Saturday, January 6, 2018

വഴി വെട്ടുന്നവരോട്

- എന്‍. എന്‍. കക്കാട്


ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതി.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍.
വഴിവെട്ടാന്‍ പോകുന്നവനോ
പല നോമ്പുകള്‍ നോല്‍ക്കേണം;
പല കാലം തപസ്സു ചെയ്ത്
പല പീഡകളേല്‍ക്കണം.

കാടുകളില്‍ കഠിനത കുറുകിയ
കല്ലുകളും കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍
നീരാടി തുറുകണ്ണുകളില്‍
ഉതിരക്കൊതി കത്തിച്ച്
ഇതളു പുതച്ചരളുന്നു
പശിയേറും വനവില്ലികള്‍.
വഴിവെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരു കുന്നായ്
മരുവുന്നു ചങ്ങാതി.
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ.
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ.

ഒരുമട്ടാ കുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ.
വിരല്‍ വെച്ചാല്‍ മുറിയുമൊഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകള്‍ ചീങ്കണ്ണികളുണ്ടതില്‍
അതു നീന്തണമക്കരെയെത്താന്‍.

അതു നീന്താമെന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം.
കടുവിഷമാണൊന്നില്‍, മറ്റതി-
ലെരിതീയും ചങ്ങാതി.
കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവിവിടും പൂതത്താന്‍,
മറ്റതിലോ തീക്കനല്‍ കാറി-
ത്തുപ്പും നെടുനെട്ടനരക്കന്‍
ദംഷ്ട്രകളും വിഷവും തീയും
പറ്റാത്തൊരു കവചം നേടി.

പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍
ആ വഴിയേ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊന്‍പട്ടം കെട്ടിയൊരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെഴുനള്ളിപ്പോം നിന്നെ.
വഴിവെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോല്‍ മാനിക്കണമല്ലോ.

പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും.
നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പാലകാഞ്ഞിരം പൂത്തുചൊരിഞ്ഞ്
ചരലുകളില്‍ മണമിഴയുമ്പോള്‍
വഴിവില്ലിയൊഴിക്കാന്‍ നിന്നെ
ബലി ചെയ്'വോം കാളിക്കൊടുവില്‍.
ദീവെട്ടിച്ചോപ്പിലിരുട്ടില്‍
നെഞ്ചു കുളിര്‍ത്തമ്മ രസിക്കും.

അമ്മ തകും പാലച്ചോട്ടില്‍,
നന്‍മ തകും പാറക്കൂട്ടില്‍,
വഴിവെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാക്കും.
വഴിപാടായ് കാലാകാലം
'വഴിവെട്ടും വേല' കഴിക്കും.

പലവഴിയില്‍ പെരുവഴിയേതെ-
ന്നെങ്ങള്‍ക്കു പകപ്പു പെടായ്'വാന്‍
പെരുമൂപ്പന്‍വഴി,യെന്നതിനെ
തൃപ്പേരു വിളിപ്പാമല്ലോ.

നീ വെട്ടിയ വഴിയിലൊരുത്തന്‍
കാല്‍കുത്തി,യശുദ്ധി വരുത്താന്‍
ഇടയാകാതെങ്ങളു കാപ്പോം
ഇനി നീ പോ ചങ്ങാതി.

പെരുവഴിയേ പോകും ഞങ്ങള്‍
പുതുവഴി വഴിപാടിനു മാത്രം.  

No comments: