Wednesday, January 17, 2018

കപോതപുഷ്പം

- കുമാരനാശാന്‍

ഇതരസൗരഭവീചിയെ മേന്‍മയാല്‍
വിധുരമാക്കിയിളം കുളിര്‍വായുവില്‍
എതിരകന്നിവിടെ പ്രസരിപ്പൊരീ-
മധുരഗന്ധമഹോ! മതിമോഹനം

ഭ്രമരനീലദലാവലികള്‍ക്കുമേല്‍
വിമലമായ് മലര്‍മഞ്ജരിയൊന്നിതാ
കമഠമുള്ളിലെഴുന്ന കുളത്തില്‍ നീര്‍-
ക്കുമിളതന്‍ നിരപോല്‍ വിലസുന്നുതേ!

ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാര്‍ന്നതി നിര്‍മ്മല-
ച്ഛവിയൊടും പുതുചിപ്പി വിടര്‍ന്നതോ?

അതിവിചിത്ര മനോഹര ശില്‍പ്പമി-
പ്പുതിയ പൂംകരകൌശലശാലയില്‍
ഇതിനൊടൊത്തൊരു ദന്തമയങ്ങളാം
കൃതികളില്ല വിധേ, വിഭുതന്നെ നീ!

അഹഹ! നിര്‍മ്മല ലോല മനോജ്ഞമീ-
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ വിധിചേഷ്ട പിറാവിതില്‍
സഹജമോ, നിഴലോ, മിഴിമായയോ!

ഒരു വികാരവുമെന്നിയഹോ! ഖഗം
മരുവിടുന്നിതു മൌനസമാധിയില്‍
പറവയില്‍ ചിലതുണ്ടവതാരമായ്,
പറയുമങ്ങനെയാഗമവേദികള്‍

ഭുവനതത്ത്വവുമന്തവുമൊന്നുമേ
വിവരമില്ല, പഠിച്ചു വലഞ്ഞിതേ!
ഇവനതെന്‍ പരിശുദ്ധ കപോതികേ,
ഭവതിയോരുകിലമ്പിനോടോതണേ!                

(DOVE ORCHID എന്ന പുഷ്പത്തെപ്പറ്റി എഴുതി 10-03-1092(കൊല്ലവര്‍ഷം)ല്‍, ആത്മപോഷിണിയില്‍ പ്രസിദ്ധപ്പെടുത്തിയതാണ്‌ ഈ കവിത)               
                                            

No comments: