Friday, July 30, 2021

വെറും നൂലായിരുന്നു ഞാന്‍








- വി എം ഗിരിജ


ഏറെക്കാലം കാത്തിരുന്നു

കണ്ടു, യാത്ര തിരിക്കവെ

കാണാതെങ്ങനെ പോരുന്നൂ

വന്ദ്യം പൌരാണിക ഗൃഹം!


ഇരുളാണകമേ, പൊന്നിന്‍

തളയിട്ടോരു കാലുകള്‍

നാലുദിക്കുമളന്നോരു

നടുമുറ്റത്തുപോലുമേ.


ആരാണുണ്ണീ പോരടിച്ച-

തെന്നു മാറോടു ചേര്‍ക്കിലും

ഊര്‍ന്നുപോയീ ഭവാനൊറ്റ-

യ്ക്കൂഴി തന്‍ പുതുപാച്ചിലില്‍.


വിശപ്പും വേര്‍പ്പുമായ് ദൂര-

നാട്ടില്‍ നീറുന്ന വേലയില്‍

ഇടിഞ്ഞുപോയി ലോകത്തിന്‍

ഭാരത്താല്‍ ഭ്രാന്തനായിയോ?


അവിടെച്ചളിമണ്ണില്‍ത്താ-

നിരുന്നു നോക്കിടുന്നു നീ-

യോണപ്പൂവിന്‍റെയുള്‍ക്കാമ്പി-

ലൂറും തെനൊത്തൊരശ്രുവെ.


മറ്റുള്ളവര്‍ക്കു വേണ്ടീട്ടേ

തേങ്ങിത്തേങ്ങിക്കരഞ്ഞു നീ

കെട്ടൊരമ്പിളിയേ, ധര്‍മ്മ-

സൂര്യനെത്തെളിയിക്കയാം.


ധവളം ഘൃതകൈലാസ-

ച്ചോട്ടില്‍ തൃശൂരെയപ്പനെ-

ക്കണ്ടില്ലെന്നായിരുന്നീടാം

തൃത്താവിന്‍ കാടു നട്ടു നീ.


മണ്ണിന്നടിയിലെ, ലോഹ-

സ്തരത്തില്‍,ത്തീഷ്ണ ലാവയില്‍

ശിലാകൂടത്തിലല്ലെന്‍റെ

മനസ്സില്‍ത്താന്‍ മഹാബലി;


അതിന്നു മാനം തീര്‍ക്കുന്നു-

ണ്ടരിമാവിട്ട പീഠവും

തുമ്പപ്പൂത്താര നിരയും

എന്ന് മേല്‍പ്പോട്ടു നോക്കി നീ.


അതുകൊണ്ടുമ്മ വെയ്ക്കുന്നു

കണ്ണുപൊട്ടന്‍ കറുമ്പിയേ,

തന്നേക്കാളും ഭാരമുള്ളൊ-

രരിയേറ്റുന്നുറുമ്പുകള്‍.


ആ ബ്രഹ്മകീടജനനി-

യിരിപ്പപ്പുതുമാലയും

പിടിച്ചുഴറ്റൊടേ കാത്തു

കാത്തിരിക്കുന്നു കന്യക.


പാലൂറും മുലയും ചോര-

യിറ്റുവീഴുന്ന ഖഡ്ഗവും

ചേര്‍ന്നൊരമ്മ കുടികൊള്ളും

കാവില്‍ച്ചെന്നു ഭജിച്ചു നീ.


തൊണ്ണൂറാണ്ടുകള്‍ പൊയ്‌പ്പോകെ

വാടാതങ്ങു കെടാതെയും

നിങ്ങള്‍ സൂര്യന്‍ താമരയു-

മിണങ്ങും ശോഭ കാണവേ.


പ്രണമിപ്പൂ ചിദാനന്ദ-

ദ്യുതിയാം നിന്‍റെ വാക്കിനെ.

ഇതേ ചൊല്ലൂ ഭവാന്‍ പക്ഷേ,

വെറും നൂലായിരുന്നു ഞാന്‍!


(അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഈ കവിത, 2015 ജൂലൈ മാസത്തിലെ ഗ്രന്ഥാലോകം മാസികയില്‍ നിന്നുമെടുത്താണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഈ കവിത രചിച്ച വി എം ഗിരിജ, അക്കിത്തത്തിനെ കണ്ടുമടങ്ങുമ്പോള്‍, അദ്ദേഹത്തിന്‍റെ പഴയ തറവാട് കൂടി കണ്ടുമടങ്ങുന്നതാണ് കവിതാസന്ദര്‍ഭം. ഈ കവിതയുടെ പേര് - വെറും നൂലായിരുന്നു ഞാന്‍ - അക്കിത്തത്തിന്‍റെ നിത്യമേഘം എന്ന കവിതയിലെ ഒരു വരി കൂടിയാണ്.)

No comments: