- കാരൂര്‍ നീലകണ്‌ഠപ്പിള്ള
കുട്ടപ്പന്‍ പുതച്ചിരുന്ന ചാക്ക് മാറ്റി പായില്‍ നിന്നെഴുന്നേറ്റു. മുറ്റത്തേക്കിറങ്ങി. തണുപ്പുക്കൊണ്ട് അവന്‍റെ താടി കിടുകിടുത്തു. അവന്‍ മുറിക്കുള്ളിലേക്ക് തിരിച്ചുകേറി.
"ചോരയുറഞ്ഞുപോകുന്ന കുളിര്! കൊറേനേരം കൂടെ കെടക്കട്ടെ."
അമ്മ ആ എട്ടുവയസ്സുള്ള ഏകസന്താനത്തെ വിഷാദത്തോടെ നോക്കി.
അല്‍പ്പം കഴിഞ്ഞ്, 'കെടന്നാല്‍ പറ്റൂല്ലല്ലോ' എന്നു പറഞ്ഞ് അവന്‍ എഴുന്നേറ്റു.
"ഈ മഞ്ഞൊന്നു മാറീട്ടു പോയാ മതി, മോനേ. വല്ല പനീം പിടിച്ചു നീയും കെടന്നുപോയാല്‍...!"
"പനീം മറ്റും പിടിക്കൂല്ലാമ്മേ. തണുപ്പുകൊണ്ട് അസ്ഥികൂടെ നോവുന്നതാ സഹിക്കാന്‍ മേലാത്തെ. ഒരു ബനിയന്‍ മേടിക്കണമേന്നോര്‍ത്തിട്ട് പറ്റുന്നില്ലല്ലോ."
"എന്തു ചെയ്യാനാ! എത്ര ബനിയന്‍ മേടിക്കാനുള്ള കാശ് എന്‍റെ ദീനത്തിനു തന്നെ നീ ചെലവാക്കി! ഈ പ്രായത്തിലൊള്ള കുഞ്ഞിനെയിട്ടു കഷ്ടപ്പെടുത്തണമെന്നാണല്ലോ എന്‍റെ തലേലെഴുതിയത്!" - എന്നു പറഞ്ഞപ്പോഴേക്ക് അവളുടെ തൊണ്ടയിടറി.
അവള്‍ക്കെന്നും ദീനമാണ്. പുറത്തെങ്ങും പോകാന്‍ വയ്യ. കുട്ടപ്പന്‍ ഓല കൊണ്ടുവന്നുകൊടുത്താല്‍ അവള്‍ മെടയും. തഴ കൊണ്ടുവന്നുകൊടുത്താല്‍ നെയ്യും. കുറച്ചുനേരം കുത്തിയിരിക്കുമ്പോള്‍ ദേഹം മുഴുവന്‍ വേദനിച്ചിട്ടു പണി നിര്‍ത്തും. ഓലയും പായും വില്‍ക്കാനും കുട്ടപ്പന്‍ പോകണം.
ഇപ്പോള്‍ അഞ്ചാറു ദിവസമായിട്ട് അവള്‍ക്കൊന്നും വയ്യ.
"ഇനി ഞാന്‍ ദെവസോം ഈ രണ്ടണ സൂക്ഷിച്ചു വയ്ക്കും. ഒരു ബനിയന്‍ മേടിച്ചിട്ടു പിന്നത്തെ കാര്യൊക്കെ..." - എന്നുപറഞ്ഞ് തുഴയുമെടുത്തു കൊണ്ട് അവന്‍ വള്ളത്തില്‍ ചെന്നുകേറി. ആഞ്ഞു തുഴഞ്ഞു ദേഹത്തിനു ചൂടുവരുത്തി. അവന്‍റെ ചുണ്ടില്‍നിന്നും വിറയല്‍ മാറി; ആശ്വാസസൂചകമായ ഒരു മൂളിപ്പാട്ട് പുറപ്പെടുകയും ചെയ്തു.
അവന്‍ കടത്തുകടവിലെത്തി. രണ്ടുമൂന്നുപേര്‍ അവനെ കാത്തെന്ന വണ്ണം അവിടെ നിന്നിരുന്നു.
"അക്കരയ്ക്കാണെങ്കില്‍ കേറിക്കോ." - വന്ന വരവിന് ഒരു കോളുകിട്ടിയ സന്തോഷത്തോടെ അവന്‍ പറഞ്ഞു.
"ഇത്ര കൊച്ചുവള്ളത്തില്‍ കേറി ഈ മഞ്ഞത്തു മുങ്ങാന്‍ ഞങ്ങളില്ല." - യാത്രക്കാരിലൊരാള്‍ പറഞ്ഞു.
"മുങ്ങുന്നതെങ്ങനെയാ? തൊഴ എന്‍റെ കൈയിലല്ലേ ഇരിക്കുന്നേ? നിങ്ങളു കേറിക്കോളിന്‍." - കുട്ടപ്പന്‍ അവരുടെ മുഖത്ത് ആശയോടെ നോക്കിക്കൊണ്ടു നിന്നു : "കേറുന്നില്ലേ?"
അവര്‍ കേട്ടതായി ഭാവിച്ചില്ല. അക്കരെനിന്ന് വരുന്ന വലിയ വള്ളം നോക്കിനില്‍ക്കുന്ന അവരെ ഉപേക്ഷിച്ചിട്ട്, 'ശകുനം പെഴയാണല്ലോ' എന്ന്‍ പൊറുപൊറുത്തുകൊണ്ട് അവന്‍ അക്കരയ്ക്ക് തുഴഞ്ഞു. അപ്പോഴേക്ക് കുറേക്കൂടി വലിയ വള്ളങ്ങളും പ്രായമായ വള്ളക്കാരും ഒക്കെ കടവില്‍ വന്നുതുടങ്ങി. വൈകുന്നേരം വരെ, വള്ളവും കൊണ്ട് ചുറ്റിക്കറങ്ങിയിട്ട്, അവന് അന്നത്തെ അരിയ്ക്ക് വേണ്ട കാശ് കിട്ടിയില്ല. യാത്രക്കാരുടെ വരവ് നിലച്ചപ്പോള്‍, അവന്‍ കുറച്ച് അരിയും വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു. വള്ളം കടവില്‍ കെട്ടിയിട്ട്, മുറ്റത്തേക്ക് നടന്നപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു : "അമ്മേ, ഞാന്‍ വന്നു."
"വല്ലോം കിട്ടിയോ മോനേ? ഞാന്‍ വെള്ളോം അടുപ്പത്തിട്ട് ചെവീം ഓര്‍ത്തോണ്ടിരിക്കുകാരുന്നു."
അവന്‍ അരി കഴുകി അടുപ്പത്തിട്ടു. - "എന്‍റെ മുണ്ടപ്പിടി കീറിയെന്നാ തോന്നുന്നെ" - എന്നുപറഞ്ഞ് മുണ്ടഴിച്ച് അടുപ്പിലെ വെളിച്ചത്തില്‍ നിവര്‍ത്തു പിടിച്ചു നോക്കി. അത് ഒരുമുഴം നീളത്തില്‍ കീറിയിരിക്കുന്നു!
അമ്മ മിണ്ടിയില്ല.
"ചതിവായല്ലോ. ബനിയന്‍ മേടിച്ചു! മുണ്ടുടുത്തിട്ടല്ലേ ബനിയന്‍! ഒലക്കേടെ മൂട്."
"മുണ്ടും വെനിയനും ഒക്കെ ഒണ്ടാകും മോനേ. നീ കൊറേ തഴ കൊണ്ടെത്താ. മേലെങ്കിലും ഞാന്‍ ഒരു പായ് നെയ്തുതരാം. അതുവിറ്റ് ഒരു മുണ്ടു മേടിക്ക്."
