചു!

'മൂക്ക് റബറല്ല!അനുകരണമല്ല!തനി ഒറിജിനല്‍.'- മഹാഡോക്ടര്‍മാരുടെ ഐക്യകണ്ഠേനയുള്ള വിധി!

മൂക്കന്‍സാഹിബിന്‍റെ സുന്ദരി സെക്രട്ടറിപ്പെണ്ണ് മൂക്കന്‍ജിയുടെ തിരുമൂക്കിന്‍റെ തുമ്പത്ത് ഗാഡമായി ചുംബിച്ചു.

'സഖാവ് മൂക്കന്‍ സിന്ദാബാദ്!നാസികപ്രമുഖന്‍ സിന്ദാബാദ്!സഖാവ് മൂക്കന്‍റെ ജനകീയ മുന്നേറ്റപ്പാര്‍ട്ടി സിന്ദാബാദ്!ജനാബ് മൂക്കന്‍റെ മൂക്ക്-ഒറിജിനല്‍ മൂക്ക്!ഒറിജിനല്‍!!ഒറിജിനല്‍!!

അണ്ഡകടാഹങ്ങള്‍ തകര്‍ന്നേക്കാവുന്ന ഒച്ച!....ഒറിജിനല്‍!തനി ഒറിജിനല്‍!

ഈ ആരവം അടങ്ങിയപ്പോള്‍ രാഷ്ട്രപതി എന്ന മഹാപ്രസിഡന്‍റ് ഒരു പുതുപുത്തന്‍ ഡാവുകൂടി കാണിച്ചു.സഖാവ് മൂക്കനെ 'മൂക്കശ്രീ' എന്നുള്ള തകര്‍പ്പന്‍ ബഹുമതിയോടെ പാര്‍ലമെണ്ടിലേക്ക് നോമിനേറ്റുചെയ്തു.
'മൂക്കശ്രീ മൂക്കന്‍ എം പി' 

രണ്ടുമൂന്നു യൂണിവേര്‍‌സിറ്റികള്‍ മൂക്കശ്രീ മൂക്കന്‍ സാഹിബിന് എം.ലിറ്റും ഡി.ലിറ്റും നല്‍കി ആദരിച്ചു.
'മൂക്കശ്രീ മൂക്കന്‍--=മാസ്റര്‍ ഓഫ് ലിറ്ററേച്ചര്‍'
'മൂക്കശ്രീ മൂക്കന്‍=ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍'

എന്നാലും മണ്ടക്കൂട്ടമല്യോ ജനം.തനി ബഡുക്കൂസുകള്‍!മണ്ടക്കൂട്ടത്തെ ഭരിക്കുന്ന സര്‍ക്കാര്‍!

മൂക്കശ്രീ മൂക്കനെ കിട്ടാത്ത സുന്ദരിയുടെ പാര്‍ട്ടിക്കാര്‍ ഒരൈക്യ മുന്നണിയായി പറഞ്ഞും എഴുതിയും പ്രസംഗിച്ചും നടക്കുകയാണ്.
'പ്രസിഡന്‍റ് രാജിവയ്ക്കണം!പ്രധാനമന്ത്രി രാജിവയ്ക്കണം!മന്ത്രിസഭയും രാജിവയ്ക്കണം!ജനവഞ്ചന...മൂക്കന്‍റെ  മൂക്ക് റബ്ബര്‍മൂക്ക്!ഒറിജിനല്‍ അല്ലേയല്ല!' 

നോക്കണേ വിപ്ലവത്തിന്‍റെ പോക്ക്!

ബുദ്ധിജീവികള്‍,ദാര്‍ശനികര്‍-എന്തുചെയ്യും?ആശയക്കുഴപ്പമുണ്ടാകാതിരിക്കുമോ?...
സംഭവം വിശ്വവിഖ്യാതമായ മൂക്ക്.
മംഗളം.       

No comments: