- പി പദ്മരാജന്‍
പെട്ടെന്നൊരു ദിവസം രാവിലെ ഉറക്കമുണരുമ്പോള്‍, നിങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കുന്നു. മകള്‍ പോയി.
മകള്‍ - ഓമനിച്ചിട്ടൊന്നുമല്ലെങ്കിലും, തീറ്റയും തുണിയും കൊടുത്ത് ഇരുപത് കൊല്ലം വളര്‍ത്തിയെടുത്ത യുവതി ജയശ്രി.
അവള്‍ ഒളിച്ചോടിയതുതന്നെയാണെന്ന് ഊഹിക്കാന്‍ നിങ്ങള്‍ക്ക് വിഷമമൊന്നുമില്ല. എന്തെങ്കിലുമൊരു തുമ്പിനുവേണ്ടി അവളുടെ പെട്ടിയും മേശയുമെല്ലാം വാരിവലിച്ചിട്ട് പരിശോധിക്കുന്നു, നിങ്ങള്‍ ചങ്കിടിപ്പോടെ; ഭാര്യ തേങ്ങിക്കരഞ്ഞുകൊണ്ട്. ആ തിരച്ചിലിനിടയില്‍ നല്ല രണ്ടോ മൂന്നോ ജോഡി സാരികളും, ഉള്ള ആഭരണങ്ങളത്രയും അവളോടൊപ്പം പോയിട്ടുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. കുറിപ്പൊന്നുമില്ല.
ജയശ്രിയുടെ അമ്മ ആദ്യം അല്‍പം ഒച്ചയുണ്ടാക്കിയും ക്രമേണ നിശബ്ദമായും കരയുന്നു. കരച്ചിലിനിടയില്‍ അവര്‍ ആവര്‍ത്തിച്ചു പറയുന്നു.-
'എന്‍റെ മോള്‍ക്ക് എന്തുപറ്റിയോ എന്തോ. ഇവിടെ എന്തുണ്ടായി അവള്‍ക്ക് ഇങ്ങനൊരു ചീത്ത വിചാരം വരാന്‍?'
ഇളയ കുട്ടികള്‍, രണ്ട് അനിയന്മാരും ഒരനിയത്തിയും, കണ്ണുനീരും പരിഭ്രമവുമായി, വീട്ടിനുള്ളില്‍ അങ്ങുമിങ്ങും പതറി നടക്കുന്നു.
കാരണമൊന്നുമില്ലാതെ നിങ്ങള്‍ ഇളയവളെ തല്ലുന്നു. ഹാഫ് സാരിയിലേക്ക് തെന്നി വീഴുന്ന അവളെ ചതച്ചുകൊണ്ട്, ആവുന്നത്ര ശബ്ദം താഴ്ത്തി ശപിക്കുന്നു -
'നീയും പോടീ, ഏതെങ്കിലും തെണ്ടിയോടൊപ്പം.....'
അവള്‍ ഭയത്തോടെ, ഒരു ഭ്രാന്തനെ നോക്കുംപോലെ നിങ്ങളെ പകച്ചു നോക്കുമ്പോള്‍, നിങ്ങളുടെ ഭാര്യ നിസ്സഹായമായ ഒരു തേങ്ങലുമായി അകത്തെ മുറിയില്‍ ചെന്നുവീഴുന്നു. വെളിയില്‍ ദുര്‍ലക്ഷണം പോലെ കാക്കകള്‍ കരയുന്നു.
ഒടുവില്‍, മുറ്റത്ത് ഇളവെയില്‍ പരക്കാന്‍ തുടങ്ങുകയും തേങ്ങലിന്‍റെ അന്ത്യമെത്തുകയും ചെയ്യുമ്പോള്‍, നിങ്ങളും ഭാര്യയും കൂടി ആലോചിക്കുന്നു -
'പോലീസില്‍ പരാതിപ്പെട്ടാലോ? പത്രത്തില്‍ പരസ്യം കൊടുത്താലോ? അന്വേഷിച്ച് ആളെ വിട്ടാലോ? ബന്ധുവീട്ടില്‍ തിരക്കിയാലോ?'
പിന്നെ അതൊന്നും വേണ്ടെന്ന് വയ്ക്കാന്‍ രണ്ടാളും ഒരേപോലെ നിര്‍ബന്ധിതരാവുന്നു. കാരണം നിങ്ങള്‍ക്കറിയാം, അതുകൊണ്ടൊന്നും ഉദ്ദേശിച്ച പ്രയോജനമുണ്ടാവുകയില്ലെന്ന്. കൂടുതല്‍ നാറാമെന്നല്ലാതെ, നാടൊട്ടുക്ക് അറിയിക്കാമെന്നല്ലാതെ....
പിന്നെ വേറൊന്നുകൂടി നിങ്ങള്‍ക്കറിയാം.... അവള്‍ ആരോടൊപ്പമാണ് പോയിരിക്കുന്നതെന്ന്.
'പോയവള്‍ പോട്ടെ..'
- അരിശം മൂത്ത് നിങ്ങള്‍ പിറുപിറുക്കുന്നു -
'ഇനിയവളെ ഈ വീടു കാണാന്‍ ഞാന്‍ സമ്മതിക്കുകേലാ..'
ഭാര്യയും ഇളയകുട്ടികളും കേള്‍ക്കാന്‍ വേണ്ടി, നിങ്ങള്‍ ഇതേ കാര്യം തന്നെ, പലവട്ടം, പലമട്ടില്‍ ആവര്‍ത്തിക്കുന്നു, ഉറക്കെയുറക്കെ. നിങ്ങളുടെ കോപതാപങ്ങള്‍ അറിയുന്ന അവര്‍ക്കാര്‍ക്കും മറിച്ചൊരക്ഷരം ഉരിയാടാനുള്ള ശേഷിയില്ല.
അങ്ങിനെയങ്ങിനെ, ആ ദിവസം അവസാനിക്കുന്നു.
പിന്നാലെ....
പുതിയൊരു ദിവസം ഉണ്ടാകുന്നു.
No comments:
Post a Comment