"എഴുന്നേറ്റിരിക്കാന്‍ മേലാത്ത അമ്മേക്കൊണ്ടു പാ നെയ്യിച്ചാ, ഞാന്‍ മുണ്ടു മേടിക്കാന്‍ പോണെ! എനിക്കു മുണ്ടും വേണ്ട ഉടുപ്പും വേണ്ട."
"അങ്ങനെയൊക്കെപ്പറയാതെടാ. നീയൊരാണല്ലേ! എല്ലാം ഒണ്ടാകും."
"ഒണ്ടാകും ഒണ്ടാകും! വെളുത്താലിരുട്ടുന്നതുവരെ ഈ വള്ളോം കൊണ്ടു നടന്നാല്‍ അരിക്കു കാശു കിട്ടുകേല്ല. വഴിക്കാരേക്കാള്‍ ഇരട്ടിയാ വള്ളക്കാര്. പിന്നെയെങ്ങനെ കിട്ടാനാ?
"ദൈവം തരും മക്കളെ."
"മുണ്ടും ഉടുപ്പുമോ?"
"മുണ്ടും തരും, ഉടുപ്പും തരും."
"എന്നാല്‍ തന്നോട്ടെ."
അടുത്ത പ്രഭാതത്തിലും കടുത്ത മഞ്ഞിനിടയില്‍ക്കൂടി അവന്‍ വള്ളത്തിനടുത്തു ചെന്നു. അതിലൊരു കടലാസുപൊതി. അതെടുത്തഴിച്ചു നോക്കി. അവന്‍ വിളിച്ചു പറഞ്ഞു : "അമ്മേ, അമ്മ പറഞ്ഞതു നേരാ. ദൈവം ഉടുപ്പും തന്നു. നിക്കറും തന്നു."
ഒരുതരത്തില്‍ എഴുന്നേറ്റ് അമ്മ ഈ അത്ഭുതം കാണാന്‍ വാതില്‍ക്കല്‍ വന്നു പുറത്തേക്കുനോക്കി.
"ദേ കണ്ടോ അമ്മേ, നല്ല ഒന്നാന്തരമാ. ഞാന്‍ കണ്ണാടീലൊന്നു നോക്കട്ടെ. ഈ ഷര്‍ട്ടിനു ബട്ടണ്‍സില്ല. ആദ്യം കിട്ടുന്ന അരയണയ്ക്കു ഞാന്‍ രണ്ട് ബട്ടണ്‍സു മേടിക്കും."
അമ്മ പറഞ്ഞു : "എന്‍റെ മക്കളേ, എനിക്കിതു കണ്ടിട്ടു പേടിയാകുന്നു."
"ഉടുപ്പും നിക്കറുമിട്ട് എന്നെക്കണ്ടാല്‍ പോലീസുകാരനാണെന്നു തോന്നും, അല്ലേ? അമ്മ പേടിക്കേണ്ട."
"നിനക്കതു ചേരുകേല്ല. അങ്ങോട്ടൂര്." - എന്ന്‍ അവള്‍ പറഞ്ഞു.
"ആരാ പറഞ്ഞെ എനിക്ക് പാകമല്ലെന്ന്‍? എന്‍റെ അളവിന് തയ്പ്പിച്ചതുപോലെയാ. അമ്മയൊന്നു തൊട്ടുനോയ്ക്കേ. മിനുമിനാന്നല്ലേ ഇരിക്കുന്നേ!"
"മിനുമിനാന്ന്‍! അത്ര മിനുമിനുക്കുകേം മറ്റും വേണ്ട. എനിക്കതൊട്ടു തൊടുകേം വേണ്ട." - അമ്മയുടെ ശബ്ദത്തില്‍ ശോകവും പരിഭവവും സ്ഫുരിച്ചു.
"ഇതെവിടുന്നു കിട്ടിയെടാ?നീയതിട്ടോണ്ടു നില്‍ക്കാതെ.വല്ലോരും വന്നു പിടിച്ചോണ്ടുപോയാല്‍..."
"അതു പേടിക്കേണ്ട. അമ്മേയിട്ടേച്ച്, ദൈവം തമ്പുരാന്‍ വിളിച്ചാലും ഞാന്‍ പോകുകേല്ല."
"പോകണ്ട. ഇതാരു തന്നെന്നു പറ."
"ദൈവം തന്നതാ. ഈ വള്ളത്തേല്‍ വെച്ചിരുന്നു. ആ കെടക്കണ കടലാസ്സില്‍ പൊതിഞ്ഞു വെച്ചിരുന്നു. പിന്നെയെന്തിനാ പേടിക്കുന്നെ?"
"വള്ളത്തേല്‍ ദൈവം കൊണ്ടുവച്ചിരുന്നോ! അതു ദൈവമല്ല. പിശാചാ. എന്‍റെ കുഞ്ഞിനിത് വേണ്ട."
"പിശാചോ? അമ്മ കണ്ടോ? ഇന്നലെ അമ്മ പറഞ്ഞില്ലേ- ദൈവം തരുമെന്ന്."
"ഞാന്‍ പറഞ്ഞതിങ്ങനെ തരുമെന്നല്ല. ദൈവം ഉടുപ്പും മുണ്ടും പൊതികെട്ടി ഓരോരുത്തര്‍ക്കു കൊടുക്കാന്‍ നടക്കുകാണോ?നീയത് ഊറി ആ കടലാസില്‍ പൊതിഞ്ഞ് ഇരുന്നേടത്തു വെച്ചേരെ."
"അതെന്തിനാ അമ്മേ? വള്ളത്തേലെന്തിനാ വയ്ക്കുന്നെ? ഈ പെരയ്ക്കകത്തു വെച്ചേക്കാം. വഴീലിരുന്നു കിട്ടിയാലും അമ്മ സമ്മതിക്കുകേല്ല." - അവന്‍റെ മുഖം വാടി.
അമ്മ പറഞ്ഞു : "ഞാന്‍ സമ്മതിക്കുകേല്ല. നിനക്കാ ഉടുപ്പു വല്യ കാര്യമായിരിക്കും. എനിക്കതിനേക്കാള്‍ വലുത് നീയാ. നെനക്കു കണ്ണാടീല്‍ നോക്കി വേണ്ടേ അതിന്‍റെ ഭംഗി കാണാന്‍? എനിക്കത് വേണ്ട. നിനക്കതു ചെരുകേല്ല. വള്ളത്തേല്‍ കേറിയ ഏതോ വഴിക്കാരന്‍ വെച്ചുമറന്നതാ. അവരു വന്ന് എടുത്തോണ്ട് പൊയ്ക്കോളും. ആ വള്ളമല്ലേടാ നിന്‍റെ ചോറ്? നിന്‍റെ ദൈവം അതാ. നിന്‍റെ വള്ളത്തേല്‍ വച്ച സാധനം നഷ്ടപ്പെട്ടെന്നാരെങ്കിലും പറഞ്ഞാല്‍ നിന്‍റെ ഊണു മുട്ടി." - അവരുടെ ശബ്ദം ഇടറി.
കുട്ടപ്പന്‍റെ നോട്ടം തറയിലേക്കായി. അവന്‍ ഉടുപ്പും നിക്കറും ഊരി പൊതിഞ്ഞു വള്ളത്തില്‍ കൊണ്ടുവച്ചു. ഒന്നും മിണ്ടാതെ വള്ളത്തില്‍ കേറി തുഴഞ്ഞു കടവിലേക്കു പോയി. അവന്‍റെ നോട്ടം ആ പൊതിക്കെട്ടിലായിരുന്നു. വള്ളത്തില്‍ കയറിയവരാരും അതില്‍ ശ്രദ്ധിച്ചില്ലതാനും.
വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞു : "എനിക്കു വയ്യ ഈ പിശാചിന്‍റെ ഉടുപ്പും കൊണ്ടു നടക്കാന്‍. ഞാനതെടുത്ത് ആറ്റില്‍ കളയും."
അമ്മ മിണ്ടിയില്ല. ഉടുക്കാന്‍ മുണ്ടില്ലാത്ത കുട്ടി ഉടമസ്ഥനില്ലാത്ത ഉടുപ്പും നിക്കറും കൊണ്ടങ്ങനെ നടക്കുക!
അമ്മ തീരുമാനിച്ചുകഴിഞ്ഞു ഇനി അതിന് ഇളക്കമില്ല എന്നു മനസ്സിലാക്കിയ മകന്‍, പിന്നെ അക്കാര്യം മിണ്ടിയില്ല.
അടുത്ത ദിവസം വള്ളക്കടവില്‍വെച്ചു കുട്ടപ്പന്‍റെ ഒരു കൂട്ടുകാരന്‍ ഈ പൊതി കണ്ടു.
"എന്താ കുട്ടപ്പാ പൊതീല്? ഉച്ചയ്ക്കു തിന്നാന്‍ അമ്മ തന്നയച്ചതാണോ? കഞ്ഞി കുടിക്കാനും കടവീന്നു പോകാതിരിക്കാന്‍? ഇപ്പോള്‍ സമ്പാദ്യം കുറെ കാണുമല്ലോ ഇക്കണക്കില്‍ നിനക്ക്."
"പോടാ കളിയാക്കാതെ. ആരാണ്ടു മറന്നുവെച്ച ഒരുടുപ്പാ അത്."
"അമ്പടാ കള്ളം പറയുന്നോ?"
"നേരാടാ."
"എന്നിട്ടു നീയെടുത്തു വീട്ടില്‍ കൊണ്ടു പോകാത്തതെന്താ?"
"എന്‍റെയല്ലാഞ്ഞിട്ട്. അതിന്‍റെ ഒടേക്കാരന്‍ വന്നു കൊണ്ടു പൊയ്ക്കോളും."
"അയാള്‍ക്കറിയാവോ ഈ വള്ളത്തേല്‍ വെച്ചെന്ന്? നീയെടുത്തിട്ടോടാ."
"എന്നിട്ടു വീട്ടിലേക്കു ചെന്നാല്‍ അമ്മയെന്നെ ചൂലെടുത്തു തല്ലും."
"എന്നാലിങ്ങു തന്നേരെ. നെനക്കു വേണേല്‍ നാലണ തരാം."
"ഞാനെങ്ങും തരുകേല്ല. അമ്മയറിഞ്ഞാല്‍ എന്നെ കൊല്ലും."
"അമ്മയെങ്ങനെയറിയും? ഒടേക്കാരന്‍ വന്നു കൊണ്ടു പോയെന്നു പറഞ്ഞേക്കണം. നീയൊരു മണ്ടനാ."
"മണ്ടനായിക്കോട്ടെ. അമ്മയോടു ഞാന്‍ നൊണ പറഞ്ഞാല്‍ പിന്നെ ആരാ നേരു പറയാന്‍!"
"ഓ! ഒരു നേരുകാരന്‍! നീയൊക്കെ വള്ളോം കൊണ്ടു കടവില്‍ വരാന്‍ തൊടങ്ങിയപ്പോള്‍ വള്ളക്കാരുടെ വായില്‍ മണ്ണായി.ഒരാണ്ടിനകം ഇവിടെ പാലം വരും പോലും."
"ഇവിടെ പാലം പണി തുടങ്ങുമ്പം ഞാനൊരു വീടിക്കട തൊടങ്ങും." - എന്നു കുട്ടപ്പന്‍ പറഞ്ഞു. - "ഒരുപാടു പണിക്കാരുണ്ടാകും. നല്ല പിരിവുണ്ടാകും."
കൂട്ടുകാരന്‍ പറഞ്ഞു : "ഞാനും കൂടാം. ഞാനതൊന്നഴിച്ചു നോക്കട്ടെ."
"വേണ്ട."
"അതിലുടുപ്പും മറ്റുമല്ല കുട്ടപ്പാ. വല്ല പച്ചമുളകോ വെറ്റയോ ആയിരിക്കും. രണ്ടുമൂന്നു ദിവസമായില്ലേ? ഒക്കെ കരിഞ്ഞുകാണും. അഴിച്ചു നോക്കാവെടാ. അല്ലേല്‍ എടുത്തു വെള്ളത്തില്‍ കള."
"വെള്ളത്തിലിട്ടാല്‍ നിനക്കെടുക്കാമല്ലോ, അല്ലേ? നല്ല ബുദ്ധി! നീ നിന്‍റെ പാടുനോക്ക്" - എന്നു പറഞ്ഞു കുട്ടപ്പന്‍ അക്കരയ്ക്കു വള്ളം വിട്ടു.
കുറേനേരം ഒരു പ്രയോജനവുമില്ലാതെ അവിടവിടെ തുഴഞ്ഞുനടന്ന അവന്‍റെ വള്ളത്തില്‍ വന്നുകേറിയ ഒരുവന്‍ ആ പൊതി കണ്ടു; നോക്കി; ശ്രദ്ധിച്ചു.
അയാള്‍ ചോദിച്ചു : "എന്താ ഈ കെട്ടില്?"
"അതിലെന്താണെന്നു പറയുന്നോര്‍ക്കു കൊടുക്കാന്‍ രണ്ടു ദിവസമായി ഞാന്‍ അതുംകൊണ്ടു നടക്കുകാ."
"ഇതുവരെ ആരും പറഞ്ഞില്ലേ?"
"ആരും പറഞ്ഞില്ല. അതിന്‍റെ ഒടേക്കാരന്‍ വരുമ്പം പറയും."
"നീ അഴിച്ചു നോക്കിയോ?"
"ഞാന്‍ നോക്കി. എന്‍റെ വള്ളത്തേലൊരു സാധനം കണ്ടാലെന്താണെന്നു നോക്കണ്ടേ?"
"ഉടമസ്ഥന്‍ വന്നില്ലെങ്കിലോ? അയാള്‍ക്കറിയാമോ ഇവിടെയിരിക്കുന്നെന്ന്‍?"
"വന്നില്ലെങ്കില്‍ അത് വള്ളത്തേലിരിക്കും. രാത്രി വള്ളത്തേന്നു വല്ലോരും തട്ടിക്കൊണ്ടു പോകുവോന്നാ എന്‍റെ പേടി. വീട്ടിലെടുത്തുവയ്ക്കാന്‍ അമ്മ സമ്മതിക്കുകേല്ല. അതു പിശാചു കൊണ്ടുവെച്ചതാന്നാ അമ്മ പറയുന്നത്."
"പിശാചോ! ഞാന്‍ പിശാചാണോ? എന്‍റെയാ ഇത്."
"എന്നാല്‍ നിങ്ങളെടുത്തോ. അതിലെന്താണെന്നു പറഞ്ഞേച്ചെടുത്തോളൂ."
"അതിലൊരുടുപ്പും നിക്കറും. അതു പോയെന്നു വിചാരിച്ചു ഞാന്‍ വേറെ തയ്പ്പിച്ചുകൊടുത്തു എന്‍റെ മകന്."
"എന്നാലെടുത്തോളൂ."
"നീ അഴിച്ചുനോക്കിയിട്ടു നിനക്കു വേണമെന്നു തോന്നിയില്ലേ?" - എന്നു യാത്രക്കാരന്‍ ചോദിച്ചു.
"എനിക്കെന്തിനാ വല്ലോരടേം?" - അല്‍പ്പം കഴിഞ്ഞ് അവന്‍ തുടര്‍ന്നു : "അമ്മയെന്നെ കൊന്നുകളയും. ഞാന്‍ ചത്താല്‍ അമ്മയ്ക്കു പിന്നെയാരും ഇല്ല താനും."
"എവിടെയാ നിന്‍റെ വീട്?"
"കുറച്ചു കരോട്ടാ. ആറ്റരികിലാ. ഇവിടന്ന്‍ ഒറക്കെ കൂവിയാല്‍ വീട്ടില്‍ കേള്‍ക്കാം."
"അച്ഛനും ചേട്ടനും ആരുമില്ലേ?"
"എനിക്കമ്മ മാത്രേയുള്ളു. പിന്നെ ഈ വള്ളോം. അച്ഛന്‍ ആളുകളെ ഇറക്കിക്കൊണ്ടിരുന്ന വള്ളാ ഇത്."
"വള്ളം കരോട്ടേക്കു വിട്. എനിക്കങ്ങോട്ടാണു പോകേണ്ടത്."
കുട്ടപ്പന്‍ തുടര്‍ന്നു : "ഇപ്പം നൂറു വള്ളക്കാരാ കടത്തുകടവില്‍. എന്നാ കിട്ടാനാണെന്നേ. ഇനി ഇതും നില്‍ക്കും. ഇവിടെ പാലം വരുകാ. പാലം വന്നോട്ടെ. അപ്പോള്‍ ഞാനൊരു കച്ചോടം തുടങ്ങും. വീടിക്കട."
"നിനക്കു വേണമെങ്കില്‍ ഞാനൊരു ജോലി തരാം."
"എനിക്കു വരാനൊക്കത്തില്ലല്ലോ. ഞാന്‍ പോന്നാല്‍ എന്‍റെ അമ്മയ്ക്കാരാ ഒരു തുണ? ഞാന്‍ വരുകേല്ല."
അവന്‍റെ വീടിന്‍റെ മുമ്പില്‍ വള്ളം എത്തിയപ്പോളവന്‍ പറഞ്ഞു : "ദേ, ഇതാ എന്‍റെ വീട്."
"എന്നാലങ്ങോട്ടടുപ്പിച്ചേരെ."
"നന്നായി. എനിക്ക് അമ്മേ ഒന്നു കാണുകേം ചെയ്യാം."
വള്ളം കരയ്ക്കടുത്തപ്പോള്‍ യാത്രക്കാരന്‍ കടലാസുപൊതി എടുത്തുകൊണ്ടു കരയ്ക്കിറങ്ങി.
"ഇന്നാ, ഇതൊന്നിട്ടു നോക്ക്, നിനക്കു പാകമാണോന്ന്‍."
"എനിക്കു മേല."
"നീയെടുത്തോ. നിനക്കു ഞാന്‍ തന്നിരിക്കുന്നു."
"ഇവിടം വരെ നിങ്ങളെ കൊണ്ടുവന്നതിനോ? എന്നെ കളിയാക്കണ്ട. രണ്ടണ തന്നേക്കൂ. അതുമതി."
"കളിയാക്കുകയല്ല. വള്ളക്കൂലിയുമല്ല. അതു വേറെ തരാം. നിന്‍റെ നേരിനുള്ള സമ്മാനമാണിത്."
ഈ സംഭാഷണം കേട്ടു പുറത്തുവന്ന അമ്മയോട് അവന്‍ ചോദിച്ചു : "അമ്മ കേട്ടോ, ഇതെനിക്കാണെന്ന്. പിശാചിന്‍റെ ഈ ഉടുപ്പിട്ടോണ്ടു നടന്നാല്‍ എന്നെ കൂട്ടുകാരു കളിയാക്കുവോ അമ്മേ?"
അമ്മ പറഞ്ഞു : "ഇപ്പോളതു ദൈവത്തിന്‍റെയാ മക്കളേ, മേടിച്ചോളൂ."
(നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച, കാരൂര്‍ നീലകണ്‌ഠപ്പിള്ള രചിച്ച കഥകളുടെ സമാഹാരമായ 'തെരഞ്ഞെടുത്ത കഥകള്‍ - ഭാഗം 1'-ല്‍ നിന്നുമാണ് ഈ കഥ എടുത്തിരിക്കുന്നത്.)
image Ⓒ Arthur Egeli (Painting: A Boy and His Sailboat)
2 comments:
a very good attempt, Thank you very much
Notes of chekuthante kuppayam
Post a Comment