- വിഷ്ണു നാരായണന്‍ നമ്പൂതിരി
'ഒരു സങ്കീര്‍ത്തനം പോലെ'
ഇപ്പോള്‍ വായിച്ചു തീര്‍ത്തു ഞാന്‍.
ഒരു സങ്കീര്‍ത്തനം പോലെന്‍
മനോവീണയിലിപ്പൊഴും
ഇമ്പമായ് ഈണമായ് അന്ത-
സ്പന്ദമായ് മന്ത്രശുദ്ധമായ്
അതു നീണ്ടു മുഴങ്ങുന്നു
വേദനാ മധുരസ്വരം.
ദസ്തയേവ്സ്ക്കിയെപ്പണ്ടു
പഠിപ്പിച്ചിട്ടറിഞ്ഞു ഞാന്‍;
പെരുത്തുനോവുതിന്നോരേ
പൊരുളിന്നധികാരികള്‍!
ജീവിതച്ചൂതിലൊന്നൊന്നായ്
ചേതപ്പെട്ടാത്മപീഡതന്‍
നെല്ലിപ്പലകയില്‍ ചെന്നു
നിലമുട്ടിപ്പരുങ്ങവേ
തളിര്‍പോലൊരു കൈ വന്നു
താങ്ങിടും സ്നേഹവായ്പിനെ
ദൈവമെന്നു വിളിപ്പൂ മ-
റ്റില്ല വാക്കെന്നകൊണ്ടു നാം.
കഷ്ടപ്പാടിന്‍ കലക്കങ്ങള്‍
കാരുണ്യത്തിന്‍ തെളിച്ചവും
അഗാധബോധം ചുംബിക്കു-
മാത്മശക്തി പ്രകര്‍ഷവും
നിഴല്‍വെട്ടങ്ങള്‍ പോല്‍ തെറ്റും-
ശരിയും ചേര്‍ന്ന പാതയില്‍
ചോടുവച്ചിടറിപ്പോകും
ജീവന്‍റെ ഗതിഭേദവും
എത്രമേല്‍ സൂക്ഷ്മമായ് താങ്കള്‍
നിവേദിക്കുന്നു ഭാഷയാല്‍
നിസര്‍ഗ നിരലങ്കാര-
നിര്‍മലാലാപ ശൈലിയില്‍!
അക്കയ്യില്‍ (അന്ന തന്‍ കയ്യില്‍
ദസ്തയേവ്സ്ക്കിയെന്നപോല്‍)
മുത്തം പകര്‍ന്നു നില്‍ക്കുന്നു
മുഗ്ധ ഭാവാര്‍ദ്ര കൈരളി!
(മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായ ശ്രീ. പെരുമ്പടവം ശ്രീധരന്, ശ്രീ. വിഷ്ണു നാരായണന്‍ നമ്പൂതിരി സ്നേഹപൂര്‍വ്വം സമ്മാനിച്ച രചനയാണ് ഇത്. 1996ലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്. പെരുമ്പടവം ശ്രീധരന്‍റെ, 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍ കവിയ്ക്ക് അത്രമേല്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവണം.
വായന പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'ശ്രീവല്ലി' എന്ന കവിതാപുസ്തകത്തില്‍ നിന്നുമാണ് ഈ കവിത എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.)
No comments:
Post a Comment