Sunday, October 31, 2021

ഒരു തൈ നടുമ്പോള്‍


  




- ഓ എന്‍ വി കുറുപ്പ്


ഒരു തൈ നടുമ്പോള്‍

ഒരു തണല്‍ നടുന്നൂ!


നടു നിവര്‍ക്കാനൊരു

കുളുര്‍നിഴല്‍ നടുന്നൂ.


പകലുറക്കത്തിനൊരു

മലര്‍വിരി നടുന്നൂ.


മണ്ണിലും വിണ്ണിന്‍റെ

മാറിലെച്ചാന്തുതൊ-

ട്ടഞ്ജനമിടുന്നൂ.


ഒരു വസന്തത്തിന്നു

വളര്‍പന്തല്‍ കെട്ടുവാന്‍

ഒരു കാല്‍ നടുന്നൂ.


ആയിരം പാത്രത്തി-

ലാത്മഗന്ധം പകര്‍-

ന്നാടുമൃതുകന്യയുടെ-

യാര്‍ദ്രത നടുന്നൂ.


തളിരായുമിലയായു-

മിതള്‍ വിരിയുമഴകായു-

മിവിടെ നിറമേളകള്‍

മിഴികളില്‍  നടുന്നൂ.


ശാരികപ്പെണ്ണിന്നു

താണിരുന്നാടാനൊ-

രൂഞ്ഞാല്‍ നടുന്നൂ.

കിളിമകള്‍പ്പെണ്ണിന്‍റെ

തേന്‍കുടം വയ്ക്കാനൊ-

രുറിയും നടുന്നൂ.

അണ്ണാറക്കണ്ണനും

പൊന്നോണമുണ്ണുന്ന

പുകിലുകള്‍ നടുന്നൂ.


കൊതിയൂറി നില്‍ക്കുന്ന

കുസൃതിക്കുരുന്നിന്‍റെ

കൈ നിറയെ മടി നിറയെ

മധുരം നടുന്നൂ.


ഒരു കുടം നീരുമായ്

ഓടുന്ന മുകിലിനും

ഒളിച്ചുപോം കാറ്റിനും

ഒന്നിച്ചിറങ്ങാന്‍

ഒതുക്കുകള്‍ നടുന്നൂ!


കട്ടുമതിയാവാത്ത

കാട്ടിലെക്കള്ളനും

നാട്ടിലെക്കള്ളനും

നടുവഴിയിലെത്തവേ

വാനോളമുയരത്തില്‍

വാവല്‍ക്കരിങ്കൊടികള്‍

കാട്ടുവാന്‍ വീറെഴും 

കൈയുകള്‍ നടുന്നൂ.


ഒരു തൈ നടുമ്പോള്‍

പല തൈ നടുന്നൂ!

പല തൈ നടുന്നൂ,

പല തണല്‍ നടുന്നൂ!


(DC ബുക്ക്സ് പ്രസിദ്ധീകരിച്ച ഭൂമിക്ക് ഒരു ചരമഗീതം എന്ന സമാഹാരത്തില്‍ നിന്നാണ് ഈ കവിത എടുത്തിരിക്കുന്നത്.)

No comments: