Saturday, August 7, 2021

രണ്ട് പക്ഷി


 




- രബീന്ദ്രനാഥ് ടാഗോര്‍

(വിവര്‍ത്തനം : ജി ശങ്കരക്കുറുപ്പ്)


കൂട്ടിലെക്കിളി കൂടി തന്‍ പൊന്‍കൂട്ടില്‍,

ക്കാട്ടിലെക്കിളി കാട്ടിലു,മെന്നാലും

സംഗതി വന്നു കാണാന്‍ പരസ്പര-

മിംഗിതം വിധിയ്ക്കെന്തായിരുന്നുവോ?


കാട്ടുപക്ഷി വിളിച്ചു : "വാ ചങ്ങാതീ,

വീട്ടുപക്ഷീ, വനത്തിലേയ്ക്കെന്‍ കൂടെ."

വീട്ടുപക്ഷി ക്ഷണിച്ചു : "വരികെടോ

കാട്ടുപക്ഷീ, സുഖിച്ചുകൂടാം കൂട്ടില്‍."


"ഇല്ല, ചങ്ങലയ്ക്കുള്ളില്‍ കുടുങ്ങാന്‍ ഞാ-

നില്ല"യെന്നായി കാട്ടിലെപ്പൈങ്കിളി.

"ഹായി! കാട്ടിലേയ്ക്കെങ്ങനെ പോരു"മെ-

ന്നായി കൂട്ടിലിരിക്കുന്ന കൂട്ടാളി.


കാട്ടുപക്ഷി വനത്തിലെയോരോരോ

പാട്ടു പാടീ പുറത്തിരുന്നങ്ങനെ.

വീട്ടുപക്ഷി പഠിച്ച പദമുരു-

വിട്ടു, ഹാ, ഭാഷ രണ്ടുമെന്തന്തരം!


"പാടി നോക്കൂ, നീ, കൂട്ടിലെച്ചങ്ങാതീ

കാടിന്‍ പാട്ടെ"ന്നായ് കാട്ടിലെപ്പൈങ്കിളി.

കൂട്ടിലെക്കിളി ചൊല്ലി : "പഠിക്കൂ നീ

കൂടിന്‍ സംഗീതം, കാട്ടിലെച്ചങ്ങാതീ."


കാട്ടുപക്ഷി പറഞ്ഞു : "പഠിപ്പിച്ച

പാട്ടുപാടാനെനിക്കില്ല കൌതുകം."

ഓതി കൂട്ടിലെപ്പക്ഷി : "ഞാനാ വന-

ഗീതികളയേ, പാടുന്നതെങ്ങനെ?"


ചൊല്ലി കാട്ടിലെപ്പക്ഷി : "ഘനനീല-

മല്ലീ നിര്‍ബ്ബാധസഞ്ചാരമംബരം?"

ചൊല്ലി കൂട്ടിലെപ്പക്ഷി : "മറ ചൂഴ്ന്ന-

തല്ലീ സുന്ദരസ്വച്ഛമിപഞ്ജരം?"


"നിന്നെ നീ സ്വയം മുക്തമായിട്ടുടന്‍

തന്നെ വിട്ടാലും മേഘനിരകളില്‍."

"നീ നിഭൃതസുഖദമാമിക്കൂട്ടിന്‍-

കോണില്‍ബ്ബദ്ധമായ് സ്വൈരമിരുന്നാലും."


"ഇല്ല,വിടെപ്പറക്കുവാനെങ്ങിടം!"

"ഇല്ല മേഘത്തിലെങ്ങിരിക്കാന്‍ സ്ഥലം!"

രണ്ടു പക്ഷിയുമീവിധം സ്നേഹിക്കു-

ന്നുണ്ടു, പക്ഷെ, കഴിവീലടുക്കുവാന്‍.


കൂടിനുള്ള പഴുതില്‍ മുഖം മുഖ-

ത്തോടിടയ്ക്കൊന്നുരുമ്മിയിരിക്കുന്നു.

പേര്‍ത്തും കണ്‍കളെക്കളോടന്യോന്യം

കോര്‍ത്തുമങ്ങനെ മേവുന്നു മിണ്ടാതെ.


തമ്മില്‍ത്തമ്മിലറിവാന്‍ കഴിവീല,

താനാരെന്നു പറഞ്ഞറിയിക്കാനും.

ഒറ്റപ്പെട്ടു ചിറകു കുടഞ്ഞു കൊ-

ണ്ടൊപ്പം രണ്ടു കിളിയുമിരിക്കുന്നു.

'ഒന്നടുത്തു വരികെ'ന്നവര്‍ തമ്മില്‍

ഖിന്നമാം സ്വരം പൂണ്ടു പറയുന്നു.

             

ഓതി കാട്ടിലെപ്പക്ഷി:-

"ഞാനില്ലാ,നിന്‍ കൂടിന്‍റെ

വാതില്‍ വന്നടയുന്ന-

തെപ്പോഴാണെന്നില്ലല്ലോ."

കൂട്ടിലെക്കിളിയുടെ

വാക്യമിങ്ങിനെയപ്പോള്‍

കേട്ടു : "ഹാ, പറക്കുവാ-

നെനിക്കില്ലല്ലോ ശക്തി."


(വിശ്വമഹാകവി രബീന്ദ്രനാഥ് ടാഗോറിന്‍റെ കവിതകളില്‍ 101 എണ്ണം തിരഞ്ഞെടുത്ത്, 'ഏകോത്തരശതി' എന്ന പേരില്‍ നാഗരികലിപിയില്‍ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കൃതിയുടെ വിവര്‍ത്തനമാണ് മഹാകവി ജി ശങ്കരക്കുറുപ്പ് രചിച്ച 'നൂറ്റൊന്നു കിരണങ്ങള്‍'. അതില്‍ നിന്നും എടുത്താണ് 'DUI PAKHI' എന്ന കവിതയുടെ വിവര്‍ത്തനമായ 'രണ്ട് പക്ഷി' ഇവിടെ ചേര്‍ത്തിരിക്കുന്നത്.)

image Ⓒ : Sayataru Creation

No comments: