Thursday, April 28, 2016

മൌലികം

- എം ഗോവിന്ദൻ

മണ്ണിൻറെ കണ്ണിലുറങ്ങി വിത്തായ്
മഞ്ഞവെയിലിൻറെ പാട ചൂടി
കരുവായ്  വെള്ളയായ്ത്തോടിനുള്ളിൽ 
കളകാഞ്ചി പാടാതെ കാത്തിരുന്നു.
വിരിയാത്ത മൊട്ടിനു വെട്ടമേകാൻ 
ഉയരാത്ത ചിറകിനുയിർ കൊടുപ്പാൻ.

വേലിയ്ക്കൽ തത്തമ്മപോലെ ജന്മ-

വേള വന്നപ്പോൾ വിളിച്ചുരച്ചു :
"വിരിയാത്ത മൊട്ടേ, വിരിഞ്ഞുകൊള്ളൂ;
വീശാത്ത തൂവലേ, നീയുയരൂ."

വിത്തിനകത്തു ഞരക്കമപ്പോൾ 

"വിടരുവതെന്തിനു വീഴുവാനോ!"
മുട്ടയിൽ നിന്നൊരു മൂളക്കം
"ചൊട്ടയിൽ നിന്നും ചുടലയോളം
കോട്ടുവായിട്ടു കുടഞ്ഞെണീക്കാൻ 
പുത്തനാം തൂവലിങ്ങെന്തിനാവോ!"

വേലിയ്ക്കൽ തത്തമ്മപോലെ മൃത്യു-

വേദന വന്നേവം വേദമോതി.

"പുഞ്ചിരി ചുണ്ടിൻറെ പുണ്യമെങ്കിൽ 

പുന്നെല്ലിന്നെല്ലിലുറങ്ങണമെങ്കിൽ 
പൂവിൻറെ മോക്ഷം വികാസമത്രേ;
തൂവലിൻ ലക്‌ഷ്യം പറക്കലല്ലീ?"

No comments: