Wednesday, October 27, 2021

ഇവിടെ ഇന്ത്യയുടെ മുത്തച്ഛനുറങ്ങുന്നു





- വയലാര്‍ രാമവര്‍മ്മ


     മഞ്ഞില്‍ കുളിച്ച്, ഈറന്‍ ചേലയും ചുറ്റി, പ്രാതസന്ധ്യ കിഴക്കുനിന്നു പൂജാപുഷ്പങ്ങളുമായി നടന്നുവരികയായിരുന്നു. വെളിച്ചത്തിന്‍റെ രഥം ചക്രവാളപരിധിയില്‍ എത്തിയിട്ടേയുള്ളൂ. മൂടല്‍മഞ്ഞിന്‍റെ മുഖാവരണവുമണിഞ്ഞ് പ്രകൃതി നിഷ്പന്ദമായി നില്‍ക്കുകയാണ്. അപ്പുറത്ത് ദില്ലി നഗരം ഉണര്‍ന്നുകഴിഞ്ഞിട്ടില്ല. യമുനാനദി മലര്‍ത്തിയിട്ട ഒരു കണ്ണീര്‍പ്പലകപോലെ കിടക്കുന്നു.

     ജീവിതത്തില്‍ അന്നോളമുണ്ടായിട്ടില്ലാത്ത ഒരനുഭൂതി വിശേഷവുമായി, ഞാനാ യമുനാതീരത്തിലൂടെ പതുക്കെപ്പതുക്കെ നടക്കുകയായിരുന്നു. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമാണത്. മനസ്സിനകത്തും കൈക്കുമ്പിളിനകത്തും വിടര്‍ന്നുനിന്ന പൂക്കളുമായി ശബ്ദമുണ്ടാക്കാതെ ഞാന്‍ നടന്നു. കാല്‍ച്ചുവട്ടില്‍ കിടന്ന് ചരലുകള്‍ മാത്രം എന്തോ എന്നോടു പറയുന്നുണ്ടായിരുന്നു.

     അവിടെ ആരും ഒച്ചയുണ്ടാക്കിക്കൂടാ. നിശ്ശബ്ദതപോലും ശബ്ദമയമായിത്തോന്നുന്ന ആ മണല്‍പ്പുറത്ത് എന്‍റെ മുത്തച്ഛന്‍ കിടന്നുറങ്ങുകയാണ്. അനന്തവും അവിരാമവുമായ ഉറക്കം. ജീവിക്കുന്ന യുഗത്തിന്‍റെ ആത്മാവില്‍നിന്നു ജനിക്കുവാനിരിക്കുന്നൊരു യുഗത്തിന്‍റെ ജീവശക്തി രൂപപ്പെടുത്തുന്ന ശ്രമകരമായ ജോലിയും കഴിഞ്ഞ് മുത്തച്ഛന്‍ ഒന്നു വിശ്രമിച്ചുകൊള്ളട്ടെ.

     ഞാന്‍ രാജ്ഘട്ടിലെ സമാധിപീഠത്തിന്‍റെ തിരുമുമ്പിലെത്തി. ഹൃദയം ദ്രുതതരം തുടിക്കുന്നുണ്ടായിരുന്നു. കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. നിറഞ്ഞ മിഴികളുമായി കാണാം തൂങ്ങുന്ന ആത്മാവുമായി, ഞാന്‍ ആ സമാധിപീഠത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു. എന്‍റെ മനസ്സാക്ഷിയുടെ മിഴിനീര്‍ തുളുമ്പിനിന്ന പൂജാപുഷ്പങ്ങളും.

     ആ ബലികുടീരത്തിന്‍റെ രോമഹര്‍ഷങ്ങള്‍പോലെ, ചുറ്റുമുള്ള പുഷ്പവാടിയിലെ സൗഗന്ധികങ്ങള്‍ വിടര്‍ന്നുനിന്നു. ഒരു ചിരാഭിലാഷം നിറവേറ്റിക്കഴിഞ്ഞ ആത്മസംതൃപ്തിയും നിര്‍വൃതിയുമാണെനിക്കുണ്ടായത്. നിമിഷങ്ങള്‍ ഒച്ചയുണ്ടാക്കാതെ കടന്നുപോയി. ഞാന്‍ ആ ശിലാതളിമവും നോക്കി നിശ്ചലം നിന്നു.

     ഇവിടെ അംബരചുംബികളായ ഗോപുരങ്ങളില്ല, കനകമേല്‍ക്കട്ടികളില്ല, പുഷ്യരാഗവും മരതകവും പതിച്ച രത്നപീഠങ്ങളില്ല - ഒരു കല്‍ത്തറയും കുറെ പൂക്കളും മാത്രമേയുള്ളൂ. പക്ഷേ, ഇവിടെയാണ്, ഇവിടെ മാത്രമാണ്, ഒരു യുഗത്തോളം വ്യാസമുണ്ടായിരുന്ന ഇന്ത്യയുടെ മനസ്സാക്ഷി നിത്യവിശ്രമം കൊള്ളുന്നത്.

     ആ ചലനം നിലച്ചുപോയ ദിവസം നമുക്കോര്‍മ്മയുണ്ട്. നാം ഏങ്ങിയേങ്ങിക്കരഞ്ഞു. മറ്റെന്താണ് നമുക്കുചെയ്യാന്‍ കഴിയുമായിരുന്നത്? കുടുംബാംഗങ്ങളുടെ കുഞ്ഞിക്കൈകളും പിടിച്ച്, ജീവിതത്തിന്‍റെ വിശാലമേഖലകളിലേക്ക് നമ്മുടെ മുത്തച്ഛന്‍ നടന്നുപോവുകയായിരുന്നു. ഇടുങ്ങി ഇരുള്‍ നിറഞ്ഞ ഇടനാഴികളില്‍നിന്ന്‍ ചൈതന്യധന്യമായ ദേശീയതയുടെ വിശാല മണ്ഡപങ്ങളിലേയ്ക്ക്. ജീവിതാംരംഭം മുതല്‍ക്കേ ആരംഭിച്ച ആ പദയാത്രയില്‍ എത്രയെത്ര പടവുകള്‍ അതിനകം ചവുട്ടിക്കയറിക്കഴിഞ്ഞു! ത്യാഗങ്ങളുടെ എത്രയെത്ര ബലിപീഠങ്ങളില്‍നിന്ന് പ്രതിജ്ഞകള്‍ പുതുക്കി! ലോകം കണ്ട ഏറ്റവും വലിയ സത്യാന്വേഷണമായിരുന്നു അത്!

     ആരുമാരും പ്രതീക്ഷിച്ചതല്ല. ആര്‍ക്കുമാര്‍ക്കും അറിവുണ്ടായിരുന്നതല്ല. ഒരു ഭ്രാന്തന്‍ ആ നെഞ്ചിനുനേരെ നിറയൊഴിച്ചു. ഇന്ത്യയുടെ നെഞ്ചിനു നേരെയാണ് വെടിയുണ്ട മൂളിക്കൊണ്ട് പാഞ്ഞുചെന്നത്. മനുഷ്യാത്മാവുകളുടെ മുറിവുകളുണക്കിയ ആ മുത്തച്ഛന്‍റെ ഹൃദയത്തില്‍ ഘാതകന്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിവെച്ചു. ആ നെഞ്ചാംകൂട് ഉലഞ്ഞുതകര്‍ന്നു. നമ്മുടെ ഹൃദയത്തിന്‍റെ ഞരമ്പുകള്‍ വലിഞ്ഞു പൊട്ടുന്നതായി നമുക്കുതോന്നി; രക്തനാഡികള്‍ വറ്റിച്ചുക്കിച്ചുപോകുന്നതായും. ആ മുത്തച്ഛന്‍റെ ആത്മാവിന്‍റെ വേരുകള്‍ നമ്മുടെയുള്ളിലായിരുന്നു.

     ഞാന്‍ അറിയാതെ, എന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ ആ ശിലാതളിമത്തില്‍ അടര്‍ന്നുവീണു. ഞാന്‍ കരഞ്ഞുകൂടാത്തതാണ്. അദ്ദേഹത്തിനതിഷ്ടമാവുകയില്ല. മരണത്തെപ്പോലും മന്ദഹസിച്ചുനിന്നെതിരേറ്റ ആ മുത്തച്ഛന് കരയുന്നവരെ പുച്ഛമായിരുന്നു. ഒന്നേ സമാധാനമുള്ളൂ. ഞാനൊരു കുട്ടിയാണ്, മനസ്സിന് ഒരിരുത്തം വന്നിട്ടില്ലാത്ത കുട്ടി. എത്രയോ തെറ്റുകള്‍ തിരുത്തിത്തന്നിരിക്കുന്നു! ഈ കണ്ണുനീര്‍ത്തുള്ളികള്‍ക്കും മാപ്പുകിട്ടുകയില്ലേ?

     കിഴക്ക് വെളിച്ചം വിടര്‍ന്നുവിടര്‍ന്നു വരികയായിരുന്നു. പ്രഭാതം, അതിന്‍റെ ചര്‍ക്കയില്‍നിന്ന് കനകനൂലുകള്‍ നൂല്‍ക്കുകയായിരുന്നു. പ്രപഞ്ചം പ്രഭാപൂര്‍ണ്ണമായി. ഞാനൊറ്റയ്ക്കവിടെനിന്നു. ഞാന്‍ ജീവിക്കുന്ന യുഗത്തിന്‍റെ ചൈതന്യം അവിടെയുറങ്ങിക്കിടക്കുന്നു. അത് ഇന്ത്യയുടെ മനുഷ്യാത്മാവുകളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. വിദേശക്കോയ്മയുടെ നുകത്തണ്ടുകള്‍ ചുമലുകളില്‍ നിന്നൂരിമാറ്റിയ ഇന്ത്യയിലെ കൃഷിക്കാരുടെ മിഴികളില്‍ മിന്നിനില്‍ക്കുന്നത് ആ ചൈതന്യമാണ്. നവഭാരതത്തിന്‍റെ നിര്‍മ്മാണയജ്ഞങ്ങള്‍ക്ക് ശ്രമദാനം നല്‍കുന്ന പ്രയത്നശാലികളായ പൌരസഞ്ചയങ്ങളുടെ ശക്തി ആ ചൈതന്യമാണ്. 'ഇത് എന്‍റെ നാടാണ്' എന്ന അഭിമാനം എന്‍റെയും നിങ്ങളുടെയും സാമൂഹ്യബോധത്തിന്‍റെ പ്രചോദനമാക്കിത്തീര്‍ത്തതും അതേ ചൈതന്യമാണ്.

     പരസഹസ്രം ജീവിതങ്ങളുടെ ചന്ദനത്തിരികള്‍ എരിഞ്ഞുനിന്നിരുന്ന ഇന്നലത്തെ ഇന്ത്യ, ആ ചൈതന്യത്തില്‍നിന്നാണ് വെളിച്ചവും ചൂടും ഉള്‍ക്കൊണ്ടിരുന്നത്. ഇന്നത്തെയും നാളത്തെയും ഇന്ത്യ, അവയുള്‍ക്കൊള്ളുന്നതും മറ്റെങ്ങും നിന്നല്ല. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ആ കര്‍മ്മചൈതന്യത്തില്‍, വെളിച്ചത്തിന്‍റെ തുടിക്കുന്നൊരു ബിന്ദുവായി കത്തിനില്‍ക്കുവാനേ എനിക്ക് മോഹമുള്ളൂ!

     പ്രിയപ്പെട്ട മുത്തച്ഛാ, അങ്ങ് എന്നെ ഓര്‍മ്മിക്കുന്നുണ്ടാവുകയില്ല. ഞാനുള്‍പ്പെട്ട ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ജീവിതം വ്യവസ്ഥപ്പെടുത്തിയത് അങ്ങാണ്! ഞാന്‍ ഇന്ത്യയുടെ തെക്കേയറ്റത്തൊരു നാട്ടില്‍ നിന്നാണ് വരുന്നത്. വെളിച്ചത്തിനുവേണ്ടി ദാഹിച്ചു ദാഹിച്ചു കിടന്ന ഒരു നാട്ടില്‍നിന്ന്! ആ നാട് അങ്ങ് കണ്ടിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് അങ്ങ് എന്‍റെ നാട്ടിലൂടെ കടന്നുപോയിട്ടുണ്ട്. അങ്ങയുടെ വരവും നോക്കി ഞങ്ങള്‍ കാത്തുനിന്നത് ഞാനോര്‍മ്മിച്ചുപോകുന്നു. അന്ന് അങ്ങ് ഞങ്ങളോടൊക്കെ കുശലപ്രശ്നം ചെയ്തു. പ്രസംഗിച്ചു. എനിക്ക് അന്നതൊന്നും മനസ്സിലായിരുന്നില്ല. മനസ്സിലാക്കാന്‍ തക്ക പ്രായമായിരുന്നില്ല. പ്രസംഗം കഴിഞ്ഞ് സഭാവേദിയില്‍നിന്ന് അങ്ങ് താഴേയ്ക്കിറങ്ങി. ആരുമറിയാതെ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി കയറിവന്ന് എന്‍റെ കിളുന്നുകൈവിരല്‍ കൊണ്ട് അങ്ങയെ ഒന്നുതൊട്ടു. അങ്ങ് എന്നെ തിരിഞ്ഞുനോക്കി ഒന്നു  മന്ദഹസിച്ചു. ആ മന്ദഹാസത്തിന്‍റെ ഭാഷ എനിക്കു മനസ്സിലായി. എന്‍റെ നാട്ടിലെ ഏറ്റവും വലിയ മനുഷ്യനെ ഞാന്‍ തൊട്ടിട്ടുണ്ട്. എന്തൊരാത്മനിര്‍വൃതിയാണത്!

     പതിറ്റാണ്ടുകള്‍ക്കുശേഷം ഞാന്‍ കാണുന്നത് ഈ സമാധി മണ്ഡപമാണ്. ഇന്ത്യയുടെ മുത്തച്ഛന്‍റെ മഹാസമാധിപീഠം! അനുഭൂതികളുടെ മുമ്പില്‍ വാചാലമാവാറുള്ള എന്‍റെ ഹൃദയം ഇവിടെവച്ച് നിശ്ശബ്ദമായിപ്പോവുകയാണ്. പലതും അറിയിക്കുവാനുള്ളപ്പോള്‍, ഹൃദയം വികാരഭാരം കൊണ്ട് മൂകമായാലോ? എനിക്കൊന്നും അറിയിക്കുവാന്‍ ശക്തിയില്ല. പക്ഷെ ഒന്നുമാത്രം! അങ്ങയുടെ ഭൌതികശരീരം ഞങ്ങളില്‍നിന്ന് എന്നെന്നേക്കുമായി അകറ്റിക്കളഞ്ഞ ആ ഘാതകനോട്‌ - അയാളെ അതിന് പ്രേരിപ്പിച്ച മാനസികകാലാവസ്ഥയോട് - ഞങ്ങള്‍ക്ക് രാജിയാവാനാവുകയില്ല.

     അങ്ങയുടെ അന്തര്‍ദ്ധാനവാര്‍ത്ത ഞങ്ങളെ ഗദ്ഗദത്തോടുകൂടി അറിയിച്ച പണ്ഡിറ്റ്‌ജി, അന്നുപറഞ്ഞ വാചകങ്ങള്‍ ഒരു പ്രതിജ്ഞയുടെ മനശ്ശക്തിയോടെ, ഞാന്‍ ഇവിടെനിന്നാവര്‍ത്തിച്ചുകൊള്ളട്ടെ -

"ഒരു ഭ്രാന്തന്‍ ആ ജീവിതത്തിനൊരു പൂര്‍ണ്ണവിരാമമിട്ടു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അത്തരമൊരു ഭ്രാന്തനെ വളര്‍ത്തിയെടുക്കാനാവശ്യമായ വിഷം ഈ സമൂഹത്തില്‍ പടര്‍ന്നുകിടക്കുന്നുണ്ടായിരുന്നു. കുറെ മനുഷ്യഹൃദയങ്ങളില്‍ ആ വിഷത്തിന് വല്ലാത്ത സ്വാധീനവുമുണ്ടായിരുന്നു. ഇന്നുമത് അവിടവിടെ നിലനില്‍ക്കുന്നു. അതിന്‍റെ ഉറവുചാലുകള്‍വരെ മൂടിക്കളയേണ്ടിരിക്കുന്നു. ഭ്രാന്തിനെ ഭ്രാന്തുകൊണ്ടല്ല നേരിടേണ്ടത്. ആചാര്യന്‍ പഠിപ്പിച്ചുതന്ന മാര്‍ഗ്ഗങ്ങളിലൂടെ അത് നിര്‍വഹിക്കാം."



മലയാളത്തിന്‍റെ സ്വന്തം കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മ രചിച്ച യാത്രാവിവരണം ആണ് 'പുരുഷാന്തരങ്ങളിലൂടെ'. പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ആ കൃതിയിലെ ഒരദ്ധ്യായം - 'ഇവിടെ ഇന്ത്യയുടെ മുത്തച്ഛനുറങ്ങുന്നു; - ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഈ അദ്ധ്യായത്തിനു പുറമേ 'ഇതിഹാസങ്ങളുടെ ജന്മഭൂമി', 'കുത്തബ്മിനാര്‍ എന്ന ഗോപുരം', 'റെഡ് ഫോര്‍ട്ടിനുള്ളില്‍' എന്നിങ്ങനെ 3 അദ്ധ്യായങ്ങള്‍ കൂടിയുണ്ട് ഈ കൃതിയില്‍.

1956 ഡിസംബറില്‍ നടന്ന ഏഷ്യന്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹിയിലെത്തിയ അദ്ദേഹം, തന്‍റെ അവിടത്തെ യാത്രാനുഭവങ്ങളാണ് ഈ കൃതിയില്‍ ചേര്‍ത്തിരിക്കുന്നത്.

ആമുഖത്തില്‍ ചേര്‍ത്തിരിക്കുന്ന ദിവസം 1959 ഫെബ്രുവരി 6 ആണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഇതെഴുതിയിരിക്കുന്നത് 1958-59 കാലത്തായിരിക്കാം.        

ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു :

"ദില്ലിയിലൂടെ സഞ്ചരിക്കുമ്പോള്‍ പുരുഷാന്തരങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരനുഭവമാണുണ്ടാവുക! അത്രയേറെ ചരിത്രസംഭവങ്ങള്‍ കണ്ടിട്ടുള്ള മറ്റൊരു നഗരം ഇന്ത്യയിലുണ്ടോ എന്നു സംശയമാണ്. അതിന്‍റെ വല്ല കോണുകളിലേയ്ക്കും വെളിച്ചം വീഴിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടോ? അത് നിങ്ങളാണ് പറയേണ്ടത്."     

No comments: