Tuesday, September 7, 2021

മമ്മൂട്ടി: പണ്ടെനിക്ക് ഇഷ്ടപ്പെടാതെ പോയ പേര്








- മമ്മൂട്ടി


     എന്‍റെ ബാപ്പയ്ക്കും ഉമ്മയ്ക്കും പോലും ഓമര്‍ ഷരീഫിനെ അറിയില്ല. പക്ഷേ, മഹാരാജാസ് കോളേജിലെ കുറേ കുട്ടികള്‍ക്ക് ഓമര്‍ ഷരീഫിനെ അറിയാമായിരുന്നു. അവരവനെ ഓമറെന്നും ഷരീഫെന്നും വിളിച്ചു. ഈജിപ്ഷ്യന്‍ നടനായ ഓമര്‍ ഷരീഫിനെപ്പോലെ ആകുമെന്നു കരുതി ആ പയ്യന്‍ ഓമര്‍ ഷരീഫ് എന്നു ഭാവിയില്‍ അറിയപ്പെടുന്നതും പ്രതീക്ഷിച്ച് ആഹ്ലാദത്തോടെ നടക്കുകയും ചെയ്തു.

     പക്ഷേ, ഒരുദിവസം അവന്‍റെ പുസ്തകത്തില്‍നിന്നു കോളേജിലെ തിരിച്ചറിയല്‍ കാര്‍ഡ് താഴെവീണു. അതു കണ്ടെടുത്ത സഹപാഠി ശശിധരന്‍ അലറിവിളിച്ചു :

"എടാ നിന്‍റെ പേര് മുഹമ്മദ് കുട്ടീന്നാണല്ലേ?എടാ കള്ളാ, വേറെ പേരില്‍ നടക്കുന്നോടാ മമ്മൂട്ടീ. നീ മമ്മൂട്ടിയാണല്ലേടാ ഓമര്‍ ഷരീഫേ.."

ജീവിതത്തില്‍ ആദ്യമായി എന്നെ മമ്മൂട്ടി എന്നുവിളിച്ചത് ശശിധരനാണ്. പിന്നീടങ്ങോട്ടു കോളേജില്‍ മുഴുവന്‍ ഞാന്‍ മമ്മൂട്ടിയായിരുന്നു. ആ പേര് ഇപ്പോഴും എന്‍റെ കൂടെയുണ്ട്. ഓമര്‍ ഷരീഫ് എന്ന പേരായിരുന്നുവെങ്കില്‍ ഞാന്‍ ഇത്രത്തോളം അടുപ്പം പേരുകൊണ്ട് ആളുകളുമായി ഉണ്ടാക്കുമായിരുന്നോ എന്ന് സംശയമാണ്.

     എറണാകുളം മഹാരാജാസില്‍ ബി.എയ്ക്ക് എത്തിയപ്പോഴാണ് എനിക്ക് പി. ഐ. മുഹമ്മദ് കുട്ടി എന്ന എന്‍റെ പേര് പഴഞ്ചനായി തോന്നിയത്. ചിലരെന്നെ അറബിവല്‍ക്കരിച്ച് മെഹമ്മദ് കുട്ടി എന്ന്‍  വിളിച്ചുവന്നു. ബാപ്പയും ഉമ്മയും അന്നും ഇന്നും വിളിക്കുന്നത് മമ്മദ് കുഞ്ഞ് എന്നാണ്. പരിചയക്കാര്‍ ആരുമില്ലാത്തതിനാല്‍ ഞാന്‍ എന്‍റെ പേര് ഓമര്‍ ഷരീഫ് എന്നാക്കി നോക്കിയതാണ്. ദിലീപ് കുമാര്‍ യൂസഫ്‌ ഖാനായിരുന്നില്ലേ, പ്രേംനസീര്‍ അബ്ദുള്‍ ഖാദറായിരുന്നില്ലേ, കെ. പി. ഉമ്മര്‍ സ്നേഹജനായി നോക്കിയില്ലേ? അതുകൊണ്ടുതന്നെ പേരുമാറ്റം എന്നെ കൂടുതല്‍ ജനസമ്മതനാക്കുമെന്നു ഞാന്‍ കരുതി. ഓമര്‍ ഷരീഫായി മാറി നോക്കിയ വിവരം ബാപ്പയ്ക്കും ഉമ്മയ്ക്കും പോലും അറിയില്ല. അന്നെന്‍റെ കൂടെയുണ്ടായിരുന്ന അപൂര്‍വം ചിലര്‍ക്കറിയാം.

     കോളേജില്‍ എല്ലാവരും മമ്മൂട്ടി എന്നു വിളിക്കുമ്പോഴും എന്‍റെ മനസ്സില്‍ ഈ പേര് മോശമാണ് എന്നൊരു ചിന്ത ഉണ്ടായിരുന്നു. ബാപ്പയുടെ ബാപ്പയുടെ പേര് മുഹമ്മദ്‌ കുട്ടി എന്നായിരുന്നു. അതുകൊണ്ടാണ് പാരമ്പര്യപ്രകാരം എനിക്കും ആ പേരുകിട്ടിയത്. മമ്മൂട്ടി എന്ന പേരിന്‍റെ യഥാര്‍ത്ഥ വേര് പ്രവാചകന്‍റെ പേരായ മുഹമ്മദിലാണ്. ഇപ്പോഴത്തെ പലരുടെ പേരും അതിന്‍റെ വേരും തമ്മിലുള്ള ബന്ധം പലപ്പോഴും രസകരമാണ്. ശേഖരന്‍കുട്ടിയല്ലേ ശേകുവും ചേക്കുവും ചെക്കുട്ടിയും ചേക്കുണ്ണിയുമെല്ലാമായത്. സംസ്കൃതച്ചുവയുള്ള ദേവന്‍റെ നാടന്‍രൂപമല്ലേ തേവന്‍. വേലായുധനല്ലേ വേലുപ്പിള്ളയും വേലുക്കുട്ടിയും വേലാണ്ടിയും വേലനും വേലുവുമായത്. ജേക്കബല്ലേ ചാക്കോയും ചാക്കോച്ചിയും ചാക്കുവും ചാക്കുണ്ണിയുമായത്.

     മമ്മൂട്ടിയെന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വന്നിരുന്ന ചിത്രം വടക്കേ മലബാറിലെ ഒരു വൃദ്ധന്‍റെതായിരുന്നു. ഇതെങ്ങനെവന്നു എന്നെനിക്കറിയില്ല. എന്നെത്തേടി ആദ്യ സിനിമാ ചാന്‍സ് വന്നതും മമ്മൂട്ടി എന്ന പേരിലാണ്. മഞ്ചേരിയില്‍ അഡ്വ. പി. ഐ. മുഹമ്മദ്‌ കുട്ടി എന്ന ബോര്‍ഡും വച്ചിരിക്കുന്ന കാലത്താണ് ഒരുദിവസം പോസ്റ്റ്മാന്‍ അന്വേഷിച്ചുവന്നത്. അയാളുടെ കയ്യില്‍ അഡ്വ. മമ്മൂട്ടിക്കൊരു കത്തുണ്ടായിരുന്നു. ഇങ്ങനെയൊരു വക്കീലിനെ പോസ്റ്റ്മാന്‍ കേട്ടിട്ടില്ല. ജനശക്തി ഫിലിംസില്‍ നിന്ന് എം. ടി. വാസുദേവന്‍ നായര്‍ അയച്ചതാണ് കത്ത്. അത് എനിക്കുതന്നെയാണ് എന്നുറപ്പുള്ളതുകൊണ്ട് വാങ്ങി. കോളേജില്‍ ഉപേക്ഷിച്ചുപോന്നു എന്നുകരുതിയ ആ പേര് ഇവിടെ വീണ്ടും എന്നെ സിനിമയിലേക്ക് കൊണ്ടുപോകാന്‍ തേടിയെത്തി.

     മൂന്നാമത്തെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കേ പി. ജി. വിശ്വംഭരന്‍ പിന്നെയും എന്‍റെ പേരുമാറ്റി. ജാതിയും മതവും ധ്വനിപ്പിക്കാത്തൊരു പേരുണ്ടെങ്കില്‍ എല്ലാ വിഭാഗത്തില്‍നിന്നും ആരാധകരുണ്ടാകും എന്നതായിരുന്നു കാരണം. അതിന്  എനിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷേ, പോസ്റ്ററടിച്ചപ്പോള്‍ സജിന്‍ എന്നതിന്‍റെ ബ്രാക്കറ്റില്‍ അവര്‍ മമ്മൂട്ടി എന്നുകൂടി കൊടുത്തു. പടം ഇറങ്ങുന്നതിനുമുമ്പുതന്നെ പുറത്തുള്ള പേരുപോയി ബ്രാക്കറ്റിലെ പേര് ബാക്കിയായി. അവിടെയും മമ്മൂട്ടി എന്നെ പിന്തുടര്‍ന്നു.

     മനസ്സുകൊണ്ട് വെറുക്കുകയും ആക്ഷേപിക്കുകയും വേദനിക്കുകയും ചെയ്ത ഈ പേരുതന്നെ പിന്നീട് എന്നെ അറിയപ്പെടുന്നവനാക്കി. വിദേശത്ത് 'മാംട്ടി', 'മംഊട്ടി', 'മാമൂട്ടി' എന്നെല്ലാം പലരും വിളിക്കുമ്പോഴും അതിന്‍റെയെല്ലാം അടിത്തറ വടക്കേ മലബാറിലെ വൃദ്ധന്‍റെതെന്ന് കരുതിയ ആ പഴഞ്ചന്‍ പേരുതന്നെയായിരുന്നു. ആ പേര് എന്നെ പലപ്പോഴും ആള്‍ക്കൂട്ടത്തിലൊരാള്‍ എന്നതുപോലെ അടുക്കാനും അലിയാനും സഹായിച്ചുവെന്നത് സത്യമാണ്.

     ജീവിതത്തില്‍ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ ഉപാധിയായ പേര് തിരഞ്ഞെടുക്കാന്‍ നമുക്ക് അവകാശമില്ല. തിരിച്ചറിവില്ലാത്ത കാലത്ത് വേണ്ടപ്പെട്ടവര്‍ ഇട്ടുതരുന്നതാണല്ലോ പേര്. കുട്ടപ്പന്‍ എന്ന പേര് മോശമായതുകൊണ്ട് ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശനായൊരു സഹപാഠി എനിക്കുണ്ടായിരുന്നു. പിന്നീടവന്‍ അറിയപ്പെട്ടത് പ്രകാശന്‍ കുട്ടപ്പന്‍ എന്നാണ്. പേരുമാറ്റം പലപ്പോഴും അവസാനിക്കുന്നത് ഇത്തരം ട്രാജഡികളിലാണ്.

     ഞാന്‍ മമ്മൂട്ടിയെ സ്നേഹിച്ചുതുടങ്ങിയത് എപ്പോഴാണ് എന്നെനിക്കറിയില്ല. ഉപേക്ഷിക്കാന്‍ നോക്കിയിട്ടും മമ്മൂട്ടി എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ബാപ്പയും ഉമ്മയും മമ്മദ് കുഞ്ഞ് എന്ന് വിളിക്കുമ്പോള്‍ അതിന് കൂടുതല്‍ മധുരമുണ്ടെന്നു തോന്നാറുണ്ട്. പേരുകള്‍ സ്വയം മധുരമായി തീരുകയാണ് ചെയ്യുന്നത്. എന്‍റെ പേര് ആളുകള്‍ വിളിച്ചുവിളിച്ച് മധുരമുള്ളതാക്കിയതാണ്. വിളിക്കുന്നതിനു പിറകിലുള്ള സ്നേഹവും വാത്സല്യവുമെല്ലാമാണ് പേരിനെ മധുരതരമാക്കുന്നത്. എന്‍റെ പേരിന് എല്ലാവരുംകൂടിത്തന്ന ഈ മധുരം നിലനിര്‍ത്തുകയും കൂടുതല്‍ മധുരമുള്ളതാക്കുകയും ചെയ്യാനാണ് എന്‍റെ ശ്രമം. അഭിനയത്തിലും ജീവിതത്തിലുമെല്ലാം ആ ശ്രമമുണ്ടാകും.


(2003 ഫെബ്രുവരി 14 - അന്നാണ് ശ്രീ.മമ്മൂട്ടി ഈ കുറിപ്പെഴുതുന്നത്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകളും ഉള്‍ക്കാഴ്ചകളുമൊക്കെ അടങ്ങിയ കാഴ്ചപ്പാട് എന്ന പുസ്തകത്തില്‍നിന്നുമാണ് ഈയൊരു ഭാഗം എടുത്തിരിക്കുന്നത്. പുസ്തകത്തിലെ 23 അദ്ധ്യായങ്ങളില്‍ ആദ്യത്തേതാണ് ഇത്.)

കറന്‍റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്‍റെ ആമുഖമായി അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു :

No comments: